
തൃശൂരിന്റെ കോള്‍പാടങ്ങളില്‍ മല്സ്യക്കൊയ്ത്തിന്റെ സമയമാണ്. കോള്‍പടവിലെ കര്‍ഷകര്‍ക്കു അധിക വരുമാനം കിട്ടുന്ന സമയം. വിഷമില്ലാത്ത മീനുകള്‍ ലഭിക്കുന്നതിനാല്‍ കോള്‍പാടങ്ങളിലേക്ക് ആളുകള്‍ കണ്ണുംനട്ടിരിക്കും. മീന്‍ കൊയ്ത്തിന്റെ വിശേഷങ്ങളാണ് ഇത്തവണ മണികിലുക്കത്തില്‍
തൃശൂരില്‍ ആയിരകണക്കിനേക്കര്‍ വരുന്ന കോള്പാടങ്ങളുണ്ട്. വര്‍ഷക്കാലത്ത് ഈ പാടങ്ങളില്‍ വെള്ളം നിറയും. വൃശ്ചിക മാസമാകുമ്പോള്‍ വെള്ളം വറ്റിച്ച് കൃഷിയിറക്കും. ഏകദേശം പത്തു വര്‍ഷം മുമ്പാണ് കോള്‍പാടങ്ങളില്‍ മല്‍സ്യകൃഷി തുടങ്ങിയത്. ചിലയിടങ്ങളില്‍ പതിനായിര കണക്കിനു മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കും. നാലു മാസത്തിനകം ഈ മീനുകള്‍ വളര്‍ന്നു വലുതാകും. വെള്ളം വറ്റിക്കുമ്പോള്‍ കൈനിറയെ മീന്‍. വെറുതെ ഒഴുക്കി കളയുന്ന വെള്ളം കൊണ്ട് കോള്‍പാടത്തിനു ൈകവന്ന സൗഭാഗ്യമായിരുന്നു ഈ ആശയം.
വെള്ളം വറ്റിക്കാനും കൃഷിയിറക്കാനും വേണ്ട ചെലവുകള്‍ മീന്‍ വില്പനയില് നിന്ന് കിട്ടും. ഉദാഹരണത്തിന് അറുപതിനായിരം രൂപയ്ക്കാണ് ലേലത്തുക പോകുന്നുതെന്ന് കരുതുക. ആ തുക മൊത്തം കോള്പടവിനുള്ളതാണ്. ലേലത്തില്‍ പിടിക്കുന്നയാള്ക്കാകട്ടെ രണ്ടിരട്ടി ലാഭവും കിട്ടും. വരുംനാളുകളില്‍ കോള്‍പാടങ്ങളിലെ മീനുകള്‍ ബ്രാന്‍ഡ് െചയ്യാനും കോള്‍പടവ് സമിതികള്‍ ആലോചിക്കുന്നു. കടലില്‍ പോയി പിടിക്കുന്ന മീന്‍ ഏറെ ദിവസങ്ങള്‍ ഐസിലിട്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഇവിടെയാകട്ടെ, വലയില്‍ കുടുങ്ങിയ മീന്‍ കയ്യോടെ ഉപഭോക്താവിന്റെ കയ്യിലേക്ക് എത്തും. ഫ്രഷ് മീന്‍ ഉപഭോക്താക്കള്‍ക്ക് കയ്യോടെ ലഭിക്കുന്നതു കൊണ്ടാകണം കോള്പടവുകളിലേക്ക് വെള്ളം വറ്റിക്കുമ്പോള്‍ ആളുകള്‍ പ്രവഹിക്കുന്നത്.
രണ്ടു മാസം വരെ മീന്‍ സീസണ് നീണ്ടുനില്‍ക്കും. കോള്പടവുള്ള സ്ഥലങ്ങള്‍ തേടിപിടിച്ച് ആളുകള്‍ മീന്‍ വാങ്ങാന്‍ എത്തുന്നു. ഓരോ വര്‍ഷംചെല്ലും തോറും കോള്‍പടവിലെ മീനുകളോട് പ്രിയമേറുകയാണ്. ഇക്കുറി പ്രളയം വരുത്തിവച്ചത് ചിലര്‍ക്ക് നഷ്ടവും ചിലര്‍ക്ക് ലാഭവുമാണ്. കോള്‍പടവുകളില്‍ നിക്ഷേപിച്ച മീന്‍കുഞ്ഞുങ്ങള്‍ പലതും ജലപ്രവാഹത്തില്‍ ഒഴുകിപോയി. ഇങ്ങനെ ഒഴുകി പോയ മീനുകള്‍ മറ്റു പല പടവുകളിലും എത്തി. ചില പടവുകളില്‍ മീനുകള്‍ പതിവില്ലാതെ സുലഭമായി കിട്ടി. വര്‍ഷക്കാലത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന കോള്‍പാടങ്ങള്‍ തൃശൂരിന്റെ പ്രത്യേകതയാണ്. വെള്ളം വറ്റിച്ചാല്‍ ഇരുപൂ കൃഷിയിറക്കും. അടുത്ത വേനല്‍ വരെ പിന്നെ നെല്‍കൃഷി. ആറു മാസം മീന്‍ കൃഷി. ആറു മാസം നെല്‍കൃഷി. ഇതാണ് ശരാശരി കോള്‍പടവിന്റെ ശൈലി.
ജൈവ അരി അടാട്ട് എന്ന പേരില്‍ ബ്രാന്‍ഡായി ഇറക്കിയതുപോലെ, ഭാവിയില്‍ കോള്‍പടവ് മീന്‍ എന്ന പേരില്‍ മല്‍സ്യങ്ങളും വിപണിയില്‍ എത്തിയേക്കാം. മീന്‍ വില്പനയ്ക്കു പുറമെ, കോള്‍പാടങ്ങള്‍ കേന്ദ്രീകരിച്ച് പലവിധ ടൂറിസം പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപനങ്ങളായുണ്ട്. സുന്ദരമായ ഇടങ്ങളില്‍ യാത്ര ചെയ്യാന്‍ ബണ്ടു റോഡുകളുമുണ്ട്. മീന്‍ ചൂണ്ടയിട്ട് പിടിക്കാന്‍ കയ്യോടെ വറുത്തു നല്‍കാനും സൗകര്യമുള്ള കോള്‍പടവുകള്‍ ജില്ലയിലുണ്ട്. മീന്‍ പിടിക്കാന്‍ നിരവധി തൊഴിലാളികളുമുണ്ട്. ഇവര്‍ രാവും പകലും കോള്‍പടവുകളില്‍ താമസിക്കും.
കോള്‍പടവു കേന്ദ്രീകരിച്ചുള്ള മീന്വില്പനയില് ലാഭം കൊയ്യുന്നത് കര്‍ഷകര്‍ക്കുകൂടി മെച്ചമാണ്. നെല്‍കൃഷി ചെയ്യാന്‍ കഴിയാത്ത സമയത്ത് വെറുതെ കിടക്കുന്ന ഭൂമിയില്‍ നിന്ന് എങ്ങനെ പണമുണ്ടാക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ മീന്‍വളര്‍ത്തല്‍.