അതിജീവനം പഠിപ്പിച്ച ചേക്കൂട്ടി; ചേറില്‍ നിന്നുണ്ടായ മുത്ത്

Money-kilukkam-Main
SHARE

ചേക്കുട്ടി. അടുത്തകാലത്ത് രാജ്യാന്തരതലത്തില്‍പോലും പ്രശസ്തമായ പേര്. ചേക്കുട്ടിയെന്ന പേരിനപ്പുറം അതൊരു ഉല്‍പന്നമാണ് . പ്രളയം ബാക്കിവച്ച സംസ്ഥാനത്തെ വ്യാപാര വാണിജ്യ മേഖലയ്ക്കാകെ മാതൃകയാക്കാവുന്ന ചേക്കുട്ടി പാവ. ചേറില്‍ മുങ്ങിയ തുണിയില്‍ ജന്മം കൊണ്ട ചേക്കുട്ടി പാവയൊരുക്കിയ ബിസിനസ് ഉണര്‍വിന്റെ കഥയാണിത്. പ്രളയം ചെളിവാരിയിട്ട കൈത്തറികളില്‍നിന്ന് ഒരു രൂപപോലും ലഭിക്കില്ലെന്ന് കരുതിയ സ്ഥാനത്ത് ചേക്കുട്ടി പാവ ഇതുവരെ എത്തിച്ചത് പന്ത്രണ്ട് ലക്ഷം രൂപയാണ്.

ചടുലമായ കൈത്തറിയുടെ താളം. ചേന്ദമംഗലത്തിന്റെ ഹൃദയതാളം. തിരിച്ചുവരവാണ്.  പ്രളയത്തില്‍നിന്ന്, പ്രളയം തീര്‍ത്ത ചേറില്‍നിന്ന്. ഒാണക്കാലത്തെ ബിസിനസായിരുന്നു എല്ലാ കാലത്തും ചേന്ദമംഗലം കൈത്തറിക്ക് അടുത്ത ഒരു കൊല്ലക്കാലത്തേയ്ക്കെങ്കിലും നല്‍കിയിരുന്ന സാമ്പത്തിക ഉണര്‍വ്. പ്രശാന്തമായ പ്രകാശപൂരിതമായ ഈ അന്തരീക്ഷത്തില്‍നിന്ന് ഒന്ന് തിരിഞ്ഞുനോക്കുകയാ‌ണ്. 

മഹാപ്രളയം കടലിറങ്ങിയപ്പോള്‍ ബാക്കിയായ ആ ചിത്രങ്ങള്‍. ലക്ഷങ്ങള്‍ നഷ്ടമായ ചേന്ദമംഗലത്തെ കൈത്തറി മേഖലയുടെ പകച്ചുനില്‍പിന്റെ കാഴ്ചകള്‍.  കരിമ്പാടം , ചേന്ദമംഗലം , പറവൂര്‍ , പറവൂര്‍ ടൗണ്‍  , കുരിയാപിള്ളി , ചെറായി , പള്ളിപുറം കുഴിപ്പിള്ളി എന്നിങ്ങനെ ഏഴുസൊസൈറ്റികളുടെ കീഴിലുള്ള തറികളുടെയും വസ്ത്രങ്ങളുടെയും മറ്റ് നിര്‍മാണസാമഗ്രികളുടെയുമെല്ലാംചേര്‍ത്തുള്ള പ്രളയനഷ്ടം കണക്കാക്കിയാല്‍ അഞ്ചുകോടി കവിയും. 

മഴയും പ്രളയവും തീര്‍ത്ത ആ ദുരന്തനാളുകളില്‍നിന്ന് ചേന്ദമംഗലത്തെ കൈത്തറി മേഖല കരകയറുകയാണ് ചേക്കുട്ടിയുടെ കൈപിടിച്ച്. ചേന്ദമംഗലം ൈകത്തറിയുടെ ഏഴ് സൊസൈറ്റികളില്‍ കരിമ്പാടത്തിന്റെ പുനരുദ്ധാരണത്തിനായിരുന്നു ചേക്കുട്ടിയെന്ന പാവയുടെ പിറവി. പ്രളയത്തിലും ചേറിലും മുങ്ങിയ കരിമ്പാടത്തെ ചേന്ദമംഗലം കൈത്തറിത്തുണിയില്‍നിന്ന് ജന്മംകൊണ്ട ചേക്കുട്ടി. 2017 – 18 സാമ്പത്തികവര്‍ഷത്തില്‍ മൂന്ന് കോടി വിറ്റുവരവുനേടിയ കരിമ്പാടം സൊസൈറ്റിയില്‍ പ്രളയമുണ്ടാക്കിയ നഷ്ടം 85 ലക്ഷംരൂപയിലധികമാണ്. ചേറില്‍നിന്ന് ജന്മം കൊണ്ട ചേക്കുട്ടി കരിമ്പാടത്തെ സൊസൈറ്റിക്ക് ഇതുവരെ മടക്കി നല്‍കിയത് പന്ത്രണ്ട് ലക്ഷം രൂപയാണ്.

കാലം തെറ്റിയ മഴ ഇപ്പോഴുമുണ്ട്. ഇങ്ങിവിടെ കൊച്ചിയില്‍ ലക്ഷ്മിയും സുഹൃത്ത് ഗോപിനാഥും വര്‍ത്തമാനത്തിലാണ്. ഭൂതകാല പ്രളയത്തില്‍നിന്ന് ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ചേന്ദമംഗലം കൈത്തറിക്ക് ആശ്വാസമായ ചേക്കുട്ടിപാവയുടെ സൃഷ്ടാക്കള്‍. സാമൂഹ്യസംരംഭകയായ ലക്ഷ്മി ഡിസൈനറും ഗോപിനാഥ് ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ വ്യക്തിമുദ്ര പതിപിച്ചയാളുമാണ്.

കത്തിജ്വലിച്ച ആശയമേറ്റെടുക്കാന്‍ കൂട്ടായ്മകളുണ്ടായി. കുടുംബശ്രീകളും വിദ്യാലയങ്ങളും സ്വകാര്യസ്ഥാപനങ്ങളുംവരെ ചേന്ദമംഗലത്തെ ചെളിമാറ്റി കൈത്തറിത്തുണിയില്‍ ചേക്കുട്ടിയെ ഉണ്ടാക്കി. ഇരുപത്തിയഞ്ച് രൂപ എന്ന ഒറ്റ ചേക്കുട്ടി പാവ എന്ന ഉല്‍പന്നത്തിന്റെ വിറ്റുവരവ‌ുവഴി ഇതുവരെ കരിമ്പാടത്തെ കൈത്തറി യൂണിറ്റിന് ലഭിച്ച പന്ത്രണ്ട് ലക്ഷം രൂപ ഒരു ദുരിതാശ്വാസ സഹായമല്ല. ചെളിയില്‍ മുങ്ങിയ ഒരു ഉല്‍പന്നത്തിന്റെ മറുസാധ്യതകള്‍ കണ്ടെത്തി നേടിയ ബിസിനസ് വിജയമാണ്. 

ചേക്കുട്ടിക്കുമുണ്ടായി വ്യാജന്മാര്‍ . പ്രളയകാലത്ത് ദുരിതമനുഭവിച്ച ചേന്ദമംഗലത്തെ കൈത്തറിവ്യവസായത്തിന് കൈത്താങ്ങാകാന്‍ രൂപംകൊണ്ട ഒരു ബിസിനസ് ആശയം ചുളിവില്‍‌ ലാഭമുണ്ടാക്കാനായി ചിലര്‍ ദുരുപയോഗം ചെയ്തു. ആ നീക്കത്തിന് തടയിട്ട് ചേക്കുട്ടിയുടെ കോപ്പിറൈറ്റ് ലക്ഷമിയും ഗോപിനാഥും സ്വന്തംപേരില്‍ എഴുതിചേര്‍ത്തു. ചേക്കുട്ടി എന്ന ബ്രാന്‍ഡ്.

ചേന്ദമംഗലം ൈകത്തറിയെ കൈപിടിച്ച് ഉയര്‍ത്തിയതില്‍നിന്ന് ചേക്കുട്ടിപാവയുടെ വിപണിമൂല്യം വളര്‍ന്നു. പ്രളയത്തില്‍ തകര്‍ന്നവരെ സഹായിക്കാനായി ചേക്കുട്ടിയെ വാങ്ങിക്കൂട്ടുന്നതിനപ്പുറം സാധാരണബിസിനസുകാര്‍ മുതല്‍ കോര്‍പറേറ്റുകള്‍വരെ സ്വന്തം ബിസിനസിന് കൈത്താങ്ങായി ചേക്കുട്ടിയെ കണ്ടു. ചേക്കുട്ടിയെന്ന ബ്രാന്‍ഡിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുവെന്ന് പറയുന്നതാകും കൂടുതല്‍ ശരി. വിമാന ടിക്കറ്റിനൊപ്പം യാത്രക്കാര്‍ക്ക് ചേക്കുട്ടിയെ സമ്മാനമായി നല്‍കാനായി കുവൈത്ത് എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍വെയ്സ് തയാറായി എത്തിയതാണ് ഇതില്‍ ഒടുവിലെ ഉദാഹരണം.

പ്രളയം തീര്‍ത്ത ശൂന്യതയില്‍നിന്നാണ് ചേക്കുട്ടിയുടെ വില്‍പന‌യിലൂടെ ചേന്ദമംഗലത്തെ കരിമ്പാടം കൈത്തറി സൊസൈറ്റിക്ക് ഇതുവരെ പന്ത്രണ്ട് ലക്ഷംരൂപ ലഭിച്ചത്. ബാക്കിയുള്ള നഷ്ടവും നികത്തപ്പെടുമെന്ന ഉറപ്പാണ് ലക്ഷ്മിയും ഗോപിനാഥും നല്‍കുന്നത്. ചേക്കുട്ടിക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ഓര്‍ഡര്‍ ഇപ്പോള്‍തന്നെനിലവിലുണ്ട്. ചേക്കുട്ടിയെന്ന ബിസിനസ് ബ്രാന്‍ഡിന്റെ സാധ്യതകള്‍ക്ക് പുതിയമാനംതേടിയുള്ള ലക്ഷിമയുടെയും ഗോപിനാഥിന്റെയും യാത്രകള്‍ തുടരുകയാണ്. 

MORE IN MONEY KILUKKAM
SHOW MORE