
പ്രളയാനന്തരകേരളത്തിന്റെ വാണിജ്യമേഖലയെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്‍സവ്. പ്രളയം നേരിട്ടും അല്ലാതെയും ബാധിച്ച വാണിജ്യമേഖലയ്ക്ക് നഷ്ടക്കച്ചവടമൊരുക്കിയ ഒാണംസീസണിന് പകരമായാണ് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഉല്‍സവ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ മാധ്യമക്കൂട്ടായ്മയില്‍ ഒരുങ്ങിയ ആശയത്തില്‍ വാണിജ്യമേഖല ഒറ്റക്കെട്ടായി അണിനിരക്കുന്നു.
ഒാണസീസണില് നഷ്ടപ്പെട്ട കോടികളുടെ കച്ചവടം . സമ്പദ്ഘടനയിലേക്കുകൂടി ഒഴുകിയെത്തേണ്ടിയിരുന്ന പണം പ്രളയം കൊണ്ടുപോയതോടെയാണ് പ്രളയാനന്തര കേരളത്തിലേക്ക് ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്‍സവ് എന്ന ആശയത്തിന് ചിറകുമുളച്ചത്. ഒാണക്കാലത്ത് പ്രഖ്യാപിക്കാനിരുന്ന ഒാഫറുകളടക്കം അവതരിപ്പിച്ചാണ് പ്രമുഖ ബ്രാന്‍ഡുകള്‍ വിപണിയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നത്.
ചെറുകിടക്കാര്‍ മുതല്‍ വന്‍കിട വാണിജ്യസ്ഥാപനങ്ങള്വരെ അണിനിരക്കുന്ന ഷോപ്പിങ് ഉല്സവില് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കരുതുന്നത് നാലുകോടിരൂപയുടെ സമ്മാനങ്ങളാണ്. ഒരുകോടി രൂപയുടെ ഫ്ളാറ്റാണ് ബംപര്‍ സമ്മാനം. ദിവസേനയുള്ള പ്രത്യേക സമ്മാനങ്ങള്വഴിയും ഷോപ്പിങ് ഉല്‍സവ് ആകര്‍ഷണീയമാകും.
ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്, അസോസിയേഷന് ഒാഫ് റേഡിയോ ഒാപ്പറേറ്റേഴ്സ് ഒാഫ് ഇന്ത്യ, കേരള മര്‍ച്ചന്റ് ചേംബര്‍ ഒാഫ് കോമേഴ്സ്, ഡീലേഴ്സ് അസോസിയേഷന് ഒാഫ് ടി.വി ആന്‍ഡ് അപ്ളയന്‍സസ്, സൂപ്പര്‍ മാര്‍ക്കറ്റ്സ് അസോസിയേഷന് ഒാഫ് കേരള, റീട്ടെയിലേഴ്സ് അസോസിയേഷന് ഒാഫ് ഇന്ത്യ എന്നീ സംഘടനകളുടെയെല്ലാം സഹകരണത്തോടെയാണ് ഷോപ്പിങ് ഉല്‍സവ് അരങ്ങേറുക.
പ്രളയം നശിപ്പിച്ച ഒരു ഉല്സവകാലത്തുനിന്ന് ഷോപ്പിങ് ഉല്സവിലേക്ക് എത്തിച്ചേരുമ്പോള്‍ വാണിജ്യമേഖല ശക്തിപ്രാപിക്കുമെന്ന വിലയിരുത്തലിലാണ് വ്യാപാരലോകം. ഒാണക്കാലത്തെ ഒാഫറുകളും ഒരുപക്ഷെ അതിനപ്പുറവും കരുതിവച്ചാണ് ഗ്രേറ്റ് കേരള ഷോപ്പിങ് ഉല്സവില് ഒാരോരുത്തരും പങ്കാളികളാകുന്നതും.