
തീരദേശങ്ങളിലെ സ്ത്രീകള്‍ പ്രത്യേകിച്ച് മല്‍സ്യത്തൊഴിലാളി സ്ത്രീകളുടെ സാമ്പത്തിക ഉന്നമനവും പിന്നാക്ക അവസ്ഥയും പരിഹരിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴില്‍ നടപ്പാക്കിവരുന്ന ഒരു പദ്ധതി. തീരമൈത്രി പദ്ധതി സര്‍ക്കാര്‍ പുനരാവിഷ്ക്കരിച്ച് നടപ്പാക്കുമ്പോള്‍ ഗുണഭോക്താക്കളാകാന്‍ അര്‍ഹതയുള്ള പലര്‍ക്കും ഈ പദ്ധതിയെക്കുറിച്ച് ഇപ്പോഴും അറിവില്ലെന്നതാണ് വാസ്തവം. ചെറുകിട ബിസിനസ് സംരംഭങ്ങള്‍വഴി സുസ്ഥിരവരുമാനം ഉറപ്പുനല്‍കുകയാണ് തീരമൈത്രി പദ്ധതി.
ഫിഷറീസ് വകുപ്പിന് കീഴില്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ അഥവ സാഫിന്റെ കീഴില്‍ വനിതാക്കൂട്ടായ്മകള്‍ കെട്ടിപ്പടുത്താണ് തീരമൈത്രി പദ്ധതി നടപ്പാക്കുന്നത്. സുനാമിക്ക് പിന്നാലെ തീരദേശ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയാണെങ്കിലും തീരമൈത്രി എന്ന ബ്രാന്‍ഡിങ്ങിന്റെ അപാരസാധ്യത മുന്നില്‍ക്കണ്ടാണ് പദ്ധതി മുഖംമിനുക്കിയെത്തുന്നത്. പദ്ധതിപ്രകാരം നാല് വനിതകള്‍ അടങ്ങിയ ഒരു ഗ്രൂപ്പിന് പരമാവധി മൂന്നുലക്ഷം രൂപയുടെ ഗ്രാന്റാണ് നല്‍കുക. അതായത് സംരംഭങ്ങളുടെ മൊത്തം അടങ്കല്‍തുകയുടെ 80ശതമാനമാണ് ഗ്രാന്റായി ഉണ്ടാവുക.
മെഴുകുതിരി നിര്‍മാണവും തുന്നലുമടക്കം ഏത് ചെറുകിട പദ്ധതികള്‍ക്കും ഈ ഗ്രാന്റ് ലഭിക്കും. ഏതായാലും പദ്ധതി ഇപ്പോള്‍ മുഖംമിനുക്കിയെത്തുന്നത് ഉണക്കമല്സ്യങ്ങളുടെ ബ്രാന്‍ഡിങ് വഴിയാണ്. തീരമൈത്രി എന്ന ബ്രാന്‍ഡിങും മികച്ച പായ്ക്കിങുംവഴി തീരദേശങ്ങളിലെ വനിതാക്കൂട്ടായ്മകള്‍ ഉണ്ടാക്കുന്ന ഉണക്കമല്സ്യങ്ങള്ക്ക് വലിയ വിപണിയും ന്യായവിലയും ഉറപ്പാക്കാന്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ സാഫ് നടത്തുന്ന വലിയ ശ്രമം.
ഉണക്കമല്സ്യങ്ങള്ക്ക് വലിയ വിപണി കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍തന്നെ അവയുടെ ഗുണനിലവാരം ഉറപ്പാക്കാനും ഫിഷറീസ് വകുപ്പിന് കീഴില്‍ സംവിധാനങ്ങളുണ്ട്. ഇതിനായി ഒാരോ സംരംഭസ്ഥലത്തേക്കും മിഷന് കോര്ഡിനേറ്റര്മാരെത്തി പരിശോധന നടത്തിയാണ് ഗുണനിലവാരം ഉറപ്പാക്കുക. മല്‍സ്യക്കച്ചവടത്തില്‍ പ്രഫഷണലിസം കൊണ്ടുവരികയെന്ന മുഖ്യലക്ഷ്യത്തിനൊപ്പം തീരദേശങ്ങളിലെ ഒാരോ സ്ത്രീയുടെയും കുടുംബത്തിന് സുസ്ഥിരവരുമാനവും പദ്ധതി ഉറപ്പാക്കുന്നു.