
ഇസ്രയേൽ പൊലീസിന് കണ്ണൂരിലെന്താണ് കാര്യം. എന്നാൽ കാര്യമുണ്ട്. ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നായ ഇസ്രയേല്‍ പൊലീസിന്റെ യൂണിഫോം തുന്നിയെടുക്കുന്നത് കണ്ണൂരിലാണ്.
മികച്ച രീതിയിൽ യൂണിഫോം തയ്യാറാക്കുന്നവരെ തേടിയിറങ്ങിയ ഇസ്രയേൽ പൊലീസ് എത്തിയത് കൂത്തുപറമ്പ് വലിയവെളിച്ചത്തുള്ള മരിയന്‍ അപ്പാരല്സിലാണ്. കഴിഞ്ഞ മൂന്ന് വർഷമായി മരിയൻ ആ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നു. അമ്പതിനായിരംമുതൽ ഒരുലക്ഷം യൂണിഫോംവരെയാണ് ഒരുവർഷം തുന്നിയെടുക്കുന്നത്. പൊലീസ് ചിട്ടയോടെയാണ് എണ്ണൂറ് ജീവനക്കാർ ജോലികളിലേർപ്പെട്ടിരിക്കുന്നത്. ഇതിൽ 750 പേരും സ്ത്രീകളാണ്. ഇസ്രയേൽ പൊലീസിൽനിന്നുള്ള ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ നേരിട്ടെത്തി ഗുണനിലവാരം പരിശോധിക്കുകയും ചെയ്യും.
ഇളം നീല നിറത്തിലുള്ള മുഴുക്കൈയ്യന്‍ ഷർട്ടിനാവശ്യമായ തുണി അമേരിക്കയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഷർട്ടിൽ തുന്നിചേർക്കുന്ന എംബ്ലവും കണ്ണൂരിൽ തന്നെയാണ് തയ്യാറാക്കുന്നത്. ഇസ്തരിയിട്ട് മടക്കി കവറിലാക്കി കപ്പൽമാർഗം യൂണിഫോം ഇസ്രയിലിലെത്തിക്കും.യൂണിഫോമിനാവശ്യമായ പാന്റ്സുകൾ ഇവിടുന്ന് ഉൽപാദിപ്പിച്ചിരുന്നു. പിന്നീട് ചൈനീസ് കമ്പനി കരാറെടുത്തു. ഈ കരാർ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മരിയൻ അപ്പാരല്‍സ്. ഫിലിപ്പീന്‍സ് സൈന്യത്തിന്റെ യൂണിഫോം തുന്നാനുള്ള കരാറും അധികം താമസിയാതെ ലഭിക്കും.
ബീഡി വ്യവസായം കുറഞ്ഞ് തുടങ്ങിയതോടെ 2008ലാണ് കണ്ണൂരുകാർക്ക് ജോലി നൽകാനായി മരിയൻ അപ്പാരൽസ് തിരുവനന്തപുരത്തുനിന്ന് വലിയവെളിച്ചത്തെത്തിയത്. തൊടുപുഴയിലെ ബിസനസുകാരനായ തോമസ് ഒലിക്കലാണ് ഉടമ. വിദേശ രാജ്യങ്ങളിലെ വിവിധ സേനകൾക്കും കമ്പനികൾക്കും ആശുപത്രികൾക്കും സ്കൂളുകൾക്കും യൂണിഫോം തുന്നിയെടുക്കുന്ന ജോലികൾ മാത്രമാണ് ഇവിടെ ചെയ്യുന്നത്. ഗൾഫ് മേഖലയിലെ പ്രധാന സ്കൂളുകളിലേക്കാവശ്യമായ യൂണിഫോം
മഴുവൻ ഉൽപാദിപ്പിക്കുന്നത് മരിയനാണ്. കുവൈത്ത് അഗ്നിശമന സേനയ്ക്കുവേണ്ടി അമ്പതിനായിരം യൂണിഫോമുകൾ ഇതിനോടകം അയച്ചുകഴിഞ്ഞു.
ഗുണനിലവരമുള്ള യുണിഫോം തേടി കൂടുതൽ വിദേശ സ്ഥാപനങ്ങളും ഏജൻസികളും മരിയനെ സമീപിക്കുന്നുണ്ട്. എന്നാൽ വിദഗ്ധരായ ജീവനക്കാരെ സ്ഥിരമായി ജോലിക്ക് ലഭിക്കാത്തത് പ്രതിസന്ധിയാകുന്നു.