
കഴിഞ്ഞ അറുപത്തിരണ്ട് എപ്പിസോഡുകളിലും ഞങ്ങള്‍ പരിചയപ്പെടുത്തിയ സംരംഭങ്ങളൊക്കെയും പ്രതീക്ഷകളും പുത്തന്‍ ആശയങ്ങളുമൊക്കെ പങ്കുവയ്ക്കുന്നവയായിരുന്നു. എന്നാല്‍ നമ്മള് മലയാളികള്‍ നേരിട്ടനുഭവിച്ച പ്രളയത്തിനുശേഷം മണികിലുക്കത്തിന്റെ ഈ എപ്പിസോഡ് കടന്നുചെല്ലുന്നത് തകര്‍ന്നടിഞ്ഞ വ്യാപാരങ്ങള്‍ക്കും സംരംഭകര്ക്കുമിടയിലേക്കാണ്. വലിയ സംരംഭങ്ങളല്ല. പ്രളയത്തിനൊടുവില്‍ സര്‍വതും നഷ്ടപ്പെട്ട ഇടത്തരം ചെറുകിട ബിസിനസ്സുകാരെക്കുറിച്ചാണ് ഈ എപ്പിസോഡ്.
ആലുവ തോട്ടയ്ക്കാട്ടുകരയിെല ഈ ലെയ്ത്തില്നിന്നാണ് ഞങ്ങള്‍ തുടങ്ങിയത്. പ്രളയം പിന്‍വലിഞ്ഞപ്പോള്‍ അവശേഷിച്ച ചെളിയിലുറച്ച് യന്ത്രങ്ങളും ഉപകരണങ്ങളും. ചെളിമാറ്റി ഇനി ഇവിടെ ബിസിനസ് പുനരാരംഭിക്കണമെങ്കില്‍ മാസങ്ങളെടുക്കും. ആലുവയിലെ തോട്ടയ്ക്കാട്ടുകര സ്വദേശി സന്തോഷിന് അച്ഛന് നല്കിയ ഈ ഒസ്യത്തിന് 75 വര്‍ഷമാണ് പ്രായം. ഇരുപത്തിയഞ്ചുവര്‍ഷമായി സന്തോഷ് ഉണ്ണുന്ന ഈ ചോറിലാണ് പ്രളയം മണ്ണുവാരിയിട്ടത്.
കമ്പനിപ്പടിയിലെ ഈ ടെയ്്ലറിങ് ഷോപ്പില്‍നിന്നുള്ള വരുമാനത്തിലാണ് ഡെയ്സിയുടെ കുടുംബം കഴിഞ്ഞിരുന്നത്. ആറുപേരാണ് ഡെയ്സിയുടെ ഈ തയ്യല്‍ക്കടയില്‍ ജോലിചെയ്തിരുന്നത്. തുന്നല്മെഷിനുകളടക്കം പ്രളയമെടുത്തു. സിവില്‍സര്‍വീസ് കോച്ചിങ്ങിനു പോകുന്ന മകള്‍ക്കും ബിരുദവിദ്യാര്‍ഥിയായ മകനുമുള്ള ഫീസിനടക്കം ഇനി കൈനീട്ടണം.
ഒരു പച്ചക്കറിക്കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞുനല്കാന്നിന്നിരുന്ന മാമ്പറ സ്വദേശി അഷ്റഫ് സ്വന്തമായി പച്ചക്കറിക്കച്ചവടം ആരംഭിച്ചിട്ട് മാസങ്ങളേ ആകുന്നുള്ളു. അഷ്റഫിന്റെ നഷ്ടം ഇരുപത്തിഅയ്യായിരം രൂപയാണ്. ആ ഇരുപത്തിഅയ്യായിരംരൂപ അഷ്റഫിന് ഇരുപത്തിയഞ്ചുലക്ഷം മതിക്കും.
ഒരു സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരാനായിരുന്ന രാജു അമ്പതുലക്ഷത്തിലധികം രൂപ വായ്പയെടുത്താണ് ഒരു ഹാര്ഡ്് വെയര്‍ ഷോപ്പ് തുടങ്ങിയത്. സ്വന്തമായൊരു ബിസിനസ് കുറച്ചുപേര്‍ക്ക് ജോലി. വര്ഷങ്ങള്പലതുകൊണ്ട് പടുത്തുയര്‍ത്തിയ സ്ഥാപനത്തിലെ സകലസാധനങ്ങളും ആക്രിവിലയ്ക്ക് വില്‍ക്കേണ്ട ഗതികേടിലാണ് ഈ വ്യാപാരി.
മാഞ്ഞാലിയുടെ ബിരിയാണിയില്‍ സ്വന്തം കൈപുണ്യംകൂടി ചേര്‍ത്തപ്പോഴായിരുന്നു ഹമീദിന്റെ ബിരിയാണിക്കടയില്‍ വലിയ കച്ചവടമുണ്ടായത്. ആ കച്ചവടമാണ് ഒന്നിരുട്ടിവെളുത്തപ്പോഴേക്കും ഇല്ലാതായത്.
ഒരു തിരിച്ചുവരവ് ഉടനില്ലെന്നറിയാം. എന്നാലും ആലങ്ങാട്ടുകാരന്‍ അനില്‍കുമാര്‍ വെള്ളവും ചെളിയുംകയറി നശിച്ച സ്വന്തം ബേക്കറി എന്നും തുറക്കും. ഏഴരലക്ഷത്തിലധികം രൂപയാണ് നഷ്ടം. ഒരു സര്‍ക്കാരിന് അത്രയൊന്നും തിരിച്ചുതരാനാവില്ലായെന്നും അനിലിന് അറിയാം. ഒരു സര്‍ക്കാരിനും എല്ലാവരെയും കയ്യയച്ച് സഹായിക്കാനാവില്ല. എന്നാല്‍ ചെറിയൊരു കൈതാങ്ങ് ഈ ഇടത്തരം ചെറുകിട കച്ചവടങ്ങള്ക്കൊക്കെ തിരിച്ചുവരവിന് സഹായകമായേക്കാം.
പണം നല്കി സഹായിക്കുക എന്നതിനപ്പുറം ഉത്തരവാദിത്തപൂര്‍ണമായ ധനകാര്യമാനേജ്മെന്റാണ് ചെറുകിട ഇടത്തരം സംരംഭങ്ങളെ കൈപിടിച്ച് കരകയറ്റാന്‍ വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്ന നയം. കാരണം കണ്ടതിനും അറിഞ്ഞതിനുമെല്ലാം അപ്പുറമാണ് പ്രളയശേഷമുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളുടെ നിലവിലെ സ്ഥിതി
ഭൂരിപക്ഷം ചെറുകിട ഇടത്തരം വ്യാപാരസ്ഥാപനങ്ങളും വാടകക്കെടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ െകട്ടിടങ്ങള്‍ പലതുംപോലും മുഖംമിനുക്കേണ്ട അവസ്ഥയിലാണ്. അങ്ങനെ മുഖംമിനുക്കി എത്തിയാല്‍തന്നെ പഴയ സ്ഥലത്ത് കച്ചവടം തുടരാനാകുമോയെന്ന ആശങ്കയും പലര്‍ക്കമുണ്ട്.. വലിയ ലാഭം സ്വപ്നം കാണുന്നവരല്ല. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായുള്ള വാര്‍ഷിക പ്രീമിയംപോലും ആലോചിക്കാനാകാത്ത ഒരു ഭൂരിപക്ഷം. ഇന്ന് രൊക്കം നാളെ കടം എന്ന് ഒാരോ ഉപഭോക്താവിനോടും പറഞ്ഞാല്‍ മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന പ്രാരാബ്ധക്കാരായ കച്ചവടക്കാരാണിവര്‍.