ഇന്റീരിയർ ഡിസൈനറായ ദന്ത ഡോക്ടർ തോമസ് മാഞ്ഞൂരാൻ

dentist-designer
SHARE

ദന്ത ഡോക്ടറായ ഇന്റീരിയര്‍ ഡിസൈനറാണ് തൃശൂര്‍ സ്വദേശി ഡോക്ടര്‍ തോമസ് മാഞ്ഞൂരാന്‍. ആരോഗ്യ സര്‍വകലാശാലയുടെ മുന്‍ ഡീനായിരുന്നു. 27 വര്‍ഷം ദന്ത ഡോക്ടറായി സേവനമനുഷ്ഠിച്ചു. ഏഴു വര്‍ഷം മുമ്പാണ് വീടുകളുടെ ഇന്റീരിയര്‍ ഡിസൈനിങ് പ്രഫഷന്‍ തിരഞ്ഞെടുത്തത്. ഇത്രയും നാള്‍ക്കൊണ്ട് അന്‍പതു വീടുകളുടെ ഇന്റീരിയര്‍ ഡിസൈനിങ് ചെയ്തു. 

പതിനാറായിരം സ്ക്വയര്‍ ഫീറ്റുള്ള വീടു വരെ ഡിസൈന്‍ ചെയ്തു. ഓഡിറ്റോറിയം, ഹോട്ടല്‍ അങ്ങനെ ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ കഴിവു തെളിയിച്ച വ്യക്തിയാണ്. ദന്ത ഡോക്ടറുടെ വേഷം ഇപ്പോഴുമുണ്ട്. പക്ഷേ, പ്രതിദിനം രോഗികളെ പരിശോധിക്കുന്ന സമയം ചുരുക്കിയെന്നു മാത്രം. കൂടുതല്‍ സമയം ഇന്റീരിയര്‍ ഡിസൈനിങ്ങിനായി മാറ്റിവച്ചു. കേരളത്തിലെ പല പ്രമുഖ വ്യവസായികളുടെ വീടുകള്‍ക്കുള്ളിലെ അലങ്കാരങ്ങളെല്ലാം ഡോക്ടര്‍ തോമസ് മാഞ്ഞൂരാന്റെ ആശയത്തില്‍ ഉദിച്ചതാണ്. 

ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ വീട്ടുടമകള്‍ക്കൊപ്പം നിരവധി വിദേശ രാജ്യങ്ങളിലും പോകാറുണ്ട്. ദന്ത ഡോക്ടറുടെ ഈ രൂപമാറ്റം പെട്ടെന്നുണ്ടായതല്ല. ആദ്യമായി വീടു പണിതപ്പോഴാണ് ഇന്റീരിയര്‍ ഡിസൈനിങ് കൂടുതല്‍ ശ്രദ്ധിച്ചത്. സ്വന്തം ആശമായിരുന്നു ഡിസൈനിങ്. പിന്നീട്, സുഹൃത്തുക്കളുടെ വീടുകള്‍ ചെയ്തു. ഹോളിവുഡ് സിനിമകള്‍ സ്ഥിരമായി കാണുന്നതിന്റെ പ്രതിഫലനം ഡിസൈനിങ്ങിലുമുണ്ട്. സ്വന്തം വീടിന്റെ മുകളില്‍ ഒരു മുറിയൊരുക്കിയിട്ടുണ്ട്. ഈ മുറിയിലേക്കുള്ള ഏണി എല്ലായ്പ്പോഴും കാണാനാകില്ല. ആവശ്യമുണ്ടെങ്കില്‍ റിമോര്‍ട്ട് ഉപയോഗിച്ചാല്‍ ഏണി താഴെയെത്തും. ദന്ത ഡോക്ടറെന്ന പരിവേഷം ആളുകള്‍ക്ക് കൂടുതല്‍ വിശ്വാസം നല്‍കി. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ ആത്മാര്‍ഥത ഡോക്ടര്‍ക്കുണ്ടെന്ന് ഉപഭോക്താക്കളും തിരിച്ചറിഞ്ഞു. അങ്ങനെയാണ്, ഡോക്ടറെ വിശ്വസിച്ച് വീട് ഏല്‍പിച്ചത്. സ്വന്തം വീട്ടിലും ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പുതുമയേറിയ പരീക്ഷണങ്ങള്‍ നടത്തി. ഡോക്ടറുടെ കണ്ണില്‍ ഒരേയൊരു നിറമേയുള്ളൂ. അത് വെള്ളയാണ്. വെള്ള നിറത്തിന്റെ പല ഭാവഭേദങ്ങളാണ് ഓരോ വീടുകളിലും പരീക്ഷിച്ചിട്ടുള്ളത്. 

ഇന്റീരിയര്‍ ഡിസൈനിങ്ങിന് വേണ്ട സാധനങ്ങളെല്ലാം വീട്ടുടമകളോട് വാങ്ങാന്‍ പറയുകയാണ് പതിവ്. ഇല്ലെങ്കില്‍, കിട്ടുന്ന സ്ഥലം ചൂണ്ടിക്കാട്ടി കൊടുക്കും. ഇതുതന്നെയാണ്, ഡോക്ടറുടെ വിശ്വാസ്യതയും. കേരളീയ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പരമാവധി ശ്രദ്ധിക്കും. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ കൂടുതല്‍ സജീവമായെന്ന് കരുതി പഴയ പ്രഫഷന്‍ വിട്ടുകളയാന്‍ ഡോക്ടര്‍ തയാറല്ല. തൃശൂരില്‍ പ്രശസ്തി നേടിത്തന്ന ദന്ത ഡോക്ടര്‍ അങ്ങന്നെ തന്നെ ഇനിയും ഉണ്ടാകും. ഒപ്പം വേറിട്ട ഇന്റീരിയര്‍ ഡിസൈനറെന്ന പെരുമയും തോമസ് മാഞ്ഞൂരാന് സ്വന്തം.

MORE IN MONEY KILUKKAM
SHOW MORE