കൈതച്ചക്കയുടെ ശവപ്പറമ്പായി വാഴക്കുളം

വിപണിവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊപ്പം കാലവര്‍ഷവും വില്ലനായതോടെയാണ്  കൈതച്ചക്കയ്ക്ക് പേരുകേട്ട വാഴക്കുളത്തെ  കര്‍ഷകരും കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലായത് . ഏഷ്യയില്‍ത്തന്നെ കൈതച്ചക്കയുടെ  ഏറ്റവും വലിയ മാര്‍ക്കറ്റും വാഴക്കുളത്താണ് . വാഴക്കുളത്ത് ഈ സീസണില്‍ ഇതുവരെ രണ്ടായിരത്തിലധികം ടണ്‍ കൈതച്ചക്കയാണ് കേടുവന്ന് കുഴിച്ചുമൂടിയത്.  അതുകൊണ്ടുതന്നെ കൈതച്ചക്കയുടെ വിപണിയില്‍ സംഭവിച്ച ദുരന്തത്തെക്കുറിച്ചാണ് മണികിലുക്കം ആദ്യം അന്വേഷിക്കുന്നത്. 

മഴയാസ്വദിച്ച് കൊച്ചിയിലേക്ക് മടങ്ങുമ്പോഴും അവര്‍ പറഞ്ഞ കണക്കുകളെപ്പറ്റിയായിരുന്നു ആലോചന. അവര്‍ എന്നു പറഞ്ഞാല്‍ കര്‍ഷകരാണ് കച്ചവടക്കാരാണ്. ഇടവിട്ടുപെയ്യുന്ന മഴയില്‍ കുളിച്ച വാഴക്കുളത്തെ തോട്ടങ്ങളില്‍ കൈതച്ചക്കയ്ക്ക് ആ പഴയ രുചിയില്ല. കൈമോശംവന്ന ആ പഴയ രുചിപ്പെരുമയാണ് വാഴക്കുളത്തെ കൈതച്ചക്കയ്ക്ക് വാഴക്കുളം പൈനാപ്പിളെന്നപേരില്‍ നേരത്തെ ഭൗമസൂചിക പദവി നേടിക്കൊടുത്തതും. 

പ്രതിവര്‍ഷം എണ്ണൂറ് കോടിയിലധികം രൂപയ്ക്ക് കൈതച്ചക്കയുടെ കച്ചവടം നടക്കുന്ന വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റ്.  ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിള്‍ മാര്‍ക്കറ്റെന്ന വിശേഷണം മാത്രമേയുള്ളു. മഴയത്ത് നശിച്ച തോട്ടങ്ങളില്‍നിന്ന് കഷ്ടപ്പെട്ട് സംഭരിച്ചെത്തിക്കുന്ന കൈതച്ചക്ക സൂക്ഷിക്കാന്‍ നാളിതുവരെ സൗകര്യങ്ങളില്ലാത്ത മാര്‍ക്കറ്റ്. ഒരു മേല്‍ക്കൂര പോലുമില്ല.

മഴതോരുമ്പോള്‍ സജീവമാകുന്ന മാര്‍ക്കറ്റ് . ഒരുപാട് പേരുടെ ഉപജീവനമാണ്. ഒരുപാട് ഒരുപാട് പേരുടെ. 

അഞ്ചുകോടിയോളം രൂപയുടെ നഷ്ടക്കണക്ക്. ആ കണക്കിന്റെ ഗൗരവമറിയണമെങ്കില്‍ കൈതച്ചക്കയുടെ ഈ ശവപ്പറമ്പുകൂടി കാണണം. മാര്‍ക്കറ്റിനുള്ളിലെ ഈ സംസ്കരണശാലയ്ക്ക് താങ്ങാന്‍ ക‌ഴിയുന്നതിനുമപ്പുറമായപ്പോള്‍‍ തോട്ടങ്ങളിലും ടണ്‍ കണക്കിന് കൈതച്ചക്ക കുഴിച്ചുമൂടി. 

ഇതിനിടയില്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് കൈതച്ചക്ക സംഭരിക്കുകയെന്ന ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പക്ഷെ കൈതച്ചക്കയുടെ വ്യാപാരത്തില്‍ വാഴക്കുളം കുതിച്ചുചാട്ടം നടത്തിയപ്പോഴും ഒരുപാട്പേരുടെ ഉപജീവനമായ ഈ മേഖലയില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടില്ല.

വൈകിയുള്ള ഇടപെടലുകളല്ല ഈ മേഖലയില്‍വേണ്ടത് . ഒരു ഹൈടെക് മാര്‍ക്കറ്റായി ഈ പൈനാപ്പിള്‍ മാര്‍ക്കറ്റിനെ മാറ്റണമെന്ന ആവശ്യവും ഉയരുന്നത് ആ സാഹചര്യത്തിലാണ്.