കൊച്ചി മെട്രോയുടെ ഒരാണ്ട്; നഷ്ടം ആറു കോടിയിൽ നിന്ന് 3. 6 കോടിയായി

kochi-metro-maony-kilukkam
SHARE

നഷ്ടത്തിലായിരുന്നു തുടക്കമെങ്കിലും ഒരുവര്‍ഷംകൊണ്ട്  ആ നഷ്ടം പകുതിയായി കുറച്ച് ചരിത്രം രചിക്കുകയാണ് കൊച്ചി മെട്രോ റയില്‍. കൊച്ചിയിലെ വ്യാപാരികള്‍ക്കിടയില്‍ ഒരുപാട് ആശങ്കകള്‍ സൃഷ്ടിച്ചായിരുന്നു മെട്രോയുടെ കടന്നുവരവ് . ഒരുവര്‍ഷം പിന്നിടുമ്പോള്‍ മെട്രോ എന്ത് നേടി ? കൊച്ചിയിലെ വ്യാപാരസമൂഹത്തിന് എന്ത് നേട്ടമുണ്ടായി ? ഒരു അന്വേഷണം.

ലാഭം എന്നത് ലോകത്തെ ഏതൊരു മെട്രോയ്ക്കും ഒരു ദീര്‍ഘദൂരസ്റ്റോപ്പിന് സമാനമാണ്. കെട്ടിപ്പൊക്കിയ ഷോപ്പിങ് മാളില്‍നിന്ന് ലാഭംനേടിയ ഹോംങ്കോങ് മെട്രോ ഒഴിച്ചുനിര്‍ത്തിയാല്‍ വികസിതരാജ്യങ്ങളിലേത് ഉള്‍പ്പടെയുള്ള മെട്രോയെല്ലാം ലാഭമില്ലാതെ സര്‍വീസ് നടത്തുന്നവയാണ്. കൊച്ചിയുടെ വ്യാപാരമേഖലയില്‍ ഉള്‍പ്പടെ വികസനത്തിന്റെ പുതിയ നാഴികകല്ലിട്ട് കൊച്ചിയെത്തന്നെ ബ്രാന്‍ഡ്ചെയ്ത് മെട്രോ കടന്നുവന്നപ്പോഴും ലോകത്തെ മറ്റ് മെട്രോകളെ ചൂണ്ടിക്കാട്ടി നഷ്ടക്കണക്കുകള്‍ നിരത്തിയവര്‍ ഇവിടെയുമുണ്ടായി. അവിടെയാണ് തുടക്കത്തിെല ആറുകോടിരൂപയെന്ന പ്രവര്‍ത്തനനഷ്ടം 3.6 കോടിയിലേക്ക് ചുരുക്കാന്‍ കൊച്ചിമെട്രോയ്ക്ക് കഴിഞ്ഞത്.

മെട്രോ ട്രെയിനിനുള്ളിലും പുറത്തുമായുള്ള പരസ്യവരുമാനത്തിന് പുറമെ ഒാരോ മെട്രോ സ്റ്റേഷനിലും വ്യാപാരസ്ഥാപനങ്ങള്‍ അനുവദിക്കുന്നതുവഴിയും കോടികള്‍ വരുമാനമെത്തും. ഇതിനിടെ ട്രെയിനിനുള്ളിലും സ്റ്റേഷനിലുമായുള്ള സിനിമാഷൂട്ടിങ് നിരക്കുകള്‍ മെട്രോ കുറച്ചു. നേരത്തെ ട്രെയിനിനുള്ളിലെ സിനിമാഷൂട്ടിങിന് മണിക്കൂറില്‍ മൂന്നുലക്ഷംരൂപയെന്ന നിരക്ക് രണ്ടുലക്ഷമായാണ് കുറച്ചത്. സ്റ്റേഷനില്‍ മണിക്കൂറിന് രണ്ടുലക്ഷമായിരുന്ന ഷൂട്ടിങ്നിരക്ക് ഒരു ലക്ഷമാക്കി. നാലുസ്റ്റേഷനുകളില്‍ സ്വകാര്യകമ്പനികള്‍ക്ക്് അര്‍ധനാമകരണം നല്‍കിയതുവഴി പതിനാലുകോടിയാണ് മെട്രോയുടെ വരുമാനം. അഞ്ഞൂറിലധികം െമട്രോതൂണുകളില്‍ പരസ്യംസ്ഥാപിക്കാനുള്ള പുറംകരാര്‍ നല്‍കിയ ഇനത്തില്‍ ലഭിച്ചത് 5.27കോടിരൂപയാണ്.  

തുടക്കത്തില്‍ പ്രതിദിനം ശരാശരി ഇരുപതിനായിരം മുതല്‍ ഇരുപത്തിയയ്യായിരം പേര്‍ മെട്രോ ഉപയോഗിച്ച സ്ഥാനത്ത് ഇന്നത് നാല്‍പതിനായിരം മുതല്‍ നാല്‍പത്തിയയ്യായിരം വരെയായി. അവധിദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം അമ്പത്തിയയ്യായിരംവരെ ഉയര്‍ന്നു. പാലാരിവട്ടം മുതല്‍ ഇന്‍ഫോപാര്‍ക് സ്മാര്‍ട് സിറ്റി വരെ മെട്രോയെത്തുന്നതോടെ യാത്രക്കാരുടെ  എണ്ണം എണ്‍പത്തിയയ്യായിരമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. മെട്രോനിര്‍മാണകാലത്ത് അതിന്റെ ഏറ്റവും വലിയ ദുരന്തംപേറിയത് കൊച്ചി എം.ജി.റോഡിലെയും നോര്‍ത്തിലെയുമടക്കമുള്ള നഗരത്തിലെ വ്യാപാരികളാണ്.

എന്നാല്‍ ബി.ടു.ബി ബിസിനസിന്റെയടക്കം സാധ്യതകളിലേക്ക് ഇന്ന് മെട്രോ വന്നെത്തിനില്‍ക്കുന്നത് തിരിച്ചറിയുന്നുമുണ്ട് ഇവിടത്തെ വ്യാപാരികള്‍ . പക്ഷെ മെട്രോ പൂര്‍ണമായാലെ അതിന്റെ ഗുണം വ്യാപാരികള്‍ക്ക് ലഭ്യമാകൂവെന്ന് കരുതുന്നവരാണ് ഏറെയും. ടിക്കറ്റ് നിരക്കിലും പാര്‍ക്കിങ് ഫീയിലും ഇളവുകള്‍തേടുന്നവരോടും മെട്രോയ്ക്ക് പറയാന്‍ ഏറെയുണ്ട്. 

MORE IN MONEY KILUKKAM
SHOW MORE