
ജൂതവംശം ഇന്ത്യയിലെത്തിയതിനെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങളുണ്ട്. കേരളത്തിലെത്തിയ ജൂതവ്യാപാരികളാണ് ആ കടന്നുവരവിന് തുടക്കംകുറിച്ചതെന്നാണ് ഒരുവാദം. ഏതായാലും പലകാലങ്ങളിലായി ആ ജൂതന്മാരുടെ പിന്മുറക്കാര് ഇന്ത്യയില്‍നിന്ന് മടങ്ങിയപ്പോഴും ഒരു തിരിച്ചുപോക്കെന്നത് സ്വപ്നങ്ങളില്പോലുമില്ലാതെ അവരില്‍ ചിലര്‍ ഇവിടെ ജീവിച്ചു. ഉപജീവനത്തിനായി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിവിറ്റു. മറ്റ് വ്യാപാരങ്ങളിലും ഏര്‍പ്പെട്ടു. അങ്ങനെ സംസ്ഥാനത്ത് അവശേഷിക്കുന്ന ഇരുപത്തിയാറ് ജൂതന്മാരില് അഞ്ചുപേര്‍ കൊച്ചിയിലാണ്. അവരിലെ മുതിര്‍ന്ന അംഗത്തെ കുറിച്ചാണ് മണികിലുക്കം ആദ്യം സംസാരിക്കുന്നത്.
സാറ ജേക്കബ് കോഹന് . കേരളത്തില്‍ അവശേഷിക്കുന്ന ജൂതന്മാരില് പ്രായംകൊണ്ടും പരിചയംകൊണ്ടുമെല്ലാം മുതിര്‍ന്നയാള്‍. തൊണ്ണൂറ്റിയഞ്ച് വയസ്. ബന്ധുക്കളും കൂട്ടുകാരില്‍ പലരും മണ്മറഞ്ഞിട്ട് വര്‍ഷങ്ങളായി. മട്ടാഞ്ചേരിയിലെ ഈ പഴയ ജൂതത്തെരുവും കാലം മാറ്റിയെടുത്തു. ചരിത്രസ്മാരകമായി നിലനില്‍ക്കുന്ന ജൂതപ്പള്ളിക്ക് താഴെയുള്ള തെരുവും ജൂതന്മാരുടെ പഴയ വീടുകളുമെല്ലാം പില്ക്കാലത്ത് വലിയൊരു വിപണനകേന്ദ്രമായപ്പോഴും പടിയിറങ്ങിപ്പോകാതെ ജീവിതം തുന്നിച്ചേര്‍ത്ത സാറ ജേക്കബ് കോഹന് .
മട്ടാഞ്ചേരിയിലെ ജൂതത്തെരുവില്‍ ചെന്നാല്‍ കാണാം സാറാസ് ഹാന്‍ഡ് എംബ്രോയിഡറി എന്ന പേരിലുള്ള സ്ഥാപനം. ജൂതന്മാരുടെ കിപ്പ അഥവ തൊപ്പിയും ഹലാക്കവറുകളും തുടങ്ങി കൈകൊണ്ട് തുന്നിയ വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രം. സ്വന്തം വീടിന്റെ ഒരുഭാഗംതന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ വിപണനകേന്ദ്രത്തിനായി മാറ്റിവയ്ക്കുകയായിരുന്നു സാറ. ചിതറിത്തെറിച്ച ജൂതജീവിതങ്ങളെക്കുറിച്ച് സമര്‍ഥിച്ച ചരിത്രത്തിന്റെ ഒരേടാണ് സാറയും. അമ്മയുടെയും മുത്തശ്ശിയുടെയും തണലില്‍ തളിര്‍ത്ത ബാല്യം. കൗമാരത്തിലും കൈപിടിച്ചുനടത്തിയ ചില സ്ത്രീസാമീപ്യങ്ങളാണ് ഈ തൊണ്ണൂറ്റിയഞ്ചാംവയസിലെ ഉപജീവനത്തിനും സാറയ്ക്ക് തണലേകിയത്. സാറയെ തുന്നല്‍ പഠിപ്പിച്ച റാമാച്ചിമുത്തിയെന്ന ജൂതവനിതയെ ചുമരിലെ ചിത്രങ്ങളില്തേടിയെങ്കിലും കണ്ടില്ല. ജൂതന്മാരുടെ വിവാഹവസ്ത്രങ്ങള്വരെ കൈകൊണ്ട് തുന്നിനല്‍കിയ സാറ പില്ക്കാലത്ത് ഭര്‍ത്താവ് തുന്നല്മെഷീന് വാങ്ങിനല്‍കിയതോടെയാണ് വീടിനോട് ചേര്‍ന്നുതന്നെ എംബ്രോയിഡറി ഷോപ്പ് ആരംഭിച്ചത്. ഭര്‍ത്താവ് ജേക്കബ് കോഹനും മണ്മറഞ്ഞു. ആ കാലത്തെക്കുറിച്ചും അന്നത്തെ കച്ചവടത്തെക്കുറിച്ചുമൊക്കെ ചോദിച്ചാല്‍ ഒാര്‍മകള്‍ തപ്പിയെടുത്താകും ഈ മുത്തശ്ശി സംരംഭകയുടെ മറുപടി.
വാക്കുകള്‍ വ്യക്തമാകാത്തിടത്ത് സാറയ്ക്ക് കൂട്ട് താഹ ഇബ്രാഹിമാണ്. എണ്‍പതുകളില്‍ മട്ടാഞ്ചേരിയിലെ ജൂതത്തെരുവില്‍ പോസ്റ്റ്് കാര്‍ഡുകളും സുഗന്ധദ്രവ്യങ്ങളും വിറ്റിരുന്ന താഹയെന്ന ഈ അന്നത്തെ മലയാളി പയ്യനെ സാറയും ഭര്‍ത്താവും കൂടെകൂട്ടി. ജൂതന്മാര് മടങ്ങി ഇസ്രായേലിലേക്ക് ചിലര്‍ കാലയവനികയ്ക്കുള്ളിലും. ഇന്നിപ്പോള്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഈ തലമുതിര്‍ന്ന ജൂതവനിതയ്ക്ക് ജീവിതത്തിലും ബിസിനസിലും കൈതാങ്ങാകുന്നത് താഹയാണ്. താഹയ്ക്ക് സാറ സാറ ആന്റിയാണ്.
സാറയെ തുന്നല്‍ പഠിപ്പിച്ച റാമാച്ചിമുത്തിക്ക് ശേഷം മട്ടാഞ്ചേരിയിലെ തെരുവില്‍ ആ നിയോഗം വന്നുചേര്‍ന്നത് സാറയിലേക്കുതന്നെയാണ്. താന്‍ തുന്നിയ വിവാഹവസ്ത്രങ്ങളണിഞ്ഞ ജൂതവധുവിനൊപ്പമുള്ള ഈ അപൂര്‍വചിത്രം ഇന്നും സാറയെന്ന സംരംഭകയുെട ഒാര്‍മകളില്‍ എവിടെയോ ഉണ്ട്. ആ തുന്നല്‍ പെരുമ അന്വേഷിച്ച് ഇസ്രായേലില്‍നിന്ന് മാത്രമല്ല ജൂതര്‍ വസിച്ച നാടുകളില്നിന്നെല്ലാം ആവശ്യക്കാരെത്തി. അന്നും ഇന്നും.
മട്ടാഞ്ചേരിയിലെ ഈ തെരുവിലെ വീടിനോടുചേര്‍ന്ന് ഉണ്ടാക്കിയിരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ ഈ അപൂര്‍വ എംബ്രോയിഡറി ജോലികള്‍ ആന്ധ്രയിലേക്ക് പുറംകരാര്‍ നല്കി. പതിനാലുവര്ഷമായുള്ള ആ പതിവ് ഇന്നും തുടരുന്നു.
വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു ഈ ബിസിനസ് തുടങ്ങിയിട്ട്. ജൂതന്മാര് ആചാരപരമായി ഉപയോഗിക്കുന്ന തുണിത്തരങ്ങളില്‍ മാത്രമായി ഒരു ബിസിനസ് ഈ കൊച്ചിയില്‍ ഇത്രകാലം ഇങ്ങനെ മുന്നോട്ടുപോയത് പുറംരാജ്യങ്ങളിലെ ഉപഭോക്താക്കള്‍ കണ്ടുംകേട്ടുമറിഞ്ഞ് ഇവിടേക്ക് എത്തുന്നതുകൊണ്ടാണ്. സാറാസ് എംബ്രോയിഡറി എന്ന ബ്രാന്‍ഡിലെ വിശ്വാസം കൊണ്ട്.