കാർത്തികയുടെ ‘കാർത്തികാസ്’

mk-karthikas-t
SHARE

സ്വന്തം പേരുതന്നെ ബിസിനസിന്റെ ബ്രാന്‍ഡ് നെയിമാക്കി മാറ്റിയ ചുരുക്കംപേരെ നമുക്കിടയിലുള്ളു. കടന്നുവന്ന വഴികളും  ജീവിതാനുഭവങ്ങളും ഒപ്പം കഷ്ടപ്പാടിലൂടെ പടുത്തുയര്‍ത്തിയ സ്വന്തം സംരംഭത്തെക്കുറിച്ചുള്ള ആത്മവിശ്വാസവുമാണ് അവരില്‍പലരെയും മുന്നോട്ടുനയിക്കുന്നത്. ഇന്ന് ഒരു ഇരുപത്തിയൊമ്പതുകാരിയായ സ്വയംസംരംഭകയെയാണ് മണികിലുക്കം പരിചയപ്പെടുത്തുന്നത്. മുക്കിലും മൂലയിലും പൊട്ടിമുളയ്ക്കുന്ന ബ്യൂട്ടിപാര്‍ലറുകള്‍ക്കിടയില്‍ സ്വന്തം ബ്രാന്‍ഡ് നെയിമിലുള്ള ബ്യൂട്ടിക്ളീനിക്കിന് ഇടം കണ്ടെത്തിയ ആള്‍. പരിചയപ്പെടാം കാര്‍ത്തികയെ. 

സിനിമകളില്‍ നാം അറിഞ്ഞ കഥ പോലെ. സ്വപ്രയത്നംകൊണ്ട് ജീവിതത്തില്‍ പൊരുതിക്കയറിയ ഒരു മുഖം. പാലക്കാട്ടെ യാക്കരയിലെ മണീസ് ഹോട്ടല്‍. ഹോട്ടലുടമയായ ശശിക്ക് മൂന്ന് മക്കള്‍. ഹോട്ടലിലെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തിയ ആ അച്ഛനെന്നും കരുതലായ മക്കള്‍. ആ മൂന്ന് മക്കളില്‍ മൂത്തവളെക്കുറിച്ചാണ്. കാര്‍ത്തിക. 

ഇങ്ങനെയായിരുന്നില്ല കാര്‍ത്തിക. ബിരുദം പൂര്‍ത്തിയാക്കി സ്വപ്നതുല്യമായ ജോലിക്കായുള്ള പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവള്‍‌. കമ്പനിസെക്രട്ടറിഷിപ് കോഴ്സ് പാതിവഴിയില്‍ ഉപേക്ഷിച്ച് കൊച്ചിയില്‍ മാര്‍ക്കറ്റിങ്ങിലും കോള്‍ സെന്ററിലുമായി പ്രാരാബ്ധം നിറഞ്ഞ കുടുംബത്തിന് കൈതാങ്ങാകാന്‍ ജോലിചെയ്തു. കോസ്മറ്റിക് സാധനങ്ങളുടെ മേഖലയിലെ മാര്‍ക്കറ്റിങ് പരിചയംവച്ച് ഒടുവില്‍ സ്വന്തം സംരംഭത്തിന് തുടക്കമിട്ടു കാര്‍ത്തിക. കൊച്ചിയിലെ പ്രമാദമായ ബ്യൂട്ടി പാര്‍ലറുകള്‍ക്കിടയില്‍ സ്വന്തം പേര് ബ്രാന്‍ഡാക്കി രണ്ടുവര്‍ഷം മുന്‍പാണ് ഒരു ബ്യൂട്ടി ക്ളീനിക്കിന് കാര്‍ത്തിക തുടക്കമിട്ടത്. കേവലം രണ്ടുവര്‍ഷം . അനുഭവസമ്പത്തും ആത്മവിശ്വാസവും കൈമുതലാക്കി ബിസിനസ് വിജയം കൈവരിച്ച കാര്‍ത്തികയെതേടി ഒടുവില്‍ അംഗീകാരങ്ങളുമെത്തി . പണ്ട് അച്ഛന്റെ ഹോട്ടലിലേക്ക് വെള്ളം ചുമന്നിട്ടുണ്ട് കാര്‍ത്തിക. ഇന്ന് കൊച്ചി കതൃക്കടവിലും ആലുവയിലുമായുള്ള കാര്‍ത്തികയുടെ ബ്യൂട്ടി ക്ളീനിക്കിലേക്ക് മുഖം മിനുക്കാന്‍ നഗരത്തിലെ വി.െഎ.പികള്‍ ഉള്‍പ്പടെ എത്തുന്നു. 

ഈ വിങ്ങലിനുമപ്പുറം രണ്ടുവര്‍ഷത്തിനുള്ളില്‍  ബിസിനസ് വിജയിച്ചതിനുപിന്നില്‍ കഠിനാധ്വാനം ഏറെയുണ്ട്.  കൊച്ചി പോലുള്ള സ്മാര്‍ട് സിറ്റിയില്‍ ബ്യൂട്ടിപാര്‍ലറുകള്‍ ധാരാളമുള്ളപ്പോള്‍ അവിടെ സ്വന്തം പേര് ബ്രാന്‍ഡാക്കിമാറ്റി വിജയമുറപ്പിച്ചു കാര്‍ത്തിക.

സ്റ്റാഫ് മീറ്റിങുകളും ജീവനക്കാര്‍ക്ക് ഇന്‍സെന്റീവുമെല്ലാമായി തികച്ചും പ്രഫഷണലായ സമീപനം .  ജീവിതം കരുപിടിപ്പിക്കാന്‍ കഷ്ടപ്പെട്ട സാഹചര്യങ്ങളില്‍നിന്ന് ഒരു നാടന്‍ പെണ്‍കുട്ടി കൊച്ചിയില്‍ പടുത്തുയര്‍ത്തിയ ബിസിനസ്. എന്തുകൊണ്ട് ഒരു ബ്യൂട്ടി ക്ളീനിക് ? എന്താണ് അതിെല സാധ്യത എന്നൊക്കെ ചോദിക്കുന്നവരോടും പറയാനേറെയുണ്ട്. 

പണ്ട് അച്ഛന്റെ ഹോട്ടലിലേക്ക് വെള്ളംചുമന്നെത്തിച്ച ഈ മകളെ പുച്ഛത്തോടെ നോക്കിയിരുന്നു ചിലര്‍. നിങ്ങളില്‍ ചിലരുടെ ആ നോട്ടവും സഹതാപവുംകൂടിയാണ് വളരെ വലിയ സ്വപ്നങ്ങള്‍ കാണുന്നവളായും ഇന്നു കാണുന്ന ഈ സംരംഭകയാക്കിയും കാര്‍ത്തികയെ മാറ്റിയത് . 

MORE IN MONEY KILUKKAM
SHOW MORE