മാറ്റങ്ങൾ അനിവാര്യമായി അച്ചടിമേ‍ഖല

മാറ്റങ്ങളെ ഉള്‍ക്കൊണ്ടുമാത്രമെ ഏത് ബിസിനസ് മേഖലയ്ക്കും മുന്നോട്ടുപോകാന്‍ സാധിക്കു. സമൂഹത്തിലെ ആ മാറ്റങ്ങളെ ഒരു വലിയ വിഭാഗം ജനങ്ങളിലേക്ക് എത്തിക്കുന്ന പത്രദൃശ്യ മാധ്യമങ്ങളുടെ ഭാവിയുടെ അടിസ്ഥാനവും ഇതേ ഗുണപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നതിലാണ്. ദൃശ്യമാധ്യമങ്ങളുെട കടന്നുവരവോടെ അച്ചടി മാധ്യമത്തിന്റെ പ്രസക്തി കുറഞ്ഞുവെന്നും എന്നാല്‍ അതങ്ങനെയല്ലെന്നുമുള്ള വാദങ്ങള്‍ക്ക് കുറഞ്ഞത് രണ്ട് പതിറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. 

മാറ്റം അനിവാര്യമാണ്. അനിവാര്യമായതിനെ ഉള്‍ക്കൊണ്ടില്ലെങ്കില്‍ സംഭവിക്കാവുന്നതിന്റെ ഉദാഹരണമായിരുന്നു ആ ദിവസം. 2009 ഫെബ്രുവരി 27. യു.എസിലെ കൊളറാഡോ ആസ്ഥാനമായുള്ള റോക്കി മൗണ്ടന്‍ ന്യൂസ് എന്ന ദിനപത്രത്തിന്റെ ഒാഫീസിലെ ന്യൂസ് റൂമിലേക്ക് കടന്നുവന്ന സി.ഇ.ഒ റിച്ച് ബോയൻ ജീവനക്കാരോട് ഇങ്ങനെ  പറഞ്ഞു.

1849ല്‍ ആരംഭിച്ച റോക്കി മൗണ്ടന്‍ ന്യൂസ് എന്ന ദിനപത്രം നിര്‍ത്തുകയാണെന്ന ആ അറിയിപ്പ് നിറഞ്ഞ സങ്കടത്തിനിടയിലും ഏതൊരു പത്രസമ്മേളനത്തിലുമെന്ന പോലെ കുറിച്ചെടുത്ത ജീവനക്കാരും ആ ഡെസ്കിലുണ്ടായിരുന്നു. പത്രത്തിന് 150വയസ് തി‌കയുന്നതിന് രണ്ട് മാസം മുന്‍പായിരുന്നു ഈ അടച്ചുപൂട്ടല്‍. റോക്കി മൗണ്ടനില്‍ ജോലി ചെയ്തിരുന്ന ദമ്പതികളായ ലോറയും ജെഫും ആ ദിനത്തെ പിന്നീടും നടുക്കത്തോടെ വിശേഷിപ്പിച്ചു. 

റോക്കി മൗണ്ടന്‍ ന്യൂസിന് സംഭവിച്ചതടക്കമുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അച്ചടിമേഖലയ്ക്ക് സംഭവിക്കാവുന്ന അടച്ചൂപൂട്ടല്‍ ദുരന്തത്തെക്കുറിച്ച് ലോകമാകമാനം ചര്‍ച്ചകള്‍ നടന്നു. രണ്ട് പതിറ്റാണ്ടിന്റെയെങ്കിലും പ്രായമുള്ള അത്തരം ചര്‍ച്ചകള്‍ക്കിടയില്‍ ഒരുപക്ഷെ ടെലിവിഷന്റെയും ഒാണ്‍ലൈനിന്റെയും പോലും കാലഘട്ടത്തില്‍ അച്ചടിമാധ്യമങ്ങളില്‍ ഭൂരിപക്ഷവും ശക്തമായി നിലകൊള്ളുന്നു. കാലോചിതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടവയെന്ന് വായനക്കാരെ ഉറച്ച് ബോധ്യപ്പെടുത്തിത്തന്നെ. 

ക്യൂ ആർ കോഡ്, ഒാഗ്മെന്റ് റിയാലിറ്റി സങ്കേതങ്ങളടക്കം ഉപയുക്തമാക്കി ലോകമാകമാനമുള്ള അച്ചടിമേഖലയിലെ ആ മാറ്റം മുന്നേറ്റത്തിലാണ്. 

വായനാനുഭവത്തിനപ്പുറം അക്ഷരങ്ങളിലെ ദൃശ്യശ്രാവ്യഭാഷയിലേക്ക് ഉള്ളംകൈയ്യിലെ മൊബൈല്‍ ഫോണ്‍ ചേര്‍ത്തുപിടിക്കാന്‍ മലയാളികളും ശീലിച്ചുകഴി‍ഞ്ഞു. ഒാഗ്മെന്റ് റിയാലിറ്റി നമ്മുടെ അച്ചടിമേഖലയിലേക്ക് അത്രകണ്ട് കടന്നുവന്നിട്ടില്ലെങ്കിലും ക്യൂ ആര്‍ കോഡ് സങ്കേതങ്ങള്‍ ഇതിനായി ഉപയുക്തമാക്കുന്നവരാണ് മലയാളത്തിലെ മുന്‍നിര പബ്ളിഷിങ് ഹൗസുകളെല്ലാം. 

വായനമരിക്കുന്നു അച്ചടിമേഖല ദുരന്തത്തിലേക്ക് എന്നൊക്കെ പരിതപിക്കുന്നതിനപ്പുറം ഇനി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ ആര്‍ക്കും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന ചിന്തയും പ്രവര്‍ത്തനവുമാണ് ഈ മേഖലയിലെ അടിയന്തര ആവശ്യം. 

അച്ചടിമേഖലയിലെ മാറ്റമുണ്ടാകേണ്ടത് വായനക്കാരനിലല്ലെന്ന് ചുരുക്കം. മാറ്റം തുടങ്ങേണ്ടത് ഒാരോ സംരംഭകന്റെയും കാഴ്ചപ്പാടിലാണ്.