ഒാൺലൈൻ ജൈവപച്ചക്കറികളുമായി ‘ഫാമിങ് കളേഴ്സ്’

mk-farming-colors-t
SHARE

ഒരു സ്റ്റാർട്ടപ് തുടങ്ങിയപ്പോൾ അതിൽ അൽപം മാനുഷികമൂല്യംകൂടിയുണ്ടാകണമെന്ന് കരുതിയ ഒരുകൂട്ടം ചെറുപ്പക്കാർ. കീടനാശിനികളൊന്നും ഉപയോഗിക്കാതെ വിളയിച്ചെടുത്ത ജൈവപച്ചക്കറികൾ ഒാൺലൈൻ ഒാർഡര്‍ അനുസരിച്ച് ഉപഭോക്തകൾക്ക് എത്തിക്കുന്ന ഫാമിങ് കളേഴ്സ്. മുൻപൊരിക്കൽ മനോരമ ന്യൂസിൽ ഞങ്ങളവതരിപ്പിച്ച ആ സ്റ്റാർട്ടപ്പിന്റെ ഇന്നത്തെ അവസ്ഥ അന്വേഷിക്കുന്നു.

നല്ല മണ്ണ്. നല്ല ജൈവവളം. കീടനാശിനികളും രാസവളവും ഒട്ടുമില്ല . ആ മണ്ണിൽ വിളയുന്ന പച്ചക്കറിക്കും പഴവർഗങ്ങൾക്കും സ്വാദേറും. ഇതരസംസ്ഥാനങ്ങളിൽനിന്ന് കീടനാശിനികളടിച്ചെത്തുന്ന പച്ചക്കറികൾ മലയാളിയുടെ മനസിൽ ആശങ്ക നിറച്ചപ്പോൾ അല്ലെങ്കിൽ ആരോഗ്യകാര്യത്തിൽ അവബോധംനേടിയ മലയാളി ജൈവ പച്ചക്കറിയെ കൂടുതലായി ആശ്രയിച്ചുതുടങ്ങിയിടത്താണ് ഒരുകൂട്ടം ബി.ടെക്കുകാരായ  ചെറുപ്പക്കാർ  അവരുടെ സ്റ്റാർട്ട് അപ്പിന് വിത്തുപാകിയത്.  നല്ല മണ്ണിൽ വിളഞ്ഞ നല്ലിനം പച്ചക്കറികളും പഴവർഗങ്ങളും ആവശ്യക്കാർക്ക് എത്തിച്ചുനൽകുക. മൂന്നുവർഷം മുൻപ് ആരംഭിച്ച സംരംഭമാണ്. അന്ന് അത് വാർത്തയായപ്പോള്‍ പലരും പറഞ്ഞു. പച്ചക്കറിയാണ് . പെട്ടെന്ന് ചീഞ്ഞുപോകുമെന്ന്. പക്ഷെ ആ സ്റ്റാർട് അപ് വളർന്നു. മൂന്നുവർഷത്തിനിടെ രണ്ടായിരം കുടുംബങ്ങളിൽ ജൈവപച്ചക്കറികളുടെ അരലക്ഷം ഡെലിവറികള്‍ ഫാമിങ് കളേഴ്സ് പൂർത്തിയാക്കി കഴിഞ്ഞു.

ഫാമിങ് കളേഴ്സ്. കണ്ണൂരുകാരും സഹോദരന്മാരുമായ ജിം ജോർജും ജെറിൻ ജോർജും സുഹൃത്തുക്കളായ ആകാശ് മാത്യു, സുധീഷ് നാരായണൻ എന്നിവർക്കൊപ്പം തുടങ്ങിയ സ്റ്റാർട് അപ്. വിവിധയിനം ജൈവ പച്ചക്കറികൾ സംസ്ഥാനത്തെ ആറ് ജില്ലകളിൽനിന്നും പിന്നെ ഊട്ടിയിൽനിന്നും ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നു ഫാമിങ് കളേഴ്സ്. ഒാൺലൈനായി ഫാമിങ് കളേഴ്സ് സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് ഒരു ലിങ്ക് ലഭിക്കും . ഈ ലിങ്കിലൂടെയാണ് പച്ചക്കറികൾ ഒാർഡർ ചെയ്യാൻ അവസരം ലഭിക്കുക . നിലവിൽ എറണാകുളം ജില്ലയിൽ മാത്രമാണ് വിതരണം. 

ഒാരോ പച്ചക്കറിയുടെയും വിലനിലവാരവും അത് ഏത് ജില്ലയിലെ ഫാമിൽനിന്ന് വരുന്നുവെന്ന് ഒാൺലൈനായി മനസിലാക്കാനും ഉപഭോക്താവിന് അവസരമുണ്ട്.  മുൻകൂറായി ലഭിക്കുന്ന ഒാർഡറുകൾ അനുസരിച്ച് ആഴ്ചയില്‍ രണ്ടുപ്രാവശ്യം ആവശ്യക്കാരുടെ വീട്ടിലേക്ക് പച്ചക്കറിയെത്തും. ഒാർഗാനിക് പച്ചക്കറിയുടെ ഈ വിപ്ളവകാലത്ത് ഏതാണ് ശരിക്കുമുള്ള ഒാർഗാനിക് പച്ചക്കറിയെന്ന് തിരിച്ചറിയാൻ ഉപഭോക്താവ് ബുദ്ധിമുട്ടുമ്പോൾ എന്താണ് ഈ മൂന്നുവർഷം പ്രായമായ സ്റ്റാർട്ട് അപ്പിന് പറയാനുള്ളത്. 

മികച്ച ബിസിനസ് മാതൃകയായി ഫാമിങ് കളേഴ്സിനെ മാറ്റിയെടുക്കാൻ കഴിഞ്ഞതോടെ പലരിൽനിന്നായി മുപ്പതുലക്ഷത്തിന്റെ നിക്ഷേപവും ഫാമിങ് കളേഴ്സിലേക്കെത്തി. വിൽക്കേണ്ടത് പച്ചക്കറിയായതിനാൽ ശക്തമായ അടിത്തറ പൂർണമായി ഉറപ്പാക്കി സമീപഭാവിയിൽ ബിസിനസ് വിപുലപ്പെടുത്തുകയാണ് ഇനിയുള്ള ലക്ഷ്യം.

MORE IN MONEY KILUKKAM
SHOW MORE