കോപ്പി ലുവാക് നേട്ടം കൊയ്ത് രണ്ടു സംരംഭകർ- മണികിലുക്കം

ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പി. കോപ്പി ലുവാക്. ഒരു കഫേ തുടങ്ങണമെന്ന് ആഗ്രഹിച്ചപ്പോൾ കൊച്ചിക്കാരിയും കോസ്റ്റ്യും ഡിസൈനറുമായ  ഷീബ മണിശങ്കറും വയനാട്ടുകാരനും നടനുമായ നിർമൽ ജെയ്ക്കിനും മനസിലെത്തിയപേര് കഫേ കോപ്പിലുവാക് എന്നതായിരുന്നു. പേര് മാത്രമല്ല കപ്പൊന്നിന് ആയിരത്തിയറുന്നുറ് വിലയ്ക്ക് നല്ല ഒന്നാന്തരം കോപ്പിലുവാക് കാപ്പിയും ഇവിടെ ലഭിക്കും. കോപ്പിലുവാക്കിനെയും കേരളത്തിലെ ആദ്യ കോപ്പിലുവാക് ഒൗട്്്ലെറ്റായ ഷീബയുടെയും നിർമലിന്റെയും സംരംഭത്തെയും അടുത്തറിയാം.

ഇൻഡൊനീഷ്യയാണ് ജന്മദേശം. ജന്മദേശം എന്നുവച്ചാൽ കോപ്പി ലുവാക് എന്ന കാപ്പിയുടെ ജന്മദേശം അതായത് കാപ്പി കുരുവിന്റേതല്ലെന്ന് ചുരുക്കം . കാരണം സാധാരണ കാപ്പിക്കുരു ഒരു പ്രത്യേക രീതിയിൽ സംസ്കരണം ചെയ്തെടുക്കുമ്പോഴാണ് കോപ്പി ലുവാക് എന്ന വിലപ്പിടിപ്പുള്ള കാപ്പിയുണ്ടാകുന്നത്. സുമാത്ര , ജാവ ഉൾപ്പടെയുള്ള ഇൻഡൊനീഷ്യൻ ദ്വീപുകളിൽ കൊളോണിയൽ കാലഘട്ടത്തിലാണ് കോപ്പി ലുവാക് നിർമിക്കപ്പെട്ടത്. എങ്ങനെയാണ് കോപ്പി ലുവാക് നിർമിക്കപ്പെടുന്നത്.

കോപ്പി ലുവാക്കിന് സിവറ്റ് കോഫിയെന്നും പേരുണ്ട്. സിവറ്റ് അഥവ മരപ്പട്ടിയുടെയൊക്ക വർഗത്തിൽപ്പെടുന്ന വെരുക്. വെരുകിന്റെ പ്രധാന ഭക്ഷണങ്ങളിലൊന്ന് കാപ്പിക്കുരുവാണ്. അങ്ങനെ വെരുക് ഭക്ഷിച്ച് ശരീരത്തിനുള്ളിലെ രാസപ്രവർത്തനങ്ങൾക്ക് വിധേയമായശേഷം കാഷ്ഠിക്കുന്ന കാപ്പിക്കുരുവിന് പ്രത്യേകതകളുണ്ടെന്ന് മനസിലാക്കിയത് കൊളോണിയൽ കാലഘട്ടത്തിലെ സുമാത്രക്കാരാണ്.  പൾപ്പ് വേറിട്ടശേഷം  കാഷ്ഠത്തിലൂടെ പുറത്തെത്തുന്ന കാപ്പിക്കുരു സംസ്കരിച്ചെടുക്കുമ്പോഴാണ് കോപ്പി ലുവാക്കിന്റെ എന്ന വിലയേറിയ കാപ്പിയുണ്ടാകുന്നത്. കിലോയ്ക്ക് നാൽപ്പത്തിയഞ്ച് ലക്ഷംരൂപവരെ കോപ്പി ലുവാക്കിന് വിലയുണ്ട്. അതുകൊണ്ടുതന്നെ വെരുകിനെ കൂട്ടിലിട്ടു വളർത്തി കാപ്പിക്കുരു തീറ്റിച്ചുള്ള കോപ്പി ലുവാക് നിർമാണം വളരെ വലിയൊരു വ്യവസായമാണ് . ആ വ്യവസായത്തിന്റെ ഇങ്ങേത്തലയ്ക്കൽ കൊച്ചിയില്‍നിന്നുമുണ്ട് രണ്ടുപേർ..

മനസുതുറന്ന് സംസാരിക്കാനും ചർച്ചകൾക്കുമൊക്കെയായി ഒരിടം. കുട്ടവഞ്ചിയുൾപ്പടെ ഇരിപ്പിടമാക്കി രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യസ്തതയൊരുക്കിയുള്ള ഒരു കോഫി ഷോപ്പ്. വയനാട്ടുകാരൻ നിർമൽ ജെയ്ക്കിന്റെയും കൊച്ചിക്കാരി ഷീബ മണിശങ്കറിന്റെയും സംരംഭം  . മലയാള സിനിമാമേഖലയിലുള്ളവർക്ക് ഷീബയെയും നിർമലിനെയും അറിയാം.  കൊച്ചിക്കാരിയായ ഷീബ കോസ്റ്റ്യും ഡിസൈനറാണ്. വയനാട്ടുകാരൻ നിർമൽ ജെയ്ക് ബിസിനസുകാരനാണ് നടനാണ്. സിനിമയിൽ പ്രവർത്തിക്കുന്നതിനിടെയാണ് ഇരുവരും ഒരു കോഫി ഷോപ്പിനായി ഒത്തുചേർന്നത്. മെക്സിക്കൻ ഇറ്റാലിയൻ വിഭവങ്ങളുമായി പനമ്പിള്ളി നഗറിൽ തുടങ്ങിയ ഈ ബിസിനസ് സംരംഭത്തിലേക്ക് കോപ്പി ലുവാക് എന്ന കാപ്പികൂടി അവതരിപ്പിച്ചപ്പോഴാണ്  പെരുമയെത്തിയത് . കഫേയുടെ പേരും അങ്ങനെ കോപ്പി ലുവാക്കായി. 

കൊച്ചിയിലെ ഈ കോഫി ഷോപ്പിൽ ഒരു സിഗ്നേച്ചർ ‍ഡ്രിങ്കായാണ് ഇരുവരും കോപ്പി ലുവാക്കിനെ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ തീവിലയുള്ള കോപ്പി ലുവാക് കപ്പൊന്നിന് ആയിരത്തിയറുന്നൂറ് രൂപ നിരക്കിലാണ് ഇവിടെ വിൽക്കുന്നത്. ഇൻഡോനീഷ്യയിൽനിന്നുള്ള നല്ല ഒന്നാന്തരം കോപ്പി ലുവാക് .തൊട്ടാൽ പൊള്ളുന്ന കോപ്പി ലുവാക്കിനെ കൊച്ചിയില്‍ പരിചയപ്പെടുത്തുക അത്ര ശ്രമകരമായിരുന്നില്ലെന്ന് ഇരുവരും പറയുന്നു. ഇന്നത്തെ ഉപഭോക്താവ് വാങ്ങുന്ന ഉൽപ്പന്നത്തെക്കുറിച്ച് തികച്ചും ബോധവനാണ്. ബിസിനസിൽ ചതി പാടില്ല. മുടക്കുന്ന കാശിന് മുതൽക്കൂട്ടാകുന്ന പ്രോഡക്ട് ഉണ്ടാകണമെന്ന് ചുരുക്കം.