എബിൻ ‍ജോസിന്റെ ‘നേച്ചർ ലോക്’

mk-natureloc-t
SHARE

പഠനകാലത്തുതന്നെ സംരംഭകരായി മാറുന്ന ചെറുപ്പക്കാർ നമുക്കുചുറ്റും ധാരാളമുണ്ട്. അങ്ങനെയൊരാളെയാണ് ഇന്ന് മണികിലുക്കത്തിൽ ആദ്യം പരിചയപ്പെടുത്തുന്നത്. ഒരിക്കൽ കഴിച്ച ഭക്ഷണപദാർഥത്തിലെ മായം തിരിച്ചറിഞ്ഞ് നല്ല ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ദൃഢനിശ്ചയത്തോടെ സംരംഭകനായ ഒരു ചെറുപ്പക്കാരൻ. എൺപതുലക്ഷം രൂപയാണ് എബിൻ ജോസിന്റെ പ്രതിവർഷ വിറ്റുവരവ്.

ഏലം, ജാതി, ജാതിപത്രി, മഞ്ഞൾ, കറുവാപട്ട തുടങ്ങി സുഗന്ധദ്രവ്യങ്ങൾ . ചക്കയും ചക്കക്കുരുവും അതിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങളും , കപ്പ ഉണക്കിയത് തുടങ്ങി വിവിധയിനം  നാടൻ ഉൽപ്പന്നങ്ങള്‍ . നാട്ടിൻപുറത്തും ഹൈറേഞ്ചിലുമൊക്കെയുണ്ടാകുന്ന ഉൽപ്പന്നങ്ങൾ ലോകത്തെവിടെയാണെങ്കിലും ഒരു മൗസ് ക്ളിക്കിൽ  ഒാൺലൈനായി  നിങ്ങൾക്ക് ഒാർഡർ ചെയ്യാം. 

നേച്ചർലോക് എന്ന ബ്രാൻഡിൽ അവ നിങ്ങളുടെ കയ്യിലെത്തും. ഒാർഗാനിക് വിപ്ളവത്തിന്റെ കൂട്ടത്തിൽപ്പെടുത്താവുന്ന ഒരു സംരംഭമല്ല നേച്ചർലോക് . ഒരു ഇരുപത്തിയൊന്നുകാരനായ എൻജിനീയറിങ് വിദ്യാർഥിയുടെ സംരംഭമാണ്.

എബിൻ ജോസ് . കാക്കനാട്ട് രാജഗിരി കോളജിലെ മൂന്നാംവർഷം എൻജിനീയറിങ് വിദ്യാർഥി . പതിനെട്ടാംവയസിലാണ് നേച്ചർലോക് എന്ന സംരംഭത്തിന് എബിൻ‌ തുടക്കംകുറിച്ചത് . മാർക്കറ്റിൽനിന്ന് വാങ്ങിയ തേനിലെ മായം തിരിച്ചറിഞ്ഞ എബിൻ പലപ്പോഴായി താൻ പരിചയിച്ച നാട്ടുവിഭവങ്ങൾ പലതും മാർക്കറ്റിലേക്ക് എത്തുന്നത് മായംചേർന്നാണെന്നും പതിയെ മനസിലാക്കി. അവിടെനിന്നാണ് നേച്ചർലോക് എന്ന സംരംഭത്തിന്റെ പിറവി. ആമസോണിലും ലിസ്റ്റ് ചെയ്യപ്പെട്ടതോടെ എബിന്റെ ബിസിനസ് ലോകമറിഞ്ഞു. കപ്പയും ചക്കയും കൊണ്ടാട്ടവും ചെമ്പരത്തിത്താളിയുമെല്ലാം നേരിട്ട് ശേഖരിച്ച് ശുദ്ധമായി പാക്ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒാൺലൈൻവഴി വിൽക്കുന്നു . 

ഹിന്ദുസ്ഥാൻ ഒാർഗാനിക് കെമിക്കൽസിൽ അക്കൗണ്ട ന്റായ ജോസ് ജോസഫിന്റെയും ജെയ്സിയുടെയും മകനാണ് എബിൻ. 2015 ഒാഗസ്റ്റിൽ ആരംഭിച്ച നേച്ചർലോകിന് മൂന്നുവർഷം പ്രായമാകുമ്പോൾ മകന് എല്ലാ പിന്തുണയുമായി കൂടെയുള്ളത് ഈ അച്ഛനും അമ്മയുമാണ്. 

പാലാക്കാരനാണ് ജോസ്. പാലായിലെ ബന്ധുക്കളിൽനിന്നൊക്കെ ശേഖരിക്കുന്ന ഉണക്ക ചക്കയും കപ്പയുമൊക്കെ എബിൻ നേച്ചർ ലോക് വഴി വിറ്റഴിക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തുംനിന്ന് നിരവധിപേര്‍ നേച്ചർ ലോക്കിന്റെ ഉപഭോക്താക്കളാണ്. എൻജിനീയറിങ്ങ് ബിരുദധാരികളടക്കം പതിനെട്ടുപേർക്ക് നേച്ചർലോക്കിൽ എബിൻ ജോലിയുംനൽകുന്നുണ്ട്. 

കഷ്ടിച്ച് മൂന്നുവർഷം മാത്രം പ്രായമായ നേച്ചർലോക്കിൽനിന്ന് എൺപതുലക്ഷംരൂപ വിറ്റുവരവ് നേടാൻ എബിന് കഴിഞ്ഞു.  ഇനിയും മുന്നോട്ടുപോക‌ാൻ ഒരുപാട് മാറ്റങ്ങളും പുതുവഴികളും ബിസിനസിൽ കൊണ്ടുവരണമെന്ന നിശ്ചയത്തോടെയാണ് എബിന്റെ മുന്നേറ്റം.

MORE IN MONEY KILUKKAM
SHOW MORE