വിപണിയിൽ 'ഫല' പ്രദമായി ചക്ക

Thumb Image
SHARE

കേരളത്തിന്റെ ഒൗദ്യോഗിക ഫലം ചക്ക. നിയമസഭയിൽ മന്ത്രി വി.എസ്.സുനിൽകുമാർ ഈ പ്രഖ്യാപനം നടത്തുമ്പോൾ ഒരു കാര്യംകൂടി പറഞ്ഞു. മുപ്പതു കോടി മുതൽ അറുപതുകോടിവരെ ചക്ക ഒരുവർഷം സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റിയാല്‍ മുപ്പതിനായിരം കോടിയുടെ വരുമാനമുണ്ടാക്കാം. ചക്ക ഉൽപാദനവും വിപണനവും പ്രോൽസാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ അങ്ങനെ കയ്യും മെയ്യും മറന്നിറങ്ങുമ്പോൾ ചക്കയുടെ വിപണിയെക്കുറിച്ച് ഈ രംഗത്ത് പ്രവർത്തിക്കുന്ന ആൾക്കാരെയും കുറിച്ച് ഒരു അന്വേഷണം നടത്തുകയാണ് മണികിലുക്കം. 

ആർട്ടോ കാർപസ് ഹെറ്ററോഫിലസ് അഥവാ നമ്മുടെ സ്വന്തം ചക്ക. ശാസ്ത്രനാമം അങ്ങനെയൊക്കെയാണെങ്കിലും വെറുമൊരു ഫലം എന്നതിനപ്പുറം ചക്കയെ ചക്കയുടെ സാധ്യതകളെ ശാസ്ത്രീയമായി സമീപിച്ചവർ നമ്മുടെ നാട്ടിൽ വളരെ ചുരുക്കമാണ്. മൾബറിയുടെ കുടുംബാംഗമാണ് ചക്ക. വരിക്കയെന്നും കൂഴയെന്നും ഞാവരിക്കയെന്നും മൂന്നുതരം ചക്കകൾ . അതിൽതന്നെ വരിക്കചക്കകളിലാണ് രുചിഭേദമനുസരിച്ച് പലയിനങ്ങളുള്ളത്. നിയമസഭയിൽ നമ്മുടെ മന്ത്രി പറഞ്ഞതുപോലെ വീട്ടുമുറ്റത്ത് വെള്ളമോ വളമോ നൽകാതെയും മരുന്നടിക്കാതെയും കിട്ടുന്ന ചക്ക ഒരു അനുഗ്രഹമാണ്, പൂർണമായ ജൈവഫലം. പക്ഷെ വീട്ടുമുറ്റത്തുള്ള ചക്കയുടെ വിപണിമൂല്യം അതിന്റെ മൂല്യവർധിത സാധ്യതകള്‍ തിരിച്ചറിഞ്ഞവര്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ചുരുക്കം എന്നുതന്നെയല്ല വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. 

അനൂപ് ജോർജ് . അങ്കമാലിക്ക് സമീപം മഞ്ഞപ്രയിലെ വടക്കുംചേരി കുടുംബാംഗം . എന്താണ് പേര് പറയാൻ മാത്രം അനൂപിന്റെ വടക്കുചേരി കുടുംബത്തിന് ഇത്ര പ്രസക്തിയെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. കൂഴയായും വരിക്കയായും നാട്ടിൽ പെറ്റുപെരുകി ആര്‍ക്കും വേണ്ടാതെ കിടന്ന ചക്കയെ ഇടിച്ചക്കയുടെ പരുവത്തിൽ പല ജില്ലകളിൽനിന്ന് ശേഖരിച്ച് ഇതരസംസ്ഥാനങ്ങളിലേക്കും വൻകിട ബ്രാൻഡുകൾക്കും കയറ്റി അയച്ച് അതിന്റെ വിപണിസാധ്യത കണ്ടെത്തിയ സംസ്ഥാനത്തെതന്നെ കേവലം അഞ്ചുപേരില്‍ ഒരാളാണ് അനൂപ്. അനൂപ് അടക്കം നാലുപേര്‍ ഒരേ കുടുംബത്തിൽനിന്നാണ്. 

കേരളത്തിന്റെ ചക്ക ഇതരസംസ്ഥാനങ്ങളുടെയും വിദേശവിപണിയുടെയുമൊക്കെ ഭാഗമായിട്ട് കഷ്ടിച്ച് മൂന്ന് പതിറ്റാണ്ടാകുന്നതേയുള്ളു. വീട്ടുമുറ്റത്തെയോ അയൽപക്കത്തേയോ പ്ളാവിലെ ചക്ക പഴുപ്പിച്ച് കഴിച്ചിരുന്ന മലയാളിക്ക് നേരത്തെ വിപണിയിൽ ചക്ക കാണുമ്പോൾ പുച്ഛമായിരുന്നു. പഴുത്ത ചക്കയല്ല കറിവയ്ക്കാനും മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങൾക്കമായുള്ള ഇടിച്ചക്കയ്ക്കാണ് ഇതരസംസ്ഥാന വിപണിയിൽ പ്രിയം. എൺപത് ദിവസം പ്രായമായ ചക്കയാണ് ഇങ്ങനെ തിരഞ്ഞെടുത്ത് കയറ്റി അയക്കുന്നത്. ഇതരസംസ്ഥാനങ്ങളിലെ ചക്കയുടെ പ്രിയം കണ്ടാണ് അനൂപിന്റെ അച്ഛൻ ഇരുപത്തിയഞ്ചുവർഷം മുൻപ് ഈ ബിസിനസിലേക്ക് ഇറങ്ങിയത്. എം,ബി.എ കഴിഞ്ഞ് വിവിധ കമ്പനികളിലെ മാർക്കറ്റിങ് സെയിൽസ് മേഖലകളിൽ പ്രവർത്തിച്ചശേഷം 2013ലാണ് അനൂപ് ചക്കയുടെ ബിസിനസില്‍ ശ്രദ്ധ പതിപ്പിക്കുന്നത്. 

മുപ്പതുകോടി മുതൽ അറുപതുകോടിവരെ ചക്ക പ്രതിവർഷം സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് കൃഷിമന്ത്രി പറഞ്ഞതിലെ യാഥാർഥ്യത്തെക്കുറിച്ച് ഒരുപാട് പേരോട് ചോദിക്കാൻ കഴിയുമായിരുന്നില്ല. കാരണം അതുപറഞ്ഞുതരാനും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ഒരുപാടുപേരില്ലെന്നതുതന്നെകാരണം. പക്ഷെ ലളിതമായി ആ കണക്ക് അനൂപ് ഞങ്ങള്‍ക്ക് വിശദീകരിച്ചു.

പെരുമ്പാവൂരിന് സമീപമുള്ള ഒാടക്കാലിയിലെ ചക്കയുടെ കളക്ഷൻ പോയന്റില്‍നിന്നാണ് അനൂപ് ഈ കണക്കുപറഞ്ഞത് . അങ്ങനെ എട്ടുമാസത്തെ സീസൺ കാലയളവിൽ തിരുവനന്തപുരം മുതൽ വിവിധ ജില്ലകളിലെ കലക്ഷൻ പോയിന്റിൽനിന്ന് കയറിപോകുന്ന ചക്കയുടെ കണക്കെടുത്താൽ കൃഷിമന്ത്രി പറഞ്ഞ കണക്ക് വസ്തുതയാണ്.പക്ഷേ ഈ വലിയകണക്ക് നിരത്തി ചക്കയെ  ഒൗദ്യോഗികഫലമായി പ്രഖ്യാപിച്ചതിന് അപ്പുറം സംസ്ഥാനസർക്കാർ ഇതുവരെ ചക്കയുടെ വിപണി പരിപോഷിപ്പിക്കാൻ എന്തുചെയ്തു? കേരളത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിനുപുറമെ ചക്കയുടെ മൂല്യവർധിത സാധ്യതകൾ പരിപോഷിപ്പിക്കാൻ  ജാക് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന് നേരത്തെ രൂപം നൽകിയതുമാണ് ഇക്കാലയളവിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ചൂണ്ടിക്കാട്ടാൻ സാധിക്കുന്ന ഒരേയൊരു ബിസിനസ് വിപ്ളവം. 

അനൂപ് ജോർജ് പറഞ്ഞത് ശരിയാണ്. പക്ഷെ ഒരൽപം വ്യത്യാസമുണ്ട്. ജാക് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന് 2016–17 ബജറ്റിൽ അഞ്ചുകോടിരൂപ സർക്കാര്‍ വകയിരുത്തിയിരുന്നു. എന്നാൽ ആ പണം ജാക് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന് ലഭിച്ചില്ലെന്നതാണ് യാഥാർഥ്യം. 

ചക്കയുടെ മൂല്യവർധിതവിപണിയുടെ തൊണ്ണൂറ്റിയഞ്ചുശതമാനവും ചക്ക ഉപ്പേരിയെയാണ്  ആശ്രയിക്കുന്നത്.പെരുമ്പാവൂരിനുസമീപത്തെ ഒാടക്കാലി നീലകണ്ഠപ്പടിയിൽ കുഞ്ഞുമോൻ പണ്ട് പ്ളാവിൽ കയറി ചക്കയിടുമായിരുന്നു. ചക്കയുടെ സീസണിൽ ലഭിച്ചിരുന്ന ആ വരുമാനമായിരുന്നു കുടുംബത്തെ തുണച്ചിരുന്നുത്. പ്രായമായി. ഇന്നിപ്പോൾ വറുക്കാന്‌ പാകത്തിന് ഇതുപോലെ ചക്കയരിഞ്ഞ് നൽകും. ഒരുവട്ടി ചക്ക അതായത് മുപ്പതുകിലോ ചക്ക അരിഞ്ഞ് നൽകിയാൽ കുഞ്ഞുമോന് കിട്ടുന്നത് എൺപത് രൂപയാണ്.

വലിയ ലാഭമില്ലാത്തതിനാൽ ചക്കയുടെ മൂല്യവർധിത വിപണിയിൽനിന്ന് വിട്ടുനിന്നവർ പോലും ചക്കയെ സംസ്ഥാനത്തിന്റെ ഒൗദ്യോഗികഫലമായി പ്രഖ്യാപിച്ചതിനെ സ്വാഗതംചെയ്യുകയാണ്. അലി ഡ്രൈവറാണ് .നേരത്തെ ചക്ക ഉപ്പേരി നിർമാണമായിരുന്നു പണി. സംസ്ഥാനസർക്കാരിന്റെ പുതിയ ചുവടുവയ്പ്പിൽ പുത്തൻ്‍സാധ്യതകൾ കണ്ട് വീണ്ടും പുതിയൊരു ബിസിനസ് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നു അലി.

രാവിലെ തുടങ്ങുന്ന പണിയാണ്. മൊത്തവ്യാപാരകേന്ദ്രങ്ങളിലേക്ക് ചക്ക വറുത്ത് നൽകുമ്പോൾ ഒരു കിലോയ്ക്ക് 190 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ചില്ലറവ്യാപാരരംഗത്ത് 450 മുതൽ അഞ്ഞൂറ് രൂപവരെയാണ് ഒരു കിലോ ചക്ക ഉപ്പേരിയുടെ കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച ശിവന് പെൻഷൻ മുടങ്ങിയപ്പോള്‍ തുണയായത് ചക്ക ഉപ്പേരി നിർമാണത്തിൽനിന്നുള്ള വരുമാനമായിരുന്നു. 

ഈ പറഞ്ഞ പ്രതികരണങ്ങൾ നിലവിൽ വലിയ വളര്‍ച്ചയെത്താത്ത ഒരു വ്യാപാര മേഖലയിലെ തൊഴിലാളികളുടെ പ്രതീക്ഷകളും ആശങ്കളുമാണ്. ചക്കയുടെ ബിസിനസ് വളർന്നാൽ മാത്രമെ ഈ രംഗത്തെ തൊഴിലിനും വലിയ സാധ്യതകളുള്ളു എന്ന തിരിച്ചറിവ്. ഇവിടെയാണ് സംസ്ഥാനസർക്കാരിന്റെ ഇടപെടലിനെ പ്രതീക്ഷയോടെ ഇവര്‍നോക്കി കാണുന്നതും. 

സംസ്ഥാനത്തിന്റെ ഒൗദ്യാഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ച് വിപണിക്ക് ഉണർവ് പകർന്ന സർക്കാര്‍ ജാക് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ കാര്യത്തിൽ കാണിച്ച ഉപേക്ഷ അവസാനിപ്പിക്കണമെന്നാണ് ഈ മേഖലയിലുള്ളവർക്ക് പറയാനുള്ളത്. നാളികേരവികസന ബോർഡും കശുവണ്ടി വികസനബോർഡുംപോലെ ഒരു ചക്ക വികസനബോർഡിന്റെ സാധ്യതകൾ തേടണമെന്ന് നേരത്തെ സംസ്ഥാന ഗവർണർ ജസ്റ്റിസ് പി.സദാശിവം നിർദേശിച്ചതും ഇവിടെ ഒാർക്കേണ്ടതുണ്ട്.

MORE IN MONEY KILUKKAM
SHOW MORE