മണികിലുക്കം- വേനലിലെ വിപണി 'ചൂട്'

Thumb Image
SHARE

കടുത്ത ചൂടാണ്. ചൂട് ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്. ശരീരവും അന്തരീക്ഷവും തണുപ്പിക്കാൻ മലയാളി പതിവുവഴികൾതേടുമ്പോള്‍ കുടിവെള്ളത്തിന്റെയും പഴച്ചാറുകളുടെയും എന്തിനേറെ എയര്‍ കണ്ടിഷനറുകളുടെയുമെല്ലാം വിൽപന തകൃതിയാണ്. നിലവിലുള്ള ബിസിനസുകൾക്ക് ഇത് കൊയ്ത്തുകാലമാണ്. മറ്റുചിലർ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നു.

പതിവുതെറ്റിയില്ല.  വേനൽക്കാലം വരവറിയിച്ചപ്പോള്‍ തന്നെ  ഇക്കുറിയും പൊള്ളലേറ്റത് പാലക്കാട്ടാണ്. നാൽപതുഡിഗ്രി പിന്നിട്ട പാലക്കാട്ടേ റെക്കോർഡ് തകർക്കാൻ ഇതരജില്ലകളിലും വെയിൽ കത്തിക്കാളുകയാണ് . കൊടുംചൂടില്‍ നഗരത്തിലെ എ.ടി.എമ്മുകളിലും ഷോപ്പിങ് മാളുകളിലും ആശ്വാസംതേടുന്ന നഗരവാസികൾ . 

നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ പരസ്യചിത്രം നിങ്ങളുടെ മൊബൈലിലും ലഭിച്ചിട്ടുണ്ടാകാം . കൊടുചൂടിലും ശരീരം തണുപ്പിക്കാന്‍ കൊതിക്കുന്ന മലയാളിയുടെ മനസ്സും തണുപ്പിക്കുന്ന ദൃശ്യങ്ങൾ. പെരുമ്പാവൂര്‍ ടൗണിൽ ഒരുപറ്റം ചെറുപ്പക്കാര്‍ തുടങ്ങിയ സംരംഭമാണ്. ഈ േവനൽക്കാലം ലക്ഷ്യമിട്ട്  ഇതരജില്ലകളിൽ മൊട്ടിട്ടുന്ന പലവിധ സംരംഭങ്ങളിൽ ഒരു ചെറിയ ഉദാഹരണം.  സ്വന്തക്കാരുമായിചേർന്ന് തുടങ്ങിയ ഈ ന്യൂജനറേഷൻ ജ്യൂസ് കം ഐസ്ക്രീം ഷോപ്പിനെ പരിചയപ്പെടുത്തിയത് ശ്രീജിത്താണ്.  

ഇവിടെ എല്ലാത്തിനും ആകെ സിനിമാമയമാണ്. ജ്യൂസുകൾക്കും ഐസ്ക്രീമുകൾക്കും ഫലൂഡയ്ക്കുമെല്ലാം സിനിമയോ സിനിമയിലെ കഥാപാത്രങ്ങളുടെയോ പേരാണ്. വിപണി പിടിക്കണമെങ്കിൽ മികച്ച മാർക്കറ്റിങ് വേണമെന്ന മുഖവുരയോടെ ശ്രീജിത്ത് മെനുവിനെക്കുറിച്ച് വിശദീകരിച്ചു.

പത്ത് രൂപമുതൽ 99രൂപവരെ നീളുന്നു വിലനിലവാരം. സിനിമയെചേർത്തുനിർത്തിയുള്ള മാർക്കറ്റിങ് വിജയിച്ചതോടെ കിലോമീറ്ററുകൾ താണ്ടി കുടുംബവുമായിവരെ പലരും ഇവിടേക്ക് എത്തുന്നുണ്ട്.

ലെസ്സി ഷോപ്പുകളിലും  കുലുക്കി സർബത്ത് വിൽപനകേന്ദ്രങ്ങളിലും കച്ചവടം ഉഷാറാണ്.പൈനാപ്പിളും പച്ചമാങ്ങയും മുന്തിരിയുംകൊണ്ടുള്ള തണുത്ത സർബത്തുകൾക്ക് പുറമെ ബൂസ്റ്റും തണുത്തപാലും കൊണ്ടുവരെ സർബത്തുകൾ റെഡി. അടുത്തടുത്ത കടകളിലിരുന്നു ഉപഭോക്താക്കളെ ആകർഷിക്കാൻ ചില പൊടിക്കൈകളുംകൂടിയാകുമ്പോൾ കച്ചവടം വീണ്ടും ഉഷാർ. 

ഒരു ചെറിയ കടപോലും സ്വപ്നം കാണാൻ ശേഷിയില്ലെങ്കിലും കച്ചവടം പിടിക്കാന്‍ മൽസരിക്കുന്നവരെയും ഈ വേനൽക്കാലയളവിൽ കാണാം. ഒരു ഗ്ളാസ് തണ്ണിമത്തൻ ജ്യൂസിന് ഇരുപത് രൂപയാണ് വില. കരിക്കൊന്നിന് മുപ്പത്തിയഞ്ച് രൂപ നൽകണം. 

എയർ കണ്ടിഷനറുകളുടെ വിൽപനയും പതിവുപോലെ ഉയർന്നു. സാധാരണ ജനുവരി മുതൽ നല്ല വിൽപനയുണ്ടാകേണ്ട എയർ കണ്ടിഷനറുകളുടെയും കൂളറുകളുടെയും വിപണി ഇക്കുറി ഉഷാറാകാൻ അൽപം വൈകിയെന്ന് ചൂണ്ടിക്കാണിക്കുന്നു വ്യാപാരികൾ.ഇരുപത്തിരണ്ടായിരം രൂപമുതൽ നാൽപത്തിയയ്യായിരംരൂപവരെ വിലവരുന്ന എയർ കണ്ടിഷനറുകളും അയ്യായിരം രൂപമുതൽ എണ്ണായിരം രൂപവരെവരുന്ന കൂളറുകളുമാണ് ഗൃഹോപകരണശ്രേണിയിലുള്ളത്.

*******************************************************

അഭിനയിക്കാനും മോഡലാകാനും കൊതിക്കുന്നവർക്കായി  വെബ്സൈറ്റും ആപ്പുമായി യുവ മലയാളി സംരംഭകർ . കാസ്റ്റ് മി പെർഫക്ട് എന്ന പുതിയ സംരംഭത്തിന് കേവലം നാലുമാസമാണ് പ്രായം. കാസ്റ്റ് മി പെർഫക്ടിന്റെ ഉടമകളും കൊച്ചിക്കാരുമായ രാകേന്ദ് പൈയേയും സച്ചിൻ സലീമിനെയും പരിചയപ്പെടാം.

രാകേന്ദ് പൈ .സച്ചിൻ സലീം. കൊച്ചി വാഴക്കാലയിലെ വാടകക്കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലുള്ള ഒരു സ്റ്റാർട് അപ്പിന്റെ ഉടമകൾ. കാസ്റ്റ് മി പെർഫക്ട് . രാകേന്ദിനെയും സച്ചിനെയും കുറിച്ച് കൂടുതലറിയുന്നതിനുമുൻപ് കാസ്റ്റ് മി പെർഫക്ടിനെക്കുറിച്ച് അറിയേണ്ടതുണ്ട്. എന്താണ് കാസ്റ്റ് മി പെർഫക്ട്?

സിനിമ, സീരിയൽ , ഷോർട് ഫിലിം, പരസ്യചിത്രങ്ങൾ എന്നിവയിലേക്കുള്ള കാസ്റ്റിങ് കോൾസ് അറിയാനും മികച്ച അവസരങ്ങളൊരുക്കാനും ഉറപ്പാക്കാനും സഹായിക്കുന്നു കാസ്റ്റ് മി പെർഫക്ട്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി പുതുമുഖങ്ങളെ കണ്ടെത്തുകയെന്നതിന് ഒരു സംവിധായകനോ ചലച്ചിത്രപ്രവർ‌‍ത്തകനോ വേണ്ടിവരുന്ന സമയത്തിന്റെ വിലയറിഞ്ഞാണ് കാസ്റ്റ് മി പെർഫക്ടിന്റെ പിറവി.  ഈ ആവശ്യവുമായി സമൂഹമാധ്യമങ്ങളിലെല്ലാം അന്വേഷണം നടത്തുന്ന ഒരു സിനിമാക്കാരന്റെ മുന്നിലേക്കെത്തുന്ന എണ്ണമറ്റ അപേക്ഷകൾപോലും വിലപ്പെട്ട സമയം അപഹരിക്കും. ഇവിടെയാണ് ഒാരോ സിനിമയ്ക്കും സീരിയലിനുമെല്ലാം കഥാപാത്രങ്ങൾക്കനുസൃതമായ വ്യക്തികളെ കാസ്റ്റ് മി പെർഫക്ട് നൽകുന്നത്. 

മലയാളം ഇൻഫിലിം ബ്രാൻഡിങിലെ അനുഭവസമ്പത്തുമായി രാകേന്ദ് പൈയും പ്രമുഖ ടെലിക്കോം കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ പ്രവർത്തിച്ച സച്ചിൻ സലീമും കാസ്റ്റ് മി പെർഫക്ടിനായി യോജിക്കുന്നത് ഈ മേഖലയിലെ അനന്തസാധ്യതകൾ മുന്നിൽക്കണ്ടാണ്.

നിറം, പ്രായം, ജെൻഡർ തുടങ്ങി ഒരു സംവിധായകൻ തന്റെ കഥാപാത്രത്തിനായി മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങളിലുള്ളവർക്ക് മാത്രമെ അത്തരം അവസരങ്ങളിലേക്ക് കാസ്റ്റ് മി പെർഫക്ടിലൂടെ അപേക്ഷിക്കാന്‍ കഴിയൂ. അഭിനേതാക്കളെ ആവശ്യമുണ്ടെന്ന തട്ടിപ്പുമായി ഇറങ്ങുന്നവരുടെ ചൂഷണം തടയുകയും കാസ്റ്റ് മി പെർഫക്ടിന്റെ ലക്ഷ്യമാണ്.

നൂറിലധികം കാസ്റ്റിങ് കോളുകളുമായി ഇതിനകം ഈ ചെറുപ്പക്കാരുടെ കാസ്റ്റ് മീ പെർഫക്ട് സജീവമായി ഇടപെട്ടുകഴിഞ്ഞു. സംവിധായകരും പരസ്യ ഏജൻസികളും ഉൾപ്പടെ നാൽപതോളം റിക്രൂട്ടേഴ്സും കാസ്റ്റ് മി പെർഫക്ട് എന്ന വെബ്സൈറ്റിന്റെ ഭാഗമായതോടെ സ്റ്റാർട്ടപ് ഹിറ്റായി. പൊട്ടിമുളയ്ക്കുംമുൻപേ പൂട്ടിപോകുന്ന സ്റ്റാർട്ടപ്പുകൾക്കിടയിൽ നാലുമാസംകൊണ്ട് ഇത്രയധികം വളർച്ചയെന്നത് ഇരുവർ‌ക്കും സ്വപ്നതുല്യമാണ്.

MORE IN MONEY KILUKKAM
SHOW MORE