അയ്യായിരം രൂപ അമ്പതു കോടിയാക്കിയ അമ്മയും മകനും..!!

പഠിച്ച് പഠിച്ച് ഡോക്ടറും എൻജിനീയറും ആകണമെന്നല്ല. കഴിവുള്ളതെന്തോ അതിൽ മിടുക്കനാകാനാണ് ശ്രീജിത്ത് എന്ന ഒറ്റപ്പാലംകാരന് സ്വന്തം അമ്മ നൽകിയ ഉപദേശം. നഴ്സറി അധ്യാപികയായ അമ്മയുടെ ശമ്പളത്തിൽ വളർന്ന് അമ്മ നൽകിയ അയ്യായിരംരൂപയുടെ മൂലധനത്തിൽ ബിസിനസ് ആരംഭിച്ച് അമ്പതുകോടി എന്ന മാന്ത്രിക വിറ്റുവരവിൽ എത്തിയ മകൻ.  മണികിലുക്കത്തിൽ ആദ്യം ആ അമ്മയേയും മകനെയും പരിചയപ്പെടാം. 

ശ്രീബാലയും മകൻ ശ്രീജിത്തും. ഒറ്റപാലംകാരാണ്. ഏതായാലും ഈ നിൽക്കുന്നത് ഒറ്റപ്പാലത്തെ വീട്ടിലല്ല. ഏറെ വ്യത്യസ്തവും ഒരുപക്ഷെ മറ്റെങ്ങും കാണാനാകാത്തതുമായ ഫര്‍ണിച്ചറുകളും  അലങ്കാരവസ്തുക്കളും അങ്ങനെ ഒരു വീട്ടിലേക്കുവേണ്ട സകലസാധനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുള്ള സ്റ്റുഡിയോയാണിത് . ഡി ടെയ്ൽ . കളമശേരിയിലെ ഈ സ്റ്റുഡിയോയിൽ പക്ഷെ നേരിട്ടുള്ള വിൽപനയില്ല. സ്റ്റുഡിയോയിലെത്തുന്ന ഉപഭോക്താവിന് ഇഷ്ടപ്പെടുന്ന ഫർണിച്ചറോ ഹോം ഡെക്കോർ സാധനങ്ങളോ അങ്ങനെ എന്തുമായിക്കൊള്ളട്ടെ ഒാർഡർ അനുസരിച്ച് ഡി ടെയ്ൽ നിർമിച്ചുതരും . ശ്രീജിത്തിന്റെ സംരംഭമായ ഡി ടെയ്്ലിന്റെ ബിസിനസിലേക്കുള്ള ആമുഖം അത്രമാത്രം.

ശ്രീജിത്ത് അടിസ്ഥാനപരമായി ഒരു ചിത്രകാരനാണ് . കലാകാരനാണ്. അതിനുമപ്പുറം നഴ്സറി അധ്യാപികയായിരുന്ന ഒരമ്മയുടെ മകനാണ്. സ്കൂൾ പഠനകാലത്തിനുപിന്നാലെ അമ്മ മകന് മറ്റുവഴി തെളിച്ചില്ല. മകൻ തെളിച്ചവഴിയിൽ അമ്മ കൂട്ടായി. തൃശൂരിലെ കലാപഠനത്തിനുശേഷം സ്വന്തം ചിത്രങ്ങൾ ഉൾപ്പടെ നിരത്തി 1997ൽ മട്ടാഞ്ചേരിയിൽ ശ്രീജിത്ത് ഒരു ആർട്ട് ഗാലറി തുടങ്ങി. സ്വന്തം മാലവിറ്റ അമ്മ നൽകിയ അയ്യായിരം രൂപയായിരുന്നു അതിനുള്ള മൂലധനം. അവിടെനിന്ന് ശ്രീജിത്ത് എന്ന ചിത്രകാരന്‍ വളർന്നു ഇന്റീരിയർ ഡിസൈനറായി ബിസിനസ്സുകാരനായി . ഡി ടെയ്്ൽ എന്ന ഫർണിച്ചർ ഹോം ഡെക്കോർ ബ്രാൻഡിന്റെ ഉടമസ്ഥനായി. ഇന്ന് ശ്രീജിത്തിന്റെ വാർഷിക ടേൺ ഒാവർ അമ്പതുകോടി രൂപയാണ്.

കളമശേരിയിലെ സ്റ്റുഡിയോ മാത്രമല്ല തൃശുരിലെ വൻകിട സ്റ്റുഡിയോയും ഫാക്ടറിയുമെല്ലാമായി ഡി ടെയ്്ലിന്റെ ബിസിനസ് വളർന്നു. 

സ്റ്റുഡിയോയിൽ കാണുന്ന ഫർണിച്ചറുകൾ തേക്കിലും ഒാക് തടിയിലുമാണ് നിർമിക്കുന്നത്. ഉപഭോക്താവിന്റെ താൽപര്യാർഥമുള്ള ഡിസൈനുകളിലും ഫർണിച്ചറുകളും ഹോം ഡെക്കോർ ഉൽപ്പന്നങ്ങളും നിർമിച്ചുനൽകും.   ഇതിനായി സ്റ്റുഡിയോയ്ക്കുള്ളിൽ ഡിസൈനർമാർ അടക്കമുള്ളവരുടെ സേവനവും ഒരുക്കിയിരിക്കുന്നു. പതിനാറായിരം മുതൽ മൂന്നുലക്ഷംരൂപവരെയുള്ള ഫർണിച്ചറുകൾ ഡി ടെയ്്്ലിലുണ്ട്. അഞ്ഞൂറ് രൂപമുതൽ ഒന്നരലക്ഷം രൂപവരെയുള്ള ഹോം ഡെക്കോർ ഉൽപ്പന്നങ്ങളും.

വളരെ വലിയ വിപണിമുന്നിൽ കണ്ടുള്ള പ്രവർത്തനമാണ്. അമ്പതുകോടിയിൽനിന്ന് നൂറുകോടി വിറ്റുവരവാണ് അടുത്ത ലക്ഷ്യം. കല കൈമുതലാക്കി നേടിയ വിപണി.