ബിനാലെയിലെ സാമ്പത്തിക ഉണര്‍വ്വിന്‍റെ ക്ലൈമാക്സ് ഇങ്ങനെ

സംസ്ഥാനത്തിന്റെ വിനോദസഞ്ചാരരംഗത്തുമാത്രമല്ല അനുബന്ധമേഖലകള്‍ക്കും ചെറുകിട ഇടത്തരം കച്ചവടക്കാര്‍ക്കുംവരെ വലിയ സാമ്പത്തിക ഉണര്‍വ് സമ്മാനിച്ചായിരുന്നു കഴിഞ്ഞ കൊച്ചി ബിനാലെയുടെ കൊടിയിറക്കം. ആഗോള ഒാഡിറ്റിങ് കമ്പനിയായ കെ.പി.എം.ജിയുടെ പഠനറിപ്പോർട്ട് പോലും ഈ സാമ്പത്തികമുന്നേറ്റത്തെ സാക്ഷ്യപ്പെടുത്തുന്നു. പക്ഷെ ബിനാലെയുടെ നാലാം പതിപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ കാര്യങ്ങൾ അത്ര ശുഭകരമല്ല. സ്ഥിരംവേദിയെന്ന ആശയവും  സർക്കാർ ധനസഹായ പ്രഖ്യാപനങ്ങളും ഒരുവഴിക്ക്. കോർപറേറ്റ് മേഖലയുടെ കൈത്താങ്ങ് തീരെയില്ലെന്ന പരാതിയും ഉയരുന്നു. 

കലയുടെ വാണിജ്യവൽക്കരണം. സിനിമയെന്ന കലാരൂപമൊഴിച്ചുനിർത്തിയാല്‍ നമ്മുടെ കലകളുടെ വാണിജ്യമൂല്യത്തെക്കുറിച്ച് നാം എത്രകണ്ട് ബോധവാന്മാരാണ്. കല വളരണമെങ്കില്‍ കാഴ്ചക്കാര്‍ വേണം. ഇവിടെയാണ് ഡിസംബറിൽ ആരംഭിക്കുന്ന കൊച്ചി ബിനാലെയുടെ സാമ്പത്തിക  പ്രസക്തിയും പ്രതിസന്ധിയും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നത്. ആഗോള ഒാഡിറ്റിങ് കമ്പനിയായ കെ.പി.എം.ജിയുടെ പഠനറിപ്പോർട്ടുപ്രകാരം ബിനാലെയുണ്ടാക്കുന്ന സാമ്പത്തികമുന്നേറ്റം ഏറെ വലുതാണ്. ബിനാലേകാലത്ത് ഉണ്ടാകുന്ന നേരിട്ടുള്ള തൊഴിലവസരങ്ങൾക്ക് പുറമെ ടൂറിസം, റയിൽ– വ്യോമയാനം ഉൾപ്പെടുന്ന ഗതാഗതരംഗം, ഹോം സ്റ്റേ, റിയൽ എസ്റ്റേറ്റ് തുടങ്ങി ഇതരമേഖലകളിലെല്ലാം വലിയ സാമ്പത്തിക ഉണർവ് കൊണ്ടുവരാൻ ബിനാലെയ്ക്കുകഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. 

ഒാരോ ബിനാലെയ്ക്കും എത്തുന്ന ആസ്വാദകരുടെയും ടൂറിസ്റ്റുകളുടെയും എണ്ണം ഏറുകയാണ്‌. പക്ഷെ സംസ്ഥാനത്തിന്റെ വിനോദസഞ്ചാരരംഗത്തും അനുബന്ധമേഖലകളിലും ചെറുകിട ഇടത്തരം കച്ചവടക്കാര്‍ക്കുംവരെ വലിയ സാമ്പത്തിക ഉണര്‍വ് സമ്മാനിക്കുന്ന ബിനാലെയുടെ നടത്തിപ്പിന് വലിയ പിൻബലം ഉണ്ടാകേണ്ടതുണ്ട്. 

ആസ്പിൻവാളും കബ്രാൽ യാർഡും ഉൾപ്പെടുന്ന സ്ഥലം ബിനാലെയുടെ സ്ഥിരംവേദിയാക്കുമെന്ന് സംസ്ഥാനസർക്കാർ പറയുമ്പോൾ അതിനുപക്ഷെ വസ്തുവിന്റെ ഉടമസ്ഥാവകാശമുള്ള ഡി.എൽ.എഫുമായി ധാരണയിൽ എത്തേണ്ടതുണ്ട്. കാലതാമസമുണ്ടെങ്കിലും സംസ്ഥാനസർക്കാർ സഹായം ബിനാലേയ്ക്ക് പ്രതീക്ഷ നൽകുന്നു. പക്ഷെ ബിനാലെ എന്ന കലാസർവകലാശാല ബിസിനസ് കൊണ്ടുവരുമ്പോൾ കോർപറേറ്റ് രംഗത്തുനിന്ന് വേണ്ടത്ര പിന്തുണയുണ്ടാകുന്നില്ലെന്ന വിമർശനവും ഉയരുന്നു. 

മുപ്പതുകോടി രൂപയാണ് അടുത്ത ബിനാലെയ്ക്ക് കണക്കാക്കപ്പെടുന്ന ചെലവ്. പരിമിതമായി ലഭിക്കുന്നസർക്കാർ സഹായത്തിന് പുറമെ വിവിധ കലാകാരന്മാരുടെ സൃഷ്ടി്കളുടെ വിൽപനവഴി സ്വരൂപിക്കുന്ന പണവും നടത്തിപ്പിനായി മുതൽകൂട്ടുന്നു. അടുത്ത ബിനാലെയ്ക്കായി അങ്ങനെ സ്വരുകൂട്ടിയത് മൂന്നുകോടിരൂപയാണ്. അതായത് ബിനാലെയെ ചുറ്റിപ്പറ്റി ഇതരമേഖലകളിലുണ്ടാകുന്ന സാമ്പത്തികമുന്നേറ്റം തിരിച്ചറി‍‍ഞ്ഞുള്ള സഹവർത്തിത്വം ഉണ്ടാവണമെന്നതാണ് അടുത്ത ബിനാലെകാലത്തിനു മുന്നോടിയായി മുന്നോട്ടുവയ്ക്കാനുള്ള ശുഭചിന്ത.