ഒരു ബിരിയാണിക്കഥ

സ്വയം നവീകരിക്കുക ഒപ്പം സ്വന്തം ബിസിനസ്സും നവീകരിക്കുക. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാതെ ഒരു ബിസിനസ്സിനും മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ചുരുക്കം. മാളയിലെ അൽമ ഈദ എന്ന ബിരിയാണി ബ്രാൻഡ്് ഇതിനൊരു ഉദാഹരണമാണ്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങളിലാണ് ഈ ബിരിയാണി ഉണ്ടാക്കുന്നത് . പരമ്പരാഗതരീതിയിൽ ദിവസവും നൂറ് ബിരിയാണി ഉണ്ടാക്കിയ സ്ഥാനത്ത് അയ്യായിരം ബിരിയാണിയാണ് യന്ത്രം ഉണ്ടാക്കുന്നത്.  

കഴുകി തയാറാക്കിയ ഇറച്ചിയിൽ മസാലക്കൂട്ട് പുരട്ടുന്നത് യന്ത്രം.  മസാലക്കൂട്ടിട്ട ഇറച്ചികഷ്ണങ്ങൾ ട്രേയിൽ നിരത്തി വേവിക്കാനായി അടുത്ത യന്ത്രത്തിലേക്ക്.  കഴുകി വൃത്തിയാക്കിയ ബിരിയാണി അരി. ട്രേയിൽ ആവശ്യത്തിന് െവള്ളവും  രസക്കൂട്ടും ചേർത്ത് ഇറച്ചിവേവിക്കുന്ന അതേ യന്ത്രത്തിൽ ഒരേ സമയമാണ് പാചകം. ഇരുന്നൂറ് പേർക്കുള്ള ബിരിയാണിക്കുള്ള ചോറും ഇറച്ചിയും ഞൊടിയിടയിൽ തയാറായി.  ചോറും ഇറച്ചിയുംചേർത്ത് ദം ഉറപ്പാക്കി വീണ്ടും യന്ത്രത്തിലേക്ക് . നിശ്ചിതസമയത്തിനുള്ളിൽ ബിരിയാണി റെഡി. 

അൽമ ഈദ. അൽമ ഈദയെന്നാൽ ഭക്ഷണത്തളിക. യന്ത്രം തയാറാക്കുന്ന ബിരിയാണിക്ക് ബിസിനസ് പാർട്്നർമാരായ എ.സാദ്ദിഖും പി.എ.അഷ്റഫും നൽകിയ പേരാണത്. കുറഞ്ഞ സമയം . ആ സമയത്തിനുള്ളിൽ നല്ല ദം ബിരിയാണി. ഒരു ദിവസം അയ്യായിരം ബിരിയാണി ഉണ്ടാക്കാൻ കഴിഞ്ഞതോടെ പരമ്പരാഗത ബിരിയാണി നിർമാണരീതി തന്നെ സാദ്ദിഖും അഷ്റഫും പൊളിച്ചെഴുതി. 

യന്ത്രം ഞൊടിയിടയിൽ തയാറാക്കുന്ന ബിരിയാണിയുടെ രുചിക്കൂട്ട് സാദ്ദിഖിന്റെ ഭാര്യ ഒരുക്കുന്നതാണ്. ബിസിനസിന്റെ യു.എസ്.പികളിൽ ഒന്നായ ആ രുചിക്കൂട്ട് ഉമൈബാന് മാത്രം അറിയുന്ന രഹസ്യമാണ്. മികച്ച ഒരു പാർട്്നർഷിപ് ബിസിനസ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നതിന്റെ ഉദാഹരണമാണ് ഈ പ്രസ്ഥാനം.  സാദ്ദിഖിന്റെ ഭാര്യ ഉമൈബാന്റെ രുചിക്കൂട്ടിൽ ബിരിയാണി പേരെടുക്കുമ്പോൾ അഷ്റഫിന്റെ ഭാര്യ അഡ്വ.സബീന കമ്പനിയുടെ ലീഗൽ അ‍ഡ‍്്്വൈസറുടെ ചുമതല നിർവഹിക്കുന്നു. ബിരിയാണിയും പത്തിരിയുമൊക്കെയായി നല്ല ഭക്ഷണം വിളമ്പിയതിന്റെ അനുഭവസമ്പത്താണ് കാലോചിതമായ പരിഷ്ക്കരണം ബിസിനസിൽ കൊണ്ടുവരാൻ ഇരുകുടുംബങ്ങളെയും പ്രേരിപ്പിച്ചത്. ബിരിയാണിക്ക് മെഷീനൊ എന്ന് ചോദിച്ചവർത്തന്നെ തൃശൂരിൽനിന്നും കൊച്ചിയിൽ നിന്നും ഈ യന്തിരൻ ബിരിയാണിക്കായി ഒാർഡർ നൽകി കാത്തിരിപ്പാണ്.