ഹോളിവുഡിനോട് കിടപിടിക്കാൻ ഇൻഡിവുഡ്

Thumb Image
SHARE

ലോകത്ത് പ്രതിവർഷം ഏറ്റവും കൂടുതല്‍ സിനിമ നിർമിക്കപ്പെടുന്നത് നമ്മുടെ രാജ്യത്താണ്. 1500 മുതൽ 2000 സിനിമകൾ വരെ പ്രതിവർഷം ഇന്ത്യയിൽ നിർമിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. പക്ഷെ കുടുതൽ സിനിമകളുണ്ടായിട്ടും വ്യവസായം എന്ന നിലയ്ക്ക് ലഭിക്കുന്ന വരുമാനം ഏറെ കുറവാണ് . ഒരു ബിസിനസ് എന്ന നിലയിൽ വിതരണരംഗത്ത് ഉൾപ്പടെ ശക്തമായ അടിത്തറ ഇന്ത്യൻ സിനിമകൾക്കില്ലെന്ന യാഥാർഥ്യത്തിൽ നിന്നാണ് ഇൻഡിവുഡ് എന്ന ബിസിനസ് പദ്ധതിക്ക് രൂപമുണ്ടായത്. വ്യവസായിയും സിനിമാസംവിധായകനുമായ സോഹൻറോയിയുടെ നേതൃത്വത്തിലുണ്ടായ ഇൻ‍‍‍ഡിവുഡും സിനിമാബിസിനസ് ലക്ഷ്യമിട്ട് ഇൻഡിവുഡ് സംഘടിപ്പിക്കുന്ന ഫിലിം കാർണിവലുമാണ് മണികിലുക്കം പരിചയപ്പെടുത്തുന്നത്. ഒപ്പം സെക്സിദുർഗയെയും പത്മാവതിയെയുമൊക്കെചൊല്ലി കലാപകലുഷിതമായ രാജ്യത്ത് ഇൻഡിവുഡിന്റെ ബിസിനസ് ആശയം എത്രകണ്ട് വിജയമാകുമെന്നും മണികിലുക്കം അന്വേഷിക്കുന്നു. 

ആശയംകൊണ്ടും ദേശഭാഷാന്തരങ്ങൾകൊണ്ടും മുടക്കുമുതൽ കൊണ്ടുമെല്ലാം വ്യത്യസ്തമായ രണ്ട് ഇന്ത്യൻ സിനിമകൾ . കലയെന്നതിനപ്പുറം വ്യവസായമാണ് സിനിമ എന്നുകൂടി വ്യക്തമായ ധാരണയുള്ള പ്രേക്ഷകസമക്ഷം എത്തുന്ന  സിനിമകൾ . കഥാബീജത്തിൽനിന്ന് സിനിമ സംഭവിക്കാന്‍ ആവശ്യമായ മൂലധനവും സാങ്കേത്തികത്തികവുമെല്ലാം മുൻപെങ്ങുമില്ലാത്തവിധം സാധ്യമായിട്ടും സിനിമ എന്ന ഉൽപ്പന്നത്തിന്റെ  ആവിഷ്ക്കാര സ്വാതന്ത്ര്യത്തെവരെ ചോദ്യംചെയ്യുന്ന പ്രാദേശിക വാദങ്ങളും വിവാദങ്ങളും രാഷ്ട്രീയവുമാണ് ഈ വ്യവസായത്തെ പിന്നോട്ടടിക്കുന്നതും.

മെയ്ക്ക് ഇൻ ഇന്ത്യയിൽനിന്നൊക്കെ പ്രചോദനം ഉൾക്കൊണ്ട് ഉയർന്നുവരുന്ന പുതിയ സംരംഭങ്ങളിൽ സിനിമാസംബന്ധിയായ ബിസിനസ്സുകളും നിരവധിയാണ്. സിനിമയുടെ തലതൊട്ടപ്പന്മാർ എന്ന വിശേഷണമുള്ള ഹോളിവുഡിനോട് കിടപിടിക്കാൻ പാകത്തിലുള്ള സംരംഭങ്ങളും അക്കൂട്ടത്തിലുണ്ട്.

ഡാം 999 എന്ന സിനിമയിലൂടെ സംവിധായകനായും പിന്നീട് നിർമാതാവായും ചലച്ചിത്രമേഖലയിൽ നിലയുറപ്പിച്ച പ്രമുഖ വ്യവസായി സോഹൻറോയിയുടെ നേതൃത്വത്തിലുള്ള ഇൻഡിവുഡ് അത്തരത്തില്‍ ഇന്ത്യയിലെ വളരെവലിയ സംരംഭങ്ങളിലൊന്നാണ്. ഇന്ത്യൻസിനിമയുടെ സമസ്തമേഖലകളുടെയും വിപണിമൂല്യം ഉയർത്തുന്ന ആയിരക്കണക്കിന് ബിസിനസുകളാണ് ശതകോടീശ്വരന്മാർ പങ്കാളികളാകുന്ന ഇൻഡിവുഡ് വിഭാവനം ചെയ്യുന്നത്. 2020 ഒാടെ രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള പതിനായിരം മൾട്ടിപ്ളെക്സ് സ്ക്രീനുകൾ , ഒരു ലക്ഷം 2 കെ ഹോംതിയറ്റർ പ്രൊജക്ടറുകൾ , രാജ്യാന്തര നിലവാരമുള്ള ഫിലിം സ്കൂളുകൾ , വി.എഫ്.എക്സ് ഉൾപ്പെടുന്ന സിനിമ സ്റ്റുഡിയോകൾ തുടങ്ങി  അത്യാധുനിക സൗകര്യങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുതിയ പദ്ധതികൾക്കൊപ്പം പുതിയതൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് ചുരുക്കം.

ഈ ലക്ഷ്യംമുൻനിർത്തിയുള്ള നിരന്തര പരിശ്രമമാണ് ഇൻഡിവുഡിന്റെ ഫിലിം കാർണിവല്‍ . സിനിമകൾക്ക് വിപണിയൊരുക്കി ഫിലിം മാർക്കറ്റും , ഫിലിം ഫെസ്റ്റിവലും,  നിക്ഷേപകസംഗമവും പുതിയതലമുറയെ സിനിമയിലേക്ക് നയിക്കാൻ പര്യാപ്തമായ ടാലന്റ് ഹണ്ടും അടക്കമുള്ള ബിസിനസ് ടു ബിസിനസ് മീറ്റ്കൂടിയാണ് ഫിലിം കാർണിവൽ . കഴിഞ്ഞ കാർണിവലുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമയ്ക്കായി കോടികൾ മുടക്കുമെന്ന് പ്രഖ്യാപിച്ചയാളാണ് വ്യവസായിയായ ബി.ആർ .ഷെട്ടി. ഇന്ത്യൻ സിനിമാചരിത്രത്തിലെ ആദ്യ ആയിരംകോടി പ്രോജക്ടായ  മഹാഭാരതം സിനിമയാകുന്നത് അങ്ങനെയാണ്.

ദേശഭാഷാന്തരങ്ങൾ മറന്നുള്ള ക്രോസ്ഒാവര്‍ സിനിമകൾ സിനിമയുടെ വിപണി കയ്യടക്കുന്ന കാലം വിദൂരമല്ല. കഥയെന്തായാലും ഭാഷമറന്ന് പ്രേക്ഷകനിലേക്ക് എത്തിക്കാൻ പര്യാപ്തമായ ദൃശ്യവിന്യാസവും സാങ്കേത്തികത്തികവും കോർത്തിണക്കാൻ ഭിന്നഭൂഖണ്ഡങ്ങളിലെ തലച്ചോറുകൾ ഒരുമിച്ചു ചിന്തിക്കേണ്ട കാലഘട്ടത്തില്‍ സിനിമയുടെ വിപണി ഭൂമിയോളം തന്നെയുണ്ടെന്നതാണ് തിരിച്ചറിയപ്പെടേണ്ട വസ്തുത. 

ചരിത്രത്തിൽ എഴുതിവച്ചതിനുമപ്പുറം ജീവിച്ചിരുന്ന പത്മാവതിയുടെ മനോധർമംകൂടി വായിച്ചെടുക്കാൻ കഴിയുമ്പോഴാണ് ആ സിനിമ മികച്ച കലാസൃഷ്ടിയാവുക. സിനിമയുടെ വിപണിമൂല്യം നിർണയിക്കുന്ന അടിസ്ഥാനകാര്യങ്ങളില്‍ ഒരു സിനിമയുടെ പേരിനും പ്രധാന്യമേറെയാണ് . സിനിമയ്ക്കുപുറത്തും സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം ചർച്ചചെയ്യപ്പെടുമെങ്കിലും അതിനപ്പുറത്തേക്കുള്ള ചർച്ചകളും വിവാദങ്ങളും വ്യവസായം എന്ന നിലയ്ക്ക് സിനിമയ്ക്ക് ഭീഷണിതന്നെയാണെന്ന്  ചലച്ചിത്രപ്രവർത്തകർ തിരിച്ചറിയുന്നുണ്ട്. പക്ഷെ അതിനുമപ്പുറം ഇന്ത്യൻ സിനിമാവിപണിയുടെ സാധ്യതകൾ നിക്ഷേപകർ തിരിച്ചറിയുമെന്ന  ശുഭാപ്തിവിശ്വാസമാണ് അവരെ നയിക്കുന്നത്.

മെയ്ക് ഇൻ ഇന്ത്യയെന്നത് അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ മെയ്ഡ് ഇൻ ഇന്ത്യ എന്ന് മാറ്റിപ്പറയാന്‍ പര്യാപ്തമായ സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്ന ഉൾക്കാഴ്ചയോടെയാണ് ഇൻഡിവുഡ് എന്ന വലിയസംരംഭത്തിന്റെ മുന്നേറ്റം. ദുബായിയിലെ വീട്ടിലിരുന്ന് പുനലൂരുകാരനായ സോഹന്‍ റോയ് എന്ന വ്യവസായി കണ്ട സ്വപ്നമാണ് ഇൻഡിവുഡ് . പതിനേഴായിരംകോടി രൂപ പ്രതിശീർഷവരുമാനമുള്ള ഇന്ത്യൻ സിനിമാവ്യവസായമാണ് ഹോളിവുഡിനും അപ്പുറമുള്ള ആ സ്വപ്നംകാണാൻ ഈ മലയാളിക്ക് ഊർജം നൽകിയതും. 

MORE IN MONEY KILUKKAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.