ക്രിസ്റ്റി എന്ന ബെസ്റ്റ് സെല്ലർ

Thumb Image
SHARE

ഓൺലൈൻ വ്യാപാരത്തിൽ മികവ് തെളിയിച്ച ഒരു വനിതാസംരംഭകയെ പരിചയപ്പെടാം. പ്രമുഖ ഓൺലൈൻ വ്യാപാര വെബ്സൈറ്റായ ആമസോണിന്റെ ബെസ്റ്റ് സെല്ലർ പുരസ്കാരം നേടിയ തിരുവനന്തപുരത്തെ ക്രിസ്റ്റി ട്രീസ ജോർജാണ് ആ വനിതാ സംരംഭക. ആമസോണിനായി എഴുനൂറോളം ഉൽപന്നങ്ങൾ വിൽക്കുന്ന ക്രിസ്റ്റിയുടെ ലൂംസ് ആൻഡ് വീവ്സിന്റെ പ്രതിമാസവിറ്റുവരവ് പത്തുലക്ഷം രൂപയിലേറെയാണ്. വനിതാസംരംഭകരുടെ ഉൽപന്നങ്ങൾക്ക് ആമസോൺ വഴി അതിരുകളില്ലാത്ത വിപണി നൽകുന്നെന്ന പ്രത്യേകതയും ലൂംസ് ആൻഡ് വീവ്സിനുണ്ട്. 

ആമസോണിൽ കയറി കൈത്തറി വസ്ത്രങ്ങളോ, സുഗന്ധവ്യഞ്ജനങ്ങളോ, ഉപ്പേരിയോ ഓഡർ ചെയ്താൽ അത് പായ്ക്ക് ചെയ്ത് പുറപ്പെടുന്നത് ഇവിടെ നിന്നാണ്. തിരുവനന്തപുരം പരുത്തിപ്പാറയിലുള്ള ലൂംസ് ആൻഡ് വീവ്സിൽ നിന്ന് .സ്ഥാപനത്തിന്റെ തലപ്പത്തുള്ളത് ഒരു വനിതയും, സംരംഭകയായി വിജയം കൊയ്ത ഫാഷൻ ഡിസൈനർ ക്രിസ്റ്റി ട്രീസ ജോർജ്..  

ഹാന്റെക്സിലെ ഫാഷൻ ഡിസൈനറായിരുന്നു ക്രിസ്റ്റി. ജോലി ഉപേക്ഷിച്ച് 2013ൽ കൈത്തറി ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനം ആരംഭിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അപ്പോഴാണ് ഇന്ത്യയിൽ ചുവടുറപ്പിക്കാനുള്ള വമ്പൻപദ്ധതിയുമായി ആമസോൺ വ്യാപാരപങ്കാളികളെ തിരയുന്നത് ക്രിസ്റ്റിയുടെ ശ്രദ്ധയിൽ പെട്ടത്. അങ്ങനെ ആമസോണിന്റെ ആദ്യത്തെ പതിനായിരം സെല്ലർമാരിൽ ഒരാളായി ക്രിസ്റ്റി.  

കേൾക്കുമ്പോൾ വളരെ ലളിതമാണ് ഇവരുടെ ബിസിനസ്. രാജ്യത്ത് എവിടെയെങ്കിലുമുള്ള ഒരു ഉപഭോക്താവ് ബാലരാമപുരം കൈത്തറി വസ്ത്രം ആമസോൺ വഴി വാങ്ങാനുള്ള ഓഡറിട്ടു എന്നുകരുതുക. ഓഡർ കിട്ടിയാലുടൻ ഇവർ നേരിട്ട് കൈത്തറിശാലയിൽ നിന്ന് ആ ഉൽപന്നം ശേഖരിക്കും. ആമസോണിന്റെ കവറിൽ പായ്ക്ക് ചെയ്ത് ഉപഭോക്താവിന് കൊറിയർ ചെയ്യും.  

വിരലിലെണ്ണാവുന്ന ഉൽപന്നങ്ങളുമായാണ് തുടക്കം. മൂന്നുവർഷം കൊണ്ട് എഴുനൂറിലേറെ ഉൽപന്നങ്ങളായി. ഉൽപന്നങ്ങളുടെ വൈവിധ്യവും എടുത്തുപറയണം. വളരെ അപൂർവമായ സുഗന്ധവ്യഞ്ജനങ്ങളും അവസംസ്കരിച്ചെടുക്കുന്ന ഉൽപന്നങ്ങളും നൽകാൻ സാധിക്കുന്നുണ്ട്. കലർപ്പില്ലാത്തതും ജൈവവുമായ ഉൽപന്നങ്ങള്‍ ശേഖരിക്കുന്നതിൽ പ്രത്യേകശ്രദ്ധ നൽകുന്നു. ബാലരാമപുരത്തുനിന്നും കണ്ണൂരിൽ നിന്നും കൈത്തറി വസ്ത്രങ്ങൾ, വയനാട്ടിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങൾ, കായ അരിഞ്ഞ് കഴുകി വറുക്കുന്ന കോഴിക്കോടൻ ചിപ്സ്, ബംഗാളിലെ നെയ്ത്തുകാർ മസ്ലിൻ തുണിയിൽ നെയ്യുന്ന ഖദർവസ്ത്രങ്ങൾ ഇങ്ങനെ നീളുന്നു ആ പട്ടിക. കൈത്തറി വസ്ത്രങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കുമാണ് ആവശ്യക്കാർ ഏറെയുള്ളത്.  

ആമസോണുമായി കരാറിലെത്തിയ ആദ്യ സെല്ലർമാരിൽ ഒരാൾ ആയതിനാൽ ക്രിസ്റ്റിയുടെ ഉൽപന്നങ്ങൾ ആദ്യ വെബ്പേജുകളിൽ തന്നെ പ്രത്യക്ഷപ്പെടും. ഇത് ബിസിനസ് മുന്നേറുന്നതിന് സഹായകമായിട്ടുണ്ട്. ഓൺലൈൻ ബിസിനസിന്റെ വരവും ചെലവും ഉദാഹരണസഹിതം കേൾക്കുമ്പോൾ കുറച്ചുകൂടി മനസിലാകും.  

ശ്രദ്ധിക്കാൻ ഏറെ കാര്യങ്ങളുണ്ട് ഓൺലൈൻ ബിസിനസിൽ. ഉപഭോക്താക്കളുമായി ഇമെയിൽ വഴിയും മറ്റും നല്ല ബന്ധം പുലർത്തണം. ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഗുണനിലവാരം ശ്രദ്ധിക്കണം. എല്ലാത്തിനുമുപരിയായി കൃത്യമായ ഗൃഹപാഠം ചെയ്ത് കാര്യങ്ങൾ പഠിച്ചതിനുശേഷമേ ബിസിനസിലേക്ക് ഇറങ്ങാവൂ എന്നും അനുഭവത്തിൽ നിന്ന് ക്രിസ്റ്റി പറയുന്നു. മറ്റെല്ലാ ബിസിനസിലും ഉള്ളതുപോലെ ഇതിലുമുണ്ട് സാധ്യതകൾക്കൊപ്പം പ്രതിബന്ധങ്ങളും.  

ഭാവിയിൽ കൂടുതൽ ഉൽപന്നങ്ങൾ എത്തിച്ച് വ്യാപാരം വിപുലീകരിക്കാനാണ് പദ്ധതി. പാവപ്പെട്ട നെയ്ത്തുകാരുടെ ഉൽപന്നങ്ങൾക്ക് ഓൺലൈൻ വിപണി വഴി മികച്ച വരുമാനം ലഭ്യമാക്കണമെന്നും ആഗ്രഹിക്കുന്നു. ഒപ്പം കൂടുതൽ വനിതാസംരംഭകരുടെ ഉൽപന്നങ്ങൾക്കും വിപണി നൽകും. ക്രിസ്റ്റി എന്ന വനിതാസംരംഭകയ്ക്ക് ഇത് ബിസിനസ് മാത്രമല്ലെന്ന് സാരം.  

MORE IN MONEY KILUKKAM
SHOW MORE