മതിലില്‍ തര്‍ക്കിച്ച് അമേരിക്കന്‍ രാഷ്ട്രീയം; ട്രംപിന് ഇത് അഭിമാന പ്രശ്നം

us-wall-trump
SHARE

മതിലാണ് അമേരിക്കയിലും സംസാരവിഷയം. മതില്‍ കെട്ടാന്‍ അനുമതിയില്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തുന്നു. കിഴക്കന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടാനുള്ള നീക്കത്തിന് ഡെമോക്രാറ്റുകള്‍ തടസം നില്‍ക്കുന്നതാണ് പ്രസിഡന്‍റിനെ പ്രകോപിപ്പിക്കുന്നത്. പോരാട്ടം ഭരണസ്തംഭനത്തിലെത്തിയതോടെ ലക്ഷക്കണക്കിന്  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം മുടങ്ങി. മതില്‍ ഡോണള്‍ഡ് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്, അഭിമാന പ്രശ്നമാണ്.

യുഎസിലെക്കുള്ള അനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന് പ്രഖ്യാപിച്ചിട്ട് മൂന്നു വര്‍ഷമാകുന്നു. മതിലിനുള്ള  570 കോടി ഡോളർ ധനാഭ്യർത്ഥന ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ എതിര്‍ത്തത് ഷട്ട് ഡൗണ്‍ എന്ന ഭരണപ്രതിസന്ധിയിലാണ് രാജ്യത്തെ കൊണ്ടു ചെന്നെത്തിച്ചത്. മതിൽ നിർമിക്കാൻ പണം വകയിരുത്താതെ ഭരണച്ചെലവ് ബില്ലിൽ ഒപ്പുവയ്ക്കില്ലെന്ന നിലപാടിലാണ് പ്രസിഡന്‍റ്.  

വിവിധ സർക്കാർ ഏജൻസികൾക്കു പ്രവർത്തനച്ചെലവിനുള്ള പണമില്ല, ജീവനക്കാര്‍ക്ക ശമ്പളമില്ല.  പുതിയ ജനപ്രതിനിധി സഭയുടെ സ്ഥാനാരോഹണ ദിവസം തന്നെ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ശക്തമായ പോര് പ്രകടമായി. ജനപ്രതിനിധി സഭയുടെ പുതിയ അധ്യക്ഷ നാന്‍സി പെലോസിയുടെ നേതൃത്വത്തില്‍ വൈറ്റ് ഹൗസില്‍ പ്രസിഡന്‍റുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായമുണ്ടാക്കാനായില്ല. 

സിറ്റ്വേഷന്‍ റൂമില്‍ നടന്ന ചര്‍ച്ചയില്‍ ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചുനിന്നു. ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തതു തന്നെ അതിര്‍ത്തിയില്‍ മതില്‍ ഉയരുമെന്ന പ്രതീക്ഷയിലാണെന്ന് പ്രസിഡന്‍റ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാതെ ഒരടി മുന്നോട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. മതില്‍ കെട്ടല്‍ അസംഭവ്യമാണെന്ന്  രാജ്യചരിത്രത്തിലെ ഏക വനിതാ സ്പീക്കര്‍     നാന്‍സി പെലോസി കടുപ്പിച്ച് പറഞ്ഞു. പണം ധൂര്‍ത്തടിക്കാമെന്നല്ലാതെ മറ്റ് പ്രയോജനങ്ങളൊന്നുമില്ലാത്ത നടപടിക്ക് ഡെമോക്രാറ്റുകള്‍ കൂട്ടു നില്‍ക്കില്ല. 

മതില്‍ കെട്ടാന്‍ മെക്സിക്കോ പണം നല്‍കുമെന്നാണല്ലോ പ്രസിഡന്‍റ് പറഞ്ഞിരുന്നതെന്ന് പെലോസി പരിഹസിച്ചു. കത്തോലിക്ക വിശ്വാസിയായ നാന്‍സി പെലോസി വത്തിക്കാന് ചുറ്റുമുള്ള മതില്‍ കണ്ടിട്ടെങ്കിലും തന്നോട് യോജിക്കണമെന്നായിരുന്നു പ്രസിഡന്‍റിന്‍റെ മറുപടി. ഭരണസ്തംഭനം ഒഴിവാക്കുകയാണ് പ്രസിഡന്‍റ് ആദ്യം ചെയ്യേണ്ടതെന്ന് ഡെമോക്രാറ്റുകള്‍. അതീവ ഗൗരവസ്വഭാവമുള്ള സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യുന്ന സിറ്റ്വേഷന്‍ റൂമില്‍ തന്നെ പ്രതിപക്ഷവുമായുള്ള കൂടിക്കാഴ്ച ഒരുക്കിയതിലൂടെ അതിര്‍ത്തി മതില്‍ ദേശസുരക്ഷയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ് പ്രസിഡന്‍റ് നല്‍കിയത്.

അതിര്‍ത്തിയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചയില്‍ പങ്കെടുത്ത  ദേശീയസുരക്ഷാ സെക്രട്ടറി ക്രിസ്റ്റീന്‍ നീല്‍സണും മതിലിന്‍റെ അനിവാര്യത ഊന്നിപ്പറഞ്ഞു. നീല്‍സണ്‍റെ വാദങ്ങളെ നാന്‍സി പെലോസി ഖണ്ഡിച്ചതോടെ രൂക്ഷമായ വാക്പോരിനും സിറ്റ്വേഷന്‍ റൂം വേദിയായി.  മയക്കുമരുന്നു കടത്തുകാരെയും കൊള്ളക്കാരെയും ക്ഷണിച്ചുവരുത്തുന്ന ഡെമോക്രാറ്റുകള്‍ രാജ്യത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രിസഭാ യോഗശേഷം ട്രംപ് കുറ്റപ്പെടുത്തി.അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കും കുഞ്ഞുങ്ങളടക്കം പീഡിപ്പിക്കപ്പെടുന്നതിന്‍റെയും ഉത്തരവാദിത്തം ഡെമോക്രാറ്റുകള്‍ക്കാണ്. വേണ്ടി വന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും താന്‍ മടിക്കില്ല. 

ആഭ്യന്തര സുരക്ഷയ്ക്കുള്ള ധനവിനിയോഗം വര്‍ധിപ്പിക്കാമെന്ന നിര്‍ദേശം ഡെമോക്രാറ്റുകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും പ്രസിഡന്‍റിന് അത് സ്വീകാര്യമല്ല. മതില്‍ അത്, സ്റ്റീല്‍ ഉപയോഗിച്ചായാലും പണിയണമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. steelകുടിയേറ്റ നയത്തിലെ തന്‍റെ കാര്‍ക്കശ്യമാണ് മതിലില്‍ ഉറച്ചു നില്‍ക്കുന്നതിലൂടെ പ്രസിഡന്‍റ് ആവര്‍ത്തിക്കുന്നത്. ഇതേ നയം തന്നെയാണ് ഡെമോക്രാറ്റുകളുടെ ശക്തമായ വിയോജിപ്പിന് കാരണമായിട്ടുള്ളതും. ഡാകയിലും കുഞ്ഞുങ്ങളെ വേര്‍പിരിക്കലിലും ഇസ്ലാമിക രാജ്യക്കാര്‍ക്കുള്ള യാത്രാ വിലക്കിലുമെല്ലാം ഡെമോക്രാറ്റുകള്‍ പ്രസിഡന്‍റുമായി കൊമ്പുകോര്‍ത്തു.  എന്നാല്‍ 2006ല്‍ അതിര്‍ത്തിയില്‍ വേലി പണിയുന്നതിന് പിന്തുണ പ്രഖ്യാപിച്ച ഡെമോക്രാറ്റുകള്‍ മതിലിനെ എതിര്‍ക്കുന്നത് ഡോണള്‍ട് ട്രംപിനെ തോല്‍പ്പിക്കാന്‍ മാത്രമാണെന്നും വിമര്‍ശനമുണ്ട്. 

അതേസമയം കുടിയേറ്റ വിരോധത്തില്‍ ട്രംപിനൊപ്പം നില്‍ക്കുന്ന റിപ്പബ്ലിക്കന്‍മാര്‍ക്ക് പോലും മതിലെന്ന ആശയത്തോട് പൂര്‍ണയോജിപ്പില്ല. അനധികൃത കുടിയേറ്റം തടയണമെങ്കിലും അതിര്‍ത്തിയില്‍ 1954 മൈല്‍ ദൂരത്തില്‍    കൂറ്റന്‍ മതില്‍ പണിയാന്‍ പണം ചിലവിടുന്നതിനോട് അവര്‍ക്കും യോജിപ്പില്ല. അതിര്‍ത്തി കാവല്‍ ശക്തമാക്കുകയും നിലവിലുള്ള വേലികള്‍ ബലപ്പെടുത്തുകയുമാണ് പ്രായോഗികമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.  ഗ്രേറ്റ് വാള്‍ ഓഫ് ട്രംപ് ചരിത്രത്തില്‍ ഇടംപിടിക്കാനുള്ള തട്ടിപ്പുവേലയാണെന്ന് ചിലരെങ്കിലും പരിഹസിക്കുന്നു. ഏതായാലും മതിലിനെച്ചൊല്ലി രാഷ്ട്രീയ ചേരിപ്പോര് മുറുകുമ്പോള്‍ ഭരണസ്തംഭനത്തില്‍ സാധാരണ ജനം വലയുകയാണ്.

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് മുന്നേറ്റമാണ് യുഎസ് രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കുന്നതെന്ന് പറയാം. ഇംപീച്ച് ചെയ്യപ്പെടേണ്ട പ്രസിഡന്‍റാണ് ഡോണള്‍ഡ് ട്രംപെന്ന് കരുതുന്ന ഡെമോക്രാറ്റുകള്‍ പല്ലും നഖവുമുപയോഗിച്ച് അദ്ദേഹത്തെ നേരിടാനിറങ്ങിയിരിക്കുകയാണ്. യുഎസ് രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങളുണ്ടാക്കുന്ന പാര്‍ലമെന്‍റംഗങ്ങളുടെ സ്ഥാനാരോഹണം ആവേശം നിറഞ്ഞതായിരുന്നു.നാന്‍സി പെലോസി അധ്യക്ഷയായ ജനപ്രതിനിധി സഭ പ്രസിഡന്‍റ് ഡോണള്‍ട് ട്രംപിനെയാണ് ഉന്നംവയ്ക്കുന്നത്. എക്കാലത്തും റിപ്പബ്ലിക്കന്‍മാരുടെ കണ്ണിലെ കരടാണ് പെലോസി. 

പന്ത്രണ്ടു വർഷത്തെ റിപ്പബ്ലിക്കൻ അധീശത്വം അവസാനിപ്പിച്ച് 2006ലാണു ഡമോക്രാറ്റുകൾ കോൺഗ്രസിൽ ശക്‌തി കാട്ടിയത്. അന്നും പെലോസി സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.  ഇത് രണ്ടാമൂഴം. തുടക്കം തന്നെ ഭരണസ്തംഭനമുണ്ടാക്കും വിധം പ്രസിഡന്‍റുമായുള്ള തുറന്നപോരാട്ടത്തോടെ വനിതാ മുന്നേറ്റത്തില്‍ ചരിത്രം കുറിച്ചാണ് യുഎസ് കോണ്‍ഗ്രസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 

ഇസ്ലാമോഫോബിയ വാരിവിതറുന്ന ട്രംപിന് മറുപടിയായി ഡെമോക്രാറ്റ് ടിക്കറ്റില്‍ മല്‍സരിച്ച് വിജയചിച്ച    മുസ്ലിം വനിതകൾ–മിഷിഗനിൽ നിന്നുള്ള റഷീദ താലിബും .മിനസോട്ടയിൽനിന്നുള്ള ഇൽഹാൻ ഉമറും .പലസ്തീനിൽ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായ റഷീദ പരമ്പരാഗത പലസ്തീനിയന്‍ വേഷത്തിലാണ് സത്യപ്രതിജ്ഞക്കെത്തിയത്.കോൺഗ്രസിൽ ശിരോവസ്ത്രമണിഞ്ഞെത്തുന്ന ആദ്യ അംഗം കൂടിയാകും ഇൽഹാൻ. 

മതില്‍ കെട്ടല്‍ വിവാദത്തിനിടെ  ന്യൂ മെക്സിക്കോയിലും കന്‍സസില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ പിന്തലമുറക്കാര്‍ പാര്‍ലമെന്‍റംഗങ്ങളായത് അമേരിക്കന്‍ ജനാധിപത്യത്തിന്‍റെ പെരുമയ്ക്ക് മാറ്റുകൂട്ടി. മതഗ്രന്ഥത്തിന് പകരം അമേരിക്കന്‍ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത്  കീര്‍സ്റ്റിന്‍ സിനേമ വ്യത്യസ്തയായി.കറുത്തവര്‍ഗക്കാരുടെയും ഏഷ്യക്കാരുടെയുമെല്ലാം എണ്ണത്തിലുള്ള വര്‍ധന കൊണ്ട് ചരിത്രം കുറിയ്ക്കുന്നതാണ് പുതിയ സഭ. ഡോണള്‍ഡ് ട്രംപിന്‍റെ സംരക്ഷണവാദത്തിനുള്ള മറുപടിയാണ് ജനപ്രതിനിധിസഭയുടെ ഈ മുഖമെന്ന് സ്വതന്ത്രചിന്താഗതിക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

MORE IN LOKA KARYAM
SHOW MORE