സിറിയയിൽ നിന്നുള്ള പിന്മാറ്റം; നിലപാട് തിരുത്തി ട്രംപ്

syria
SHARE

സിറിയയില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം ഉടനെന്ന പ്രസ്താവന വീണ്ടും തിരുത്തി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. മുപ്പതുദിവസത്തിനകം സമ്പൂര്‍ണ പിന്‍മാറ്റമെന്ന നിലപാട് സാവകാശമുള്ള പിന്‍മാറ്റം എന്നാക്കി അമേരിക്കയുടെ സര്‍വ സൈന്യാധിപന്‍.   ദേശീയസുരക്ഷാ നയത്തിന്‍റെ പേരില്‍ മുപ്പത്തിയെട്ട് വര്‍ഷത്തിനിടെ ആദ്യമായി ഒരു മന്ത്രിസഭാംഗം രാജിവച്ച തീരുമാനമാണ് പ്രസിഡന്‍റ് തിരുത്തിയത്. ജിം മാറ്റിസിനെപ്പോലെ പരിണിത പ്രജ്ഞനായ പ്രതിരോധ സെക്രട്ടറിയുടെ വാക്കുകള്‍ തള്ളാനാവില്ലെന്ന് വൈകിയാണെങ്കിലും സമ്മതിച്ച പ്രസിഡന്‍റ് നയതന്ത്ര, സൈനിക മേഖലകളിലെ തന്‍റെ അറിവില്ലായ്മ ഒരിക്കല്‍ കൂടി വ്യക്തമാക്കി. 

സിറിയയിലെ പോരാട്ടം അവസാനിപ്പിച്ച് അമേരിക്കന്‍ സൈനികര്‍ക്ക്  നാട്ടിലേക്ക് മടങ്ങാം. ഏറെ സങ്കീര്‍ണമായ നയതന്ത്ര,സുരക്ഷാ പ്രശ്നത്തെ വളരെ എളുപ്പത്തില്‍ പറഞ്ഞവസാനിപ്പിച്ചു പ്രസിഡന്‍റ് ട്രംപ്. പ്രഖ്യാപനം കേട്ട് ഞെട്ടിയത് സഖ്യരാജ്യങ്ങള്‍ മാത്രമല്ല, വൈറ്റ് ഹൗസ് ഉന്നതരും പെന്‍റഗണുമാണ്. അമേരിക്കയെ വിശ്വസിച്ച് ഐസിസ് വിരുദ്ധ പോരാട്ടത്തിനിറങ്ങിയ കുര്‍ദിഷ് സൈന്യവും ഇത് വഞ്ചനയെന്ന് പറഞ്ഞു.  പ്രസിഡന്‍റിനെ തിരുത്താന്‍ വൈറ്റ് ഹൗസിലേക്ക് പോയ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിക്കത്തും കയ്യില്‍ കരുതിയിരുന്നു.  ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രവർത്തിച്ചു പരിചയമുള്ള ,യുഎസ് നാവികസേനയുടെ ഭാഗമായ മറീൻ കോറിന്റെ മുൻ ജനറൽ കൂടിയായ മാറ്റിസ് രാജി നല്‍കി തിരിച്ചിറങ്ങിയതല്ലാതെ ട്രംപ് നിലപാട് തിരുത്തിയില്ല. തന്‍റെ രാജിക്കത്തില്‍ പ്രസിഡന്‍റിന്‍റെ നിലപാടുകളെ ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. 

പെന്‍റഗണില്‍ മടങ്ങിയെത്തിയ മാറ്റിസ് തന്‍റെ രാജിക്കത്തിന്‍റെ 50 കോപ്പികളെടുത്ത് വിതരണം ചെയ്തു. ദേശസുരക്ഷയ്ക്ക് വെല്ലുവിളിയും സഖ്യരാജ്യങ്ങളോടുള്ള വഞ്ചനയുമാണിതെന്നും കൂട്ടുനില്‍ക്കാനാവില്ലന്നും രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കി. സഖ്യരാജ്യങ്ങളെ മികച്ച രീതിയില്‍ ന യിക്കുന്ന അമേരിക്കയാണ് തന്‍റെ സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞുവച്ചു. 1980ല്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ തീരുമാനത്തോട് വിയോജിച്ച്  സ്റ്റേറ്റ് സെക്രട്ടറി സൈറസ് വാന്‍സ് രാജിവച്ചതാണ് ഇതിന് മുമ്പ് പ്രതിരോധനയത്തിന്‍മേലുണ്ടായ വന്‍ പൊട്ടിത്തെറി. 

റിപ്പബ്ലിക്കന്‍‌ സെനറ്റര്‍മാര്‍ പോലും മാറ്റിസിനോട് യാജിച്ചതോടെ തന്‍റെ തീരുമാനത്തിന് സ്വീകാര്യത നേടുക എന്ന പതിവു തന്ത്രവുമായി പ്രസിഡന്റ് രംഗത്തിറങ്ങി. ഇറാഖിലെ അമേരിക്കന്‍ സൈനിക ക്യാംപിലേക്കുള്ള അപ്രതീക്ഷിത സന്ദര്‍ശനവും ഇതിന്‍റെ ഭാഗമായിരുന്നു. 

എല്ലാവരും വിമര്‍ശിച്ച ട്രംപ് നയത്തിന് കയ്യടിച്ചത് റഷ്യയുടെ വ്ലാഡിമിര്‍ പുടിനാണ്. മധ്യപൂര്‍വദേശത്ത് റഷ്യയ്ക്കും ഇറാനും കൂടുതല്‍ കരുത്ത് പകരും അമേരിക്കന്‍ പിന്‍മാറ്റം എന്ന വിമര്‍ശനം ശക്തമായി. ഇതോടെ പറഞ്ഞതെല്ലാം മെല്ലെ മാറ്റിപ്പറഞ്ഞു പ്രസിഡന്‍റ്. ഇസ്ലാമിക് സ്റ്റേറ്റിനെ പൂര്‍ണമായി പരാജയപ്പെടുത്തി എന്നത് ഏതാണ്ട് പൂര്‍ണമായും പരാജയപ്പെടുത്തി എന്നായി. ദൗത്യം ഇനിയും ബാക്കിയാണെന്ന് സമ്മതിച്ച ട്രംപ് , സൈനിക പിന്‍മാറ്റം മെല്ലെയേ ഉണ്ടാവൂ എന്നും വ്യക്തമാക്കി. പ്രസിഡന്‍റുമായി ചര്‍ച്ച നടത്തിയ റിപ്പബ്ലിക്കന്‍ സെനറ്റര്‍  ലിന്ഡസി ഗ്രഹാം ഇത് വ്യക്തമായിപ്പറഞ്ഞു. 

സിറിയയില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം ട്രംപിന്‍റെ മുഖ്യ പ്രചാരണ വിഷയങ്ങളിലൊന്നായിരുന്നു. പക്ഷെ മേഖലയിലെ യഥാര്‍ഥ സ്തിതിഗതികള്‍ മനസിലാക്കാതെ എടുത്തു ചാടിയുള്ള തീരുമാനം വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ടാണ് സിറിയയില്‍ നിന്ന് സമ്പൂര്‍ണ സൈനിക പിന്‍മാറ്റത്തിനുള്ള സമയമായില്ലെന്ന് വിദഗ്ധര്‍ പറയുന്നത് ? അറബ് വസന്തത്തിനൊപ്പം തുടങ്ങിയ സിറിയന്‍ ആഭ്യന്തരയുദ്ധവും ഇസ്ലാമിക് സ്റ്റേറ്റെന്ന കൊടും ഭീകര പ്രസ്ഥാനവും 2019ല്‍ എവിടെ നില്‍ക്കുന്നു ? ട്രംപ് അവകാശപ്പെട്ടതുപോലെ ഇസ്ലാമിക് സ്റ്ററ്റിനെ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാന്‍ അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും കഴിഞ്ഞോ ?

എട്ട്  വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി സിറിയ സന്ദര്‍ശനത്തിനെത്തിയ ആദ്യ വിദേശരാഷ്ട്രത്തലവനാണ് സുഡാന്‍ പ്രസിഡന്‍റ്  ഒമര്‍ അല്‍ ബഷീര്‍.  2011ല്‍ അറബ് ലീഗിന് പുറത്തായ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിന് കൈകൊടുത്ത അദ്ദേഹം സിറിയയെ വീണ്ടും ലീഗിന്‍റെ ഭാഗമാക്കാനുള്ള ശ്രമത്തെ പിന്തുണക്കുന്നു. 22 അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച ധാരണയായതായാണ് സൂചന. ആധുനിക ലോകം കണ്ട ഏറ്റവും രക്തരൂക്ഷിതമായ ആഭ്യന്തര കലാപത്തിനും ഭീകരവിരുദ്ധപോരാട്ടത്തിനുമൊടുവില്‍ അപരാജിതനായി ബഷാര്‍ അല്‍ അസദ് തുടരുമെന്നര്‍ഥം. വിമതര്‍ക്കുമേല്‍ രാസായുധ പ്രയോഗം നടത്തിയതടക്കമുള്ള യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് ആരംു മിണ്ടുന്നില്ല.  രാജ്യമാകെത്തന്നെ കൈപ്പിടിയിലൊതുക്കാന്‍ അസദിനെ സഹായിക്കും അമേരിക്കന്‍ പിന്‍മാറ്റം. 

അതിര്‍ത്തിയില്‍ തുര്‍ക്കി അധിനിവേശത്തിനെതിരെ പോരാടുന്ന കുര്‍ദ് പോരാളികള്‍ ദമാസ്കസിന്‍റെ സഹായം തേടിക്കഴിഞ്ഞു. അമേരിക്കന്‍ സഹായത്തോടെ നടത്തിയിരുന്ന പോരാട്ടം ഇനി തുടരാനാവുമെന്ന് വൈപിജി എന്ന കുര്‍ദ് സൈന്യത്തിന് പ്രതീക്ഷയില്ല. മാന്‍ബിജിലെ പോരാട്ടം തുടരാന്‍ പ്രസിഡന്‍റ് അസദ് സൈന്യത്തെ അയക്കണമെന്നാോണ് കുര്‍ദുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയുടെയും ഇറാന്‍റെയും സഹായത്തോടെ മേഖലയിലെ പോരാട്ടം കടുപ്പിക്കാന്‍ ഇതോടെ അസദിന് കഴിയും. 6079-MIDEAST-CRISIS- അസദ് വിരുദ്ധരായ കുര്‍ദുകള്‍ സിറിയയുടെ  എണ്ണപ്പാടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ പ്രധാന മേഖല നിയന്ത്രിച്ചിരുന്നത് അമേരിക്കന്‍ സഹായത്തോടെയാണ്. ഐസിസ് വിരുദ്ധ പോരാ‍ട്ടിന് അമേരിക്കയുടെ പ്രധാന സഹായികളുമായി്രുന്നു കുര്‍ദ് പോരാളികള്‍. 

അമേരിക്ക പിന്‍മാറുന്നതോടെ സമ്പന്നമായ മേഖലയില്‍ കണ്ണുനട്ടിരിക്കുന്ന റഷ്യയ്ക്കും ഇറാനും ഇങ്ങോട്ട് കടന്നുകയറാനാകും.   ഇറാനെ തോല്‍പ്പിക്കാന്‍ സിറിയന്‍ മണ്ണില്‍ ആക്രമണപരമ്പര തന്നെ നടത്തുകയാണ് ഇസ്രയേല്‍. ഇറാന്‍റെ സ്വാധീനം വര്‍ധിച്ചാല്‍ ഈ പോരാട്ടം കൂടുതല്‍ രൂക്ഷമാകും.   ജിം മാറ്റിസിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടിയ അപകടവും ഇതുതന്നെ.  അമേരിക്കന്‍ നിലപാട് ഇസ്ലാമിക് സ്റ്റ്റേറ്റിനെയും സഹായിക്കുന്നതാണ്. തൊണ്ണൂറ്റിയൊമ്പത് ശതമാനവും ഇല്ലാതായെങ്കിലും  ആയിരക്കണക്കിന് ഐസിസ് പോരാളികള്‍ ഇപ്പോളും രാജ്യത്തിന്‍റെ വിവിധമേഖലകളില്‍ തമ്പടിച്ചിട്ടുണ്ട്. 

‌ഹാജിന്‍ പ്രവിശ്യയില്‍ കേന്ദ്രീകരിച്ചിട്ടുള്ള ഇവര്‍  വലിയ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ കഴിയുന്നവരാണ്.  ഏതായാലും അമേരിക്കന്‍ പിന്‍മാറ്റം യുദ്ധാനന്തര സിറിയയിലെ ജനജീവിതം കൂടുതല്‍ ദുഷ്കരമാക്കുമെന്നാണ് വിദഗ്ദാഭിപ്രായം. റഷ്യന്‍ സൈനിക ശക്തിയുടെയും ഇറാനിയന്‍ മനുഷ്യ  വിഭവശേഷിയുടെയും പിന്‍ബലത്തില്‍ അസദ് കൂടുതല്‍ കരുത്തനാകും. ഇതുവരെ മതേതര മുഖമുണ്ടായിരുന്ന സിറിയന്‍ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലത്തില്‍ ഷിയ ഇറാന്‍റെ സ്വാധീനം മാറ്റങ്ങളുണ്ടാക്കും. സുന്നി അയല്‍ക്കാരെ അസ്വസ്ഥരാക്കും ഇതെന്നതില്‍ സംശയമില്ല. 8 വര്‍ഷത്തെ രക്തച്ചൊരിച്ചിലിന് ശേഷവും സിറിയയിലെ സാധാരണ മനുഷ്യര്‍ക്ക് സ്വന്തം നാട്ടില്‍ സമാധാനപരമായ ജീവിതം എന്നത് വിദൂരസ്വപ്നമായി അവശേഷിക്കുമെന്നര്‍ഥം. 

MORE IN LOKA KARYAM
SHOW MORE