'ഉറ്റവര്‍' ജയിലില്‍; ട്രംപിന് തിരിച്ചടി; മറനീക്കുന്ന ‘അശ്ലീലം’

trump-logakaryam-new
SHARE

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് കുരുക്കുമുറുകുന്നു. ട്രംപുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം കൊടുത്തെന്ന കേസില്‍ പ്രസിഡന്‍റിന്‍റെ മുന്‍ സ്വകാര്യ അഭിഭാഷകന്‍ ജയിലിലായി. ട്രംപ്  വൈറ്റ് ഹൗസിലെ ഉന്നതപദവി വഹിക്കുമെന്ന് ഒരു കാലത്ത് എല്ലാവരും  കരുതിയ വ്യക്തിയാണ് ഇപ്പോള്‍ അഴിയെണ്ണുന്നത്. അതും കേട്ടാലറയ്ക്കുന്ന കുറ്റങ്ങളുടെ പേരില്‍. 

ഡോണള്‍ഡ് ട്രംപിന്‍റെ കാമകേളികള്‍ തിര‍ഞ്ഞെടുപ്പില്‍‌ തിരിച്ചുകൊത്താതിരിക്കാനാണ് സ്റ്റെഫനി ക്ലിഫഡ് എന്ന സ്റ്റോമി ഡാനിയൽസിന് മൈക്കല്‍ കോഹന്‍ പണം കൊടുത്തത്.  2006–07 കാലഘട്ടത്തിൽ ട്രംപുമായി അടുത്ത ബന്ധമുണ്ടായിരുന്ന കാര്യം പുറത്തുപറയാതിരിക്കാനായി 1.3 ലക്ഷം ഡോളറിന്റെ കരാറുണ്ടാക്കിയതും പണം കൈമാറിയതും കോഹനാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. അതീവ ഗുരുതര സ്വഭാവമുള്ള രണ്ട് കേസുകളിലാണ് കോഹന് കോടതി മൂന്നുവര്‍ഷം ശിക്ഷ വിധിച്ചത്. ഒന്നില്‍ മാനഹട്ടന്‍ പൊലീസും മറ്റൊന്നില്‍ റഷ്യ ബന്ധം അന്വേഷിക്കുന്ന റോബര്‍ട്ട് മ്യൂളര്‍ കമ്മിഷനുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

ട്രംപുമായുള്ള അവിഹിത ബന്ധം മറച്ചുവയ്ക്കാൻ അശ്ലീലചിത്ര നടിക്കു പണം നൽകിയതുൾപ്പെടെ എട്ടു കുറ്റങ്ങള്‍  മൈക്കൽ കൊഹെൻ സമ്മതിച്ചിരുന്നു.  2015ല്‍ പ്രചാരണം മുറുകി നില്‍ക്കുമ്പോഴാണ് ഡോണള്‍ഡ് ട്രംപുമായുള്ള  ബന്ധം  പരസ്യപ്പെടുത്തുമെന്ന സ്റ്റോമി ഡാനിയല്‍സിന്‍റെ പ്രഖ്യാപനം വന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രചാരണ തുകയില്‍ നിന്ന് പണം നല്‍കി നടിയെ നിശബ്ദയാക്കാന്‍ കോഹന്‍ ശ്രമിച്ചു. ടീം ട്രംപിന്‍റെ റഷ്യ ബന്ധം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഡാനിയല്‍സ് വിഷയം പുറത്തായത്. ഡാനിയല്‍സിന്  മാത്രമല്ല പ്ലേ ബോയ് മോഡല്‍  കാരെന്‍  മക്ഡഗലിനും പണം നല്‍കി ട്രംപിന്‍റെ മുഖംരക്ഷിക്കാന്‍ ശ്രമിച്ചു കോഹന്‍. 

മക്ഡഗലിന്‍റെ അഭിമുഖം വരാതിരിക്കാന്‍ അന്തിപ്പത്രത്തിനെയും വിലയ്ക്കെടുത്തു ട്രംപിന്‍റെ വിശ്വസ്ഥന്‍.  ഏറെ വർഷങ്ങള്‍ ട്രംപിന്റെ സ്വകാര്യ അഭിഭാഷകനായിരുന്ന മൈക്കൽ കൊഹെന്റെ ഓഫിസും ഹോട്ടൽ മുറിയും    റെയ്ഡ് ചെയ്ത എഫ്ബിഐ രേഖകൾ പിടിച്ചെടുക്കുമ്പോള്‍ ട്രംപ് വൈറ്റ്ഹൗസിന്‍റെ അധിപനായിരുന്നു. നടിക്കു രഹസ്യകരാർ പ്രകാരം 1.3 ലക്ഷം ഡോളർ കൈമാറിയതിന്റെ രേഖകളടക്കം സുപ്രധാനഫയലുകളാണു സ്പെഷൽ കൗൺസൽ റോബർട്ട് മുളറുടെ നിർദേശമനുസരിച്ചു പിടിച്ചെടുത്തത്.  

നടിക്കു കൊടുത്തതുൾപ്പെടെ, മൈക്കൽ കൊയെൻ സ്വന്തം കീശയിൽനിന്നു ചെലവാക്കിയ പണം ട്രംപ് തിരിച്ചുകൊടുത്തതിന്റെ   രേഖകള്‍  പിന്നീട് ചട്ടപ്രകാരം പരസ്യമാക്കിയിരുന്നു .  1.3 ലക്ഷം ഡോളര്‍ ഒരു വ്യക്തി തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭവാന ചെയ്യുന്നത് ചട്ടലംഘനമാണ്.  2,700 ഡോളറാണ് വ്യക്തികള്‍ക്ക് നല്‍കാവുന്ന പരമാവധി സംഭാവന. താൻ വേട്ടയാടപ്പെടുകയാണെന്നും റെയ്ഡ് എഫ്ബിഐയുടെ അധഃപതനം സൂചിപ്പിക്കുന്നുവെന്നുമായിരുന്നു അന്ന് ട്രംപിന്‍റെ പ്രതികരണം., 

 ട്രംപിനോടുള്ള അമിത സ്നേഹവും വിധേയത്വവുമാണ് തന്നെക്കൊണ്ട് ഇക്കാര്യങ്ങള്‍ ചെയ്യിപ്പിച്ചതെന്ന് കോഹന്‍ പിന്നീട് സമ്മതിച്ചു. ട്രംപ് തന്നെക്കൊണ്ട് ചെയ്യിച്ചതാണ് ഇതെല്ലാമെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു.  സ്വകാര്യപണമിടപാടുകളെ തിരഞ്ഞെടുപ്പ് ചട്ടലംഘനമായി കാണരുതെന്നാണ് ഡോണള്‍ഡ് ട്രംപിന്‌‍റെ ന്യായം. ഇതിനിടെയില്‍ സ്റ്റോമി ഡാനിയേല്‍സ് കോഹനെതിരെ  മാനനഷ്ടക്കേസും നല്‍കി. സ്റ്റോമി നുണച്ചിയാണെന്നും വിശ്വസിക്കാൻ കൊള്ളാത്തവളാണെന്നും കൊയൻ പറഞ്ഞതാണു മാനനഷ്ടക്കേസിനാസ്പദം. 

സ്പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട്  മ്യൂറുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്ന വ്യക്തിയാണ് ട്രംപിന്‍റെ മുന്‍ അടുപ്പക്കാരന്‍. മൈക്കൽ കൊഹെൻ,  തുടക്കം മുതല്‍ മ്യൂളറുടെ നോട്ടപ്പുള്ളിയായിരുന്നു. പെണ്‍ വിഷയം മാത്രമല്ല കോഹന്‍റെ കയ്യിലുള്ളതെന്ന് മ്യൂളര്‍ക്ക ഉറപ്പായിരുന്നു.ട്രംപിന്റെ ആത്മസുഹൃത്തായ കൊഹെൻ തിരഞ്ഞെടുപ്പു ഫണ്ടി‌ൽ തിരിമറി നടത്തിയതായി  വ്യക്തമായ സൂചനയുണ്ടായിരുന്നു. ട്രംപിന്‍റെ റഷ്യ ബന്ധത്തിന്‍റ പ്രധാന ഇടനിലക്കാരനും കോഹെനായിരുന്നു. 

 റോബര്‍ട്ട് മ്യൂളറുടെ വലയില്‍ വീണ വമ്പന്‍ സ്രാവാണ് മൈക്കല്‍ കോയന്‍. ടീം ഡോണള്‍ഡ് ട്രപിന്‍റെ റഷ്യ ബന്ധം സംബന്ധിച്ച് പാര്‍ലമെന്‍ററി സമിതിയോട് കള്ളം പറഞ്ഞതിനാണ് റോബര്‍ട്ട് മ്യൂളര്‍ കോയെനെ പി്ടികൂടിയത്. മോസ്കോയില്‍ വന്‍ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതു സംബന്ധിച്ച ട്രംപിന്‍റെ വാഗ്ദാനം തിരഞ്ഞെടുപ്പു വിജയത്തിനുള്ള റഷ്യന്‍ സഹായത്തിന് പകരമായിരുന്നു എന്നതാണ് ആരോപണം. തിരഞ്ഞെടുപ്പ് വിജയത്തിന് വിദേശസഹായം തേടുന്നത് ഗുരുതര കുറ്റമാണ് അമേരിക്കയില്‍. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരുന്ന ട്രംപ് പൊതുവേദിയിലെല്ലാം റഷ്യയുടെ മേലുള്ള അമേരിക്കന്‍ ഉപരോധം നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ട്രംപിന്‍റെ റഷ്യ ബന്ധം സംബന്ധിച്ച് അന്വേഷിച്ച പാര്‍ലമെന്‍ററി കമ്മിറ്റിക്ക് പക്ഷെ തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന മൊഴിയാണ് മൈക്കല്‍ കോെയന്‍ നല്‍കിയത്.  

മോസ്കോ പദ്ധതിയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു കോയന്‍റെ വാദം. എന്നാല്‍ മോസ്കോ പദ്ധതിയുടെ മുഖ്യ ഇടനിലക്കാരനായിരുന്നു മൈക്കല്‍ കോയെന്‍ എന്ന് മ്യൂളര്‍ കമ്മിഷന്‍ പരസ്യപ്പെടുത്തിയ രേഖകള്‍ വ്യക്തമാക്കി.  സ്ത്രീകള്‍ക്ക് പണം കൊടുക്കാന്‍ ട്രംപ് തന്നെയാണ് നിര്‍ദേശിുച്ചത് എന്ന കോയന്‍റെ വെളിപ്പെടുത്തല്‍ പ്രസിഡന്‍റിന് വന്‍ തിരിച്ചടിയായി.  പക്ഷേ കോയെന്‍റെ സഹകരണം മ്യൂളര്‍ കമ്മിഷന് ഏറെ പ്രയോജനപ്പെട്ടു. ട്രംപ് കുടുംബത്തിന്‍റെ റഷ്യ ഇടപെടലുകള്‍ സംബന്ധിച്ച നിരവധി വിവരങ്ങള്‍ കോയെനില്‍ നിന്ന് സ്പെഷല്‍ കോണ്‍സലിന് ലഭിച്ചതായാണ് വിവരം. 

നിരവധി സ്ഫോടനാത്മക വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വന്നേക്കും. ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ചുമതലയുണ്ടായിരുന്ന സംഘടന, അനധികൃതമായി വിദേശ പണം സ്വീകരിച്ചു എന്ന ആരോപണം, കാരെന്‍ മക്ഡഗലിന്‍റെ കേസൊതുക്കാന്‍ അന്തിപത്രവുമായുണ്ടാക്

കിയ ധാരണ, നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍ നുഴഞ്ഞുകയറി് പ്രമുഖരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന റഷ്യന്‍ ചാര മരിയ ബുട്ടിനയുടെ കുറ്റസമ്മതം,  ട്രംപിന്‍റെ മുന്‍ ഉപദേശകന്‍ മൈക്കല്‍ ഫ്ലിന്‍ മ്യൂളര്‍ക്ക് നല്‍കിയ വിവരങ്ങള്‍, ഇങ്ങനെ പ്രസിഡന്‍റിന്‍റെ ഉറക്കം കളയുന്ന കാര്യങ്ങള്‍ അനവധിയാണ്. പ്രസിഡന്‍റിന്‍റെ അസ്വസ്ഥതയുടെ തെളിവാണ് മ്യൂളര്‍ക്കെതിരായ   അദ്ദേഹത്തിന്‍റെ ട്വീറ്റുകള്‍.  റഷ്യ ബന്ധത്തെപ്പറ്റി ഹിലറി ക്ലിന്‍റണോടാണ് ചോദിക്കേണ്ടതെന്നാണ് പ്രസിഡന്‍റ് പറയുന്നത്. മൈക്കല്‍ കോയെനുശേഷം ഉരുളാന്‍ പോവുന്ന തല ട്രംപ് കുടംുബാംഗങ്ങളിലാരുടേതെങ്കിലുമാണോയെന്നാണ് ഇനി അറിയേണ്ടത്. ഏതായാലും മ്യൂളര്‍ അന്വേഷണം മുറുകന്നത് വൈറ്റ് ഹൗസിനെ വല്ലാതെ ഉലയ്ക്കുന്നുണ്ടെന്നത് വ്യക്തം. 

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.