ലങ്കാനാടകത്തിന് തിരശീല; അധികാര ആര്‍ത്തിക്ക് തിരിച്ചടി

lanka-logakaryam
SHARE

ഒരു മാസത്തിലേറെയായി നീണ്ടുനിന്ന രാഷ്ട്രീയനാടകത്തിന് ശ്രീലങ്കയില്‍ താല്‍കാലിക വിരാമം. അധികാരത്തില്‍ കടിച്ചുതൂങ്ങിയ മഹിന്ദ രാജപക്ഷെ കോടതിവിധിയെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു. അടിയുറച്ച രാഷ്‍ട്രീയ പിന്തുണയോടെ റനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിക്രമസിംഗയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് പലതവണ ആവര്‍ത്തിച്ച മൈത്രിപാല സിരിസേനയ്ക്ക് ഒടുവില്‍ സ്വന്തം വാക്കുകള്‍ തന്നെ വിഴുങ്ങേണ്ടി വന്നു

വെറുമൊരു സത്യപ്രതിജ്ഞയല്ല ഇത് അധികാരവടംവലിയില്‍ തകരാതിരുന്ന ജനാധിത്യത്തിന്റെ വിജയാഘോഷമാണ്. പലവട്ടം പാര്‍ലമെന്റ് അവിശ്വാസം രേഖപ്പെടുത്തിയിട്ടും കയ്യൂക്കും സ്വാധീനവുമുപയോഗിച്ച് രാജ്യത്തെ നയിക്കാന്‍ തുനിഞ്ഞിറങ്ങിയ മഹിന്ദ രാജപക്ഷെയ്ക്ക് ശ്രീലങ്കയുടെ പരമോന്നത കോടതി മൂക്കുകയറിട്ടു. രാജപക്ഷെ അധികാരത്തില്‍ തുടരുന്ന ഓരോ നിമിഷവും രാജ്യത്ത ജനാധിപത്യവും ഭരണഘടനയും അപകടത്തിലാവുമെന്ന് നേരത്തെ ശ്രീലങ്കന്‍ അപ്പീല്‍ കോടതി പറഞ്ഞിരുന്നു. ഇത് ശരിവച്ചുകൊണ്ട് ജനപിന്തുണയില്ലാത്ത ഭരണാധികാരി ഉടന്‍ ഒഴിയണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കി.

അധികാരസ്ഥാനത്ത് തിരിച്ചെത്തിയ റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞയ്ക്കുശേഷം രാജ്യത്തോട് ഇങ്ങനെ പറഞ്ഞു.അധികാരവും സ്വാധീനവും ഉപയോഗിച്ച് ജനാധിപത്യത്തെ കൂച്ചുവിലങ്ങിടാന്‍ രാജപക്ഷെയ്ക്കൊപ്പം നിന്ന മറ്റൊരു വ്യക്തികൂടിയുണ്ട് പ്രതിസ്ഥാനത്ത്. പ്രസിഡന്റ് മൈത്രിപാല സിരിസേന. ഒറ്റരാത്രികൊണ്ട് വിക്രമസിംഗയെ പുറത്താക്കി രാജപക്ഷെയ്ക്ക് കിരീടധാരണ നടത്തിയ നാടകത്തിനു പിന്നില്‍ സിരിസേനയായിരുന്നു. 

പാര്‍ലമെന്റില്‍ അംഗങ്ങളുടെ പിന്തുണ തനിക്കാണെന്ന് ഉറപ്പിച്ചുപറഞ്ഞ വിക്രമസിംഗെ അധികാരത്തില്‍ നിന്ന് ഒഴിയാന്‍ കൂട്ടാക്കാതെ ഔദ്യോഗിക വസതിയായ ടെപിള്‍ ട്രീസില്‍ തുടര്‍ന്നു. അപ്പോഴാണ് ഭരണഘടനയെ മറന്ന് പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. ബജറ്റ് സമ്മേളനമടക്കം മാറ്റിവച്ചു. കാലാവധി അവസാനികികാന്‍ നാലരവര്‍ഷം ബാക്കിയിരിക്കെ പാര്‍ലെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടി റദ്ദാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു.

തുടര്‍ന്ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍‌ വിക്രമസിംഗെയ്ക്കായി. രാജപക്ഷെയ്ക്കെതിരായ അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ പാസായെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാതെ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന്  രാജപക്ഷെ ആവശ്യപ്പെട്ടു. ഇക്കാര്യം വോട്ടിനിട്ട് തീരുമാനിക്കണമെന്നായി പ്രതിപക്ഷം ഇത് സ്പീക്കര്‍ അംഗീകരിച്ചതോടെ കൂട്ടത്തല്ലിനാണ് ശ്രീലങ്കന്‍ പാര്‍ലമെന്റ് വേദിയായത്‌

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ പ്രശ്നപരിഹാരത്തിന് രാജപക്ഷയേയും വിക്രമസിംഗയെയും ഒരുമിച്ചിരുത്തി സിരിസേന ചര്‍ച്ചനടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. അതോടെയാണ് ശ്രീലങ്കന്‍ അപ്പീല്‍ കോടതി ഇടപെട്ട് രാപക്ഷയോട് പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ പറഞ്ഞ്. ഇത് സുപ്രീംകോടതിയും ശരിവച്ചു.

ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പുതിയൊരു സര്‍ക്കാര്‍ ഉടന്‍ അധികാരത്തിലെത്തണം. ഇത് വൈകുന്തോറും രാജ്യം ദുഷ്ടശക്തികളുടെ കൈകളില്‍ അകപ്പെടും. രാജിവച്ച് ഒഴിയവെ രാജപക്ഷെ രാജ്യത്തോട് പറഞ്ഞത് ഇങ്ങനെയാണ്.  ശ്രീ ലങ്കയില്‍  ജനാധിപത്യം ജയിച്ചു ഭരണം ജനങ്ങള്‍ തിരഞ്ഞടുത്ത നേതാവിന്റെ കൈകളില്‍ തന്നെയെത്തി. 

എങ്കിലും പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായ പരിഹരമായില്ലെന്ന് ഉറപ്പാണ്. ഇത് വ്യക്തമാക്കുന്നതായിരുന്നു വിക്രമസിംഗെ അധികാരത്തിലെത്തിയതിനുശേഷം വന്ന സിരിസേനയുടെ പ്രതികരണം. രാജ്യത്തെ നയിക്കുന്നത് വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും ഇവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും സിരിസേന ആഞ്ഞടിച്ചു. 

രാജ്യത്തിന്റെ സമ്പത്‌വ്യവസ്ഥ കയ്യടക്കി വച്ചിരിക്കുന്നു. സാമ്പത്തിക നയങ്ങള്‍ ഒറ്റയ്ക്ക് തീരുമാനിച്ച് നടപ്പാക്കുന്നു, സമ്പത്ത് കൊള്ളയടിക്കുന്നവരെ സംരക്ഷിക്കുന്നു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് വിക്രമസിംഗയ്ക്കുമേല്‍ ഉയര്‍ന്നിരിക്കുന്നത്. ശ്രീലങ്കന്‍ സെന്റ്രല്‍ ബാങ്ക് ഗവര്‍ണറെ അഴിമതി ആരോപണം ഉയര്‍ന്നിട്ടും സംരക്ഷിച്ചു എന്നത് തന്നെ വലിയ ഉദാഹരണം. 

ചൈനയെ വിട്ടുപിടിച്ച് ഇന്ത്യോടും ജപ്പാനോടും അടുപ്പം പുലര്‍ത്തുന്ന റനിലിന്റ നയങ്ങളോടും സിരിസേനയ്ക്ക് യോചിപ്പില്ല.ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തന്നെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് സിരിസേ ആരോപിച്ചിരുന്നു. എന്തായലും ജനാധിപത്യം അസ്തിരമായ മറ്റുപല രാജ്യങ്ങള്‍ക്കും തുല്യമായി ശ്രീലങ്കയും മാറുമോ എന്ന ചോദ്യത്തിന് തല്‍ക്കാലം ഉത്തരമായെങ്കിലും ഇത് എത്ര കാലം എന്നതിലാണ് ആശങ്ക.

MORE IN LOKA KARYAM
SHOW MORE