പെട്രോള്‍ വില കൂട്ടി:ഫ്രാന്‍സിനെ വിറപ്പിച്ച് മ‍ഞ്ഞക്കുപ്പായക്കാര്‍

france-protes-2
SHARE

ഫ്രാന്‍സില്‍  ആഭ്യന്തര കലാപം രൂക്ഷമായതോടെ പ്രതിഷേധക്കാരെ തണുപ്പിക്കാന്‍  പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോ നേരിട്ട് രംഗത്തിറങ്ങി. വേതനവര്‍ധനയും നികുതിയിളവും അടക്കമുള്ള പ്രഖ്യാപനങ്ങളുമായി പ്രസിഡന്‍റ് രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം അടിയന്തരാവസ്ഥയുടെ വക്കിലെത്തിയപ്പോളാണ് മക്രോ തിരുത്തലിന് തയാറായത്. പക്ഷെ അപ്പോഴും വന്‍കിടക്കാര്‍ക്ക് നല്‍കിയ നികുതിയളവ് പിന്‍വലിക്കാന്‍ അദ്ദേഹം തയാറായില്ല. 

നവംബര്‍ 17നാണ് മഞ്ഞക്കുപ്പായം ധരിച്ച സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭകര്‍ ഫ്രാന്‍സിന്‍റെ തെരുവുകള്‍ കയ്യടക്കിയത്. അധികനികുതിയെ തുടര്‍ന്നുണ്ടായ ഇന്ധനവില വര്‍ധനയാണ് ജനകീയ പ്രക്ഷോഭത്തിന് കാരണമായത്.  വിവിധ നഗരങ്ങളിലായി രണ്ടു ലക്ഷത്തോഴം പേര്‍ പങ്കെടുത്ത പ്രക്ഷോഭം പലയിടത്തും അക്രമാസക്തമായി. ഒരാള്‍ കൊല്ലപ്പെട്ടു. 209 പേര്‍ക്ക് പരുക്കേറ്റു. 73 പേരെ കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകാരികളുടെ ആവശ്യങ്ങളോട് മുഖം തിരിച്ച മക്രോ സര്‍ക്കാര്‍ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാനാണ് ആദ്യം ശ്രമിച്ചത്. പക്ഷെ നവംബര്‍ അവസാനവാരത്തോടെ പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിച്ചു. ഡിസംബര്‍ ഒന്നിന് ഒന്നരലക്ഷത്തോളം വരുന്ന കലാപകാരികള്‍ പലയിടങ്ങളിലായി പൊലീസുമായി ഏറ്റുമുട്ടി. 

ഒരാള്‍ കൂടി കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ധനവിലവര്‍ധനയാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടതെങ്കിലും വേതനവര്‍ധനയടക്കമുള്ള നിരവധി ആവശ്യങ്ങള്‍ മുദ്രാവാക്യങ്ങളായി മുഴങ്ങിത്തുടങ്ങി. പ്രത്യേകിച്ച് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴിലായിരുന്നില്ല മഞ്ഞക്കുപ്പായക്കാര്‍ അണിനിരന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ലക്ഷങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. പക്ഷെ മെല്ലെ വിവിധ ട്രേഡ് യൂണിയനുകള്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണയുമായെത്തി. ഇമ്മാനുവേല്‍ മക്രോ രാജിവയ്ക്കണമെന്നതായി മുദ്രാവാക്യം.

പാരിസ് നഗരം അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമാവുന്നതാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത്. കടകള്‍ തച്ചുടകര്‍ക്കപ്പെട്ടു, വാഹനങ്ങള്‍ അഗ്നിക്കിരയായി. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രസിഡന്‍റ് നേരിട്ടെത്തി. പ്രശ്നപരിഹാരത്തിന് പ്രക്ഷോഭകാരികളുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി എദ്വാ ഫിലിപ്പിനെ ചുമതലപ്പെടുത്തി. ഇന്ധനവിലവര്‍ധനയ്ക്ക് കാരണമായ അധികനികുതി പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ വാക്കുനല്‍കി. പക്ഷെ ഒന്നും സംഭവിച്ചില്ല. രാഷ്ട്രീയനേതൃത്വത്തിന്‍റെ കപടവാഗ്ദാനങ്ങളില്‍ മനംമടുത്ത ജനം വീണ്ടും തെരുവിലിറങ്ങി.  ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നുറപ്പായതോടെ ഏതാനും വിട്ടുവീഴ്ചകള്‍ക്ക് പ്രസിഡന്‍റ് തയാറായി. താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്ക് വേതന വര്‍ധന, പെന്‍ഷന്‍കാര്‍ക്ക് നികുതിയിളവ് തുടങ്ങിയ പ്രഖ്യാപനങ്ങളുമായി അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. ഇമ്മാനുവല്‍ മക്രോ എന്ന യുവഭരണാധികാരിയുടെ പരാജയമാണ് പാരിസിലെ തെരുവുകളില്‍ പ്രതിഫലിച്ചത്.

തകര്‍ച്ചയുടെ വക്കിലായിരുന്ന ഫ്രഞ്ച് സമ്പദ്വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്തും എന്ന വാഗ്ദാനവുമായാണ് അദ്ദേഹം അധികാരത്തിലേറിയത്. പക്ഷെ  വന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കുള്ള നീക്കത്തില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ല.ഭരണത്തിന്‍റെ ആദ്യനാള്‍ മുതല്‍ വന്‍കിടക്കാരെ സഹായിക്കുന്ന സമീപനമാണ് പ്രസിഡന്‍റിന്‍റേത്. ആദ്യ ഉത്തരവുകളില്‍ ഒന്നുതന്നെ കോര്‍പ്പറേറ്റ് നികുതിയുള്ള വന്‍ ഇളവായിരുന്നു.തൊഴില്‍ നിയമങ്ങളില്‍ കൊണ്ടുവന്ന പരിഷ്കാരം തോന്നുംപോലെ ജീവനക്കാരെ നിയമിക്കാനും പിരിച്ചുവിടാനും കമ്പനികള്‍ക്ക് അനുവാദം നല്‍കുന്നതായി.

തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് ഇത് വന്‍ വെല്ലുവിളിയായി. സാമൂഹ്യസുരക്ഷ പദ്ധതികള്‍ വെട്ടിച്ചുരുക്കാനുള്ള സര്‍ക്കാര്‍ നീക്കവും വേതനനിരക്ക് കുറവായ രാജ്യത്ത് അസ്വസ്ഥകള്‍ സൃഷ്ടിച്ചു. വാസ്തവത്തില്‍ പാരിസ് നഗരത്തില്‍ കാണുന്നതിലും എത്രയോ ഇരട്ടിയാണ് ഗ്രാമീണഫ്രാന്‍സില്‍ പ്രസിഡന്‍റിനോടുള്ള വിയോജിപ്പ്. ഇമ്മാനുല്‍ മക്രോ പണക്കാരുടെ മാത്രം പ്രസിഡന്‍റാണ് എന്ന ആക്ഷേപം സാധാരണക്കാര്‍ക്കിടയില്‍ ശക്തമാണ്.  വന്‍വ്യവസായികളുടെയും നഗരവാസികളുടെയും ഇഷ്ടക്കാരനായ അദ്ദേഹത്തിന് ദരിദ്രരോട്  പുച്ഛമാണെന്ന് ചിലരെങ്കിലും വിമര്‍ശിക്കുന്നു. 

വികസനം പാരിസില്‍ ഒതുങ്ങുന്നു എന്ന പരാതിയും വ്യാപകമാണ്. രാജ്യം അടിയന്തരാവസ്ഥയുടെ വക്കിലെത്തിയിട്ടും വന്‍കിടക്കാര്‍ക്ക് നല്‍കിയ നികുതിയിളവ് പിന്‍വലിക്കാന്‍ മക്രോ തയാറായില്ല എന്നത് അദ്ദേഹത്തിന്‍റെ കൂറ് എങ്ങോട്ടെന്ന് വ്യക്തമാക്കുന്നു. പലകാര്യങ്ങളിലും  വാചകമടിയല്ലാതെ ആത്മാര്‍ഥത തെല്ലുമില്ലാത്തതാണ് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വ്യക്തിത്വം . പാരിസ് ഉച്ചകോടി നടത്തിയ മക്രോ കാലാവസ്ഥ വ്യതിയാനം നേരിടാന്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പൊതുവിലയിരുത്തല്‍. ഇപ്പോഴത്തെ പ്രതിഷേധം വലതുപക്ഷ ഗൂഢാലോചനയാണെന്ന് മക്രോയുടെ എന്‍ മാര്‍ഷെ പാര്‍ട്ടി ആരോപിക്കുന്നുണ്ടെങ്കിലും പ്രസിഡന്‍റിന്‍റെ ജനപ്രീതിയില്‍ വന്‍ ഇടിവ് സംഭവിച്ചതായി സര്‍വെഫലങ്ങള്‍ വ്യക്തമാക്കുന്നു.

മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം രാജ്യത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. വിനോദസഞ്ചാരമേഖലയെയാണ് ഏറ്റവുമധികം ബാധിച്ചത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ദിവസങ്ങളായി ്ടച്ചിട്ടിരിക്കുകയാണ്. കച്ചവടക്കാര്‍ക്കും കോടികളുടെ നഷ്ടമാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഉണ്ടായത്. പ്രസിഡന്‍റിന്‍റെ പ്രഖ്യാപനങ്ങള്‍ മഞ്ഞക്കുപ്പായക്കാരെ തൃപ്തരാക്കിയിട്ടില്ല എന്നാണ് ആദ്യ പ്രതികരണങ്ങ*ള്‍ നല്‍കുന്നസൂചനയും. ഫ്രാന്‍സ് ശാന്തമാവാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്ന് ചുരുക്കം.  യൂറോപ്പിന്‍റെ നേതാവാകാന്‍ ശ്രമിക്കുന്ന ഇമ്മനാവുലല്‍ മക്രോയുടെ മുന്നോട്ടുള്ള യാത്ര കല്ലുംമുള്ളും നിറഞ്ഞതാവും. 

അമേരിക്കന്‍ രാഷ്ട്രീയത്തിലെന്നതുപോലെ ഫ്രാന്‍സിലും കുഴപ്പങ്ങളുണ്ടാക്കുന്നത് റഷ്യയാണോ ?പാരിസ് അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷെ അമേരിക്കയിലെയും ബ്രിട്ടണിലയെും ഇറ്റലിയിലെയുമൊന്നും വലതുപക്ഷത്തിന്‍റെ വരവ് പോലെയായിരുന്നില്ല ഫ്രാന്‍സിെല സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം. 

പാരിസ് തെരുവുകളെ വിറപ്പി്ച്ച ചെറുപ്പക്കാരുടെ ഈ കൂട്ടത്തിന് പ്രത്യേകരാഷ്ട്രീയമുണ്ടായിരുന്നില്ല. അവര്‍ ഇടതുപക്ഷത്തിനോ വലതുപക്ഷത്തിനോ ഒപ്പമായിരുന്നില്ല. അവരില്‍ കറുത്തവനെന്നോ വെളുത്തവനെന്നോയുള്ള വ്യത്യാസമുണ്ടായിരുന്നില്ല.  കുടിയേറ്റമോ അതി ദേശീയതയോ അവരുടെ വിഷയമായിരുന്നില്ല. അന്നന്നത്തെ ജീവിതം പ്രതിസന്ധിയിലാക്കുന്ന,രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ജനവിരുദ്ധനിലപാടുകളില്‍ മനംമടുത്തവര്‍ സഹികെട്ട് സ്വയംസംഘടിച്ചിറങ്ങുകയായിരുന്നു.ഞെങ്ങിഢെരുങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകി്ലലെന്ന് തീരുമാനിച്ച തൊഴിലാളി വര്‍ഗം സര്‍ക്കാരിനെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചു. വോട്ടുചെയ്ത ജനം രാഷ്ട്രീയനേതൃത്വത്തെ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഓര്‍മിപ്പിച്ചു. പാരിസിലെ ആഡംബര ഷോപ്പിങ് മാളുകള്‍ സാധാരണക്കാരന്‍റെ അസ്വസ്ഥതയുടെ ചൂടറിഞ്ഞു. ഒരുപക്ഷെ ഇത് ഇത്രവലുതാവുമെന്ന്  ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രതീക്ഷിച്ചതുമില്ല.പക്ഷെ മഞ്ഞക്കുപ്പായക്കാരുടെ ശക്തി തിരിച്ചറിഞ്ഞതോടെ നേതൃത്വമേറ്റെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചാടി വീണു.

പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വലതു പാര്‍ട്ടിയുടെ നേതാവ് മാരി ലെ പെന്‍ ആയിരുന്നു ആദ്യമെത്തിയത്. രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോഴും മഞ്ഞക്കുപ്പായക്കാരുടെയിടയില്‍ സ്വീകാര്യതയില്ല. ഇറ്റലിയിലെ ഫൈവ് സ്റ്റാര്‍ പ്രസ്ഥാനമോ യുകെയിലെ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയോ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളല്ല മഞ്ഞക്കുപ്പായക്കാരുടേത് എന്നതിനാല്‍ത്തന്നെ ഏതെങ്കിലംു രാഷ്ട്രീയപാര്‍ട്ടിയുടെ ചട്ടക്കൂടിലേക്ക് ഇവരെ ഒതുക്കുക എളുപ്പമാവില്ല. പക്ഷേ ഇത്രയും വലിയ പ്രക്ഷോഭം സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിലൂടെ സംഘടിപ്പിച്ചവര്‍ ആര് എന്നതിന് ഉത്തരം കണ്ടെത്തിയേ മതിയാകൂ എന്നാണ് ഇമ്മാനുവല്‍ മക്രോയുടെ തീരുമാനം.

റഷ്യയാണ് സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നത്. മഞ്ഞക്കുപ്പായക്കാരുടെ ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് റഷ്യന്‍ ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ക്രെലിന്‍റെ ഏതാണ്ട് അറുനൂറോളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഫ്രാന്‍സ് കലാപത്തെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. 2017ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടുന്നു എന്ന് പരാതിപ്പെട്ടിരുന്നു ഇമ്മാനുവല്‍ മക്രോ.  വെല്ലുവിളികളെ അതിജീവിച്ച്  വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മക്രോയെ അട്ടിമറിക്കാന്‍ റഷ്യ ഇറക്കിയതാണോ    മഞ്ഞക്കുപ്പായക്കാരെയെന്ന് കാലം തെളിയിക്കട്ടെ. 

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.