ഇനി മിനി മെര്‍ക്കലിന്റെ ജര്‍മനി

mini-merkel
SHARE

ആംഗല മെര്‍ക്കലിന്‍റെ പിന്‍ഗാമിയായി മിനി മെര്‍ക്കല്‍. മെര്‍ക്കലിന്‍റെ പ്രിയ ശിഷ്യ തന്നെ ജര്‍മനിയിലെ ഭരണകക്ഷിയുടെ തലപ്പത്തേക്കെത്തിയിരിക്കുന്നു.  ബ്രിട്ടന്‍റെ പിന്‍വാങ്ങലോടെ യൂറോപ്പിന്‍റെ അമരത്തേക്കെന്നു ജര്‍മനിയെ നയിക്കാന്‍ അനഗ്രെറ്റ് കാരന്‍ബവറിനാവുമോ? അനഗ്രെറ്റ് ക്രംപ് കാരന്‍ബവര്‍. ലോകം വരും വര്‍ഷങ്ങളില്‍ ഏറെ കേള്‍ക്കാനിടയുള്ള പേര്. യൂറോപ്പിലെ ഏറ്റവും ശക്തമായ സമ്പത്തിക ശക്തിയായ ജര്‍മനിയുടെ അടുത്ത ചാന്‍സലര്‍ എന്ന വിശേഷണത്തോടൊപ്പം  ഈ പേര് തന്നെ ചേര്‍ത്തുവയ്ക്കപ്പെടാനാണ് സാധ്യത. അംഗല മെര്‍ക്കല്‍ എന്ന മികവുറ്റ നേതാവിന്‍റെ പിന്‍ഗാമിയായി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍റെ അധ്യക്ഷപദവി കാരന്‍ബവര്‍ ഏറ്റെടുത്തുകഴിഞ്ഞു. 2021 ല്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ചാന്‍സലര്‍ സ്ഥാനത്തേക്കും വീണ്ടുമൊരങ്കത്തിനില്ലെന്ന് മെര്‍ക്കല്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അതും അനഗ്രൈറ്റ് കാരന്‍ബവറിന്‍റെ കൈകളിലെത്താന്‍ തന്നെയാണ് സാധ്യത.

മെര്‍ക്കല്‍ അല്ലാതെ രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന, സ്വാധീനമുള്ള മറ്റൊരു നേതാവിനെ ചൂണ്ടിക്കാട്ടാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.കഴിഞ്ഞദിവസങ്ങള്‍ ലോകംമുഴുവന്‍  ഗൂഗിളില്‍  തിരഞ്ഞു. ആരാണ് അനഗ്രൈറ്റ് ക്രംപ് ടവര്‍. മെര്‍ക്കലിന്‍റെ വിശ്വസ്തയായ അനുയായി.എകെകെ എന്ന ചുരുക്കപ്പേരിലും മിനി മെര്‍ക്കല്‍ എന്നും സഹപ്രവര്‍ത്തകര്‍ വിളിക്കും. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഇതുവരെ. വിവാഹിതയും മുതിര്‍ന്ന മൂന്നുമക്കളുടെ അമ്മയുമായ അന്‍പത്തിയാറുകാരി. ഇനി അധികാരത്തിലേക്കാണ് യാത്ര. യൂറോപ്പിെല തന്നെ ഏറ്റവും ശക്തയായ ഭരണാധികാരിയെന്ന സ്ഥാനത്തേക്ക്.  

പുതിയ നേതാവിനെ തിരഞ്ഞെടുക്കാനായി ഹാംബര്‍ഗില്‍ ചേര്‍ന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ കണ്‍വന്‍ഷന്‍ കാരന്‍ബവരറിന് കടുത്ത വെല്ലുവിളിയൊന്നുമായിരുന്നില്ല. മല്‍സരരംഗത്തുണ്ടായിരുന്നത് മൂന്നുപേര്‍. ഫ്രെ‍ഡറിക് മെര്‍സ്, ജെന്‍സ് സഫാന്‍ എന്നിവരായിരുന്നു എതിരാളികള്‍. മൂന്നുസ്ഥാനാര്‍ഥികളും ഒരേവേദി പങ്കിട്ടു. അതിശയിപ്പിക്കുംവിധം  സൗേഹാര്‍ദപരമായി നടന്ന മല്‍സരം. 999 പേരില്‍ 517 പേരുടെ വോട്ട് നേടി  കാരന്‍ ബവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 

മെര്‍ക്കലിന്‍റെ അടുത്ത അനുയായിയാണെങ്കിലും മിനി മെര്‍ക്കല്‍ എന്ന് വിശേഷിക്കപ്പെടുമെങ്കിലും നയങ്ങളിലും രീതികളിലും പ്രവര്‍ത്തനശൈലിയിലും ഇരുവരും തമ്മില്‍ അന്തരങ്ങളേറെയുണ്ട്. അംഗല മെര്‍ക്കല്‍ കിഴക്കന്‍ ജര്‍മനിക്കാരിയായ പ്രൊട്ടസ്റ്റന്‍റാണ്. കാരന്‍ബവര്‍ കടുത്ത യാഥാസ്ഥിതികവാദിയായ കാത്തലിക് വിശ്വാസി, ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ചു ജീവിക്കുന്നയാള്‍. അബോര്‍ഷനെതിരെ ഒട്ടേറെ സമരങ്ങള്‍ നടത്തി. 

സ്വവര്‍ഗവിവാഹങ്ങള്‍ക്കെതിരെ കടുത്ത നിലപാടെടുത്തു. ഹെല്‍മുട്ട് കോളിന്‍റെ പിന്‍ഗാമിയായി വളരെ പെട്ടെന്നായിരുന്നു പാര്‍ട്ടിയില്‍ മെര്‍ക്കലിന്‍റെ ഉദയമെങ്കില്‍ പിന്‍ഗാമി പടവുകള്‍ ഓരോന്നായി കയറിയാണ് എത്തിയത്. പാര്‍ട്ടിയുടെ യുവജനവിഭാഗത്തിലും വനിതാവിഭാഗത്തിലുമൊക്കെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചു ജയിച്ചുവന്ന പോരാട്ടവീര്യം.ഒരുപക്ഷേ പുരോഗമനവാദിയായ മെര്‍ക്കലിന്‍റെ യാഥാസ്ഥിതിക മുഖമാണ് കാരന്‍ബവര്‍ എന്നുവേണമെങ്കിലും ചിന്തിക്കാം.എന്നാല്‍ കുടിയേറ്റവിഷയത്തില്‍ മെര്‍ക്കലിന് ശക്തമായ പിന്തുണ നല്‍കി.  ഇറാഖിലെയും സിറിയയിലെയും പത്തുലക്ഷത്തിലധികം അഭയാര്‍ഥികളെ ജര്‍മനിയിലേക്ക് സ്വാഗതം ചെയ്തതോടെ മെര്‍ക്കല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ എതിര്‍പ്പുനേരിട്ടപ്പോള്‍ കാരന്‍ബവര്‍ ഒപ്പം നിന്നു. 

രണ്ടായിരത്തില്‍ ഹെല്‍മുട്ട് കോളില്‍ നിന്ന് പാര്‍ട്ടിയുടെ അധ്യക്ഷപദവി ഏറ്റെടുക്കുമ്പോള്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു. ഒന്നും മാറ്റുകയല്ല ലക്ഷ്യം. ചില കാര്യങ്ങള്‍ കുറച്ചുകൂടി നന്നായി ചെയ്യുകയെന്നതുമാത്രം. 18 വര്‍ഷം പാര്‍ട്ടിയുടെ അമരത്തിരുന്ന മെര്‍ക്കല്‍ തന്‍റെ കാലഘട്ടം അതിഗംഭീരമായിത്തന്നെയാണ് പൂര്‍ത്തിയാക്കുന്നത്.  വികാരനിര്‍ഭരമായിരുന്നു വിടവാങ്ങള്‍ പ്രസംഗം, നിറകണ്ണുകളോടെ. അടുത്ത അനുയായിയായി കാരന്‍ ബവറിന്‍റെ വിജയം മെര്‍ക്കലിന്‍റെ കൂടി വിജയമായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ അധികാരംവി‍ട്ടാലും പാര്‍ട്ടിയില്‍ അവരുടെ സ്വാധീനം കുറയില്ല.

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.