അഭയാര്‍ഥികളെ ആട്ടിയോടിക്കുന്ന അമേരിക്ക

us-refugee
SHARE

യുഎസ് അതിര്‍ത്തിയില്‍ സംഘര്‍ഷം വിതച്ച് മധ്യഅമേരിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ആദ്യസംഘം. മാസങ്ങള്‍ കാലനടയായി യാത്ര ചെയ്താണ് സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം അഭയം തേടി അമേരിക്കന്‍ അതിര്‍ത്തിയിലെത്തിയത്. അതിര്‍ത്തിയില്‍ അവരെ കാത്തിരുന്നത് ഡോണള്‍ഡ് ട്രംപിന്‍റെ സായുധപട്ടാളമായിരുന്നു. ആയിരങ്ങള്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചതോടെ മെക്സിക്കോയുമായുള്ള ഏറ്റവും തിരക്കേറിയ വ്യാപാര അതിര്‍ത്തി അടച്ചിട്ടു വാഷിങ്ടണ്‍ . 

ജന്മനാട്ടില്‍ നിന്നുള്ള പുറപ്പാട് മാസങ്ങള്‍ക്കിപ്പുറം വാഗ്ദത്ത ഭൂമിയ്ക്കടുത്തെത്തിയതിന്‍റെ ആവേശത്തിലായിരുന്നു അവര്‍. കൊള്ളയും കൊലയും പട്ടിണിയും നിറഞ്ഞ രാജ്യത്തുനിന്ന് തേനും പാലുമൊഴുകുന്ന അമേരിക്കന്‍ ഐക്യനാടുകളില്‍ പുതുജീവിതം സ്വപ്നം കണ്ടെത്തിയവര്‍. അത്യാവശ്യ സാധനങ്ങളടങ്ങിയെ ചെറുസഞ്ചികള്‍ മാത്രമാണ് കയ്യില്‍ കരുതിയത്. 

പക്ഷേ പിന്നിട്ടതിലും എത്രയോ വലിയ വെല്ലുവിളിയാണ്  അതിര്‍ത്തിയില്‍  തങ്ങളെ കാത്തിരിക്കുന്നതെന്ന് പലരും വൈകിയാണ് തിരിച്ചറിഞ്ഞത്. അതോടെ പ്രതീക്ഷകള്‍ പ്രതിഷേധങ്ങള്‍ക്ക് വഴിമാറി. സാൻ ഇസിദ്രോ അതിർത്തിയിൽ പൊലീസുകാർ തടഞ്ഞതിനെ തുടർന്ന് രാജ്യാന്തര പാതയിൽ 40 മിനിറ്റോളം ഇവർ ഗതാഗതം സ്തംഭിപ്പിച്ചു. തുടര്‍ന്ന് സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമെല്ലാമടങ്ങുന്ന സംഘം അതിര്‍ത്തികള്‍ തുറക്കെണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. മെക്സിക്കന്‍ അതിര്‍ത്തി പൊലീസിന്‍റെ ശക്തമായ പ്രതിരോധത്തിലും മുള്ളുവേലികള്‍ ചാടിക്കടക്കാന്‍ ചിലരുടെ ശ്രമം.  

ചെറിയ പഴുതുകള്‍ പോലും മുതലാക്കി അമേരിക്കന്‍ മണ്ണില്‍ കാലുകുത്താനുള്ള നീക്കങ്ങള്‍. ടിഹുവാന അതിര്‍ത്തി യുദ്ധക്കളമായി.  മതിലില്‍ അള്ളിപ്പിടിച്ച് കയറിയവര്‍ ചെന്നുവീണത് യുഎസ് അതിര്‍ത്തി രക്ഷാ സേനയുടെ കണ്ണീര്‍വാതക ഷെല്ലുകള്‍ക്കിടയിലേക്ക്. ഒടുവില്‍ ലോകത്തെ ഏറ്റവും തിരക്കേറിയ  അതിര്‍ത്തി പൂര്‍ണമായും കൊട്ടിയടച്ചു സേന .ഞങ്ങള്‍ കൊള്ളക്കാരല്ല,  തൊഴിലെടുത്ത് ജീവിക്കാന്‍ വന്നവരാണ് , കരുണ കാണിക്കണം. അതിര്‍ത്തി രക്ഷാസേനയോട് പലരും കരഞ്ഞു പറഞ്ഞു. അതിര്‍ത്തി രക്ഷാസേനയുടെ ടിയര്‍ ഗ്യാസ് പ്രയോഗം അവസാനിച്ചതോടെ മെക്സിക്കന്‍ പൊലീസ് ബലപ്രയോഗത്തിലൂടെ ആളുകളെ മെക്സിക്കന്‍ മണ്ണില്‍ തിരിച്ചെത്തിച്ചു.  പൊലീസുമായി ഏറ്റുമുട്ടിയവരെ ബലമായി നാടുകടത്തുമെന്ന മെക്സിക്കോയുടെ ഭീഷണിയാണ് ജനക്കൂട്ടത്തെ ഒട്ടൊന്ന് ശാന്തമാക്കിയാത്. 

ഹോണ്ടുറാസ്, ഗ്വാട്ടിമാല, എല്‍ സാല്‍വദോര്‍ എന്നീ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് മനുഷ്യരാണ് ഡോണള്‍ഡ് ട്രംപിനു മുന്നില്‍ കരുണയാചിച്ച് നില്‍ക്കുന്നത്. കുറ്റകൃത്യങ്ങളുടെ നാടാുകളില്‍ നിന്നുള്ള ഈ പലായനം വരും തലമുറയ്ക്ക് നല്ല ഭാവിയെന്ന ഒറ്റ ലക്ഷ്യവുമായാണ്. നാട്ടിലെ ഗൂണ്ട സംഘങ്ങളുടെ ഭാഗമായി ലഹരിക്കടിമകളാക്കപ്പെട്ടവരായി മക്കള്‍ മാറുന്നത് കാണാനാവില്ലെന്ന് ഈ അമ്മമാര്‍ പറയുന്നു. ചിലരെങ്കിലും മുന്നേ യുഎസില്‍ എത്തിയ ബന്ധുക്കളുടെ അടുത്തെത്തണമെന്ന ആഗ്രഹവുമായി വന്നവരാണ്. രാജ്യങ്ങള്‍ക്കിടയിലുള്ള  അതിര്‍ത്തികളോ കുടിയേറ്റനയങ്ങളോ ഒന്നും ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ചിന്താവിഷയമായില്ല. യുഎസ് കുടിയേറ്റ നിയമങ്ങവെക്കുറിച്ച് അടിസ്ഥാന അറിവുപോലുമില്ലാത്തവരാണ് നല്ല പക്ഷവും.  അനധികൃത കുടിയേറ്റക്കാരോടുള്ള തന്‍റെ സര്‍ക്കാരിന്‍റെ   കര്‍ശന നിലപാട് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുവേളയില്‍ ആവര്‍ത്തിച്ചു പ‍റഞ്ഞിരുന്നു പ്രസിഡന്‍റ് ട്രംപ്. 

നിയമവിരുദ്ധമായി അമേരിക്കന്‍ മണ്ണില്‍ കാലുകുത്താന്‍ ഒറ്റയാളെയും അനുവദിക്കില്ല.  കൊടുംകുറ്റവാളികള്‍ രാജ്യത്തുകടക്കുന്നതും ലഹരികടത്തും തടഞ്ഞേ മതിയാകൂ എന്നാണ് പ്രസിഡന്‍റിന്‍റെ  ന്യായം.മധ്യ അമേരിക്കയില്‍ നിന്നുള്ള അഭയാര്‍ഥി സംഘത്തിന്‍റെ വരവിനെ രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമായാണ് അദ്ദേഹം വിലയിരുത്തിയത്. അതിന്‍റെ പേരില്‍ പ്രതിപക്ഷവുമായും മാധ്യമങ്ങളുമായും പ്രസിഡന്‍റ് ഏറ്റുമുട്ടി. മെക്സിക്കൻ അതിർത്തിയിൽനിന്ന് യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്ന അഭയാർഥികളെയും അവരുടെ കുഞ്ഞുങ്ങളെയും വെവ്വേറെ തടവിലാക്കുക എന്ന ക്രൂരനയം ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം തിരുത്തിയത്. 

മെക്സിക്കോയാണ് ഈ പ്രശ്നത്തില്‍ യഥാര്‍ഥത്തില്‍ വലയുന്നത്. വെറുപ്പും വിദ്വേഷവുമല്ല സ്നേഹവും പരിചരണവുമാണ് മെക്സിക്കന്‍ തലസ്ഥാനത്ത് അഭയാര്‍ഥി സംഘത്തിന് ലഭിച്ചത്. പക്ഷേ മാനുഷിക പരിഗണനയില്‍ അഭയാര്‍ഥിസംഘത്തെ താല്‍ക്കാലികമായി തങ്ങാന്‍ അനുവദിച്ച രാജ്യം  വാഷിങ്ടന്‍റെ കടുത്ത നിലപാടില്‍ പ്രതിസന്ധിയിലായി. ഡിസംബര്‍ ഒന്നിന് സ്ഥാനമേല്‍ക്കുന്ന ലോപ്പസ് ഒബ്രദൊർ സര്‍ക്കാരിനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെ.

ലാറ്റിനമേരിക്കയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ മെക്സിക്കോ അനധികൃത കുടിയേറ്റക്കാരോട് കര്‍ശന നിലപാടാണ് മുമ്പ് സ്വീകരിച്ചിട്ടുള്ളത്.  എന്നാല്‍ ലോപ്പസ് ഒബ്രദൊറിന്റെ  നേതൃത്വത്തിലുള്ള നവ ഇടതുപക്ഷം  ഡോണള്‍ഡ് ട്രംപിന്‌റെ കുടിയേറ്റവിരോധത്തെ ശക്തമായി വിമര്‍ശിക്കുന്നവരാണ്.  കുടിയേറ്റം തടയാന്‍ അതിർത്തിയെ സൈനികവൽക്കരിക്കാനുള്ള നീക്കത്തെ മെക്സിക്കോ സര്‍ക്കാര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.   യുഎസ്, കാനഡ, മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുമ്പോഴും അനധികൃത കുടിയേറ്റക്കാരെ തടങ്കലിലാക്കണം എന്ന നിര്‍ദേശം ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വച്ചെങ്കിലും മെക്സിക്കോ വഴങ്ങിയില്ല. 

പക്ഷെ അതിര്‍ത്തിയില്‍ പട്ടാളത്തെ വിന്യസിച്ച് കുടിയേറ്റസംഘത്തെ നേരിടാന്‍ ട്രംപ് തീരുമാനിച്ചതോടെ മെക്സിക്കോ പരുങ്ങലിലായി. സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തി പൂര്‍ണമായും അടച്ചതോടെ അതിര്‍ത്തി പട്ടണമായ ടിഹുവാനയില്‍ ജനങ്ങള്‍ കുടിയേറ്റസംഘത്തിനെതിരെ തിരിഞ്ഞു. നഗരം നേരിടുന്ന പ്രതിസന്ധി കാണാതെ പോകരുതെന്ന് ടിഹുവാന മേയര്‍ ഓര്‍മിപ്പിച്ചു ഇതിനിടെ യുഎസ് , മെക്സിക്കന്‍ സര്‍ക്കാരുകള്‍ തമ്മില്‍ പ്രശ്നപരിഹാരത്തിന് താല്‍ക്കാലിക ധാരണയായെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥികള്‍ക്ക് നിയമപരമായ രേഖകള്‍ ലഭ്യമാകുന്നതുവരെ തങ്ങാന്‍ മെക്സിക്കോ ഇടം നല്‍കണം എന്നതാണ് ധാരണയെന്നായിരുന്നു റിപ്പോര്‍ട്ട്. പക്ഷേ ഇങ്ങനെയൊരു ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് മെക്സിക്കോ വ്യക്തമാക്കി. 

യുഎസിലേക്ക് കടക്കാനുള്ള നിയമപരമായ രേഖകള്‍ ശരിയാക്കുക എന്നത് വര്‍ഷങ്ങളെടുക്കുന്ന പ്രക്രിയയാണ്. ആ കാലമത്രെയും ഇത്രയും ജനങ്ങളെ മെക്സിക്കോ ചെല്ലും ചെലവും കൊടുത്ത് പരിപാലിക്കുക എന്നത് അപ്രായോഗികമാണെന്ന് അവര്‍ വിലയിരുത്തുന്നു. താല്‍ക്കാലിക വാസസ്ഥലമാവുക എന്ന യുഎസ് നിര്‍ദേശം മെക്സിക്കോയുടെ പുതിയ സര്‍ക്കാരും അംഗീകരിക്കാനിടയില്ല. പക്ഷേ ഇപ്പോഴെത്തിയ ആയിരങ്ങള്‍ക്ക് പുറമെയാണ് ഇനിയും വന്നുകൊണ്ടിരിക്കുന്ന പതിനായിരങ്ങള്‍.  ടിഹുവാനയില്‍ തുടങ്ങിയ പ്രതിഷേധം രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും പടരാനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. അഭയാര്‍ഥി സംഘം രാജ്യത്ത് ആഭ്യന്തരകലാപത്തിന് കാരണമാകാതെ പ്രശ്നപരിഹാരം കണ്ടെത്തുകയാണ് പുതിയ സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി. 

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.