അമ്പും വില്ലുമായി ആദിമ മനുഷ്യന്‍; ഞെട്ടലോടെ കേട്ട ആ ദ്വീപിന്റെ കഥ

john-allen-chau
SHARE

ആന്‍ഡമാനിലേക്ക് പോയ അമേരിക്കന്‍ പൗരന്‍ അമ്പേറ്റ് കൊല്ലപ്പെട്ടു. പോയ വാരം ലോകം ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു ഇത്. ജോണ്‍ ചൗ എന്ന അമേരിക്കന്‍ സുവിശേഷകന്‍ കാലുകുത്തിയത് സെന്റിനലി ദ്വീപിലായിരുന്നു, ആധുനിക മനുഷ്യരില്‍ നിന്ന്   പൂര്‍ണമായും അക്ന്ന് ജീവിക്കുന്ന സെന്റിനലികളുടെ ഗോത്രക്കാരുടെ ഇടയിലേക്ക്.. ശത്രുവാണെന്ന് കരുതി  പതിവ് രീതിയില്‍ ദ്വീപ്‌വാസികള്‍ പ്രതിരോധിച്ചു. ചൗവിനെ അമ്പെയ്ത് കൊന്നു. ചൗ വിന്‍റെ മൃതദേഹം വീണ്ടെുക്കാനുള്ള ശ്രമം തുടരുകയാണ്. 

ആൻഡമാൻ നിക്കോബാർ ദ്വീപ് തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഉത്തര സെന്റിനല്‍ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് കണക്ക് പറയുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ ഗോത്രവിഭാഗം. അറുപതിനായിരം വര്‍ഷം മുന്‍പുള്ള നരവംശ ചരിത്രം അതേപടി നിലനിര്‍ത്തുന്നവര്‍. 

 കൊടും കാടിനുള്ളില്‍ ജീവിക്കുന്ന ഇവര്‍ക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. . സെൻസസ് ഉദ്യോഗസ്ഥന്മാർ ആകശത്ത് നിന്ന് കണക്കെടുത്തപ്പോൾ 12 പുരുഷന്മാരേയും മൂന്ന് സ്ത്രീകളെയും കണ്ടെത്തിയിരുന്നു. ബാഹ്യലോകത്ത് നിന്നുള്ള കടന്നുകയറ്റങ്ങളെയും അതു വഴി വരാവുന്ന  അപരിചിത രോഗാണുക്കളുടെ ആക്രമണത്തെയും അതിജീവിക്കാനുള്ള പ്രതിരോധ ശേഷി ഇവർക്ക് ഒട്ടുമില്ല.

ചെറിയ പകര്‍ച്ച വ്യാധികള്‍ പോലും ഇവരെ പൂര്‍ണമായും ഇല്ലാതാക്കും.  ആധുനിക ലോകത്തെ മനുഷ്യര്‍ ഇവര്‍ക്ക് ശത്രുക്കളാണ്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാല്‍ അമ്പെയ്ത്  പ്രതിരോധിക്കും. അല്ലെങ്കില്‍ കല്ലെറിഞ്ഞ് കടലിലേക്ക് തന്നെ ഓടിക്കും. നരഭോജികള്‍ എന്ന് വിശേഷണമുള്ള സെന്റിനലികളെകുറിച്ച് പഠിക്കാന്‍ ദ്വീപിലെത്തിയരിലേറെപേരും തിരിച്ചുവന്നിട്ടില്ല.

 ആന്‍ഡമന്‍ നിക്കോബാര്‍ സര്‍ക്കാരിന് കീഴിലാണെങ്കിലും ഈ പ്രദേശത്തേക്ക്  പുറം ലോകത്തുനിനുള്ളവര്‍ക്ക് പ്രവേശനമില്ല. സെന്റിനല്‍ ദ്വീപിനുചുറ്റുമുള്ള മൂന്ന മൈല്‍ പ്രദേശം നിരോധിത മേഖലയായി  പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടേക്കാണ് സുവിശേഷകനായ ജോണ്‍ അലന്‍ ചൗ മല്‍സ്യ തൊഴിലാളികളുടെ സഹായത്തോടെ യാത്ര തിരിച്ചത്. മുന്‍പ് അഞ്ച് തവണ ആന്‍ഡമാന്‍ സന്ദര്‍ശിച്ച ജോണിന്റെ ലക്ഷ്യമായിരുന്നു സെന്‍‍‍ഡിനല്‍ ദ്വീപിലെത്തി ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുക എന്നത്. ഈ മാസം 16നാണ് പോര്‍ട്ട് ബ്ലെയറില്‍ നിന്ന് മല്‍സ്യതൊഴിലാളികളുടെ ബോട്ട് വാടകയ്ക്കെടുത്ത്  അവരുടെ സഹായത്തോടെ ദ്വീപിലേക്ക് യാത്ര തിരിച്ചത്. ദ്വീപിലേക്ക് പ്രവേശിച്ച ജോണ്‍ ചൗവിനു നേരെ അസ്ത്രങ്ങള്‍ പാഞ്ഞുവരുന്നത് കണ്ടു എന്നാണ് മല്‍സ്യതൊഴിലാളികള്‍ പറയുന്നത്.  പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.

 ഇതിനിടെ അവസാനമായി അമമയ്ക്കെഴുതിയ കുറിപ്പില്‍ ജോണ്‍ ദ്വീപിലെത്തി ഗോത്രവര്‍ഗക്കാരോട് സംസാരിച്ച അനുഭവം പങ്കുവച്ചു. ആക്രമിക്കാന്‍ വന്നവര്‍ക്കു മുന്നില്‍ ഉറക്കെ അലറിയ ജോണ്‍ ഇങ്ങനെ പറഞ്ഞു. 'എന്റെ പേര് ജോണ്‍.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ക്രിസ്തുവും നിങ്ങളെ ഇഷ്ടപ്പെടുന്നു.'   ഇത്രയും പറഞ്ഞ് തീരുംമുന്‍പ് മുഖത്ത് ചായം പുരട്ടിയ ഉയരമുള്ള പുരുഷന്‍മാര്‍ ജോണിന് ചുറ്റും നിന്നു. അമ്പുകള്‍ തൊടുത്തുവിട്ടു. കൂട്ടത്തില്‍ ഒരു കുട്ടി തൊടുത്തുവിട്ട അസ്ത്രം തന്റെ വെള്ളം നനയാത്ത ബൈബിളില്‍ വന്ന് തറച്ചുവെന്നും ജോണ്‍ കുറിപ്പില്‍ പറയുന്നു.

 മരണത്തിലേക്ക് നടന്നുനീങ്ങിയ ജോണ്‍ ചൗവിനെകുറിച്ച് പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. ജോണിന്റെ മൃതദേഹം ഒരിക്കലും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരും നരവംശ ശാസ്ത്രജ്ഞരും പറയുന്നത്. സംരക്ഷിത വിഭാഗമായ സെന്റിനലികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ല. ചെറുവള്ളത്തില്‍ ഉദ്യോഗസ്ഥര്‍ ദ്വീപിനടുത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കരയില്‍ കയറാതെ തിരിച്ചുമടങ്ങി. ഇതിനിടയില്‍ വരുന്ന വിദഗ്ധരുടെ വ്യത്യസ്ത അഭിപ്രായങ്ങളും തിരച്ചില്‍ നടത്തുന്ന ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നു.മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ ഇരുകൂട്ടരുടെയും ജീവന്‍ അപകടത്തിലാവുമെന്ന് ചിലര്‍ പറയുന്നു. ഗോത്രവര്‍ഗക്കാരിലൊരാളായി വേഷം മാറി വസ്ത്രംങ്ങള്‍ പോലും ധരിക്കാതെ അവരിലൊരാളായയി ദ്വീപിലെത്താം എത്താം എന്ന് മറ്റു ചിലര്‍ പറയുന്നു. എന്തായാലും മ‍ൃതദേഹം വീണ്ടെടുക്കുന്നതിന് സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല തിരച്ചില്‍ തുടരുകയാണ്.

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.