ബ്രെക്സിറ്റില്‍ തിളച്ചുമറയുന്ന ബ്രിട്ടന്‍

brexit-main
SHARE

കുടുംബാഗങ്ങളുടെ മുറുമുറുപ്പ് വകവയ്ക്കാതെ യൂറോപ്യന്‍ യൂണിയനുമായുള്ള വിവാഹമോചന കരാറിന് ബ്രസല്‍സിന്‍റെ അംഗീകാരം നേടി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ.  അയല്‍ക്കാരുടെ അഭിനന്ദനം പിടിച്ചുപറ്റിയ കരാറിന് ബ്രിട്ടിഷ് പാര്‍ലമെന്‍റിന്‍റെ അംഗീകാരം നേടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കരാര്‍ രാജ്യതാല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് അവകാശപ്പെട്ട മെയുടെ പ്രസംഗം സംരക്ഷണവാദവും അതി ദേശീയതയും നിറഞ്ഞതായിരുന്നു.

അതിര്‍ത്തികള്‍, സമ്പദ്്വ്യവസ്ഥ, നിയമവാഴ്ച എല്ലാ രംഗത്തും   ബ്രിട്ടിഷ് ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതാണ് കരാറെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. അതിര്‍ത്തികളില്‍ അയവില്ലാത്ത നയമാണ് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടിഷ് അതിര്‍ത്തികള്‍ ഇനി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു വേണ്ടി തുറന്നുകിടക്കില്ല. ലോകത്തിന്‍റെ മറ്റേതുഭാഗത്തുനിന്നും വരുന്നവരെപ്പോലെ തന്നെയാകും അയല്‍പക്കക്കാരെയും പരിഗണിക്കുക. തൊഴില്‍ വൈദഗ്ധ്യമുള്ളവരും, രാജ്യപുരോഗതിക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നവരും മാത്രം അതിര്‍ത്തി കടന്ന് വന്നാല്‍ മതിയാകും. യൂണിയന് പുറത്തുകടക്കുന്നത് ബ്രിട്ടിഷ് സമ്പദ്വ്യവ്യവസ്ഥയ്ക്കു നേട്ടമാകുമെന്ന് തെരേസ മേ അവകാശപ്പെടുന്നു. ഇയുവിന് വര്‍ഷാവര്‍ഷം വന്‍ തുക നല്‍കേണ്ടി വരില്ല. അതിനായി ബ്രിട്ടിഷ് ബജറ്റ് വെട്ടിക്കുറയ്ക്കേണ്ടി വരില്ല. ആ പണമെല്ലാം ഇനി ബ്രിട്ടിഷ് ജനതയുടെ ഉന്നമനത്തിനായി ചെലവഴിക്കാം. 

ആരോഗ്യമേഖലയില്‍ മാത്രം നാല്‍പതുകോടിയോളം  അധികമായി ചിലവിടാനാകുമെന്നാണ് പ്രതീക്ഷ. നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു തെരേസ മേ. യൂണിയന്‍റെ പൊതു നീതിന്യായസംവിധാനമെന്ന കെട്ടുപാടില്‍ നിന്ന് രാജ്യം പുറത്തുവരികയാണ്. യൂറോപ്യന്‍ നീതിന്യായ കോടതിക്ക് ഇനി ബ്രിട്ടന്‍റെ മേല്‍ അധികാരമില്ല. ബ്രിട്ടിഷ് ജനത തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ നിര്‍മിക്കുന്ന നിയമത്തെ ബ്രിട്ടിഷ് കോടതികള്‍ വ്യാഖ്യാനിക്കും. പൊതു കാര്‍ഷിക നയവും മല്‍സ്യബന്ധന ചട്ടങ്ങളും ഇല്ലാതാവുന്നതോടെ സര്‍ക്കാരിന് പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കാനാവും. സമുദ്രാതിര്‍ത്തികളില്‍ സമ്പൂര്‍ണ നിയന്ത്രണമുള്ള സ്വതന്ത്രപരമാധികാര രാജ്യമായി ബ്രിട്ടണ്‍ മാറുകയാണ്

ബ്രിട്ടിഷ് ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒന്നിനും  താന്‍ വഴങ്ങി്യിട്ടില്ലെന്ന് െതരേസ മേ അവകാശപ്പെട്ടു. ദക്ഷിണ സ്‌പാനിഷ് തീരത്തെ ബ്രിട്ടീഷ് കോളനിയായ ജിബ്രാൾട്ടറും ഈ പിന്‍വാങ്ങലിന്‍റെ ഭാഗം തന്നെയാണെന്ന് സ്പെയിനിന്‍റെ എതിര്‍പ്പുകള്‍ക്കുള്ള മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. നേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും ഒരു കാര്യം തെരേസ മെയ് എടുത്തു പറഞ്ഞു. രണ്ടുപേര്‍ തമ്മില്‍ കരാറുണ്ടാക്കുമ്പോള്‍ ഒരാള്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ല. നിങ്ങള്‍ ഏതിന് മുന്‍തൂക്കം നല്‍കുന്നുവെന്നതാണ് പ്രധാനം. ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ വേണ്ടി വന്നേക്കാം. ബ്രിട്ടിഷ് ജനത അത് മനസിലാക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു പ്രധാനമന്ത്രിസ്വന്തം നാട്ടില്‍ വലിയ എതിര്‍പ്പുകള്‍ കാത്തിരിക്കുന്നുണ്ടെങ്കിലും ബ്രസല്‍സിന്‍റെ കയ്യടി നേടി തെരേസ മേ. ഏറ്റവും മികച്ചതും പ്രായോഗികവുമായ കരാറുമായാണ് പ്രധാനമന്ത്രി വന്നതെന്ന് യൂറോപ്യന്‍ രാഷ്ട്രത്തലവന്‍മാര്‍ വിലയിരുത്തി. 

ചിരിച്ചുകൊണ്ട് ബ്രസല്‍സില്‍ നിന്ന് വിമാനം കയറിയ തെരേസ മെയ് ഉള്ളില്‍ തീയുമായാണ്    ലണ്ടനില്‍ കാലുകുത്തിയത്. ബ്രസല്‍സിന്‍റെ അംഗീകാരം നേടിയ കരാറിന്‍റെ പേരില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിക്കാന്‍ കാത്തിരിക്കുകയാണ് ബ്രിട്ടിഷ് രാഷ്ട്രീയ നേതൃത്വം. ഭരണകക്ഷിയും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഈ വലിയ വെല്ലുവിളിയെ എങ്ങനെ അതിജീവിക്കുന്നു എന്നതിലാണ് തെരേസ മെയുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടാന്‍ പോകുന്നത്.

1945ല്‍ യുദ്ധാനന്തര ബ്രിട്ടനില്‍ നടന്ന പൊതു തിരഞ്ഞെടുപ്പും  വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ പരാജയവും ഓര്‍മപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.   ഒരുപക്ഷെ അതിനുശേഷമുള്ള ഏറ്റവും സങ്കീര്‍ണമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴത്തേതെന്നും പറയാം. മുള്‍മുനയിലാണ് പ്രധാനമന്ത്രി തെരേസ മെ. ബ്രെക്സിറ്റ് കരാറുമായി ഇനി പ്രധാനമന്ത്രി പോവുന്നത് ബ്രിട്ടിഷ് പാര്‍ലമെന്റിലേക്കാണ്.   ക്രിസ്മസിന് മുമ്പ് പാര്‍ലമെന്‍റ് കരാറിനു മേല്‍ വോട്ടുചെയ്യും.  കരാറിനെ അനുകൂലിക്കുന്നവര്‍ക്കോ എതിര്‍ക്കുന്നവര്‍ക്കോ പാര്‍ലമെന്‍റില്‍ ഇപ്പോള്‍ വ്യക്തമായ ഭൂരിപക്ഷമില്ല.ബ്രിട്ടന്റെ പരമാധികാരത്തിൽ കൈകടത്താൻ യൂറോപ്യൻ യൂണിയന് അധികാരം നൽകുന്ന ചില വ്യവസ്ഥകൾ മേയുടെ കരാറിലുള്ളതാണു എതിര്‍പ്പിന്‍റെ കാരണം. 

പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി, സഖ്യകക്ഷിയായ ഡിയുപി, എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരുവിഭാഗവും കരാറിനെതിരെ വോട്ടു ചെയ്യുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമതര്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ നീക്കങ്ങള്‍ തല്‍ക്കാലം പരാജയപ്പെട്ടെങ്കിലും വെല്ലുവിളി നിലനില്‍ക്കുകയാണ്. 48 എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാം. പക്ഷേ ആ സംഖ്യയിലേക്കെത്താന്‍ വിമതര്‍ക്ക് കഴിഞ്ഞിട്ടില്ല. തെരേസ മേയ്ക്കെതിരെ അവിശ്വാസം കൊണ്ടുവരാനായി പ്രത്യേക സമിതി അധ്യക്ഷൻ ഗ്രഹാം ബ്രേഡിക്കു കത്തെഴുതിയെന്നു തുറന്നു പറഞ്ഞത് കൺസർവേറ്റിവ് പാർട്ടിയിലെ 20 എംപിമാരാണ്. ജേക്കബ് റീസ് മോഗിന്‍റെ നേതൃത്വത്തില്‍ നടന്ന നീക്കം പരാജയപ്പെട്ടത് വിമതപക്ഷത്തിന്‍റെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നതായി.  

ഏക വിപണിയും കസ്റ്റംസ് യൂണിയനിൽ നിന്നുള്ള പിന്മാറ്റവുമാണു പ്രധാന തർക്കവിഷയം. ബ്രിട്ടന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ യൂറോപ്പ് നഷ്ടമാകാതിരിക്കാൻ യൂറോപ്യൻ യൂണിയന്റെ കർശനമായ നിബന്ധനകൾക്കു വഴങ്ങാൻ പ്രധാനമന്ത്രി തയാറായതാണ് വിമതരെ ചൊടിപ്പിക്കുന്നത്.  സഖ്യകക്ഷിയായ ഉത്തര അയര്‍ലന്‍ഡിലെ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയില്‍ നിന്നാണ് മെ മറ്റൊരു പ്രധാന വെല്ലുവിളി നേരിടുന്നത്. യു.കെയുടെ ഭാഗമായ ഉത്തര അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഐറിഷ് റിപ്പബ്ലിക്കും തമ്മിലുള്ള അതിര്‍ത്തിയില്‍ വരുന്ന മാറ്റങ്ങളാണ് തര്‍ക്കവിഷയം. ഐറിഷ് ദ്വീപില്‍ ഏറെ രക്തച്ചൊരിച്ചിലുകള്‍ക്കിടയാക്കിയതാണ്  ബ്രിട്ടണ് കരമാര്‍ഗമുള്ള ഈ  ഏക അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമെന്ന നിലയില്‍ ഇപ്പോള്‍ അതിര്‍ത്തിയില്‍ പരിശോധനകള്‍ കര്‍ശനമല്ല. അത് തുടരണമെന്ന ഇയുവിന്‍റെ താല്‍പര്യം തെരേസ മെ അംഗീകിരിച്ചതാണ് ഡിയുപിയെ ചൊടിപ്പിച്ചത്. ബ്രിട്ടന്‍റെ മറ്റുഭാഗങ്ങള്‍ യൂറോപ്യന്‍യൂണിയനില്‍ നിന്ന് പൂര്‍ണസ്വതന്ത്രമാകുമ്പോള്‍ ഉത്തരഅയര്‍ലന്‍ഡിന് തല്‍ക്കാലം ഇത് സാധ്യമാവില്ല. രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്ന ഇക്കാര്യം അംഗീകരിക്കില്ലെന്ന് ഡിയുപി ആണയിടുന്നു. മെയുടെ കരാറിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം പരിശോധിക്കുമെന്നുപോലും ഡിയുപി ഭീഷണിപ്പെടുത്തുന്നു. 

 കരട് കരാറിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം നേടാനായില്ലെങ്കില്‍ ബ്രിട്ടിഷ് രാഷ്ട്രീയം വീണ്ടും അനിശ്ചിതാവസ്ഥയിലേക്് നീങ്ങും. പരാജിതയായ തെരസ മേ പ്രധാനമന്ത്രിക്കസേരയില്‍ തുടരില്ലെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ പരാജയം വിമതര്‍ക്ക് കരുത്താവുകയും ചെയ്യും. അവിശ്വാസപ്രമേയവുമായി പ്രതിപക്ഷം ചാടിവീഴുമെന്നുറപ്പ്. തേരെസ മെ പിന്‍വാങ്ങിയാലും ബ്രെക്സിറ്റ് കുരുക്ക് അഴിയില്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. ഇപ്പോള്‍ ഒപ്പിട്ട കരാറില്‍ മാറ്റമെന്നത് സാധ്യമല്ലെന്ന് യൂറോപ്പ് തറപ്പിച്ചു പറഞ്ഞുകഴിഞ്ഞു. ബ്രെക്സിറ്റില്‍ മറ്റൊരു ജനഹിത പരിശോധനയ്ക്കാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും. നൂറ്റാണ്ടോളം ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിലെയാകെ ഭരണനിര്‍വഹണത്തിന്‍റെ സര്‍വാധികാര്യക്കാരായിരുന്ന പത്താം ഡൗണിങ് സ്ട്രീറ്റ് ഈ സങ്കീര്‍ണപ്രശ്നത്തിന് പരിഹാരം കാണുന്നതെങ്ങനെയെന്നറിയാന്‍ ലോകവും കാത്തിരിക്കുകയാണ്. 

MORE IN LOKA KARYAM
SHOW MORE