ബ്രെക്സിറ്റ് ബ്രിട്ടനോട് ചെയ്യുന്നത്

brexit
SHARE

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധിപരായിരുന്ന രാജ്യത്തിന്‍റെ രാഷ്ട്രീയ അടിത്തറ ഇളകുന്നതാണ് ലോകം ഇപ്പോള്‍ കാണുന്നത്. ബ്രെക്സിറ്റ് നടപടികള്‍ ബ്രിട്ടനെ വല്ലാത്ത പ്രതിസന്ധിയിലാണ് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. മന്ത്രിമാരുടെ രാജി ഈ നിലയില്‍ തുടര്‍ന്നാല്‍ കാബിനറ്റില്‍ പ്രധാനമന്ത്രി തെരേസ മെയ് മാത്രമാവും അവശേഷിക്കുക. ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്തേക്ക് എത്തിയതുമില്ല എന്നതാണ് ബ്രെക്സിറ്റ് അഥവാ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തിന്‍റെ സ്ഥിതി. പ്രധാനമന്ത്രി തെരേസ മെയുടെ കസേര തെറിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. 

2016ല്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തെ അനുകൂലിച്ച് വോട്ടുചെയ്തതു മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാണ്. ബ്രെക്സിറ്റ് ഉടമ്പടിയുടെ കരടുരേഖയിലെ ചില നിബന്ധനകളിൽ വിയോജിപ്പു പ്രകടമാക്കി തെരേസ മേ മന്ത്രിസഭയിൽ നിന്നു 4 മന്ത്രിമാർ രാജിവച്ചതാണ് ഏറ്റവും പുതിയ സംഭവികാസം. ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ്, ഉത്തര അയർലൻഡ് മന്ത്രി ശൈലേഷ് വാര, വർക്സ് ആൻഡ് പെൻഷൻസ് സെക്രട്ടറി എസ്തർ മക്‌വേ, ജൂനിയർ ബ്രെക്സിറ്റ് മന്ത്രി സ്യുവെല്ല ബ്രേവർമാൻ എന്നിവരാണ് രാജിവച്ചത്. ബ്രെക്സിറ്റ് മാറ്റ കാലാവധിയായ 2021 ഡിസംബറിനുള്ളിൽ വ്യാപാര ബന്ധം സംബന്ധിച്ചു കരാറുണ്ടാക്കാനായില്ലെങ്കിൽ ഉടമ്പടി വീറ്റോ ചെയ്യാനും ബ്രിട്ടനെ പൂർണമായി യൂറോപ്യൻ യൂണിയൻ കസ്റ്റംസ് യൂണിയനു കീഴിൽ നിലനിർത്താനും യൂറോപ്യൻ യൂണിയന് അധികാരം നൽകുന്ന നിബന്ധനയെ എതിർത്താണ് ഇവരുടെ രാജി. ബ്രിട്ടന്റെ പരമാധികാരത്തിന് എതിരായ ഈ നിബന്ധന അംഗീകരിക്കാനാവില്ലെന്ന് മന്ത്രിമാര്‍ പറയുന്നു.

585 പേജുള്ള കരട് രേഖയ്ക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ബ്രിട്ടിഷ് ജനതയുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും ബാധിക്കുന്നതാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്‍മാറ്റം. യൂണിയനിലെ അംഗരാജ്യങ്ങള്‍ക്കിടയിലുള്ള സ്വതന്ത്രസഞ്ചാരം അനുവദിക്കുന്ന ഷെങ്കണ്‍ വീസ ഇല്ലാതാവുന്നു എന്നതാണ് ഏറ്റവും പ്രധാനം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്  ഷെങ്കണ്‍ വീസയില്‍ ബ്രിട്ടണില്‍ വരാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം 2020വരെ തുടരും. 2020ന് ശേഷം  ഹ്രസ്വസന്ദര്‍ശനങ്ങള്‍ക്ക് വീസ വേണ്ടിവരില്ല.  തെരേസ മെയുടെ വാക്കുകളില്‍ ഡല്‍ഹിയില്‍ നിന്നും യൂറോപ്പില്‍ നിന്നുള്ള കംപ്യൂട്ടര്‍ വിദഗ്ധര്‍ക്ക് ഇനി ബ്രിട്ടണില്‍ ഒരേ പരിഗണനയാവും ലഭിക്കുക. 

ക്രമസമാധാന പാലനമാണ്  ബ്രെക്സിറ്റില്‍ മാറിമാറിയുന്ന  മറ്റൊരു പ്രധാനമേഖല. ഷെങ്കന്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം എന്ന വന്‍ ഡാറ്റാ ശേഖരം പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രധാനമപ്പെട്ടതാണ്. ഏത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന യൂറോപ്യന്‍ അറസ്റ്റ് വാറണ്ടാണ് മറ്റൊന്ന്. കരട് രേഖയില്‍ ഇതുരണ്ടും അതേപടി നിലനിര്‍ത്തുന്നുണ്ടെങ്കിലും ഭാവിയില്‍ മാറ്റങ്ങളുണ്ടായേക്കാം.  ആരോഗ്യമേഖലയാണ് ബ്രെക്സിറ്റിനെക്കുറിച്ച് ആശങ്കപ്പെടുന്ന മറ്റൊരു വിഭാഗം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഔഷധ ഇറക്കുമതി    പൊതുജനാരോഗ്യമേഖലയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. 2020വരെ സമയമുണ്ട് എന്നതില്‍ ആശ്വസിക്കാമെങ്കിലും കാതലായ മാറ്റങ്ങള്‍ വരുമെന്നുറപ്പ്.  അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങളാണ് പ്രധാന കീറാമുട്ടി. കരട് പ്രകാരം ഉത്തര അയര്‍ലന്‍ഡ് ചില കാര്യങ്ങളില്‍ യൂറോപ്യണ്‍ യൂണിയന്‍ ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരായിരിക്കും. അതായത് ഉത്തര അയര്‍ലന്ഡിലേക്കുള്ള ചരക്ക് നീക്കത്തിലടക്കം യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണം. ഇത് രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണെന്ന് അവിടെ നിനന്ുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കുറ്റപ്പെടുത്തുന്നു. 

എന്തായാലും പത്തോളം മന്ത്രിമാരുടെ എതിര്‍പ്പ് മറികടന്ന് പ്രധാനമന്ത്രി വേര്‍പിരിയല്‍ ഉടമ്പടിയുടെ കരടുരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം നേടി. പക്ഷെ ബ്രെക്സിറ്റ് നടപടികള്‍ മുന്നോട്ടു കൊണ്ടു പോവുന്നതിന്‍റെ ചുമതലക്കാരനായിരുന്ന ഡോമിനിക് റാബിന്‍റെ രാജി പ്രധാനമന്ത്രിക്ക് വന്‍ തിരിച്ചടിയായി. തികച്ചും അപ്രതീക്ഷിതവുമായിരുന്നു അദ്ദേഹത്തിന്‍റെ രാജി. ബ്രസല്‍സുമായുള്ള ചര്‍ച്ചകളിലെല്ലാം മധ്യസ്ഥം വഹിച്ചിരുന്ന റാബിന്‍റെ അഭാവത്തില്‍ തുടര്‍നടപടികള്‍ എങ്ങനെ മുന്നോട്ട് പോകുമെന്നതില്‍ വ്യക്തതയില്ല. പതിവുപോലെ ആത്മവിശ്വാസം കൈവിടാതെയാണ് തെരേസ മെയ് പുതിയ വെല്ലുവിളികളെ നേരിടുന്നത്. അധികാരത്തില്‍ എപ്പോഴും സുഖകരമായ പാതയിലൂടെ മാത്രമാവില്ലല്ലോ കടന്നുപോകേണ്ട വരുകയെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഈ തലമുതിര്‍ന്ന നേതാവ് ചോദിക്കുന്നു. ഇപ്പോള്‍ മന്ത്രിസഭ അംഗീകരിച്ചത് അന്ത്ിമ കരാറല്ലെന്നും കരട് രേഖമാത്രമാണെന്നതുമാണ് പ്രധാനമന്ത്രിയുടെ ന്യായം. തിരുത്തലുകള്‍ക്കും ഒത്തിുതീര്‍പ്പുകള്‍ക്കും ഇനിയും സമയമുണ്ടെന്ന് അവര്‍ പറയുന്നു. 

ആത്മവിശ്വാസം കൈവിടാതെ പുഞ്ചിരിയുമായി വിമര്‍ശനങ്ങളെ നേരിടുമ്പോഴും നൂല്‍പ്പാലത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് തെരേസ മെയ്ക്കറിയാം. ബ്രെക്സിറ്റിന്‍റെ ആദ്യനാള്‍ മുതല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തുടങ്ങിയ ഭിന്നത തന്നെയാണ് വലിയ വെല്ലുവിളി. പ്രതിപക്ഷം കൊണ്ടുവന്നേക്കാവുന്ന അവിശ്വാസപ്രമേയത്തെ മറികടക്കല്‍ എളുപ്പമാവില്ല മെയ്ക്ക്. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു ബ്രെക്സിറ്റ് ഹിതപരിശോധനയെന്ന് വിലയിരുത്തുന്ന നിരീക്ഷകര്‍ ഏറെയുണ്ട്. ഇരിക്കുന്ന കൊമ്പ് മുറിച്ച് കാമറൂണ്‍ വീണതോടെയാണ് രാജ്യചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി ,തെരേസ മെയ് അധികാരമേറ്റത്.  ബ്രെക്സിറ്റിനെ എതിര്‍ത്ത് വോട്ടുചെയ്ത തെരേസ മെയ്ക്കുതന്നെ ബ്രെക്സിറ്റ് പ്രാവര്‍ത്തികമാക്കേണ്ട ചുമതല ഏല്‍ക്കേണ്ടി വന്നു എന്നത് വിധിവൈപരീത്യം. യൂറോപ്യൻ യൂണിയനിൽ  നിന്ന് ബ്രിട്ടനെ മുറിച്ചുമാറ്റാൻ തിടുക്കംകൂട്ടിയവരെല്ലാം അത് പ്രാവർത്തികമാക്കുകയെന്ന ഭാരമേൽക്കാതെ ഒഴിഞ്ഞു മാറി. 

കല്ലും മുള്ളും നിറഞ്ഞ പാതയാണ് ഓരോ ഘട്ടത്തിലും   തെരേസ മെയെ കാത്തിരുന്നത്. പാർലമെന്റിന്റെ അനുമതിയില്ലാതെ ബ്രെക്സിറ്റ് നടപടികളുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിനെതിരെ സമർപ്പിച്ച കേസിൽ ബ്രിട്ടിഷ് സർക്കാർ പരാജയപ്പെട്ടു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള മേയുടെ നീക്കങ്ങൾക്കു തിരിച്ചടി നേരിട്ടു. ഒടുവില്‍ ബ്രെക്സിറെ ന്‍ആദ്യ നിയമനടപടിയായി ലിസ്ബൻ കരാറിലെ അൻപതാം വകുപ്പു നടപ്പാക്കാൻ പ്രധാനമന്ത്രി തെരേസ മേയ്ക്ക് അധികാരം നൽകുന്ന പുതിയ നിയമം പാര്‍ലമെന്‍റില്‍ പാസാക്കിയെടുത്തു.  പക്ഷെ വലിയ വെല്ലുവിളികള്‍ പിന്നെയുമേറെ കാത്തിരിക്കുന്നുണ്ടായിരുന്നു. ബ്രക്സിറ്റ് തീരുമാനങ്ങള്‍ വീറ്റോ ചെയ്യാൻ പാർലമെന്റിന് അധികാരം നൽകാനുള്ള പ്രഭുസഭയുടെ തീരുമാനം പ്രധാനമന്ത്രിക്ക് തലവേദനായായി. വീണ്ടംു ജനഹിത പരിശോധന നടത്തണമെന്ന ആവശ്യവുമായി സ്കോട്്ലന്‍ഡ് അലോസരമുണ്ടാക്കിക്കൊണ്ടേയിരുന്നു. ഇതെല്ലാം മറികടന്ന് 2017 മാര്‍ച്ചില്‍ ബ്രെക്സിറ്റ് നടപടികള്‍ ഔദ്യോഗികമായു തുടങ്ങി. കടുത്ത വ്യവസ്ഥകളോടെയുള്ള ബ്രെക്സിറ്റ് നടപ്പാക്കാൻ അധികാരം തേടി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെരേസ മേയെ കാത്തിരുന്നത് കനത്ത തിരിച്ചടിയായിരുന്നു.  

ജെറിമി കോർബിൻ നയിച്ച ലേബർപാർട്ടി മികച്ച പ്രകടനം നടത്തി കൂടുതല്‍ കരുത്തുറ്റ പ്രതിപക്ഷമായി. രാഷ്ട്രീയമായി ദുർബലയായ മെയ് ഉത്തര അയര്‍ലന്ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുമായി ചേര്‍ന്ന് ഭരിക്കേണ്ട ഗതികേടിലുമായി. എല്ലാ ബ്രെക്സിറ്റ് നടപടികളും പാർലമെന്റിന്റെ അനുമതിക്കു വിധേയമായിരിക്കണമെന്നു നിർദേശിക്കുന്ന, ഭേദഗതി സ്വന്തം പാർട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷവും ചേര്‍ന്ന് പാസ്ക്കുന്നതിനും അവര്‍ക്ക് സാക്ഷിയാവേണ്ടി വന്നു. എന്നാല്‍ ഇതെല്ലാം മറികടന്നും നടപടികളുമായി മുന്നോട്ടു പോകാൻതന്നെയായിരുന്നു മേയുടെ തീരുമാനം. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റത്തിൽ ആവശ്യത്തിലേറെ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടാണു പ്രധാനമന്ത്രിയുടേതെന്ന് ആരോപിച്ച് ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും വിദേശകാര്യ മന്ത്രി ബോറിസ് ജോൺസനും രാജിവച്ചതോടെ രാഷ്ട്രീയാന്തരീക്ഷം കൂടുതല്‍ കലുഷിതമായി. ഇപ്പോഴിതാ നാല് മന്ത്രിമാര്‍ കൂടി പ്രധാനമന്ത്രിയോട് തെറ്റിപ്പിരിഞ്ഞിരിക്കുന്നു.  

ഈ നിലയില്‍ കരട് രേഖയ്ക്ക് എങ്ങനെ പാര്‍ലമെന്‍റിന്‍റെ അംഗീകാരം നേടുമെന്ന് കണ്ടുതന്നെ അറിയണം. പ്രതിപക്ഷത്തുനിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിക്കുള്ളിലും മെയ്ക്കെതിരെയുള്ള നീക്കം സജീവമാവുകയാണ്. നേതൃമാറ്റം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നു. എന്നാല്‍ ഇപ്പോഴുള്ള നേതൃമാറ്റം ബ്രെക്സിറ്റ് കൂടതല്‍ സങ്കീര്‍ണമാക്കുകയേ ഉള്ളൂ എന്നാണ് തെരേസ മെയുടെ ന്യായീകരണംവരുന്ന ഞായറാഴ്ച ബ്രസല്‍സിലെ നേതാക്കളെ കാണുമ്പോള്‍ സ്വന്തം നാട്ടിലുള്ളവരുടെ പിന്തുണ മെയ്ക്കുണ്ടാവുമോ എന്നത് പ്രധാനമാണ്. ബ്രിട്ടിഷ് പാര്‍ലമെന്‍റിന്‍റെ പിന്തുണയില്ലാത്ത പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താല്‍ താല്‍പര്യമില്ലെന്ന് ബ്രസല്‍സും പറഞ്ഞുവയ്ക്കുന്നുണ്ട്. ഞായറാഴ്ച തെരേസ മെയ് പ്രധാനമന്ത്രിയായിരിക്കുമോ എന്നതില്‍ തന്നെ ഉറപ്പില്ലെന്ന് പറയുന്നവരുമുണ്ട്. 

MORE IN LOKA KARYAM
SHOW MORE