വേണ്ട, ഇനിയൊരു യുദ്ധം; ചോരയുടെ ചരിത്രം പറയുന്നത്

history-ww1
SHARE

ചരിത്രം പലപ്പോഴും ഒാര്‍മപ്പെടുത്തലുകള്‍ മാത്രമല്ല മുന്നറിയിപ്പുകള്‍ കൂടിയാണ്. ലോക ചരിത്രത്തിലെ ഒരു കറുത്ത അധ്യായത്തിന്‍റെ ഓര്‍മപ്പെടുത്തല്‍.  സംരക്ഷണവാദവും സംഘര്‍ഷങ്ങളും നിറഞ്ഞ വര്‍ത്തമാനകാല ലോകരാഷ്ട്രീയത്തിന് ചില മുന്നറിയിപ്പുകള്‍ കൂടി നല്കുന്നതായി. ഒന്നാം ലോകയുദ്ധം അവസാനിച്ചതിന്‍റെ നൂറാം വാര്‍ഷികത്തില്‍ യുദ്ധത്തില്‍ ജീവത്യാഗം ചെയ്ത സൈനികരെ ലോകരാഷ്ട്രങ്ങള്‍ അനുസ്മരിച്ചു. ആദ്യം ലോകയുദ്ധചരിത്രം ചുരുക്കത്തില്‍. 

1918 നവംബർ 11 നു പാരിസില്‍ മുഴങ്ങിയ ബ്യൂഗിള്‍ ശബ്ദം മനുഷ്യരാശിയുടെ നാലുവര്‍ഷം നീണ്ട മഹാദുരിതങ്ങള്‍ക്ക് വിരാമമിടുന്നതായിരുന്നു.  സഖ്യകക്ഷികളും  ജര്‍മനിയും തമ്മില്‍ നടത്തിവന്ന കര, നാവിക, വ്യോമ തലത്തിലുള്ള പോരാട്ടം അവസാനിപ്പിച്ചു. പിന്നീട്  ഫ്രാൻസിലെ വെഴ്‌സായ് കൊട്ടാരത്തിൽവച്ച് 1919 ജൂൺ 28നു  ഒപ്പിട്ട ഉടമ്പടിയിലൂടെ ഒന്നാം ലോക യുദ്ധം അവസാനിച്ചു. ഇരു ഭാഗങ്ങളിലുമായി ഏഴുകോടി സൈനികരാണ് ഒന്നാം ലോകയുദ്ധത്തില്‍ അണിനിരന്നത്.  

ഒരുകോടിയോളം പട്ടാളക്കാർ മരണമടഞ്ഞു. മൂന്നു കോടിയിലേറെ പേർക്കു പരുക്കേറ്റു. ശാസ്‌ത്രത്തിന്റെ സകല നേട്ടങ്ങളും നരഹത്യയ്‌ക്കും നശീകരണത്തിനുമായി ആദ്യമായി ഉപയോഗപ്പെടുത്തപ്പെട്ടു.. യൂറോപ്പാണ് ലോകയുദ്ധത്തിന്‍റെ ഓര്‍മകള്‍ ഏറെയും പേറുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെതന്നെ യൂറോപ്പിൽ വ്യാപകമായ അന്ത:സംഘർഷങ്ങളുടെ തുടർചിത്രമായിരുന്നു ആദ്യ ലോകയുദ്ധത്തിനു വഴിയൊരുക്കിയത്. ജർമ്മനിയുടെ അസാധാരണമായ വളർച്ച സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരെന്ന് അഹങ്കരിച്ചിരുന്ന ബ്രിട്ടനെ അസ്വസ്‌ഥരമാക്കിയിരുന്നു.  റഷ്യയെയും ഫ്രാന്‍സിനെയും കൂട്ടുപിടിച്ച് ബ്രിട്ടനും ഇറ്റലി-ഓസ്‌ട്രിയ, ഹംഗറി തുടങ്ങിയവരുമായി ചേര്‍ന്ന് ജര്‍മനിയും ശക്തിയുറപ്പിച്ച് കാത്തിരുന്നു. ഹംഗറിയുടെ കിരീടാവകാശി ആർച്ച് ഡ്യൂക്ക് ഫെർഡിനാൻഡും ഭാര്യയും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഓസ്‌ട്രിയ- ഹംഗറി സെർബിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ഇരു ചേരികളും രണ്ടായി തിരിഞ്ഞ് യുദ്ധം തുടങ്ങി. 

യുദ്ധം ലോകത്തിന് സമ്മാനിച്ചത് തീരാദുരിതങ്ങളാണ്. പട്ടിണിയും പകർച്ചവ്യാധികളും മൂലം ലക്ഷക്കണക്കിന് ആളുകൾ മരണമടഞ്ഞു. നഗരങ്ങൾ ശവപ്പറമ്പുകളായി. ഫാക്‌ടറികളും വ്യവസായ സ്‌ഥാപനങ്ങളും കത്തിയമർന്നു. കെട്ടിടങ്ങളും പാലങ്ങളും റോഡുകളുമെല്ലാം വ്യപകമായി തകർക്കപ്പെട്ടു. കാർഷികരംഗം തകർന്നു. പട്ടിണിയും തൊഴിലില്ലായ്‌മയും രൂക്ഷമായി. എല്ലാ രാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്‌ഥ തകർന്നു തരിപ്പണമായി. ബ്രിട്ടിഷ് കോളനിയായിരുന്ന ഇന്ത്യയ്ക് ്നഷ്ടമായത് 90,000 സൈനികരെയാണ്. യുദ്ധത്തിന്‍റെ അവസാനം ജര്‍മന്‍ സാമ്രാജ്യത്തിന്‍റെ പതനംകൂടിയായിരുന്നു. യുദ്ധക്കുറ്റം' ഏറ്റെടുക്കേണ്ടി വന്ന ജർമനിയുടെ ഭൂപ്രദേശത്തിന്റെ പത്തിലൊരു ഭാഗവും ജർമനി കയ്യടക്കിയ വിദേശകോളനികളും സഖ്യകക്ഷികൾ വീതിച്ചെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിനുള്ള വഴി മരുന്നിട്ടുകൊണ്ടാണ് ഒന്നാം ലോകയുദ്ധം അവസാനിച്ചെതെന്ന് പറയാം.

ശാശ്വതസമാധാനം എന്ന സന്ദേശവുമായാണ് രാഷ്ട്രത്തലവന്‍മാര്‍ പാരിസില്‍ ഒത്തുകൂടിയത്. ദേശീയത ദേശഭക്തിയോടുള്ള വഞ്ചനയാണെന്ന് ഡോണള്‍ഡ് ട്രംപിനെയും വ്ലാഡിമിര്‍ പുടിിെയും സാക്ഷിയാക്കിപ്പറഞ്ഞ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോ സംരക്ഷണവാദത്തിനെതിരെ ആഞ്ഞടിച്ചു. പരസ്പര വിശ്വാസം ഉൗട്ടിയുറപ്പിക്കുന്ന രാജ്യാന്തര വേദികളുടെ പ്രാധാന്യവും ഉൗന്നിപ്പറഞ്ഞു ആതിഥേയന്‍.

മഞ്ഞുമൂടിയ പാരിസ് നഗരത്തില്‍ മഴയും പെയ്തെങ്കിലും യുദ്ധവീരന്‍മാരുടെ അനുസ്മരണം പ്രൗഢ ഗംഭീരമായി.  പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയും ഭാര്യ ബ്രിജിത്തും ചേര്‍ന്ന് രാഷ്ട്രത്തലവന്‍മാരെ സ്വീകരിച്ചു.   വ്യത്യസ്ത വിമാനങ്ങളില് പാരിസിലിറങ്ങിയ ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും അനുസ്മരണ വേദിയില്‍ ഒന്നിച്ചെത്തി. വരുന്ന വഴിയില്‍ ട്രംപിന്‍റെ വാഹനത്തിനു നേരെ അര്‍ധനഗ്നരായ യുവതികളുടെ പ്രതിഷേധവുമുണ്ടായി. യുദ്ധത്തില്‍ പങ്കാളികളായ രാജ്യങ്ങളുടെ രാഷ്ട്രത്തവന്‍മാരോ അവരുടെ പ്രതിനിധികളോ ഒന്നൊന്നായി വേദിയിലേക്ക്. ഒടുവില്‍ പതിനൊന്നാം മാസത്തിലെ  പതിനൊന്നാം ദിവസത്തിലെ  പതിനൊന്നാം മണിക്കൂറിലെ സമാധാനപ്പിറവിയുടെ ഓര്‍മയില്‍ ദേവാലയ മണികള്‍ മുഴങ്ങി. 

ദേശീയത ദേശഭക്തിക്ക് വിരുദ്ധമാണെന്ന് നേതാക്കളെ അഭിസംബോധന ചെയ്ത ഇമ്മാനുവല്‍ മക്രോ പറഞ്ഞു. അത് യഥാര്‍ഥ ദേശഭക്തിയെ വഞ്ചിക്കലാണ്. ഞങ്ങളുടെ കാര്യം ആദ്യം ,മറ്റുള്ളവര്‍ എന്തുമാകട്ടെയെന്ന് കരുതുന്നവര്‍ നശിപ്പിക്കുന്നത് ആ രാജ്യത്തിന്‍റെ പരമ്പരാഗത മൂല്യങ്ങളെയാണ്. ഡോണള്‍ഡ് ട്രംപിനെ സാക്ഷിയാക്കി മക്രോ ആഞ്ഞടിച്ചു.  സംരക്ഷണവാദത്തിന്‍റെ വക്താവും യുഎന്‍ അടക്കമുള്ള രാജ്യാന്തരവേദികളെ തള്ളിപ്പറയുന്നയാളുമായ ഡോണള്‍ഡ് ട്രംപിനെ ലക്ഷ്യമിട്ടു തന്നെയായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വാക്കുകള്‍.  

1918ല്‍ എല്ലാ യുദ്ധങ്ങളുടെയും അവസാനമാകണമെന്ന വാക്കുമായി ഒന്നാം ലോകയുദ്ധം അവസാനിച്ചിട്ടും ഹിറ്റ്്ലറുടെ അതിദേശീയത ലോകത്തെ എങ്ങനെ രണ്ടാം യുദ്ധത്തിലേക്ക് തള്ളിവിട്ടു എന്നതാണ് മക്രോ പറഞ്ഞുവച്ചത്. പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ ട്രംപ് നയത്തെ കുത്തി ലോകെ ഒറ്റക്കെട്ടായി നേരിടേണ്ട വിപത്തുകള്‍ അക്കമിട്ടു പറഞ്ഞ മക്രോ കാലാവസ്ഥാവ്യതിയാനവും അതില്‍ ഉള്‍പ്പെടുത്തി. 

മക്രോയുടെ പ്രസംഗത്തെ ട്രംപ് പിന്നീട് ട്വിറ്ററിലൂടെ വിമര്‍ശിച്ചു. രാജ്യാന്തര ഐക്യത്തിനുള്ള ഒത്തു ചേരലിലും ഒറ്റയാനായി നില്‍ക്കാനായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന് താല്‍പര്യം. കൊല്ലപ്പെട്ട യുഎസ്    സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സെമിത്തേരി സന്ദര്‍ശനത്തില്‍ നിന്ന് മഴയാണെന്ന കാരണത്താല്‍ ട്രംപ് പിന്‍മാറിയതും വിമര്‍ശനങ്ങളുയര്‍ത്തി. തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ നിന്ന് ഒരു മഴയും ഈ ധീരന്‍മാരെ പിന്തിരിപ്പിച്ചിരുന്നില്ലെന്ന് ബ്രിട്ടിഷ് പ്രതിരോധമന്ത്രി തോബിയാസ് ഏള്‍വുഡ്  ട്വിറ്ററില്‍ കുറിച്ചു.  അതേസമയം ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള ബന്ധം ഉൗഷ്മളമാകുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇമ്മാനുവല്‍ മക്രോയുടെയും അംഗല മെര്‍ക്കലിന്‍റെയും നീക്കങ്ങള്‍. 

അനുസ്മരണ ചടങ്ങിന് പിന്നാലെ നടന്ന സമാധാനസമ്മേളനത്തില്‍ വ്ലാഡിമിര്‍ പുടിനും തയിപ് എര്‍ദോഗനുമുള്‍പ്പടെ 80 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തപ്പോള്‍ ഡോണള്‍ഡ് ട്രംപ് വാഷിങ്ടണിലേക്ക് മടങ്ങി.പാരിസിലെ ചടങ്ങിന് പുറമെ വിവിധ ലോകരാജ്യങ്ങള്‍ സ്വനതം നിലയ്ക്കും ലോകയുദ്ധത്തിന്‍റെ രക്തസാക്ഷികളെ അനുസ്മരിച്ചു. 

MORE IN LOKA KARYAM
SHOW MORE