ഉരുക്കുവനിത പടിയിറങ്ങുന്നു; കൊടുങ്കാറ്റിലും പിടിച്ചുനിന്ന നായിക

angela-merkel
SHARE

2018ലെ ഫോബ്സ് പട്ടികയിൽ ലോകത്തിലെ ഏറ്റവും പ്രബലരായ 10 പേരിൽ നാലാം സ്ഥാനത്താണ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. വനിതകളില്‍ ഒന്നാം സ്ഥാനത്താണ് ജര്‍മനിയുടെ ഉരുക്കുവനിത. യൂറോപ്പിൽ, വീശിയടിച്ച കൊടുങ്കാറ്റുകൾക്കിടയിൽ  പിടിച്ചുനിന്ന മെര്‍ക്കല്‍  വനിതാനേതാക്കള്‍ക്ക് എന്നും പ്രചോദനമാണ്.  യൂറോപ്പിലെ ഏറ്റവും ശക്തയായ നേതാവ് രാഷ്ട്രീയത്തോട് വിടപറയുകയാണ്. അംഗലമെര്‍ക്കലിന്‍റെ പിന്‍മാഗിയാകാന്‍ യോഗ്യതയുള്ള ആരുണ്ട് ജര്‍മനിയില്‍ ?

വര്‍ഷങ്ങളായി ഒരേ ശൈലിയിലുള്ള വസ്ത്രധാരണമാണ്  ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്. അതിനു പിന്നിലൊരു കഥയുണ്ട്.  ക്വാണ്ടം കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ മെര്‍ക്കല്‍ 1989 ലാണ് ശാസ്ത്രം വിട്ട് രാഷ്ട്രീയം പ്രവര്‍ത്തനമേഖലയാക്കുന്നത്.  രാഷ്ട്രീയത്തിലേക്ക്  കൈപിടിച്ചുകയറ്റിയ ഹെല്‍മുട്ട് കോള്‍ മെര്‍ക്കലിനെ വനിതാമന്ത്രിയായി പ്രഖ്യാപിച്ചത് കൊച്ചുപെണ്‍കുട്ടി എന്നുവിശേഷിപ്പിച്ചാണ്. ചെറുപ്പക്കാരിയായ മന്ത്രി  പ്രസംഗിക്കുമ്പോള്‍ വാക്കുകളേക്കാള്‍ തന്‍റെ വസ്ത്രധാരണത്തിലും ഷൂസിലുമാണ് കേള്‍വിക്കാരുടെ ശ്രദ്ധ എന്നു തോന്നി മെര്‍ക്കലിന്. ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും മിടുക്കിയായിരുന്ന അവര്‍ക്കത് ഇഷ്ടമായില്ല. അന്നുമുതല്‍ സ്യൂട്ടും ഷൂസും സ്ഥിരമാക്കി.  പെണ്‍കുട്ടിയെന്ന് ചെറുതാക്കിയ രാഷ്ട്രീയ ഗുരു ഹെല്‍മുട്ട് കോളിനും പിന്നീട് തിരുത്തേണ്ടിവന്നു.  സാമ്പത്തികവിവാദത്തിന്റെ പേരില്‍ കോളിനെ മെര്‍ക്കല്‍ തള്ളിപ്പറഞ്ഞു. രാഷ്ട്രീയ പിതൃഹത്യയെന്നാണ്‌ ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെങ്കിലും മെര്‍ക്കലിന്റെ ഉയര്‍ച്ചയുടെ പടവുകള്‍ അവിടെ തുടങ്ങുന്നു.

ലോകശ്രദ്ധയാകര്‍ഷിച്ച വിഷയങ്ങളില്‍ സ്വന്തം നിലപാടുകള്‍ക്കായി ശക്തമായി നിലകൊണ്ടാണ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ലോകനേതാക്കളുടെ മുന്‍നിരയില്‍ സ്വന്തംപേര് അടയാളപ്പെടുത്തിയത്. യൂറോപ്പിലെ ഏറ്റവും സമ്പന്നമായ ഭരണകൂടത്തിന്‍റെ തലപ്പത്തേക്ക്  നാലുതവണ  തിരഞ്ഞെടുക്കപ്പെടാന്‍ തക്കവിധം സ്വാധീനമുണ്ടായിരുന്നു അവര്‍ക്ക്.   1989 ലാണ് രാഷ്ട്രീയത്തിലെത്തിയ മെര്‍ക്കല്‍ 2005ല്‍  ജര്‍മനിയുടെ ആദ്യവനിതാ ചാന്‍സലര്‍ ആയി സ്ഥാനമേറ്റു.  13 വര്‍ഷമായി യൂറോപ്പില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് അംഗല മെര്‍ക്കല്‍. അമേരിക്കന്‍ പ്രസിഡന്‍റായി ചുമതലയേറ്റ ട്രംപിന് രാജ്യാന്തരതലത്തില്‍ കരുത്തുറ്റവിമര്‍ശകയായിരുന്നു മെര്‍ക്കല്‍. ട്രംപിനെയും പുടിനെയും പോലെ ശക്തരായ നേതാക്കളോടുള്ള എതിര്‍പ്പ് ഒരിക്കലും മറച്ചുവച്ചില്ല . പൊതുചടങ്ങില്‍ ട്രംപിന് ഹസ്തദാനം ചെയ്യാന്‍ പോലും ഒരിക്കല്‍ വിസമ്മതിച്ചു.  മെര്‍ക്കലിന്‍റെ നായപ്പേടി നന്നായി അറിയാവുന്ന റഷ്യന്‍ പ്രസിഡന്‍റ്, മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയില്‍ ലാബ്രഡോറുമായെത്തി. പുരുഷത്വം തെളിയിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റിന് നായയെ കൊണ്ടുവരേണ്ടി      വന്നുവെന്ന് മെര്‍ക്കല്‍ തിരിച്ചിടിച്ചു.     

 തീവ്രവലതു നിലപാടുകാര്‍ ഏറിവരികയാണ് യൂറോപ്പില്‍. അംഗലയുടെ നേതൃത്വം അവസാനിക്കുന്നതില്‍ ആശ്വസിക്കുന്നതും അവര്‍ തന്നെ.   കുടിയേറ്റ വിരുദ്ധ, തീവ്രദേശീയ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ജനങ്ങളിലേക്കെത്തിക്കാനുമുള്ള ശ്രമങ്ങള്‍ ഫലംകണ്ടുതുടങ്ങിയിരിക്കുന്നു. അതിന്‍റെ  സൂചനയാണ് കഴിഞ്ഞ  തിരഞ്ഞെടുപ്പിലും കണ്ടത്.  പാര്‍ട്ടിക്ക്  തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം തന്നെയാണ് അപ്രതീക്ഷിതമായി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കാന്‍ മെര്‍ക്കലിനെ പ്രേരിപ്പിച്ചത്. സ്വന്തം പാര്‍ട്ടിയായ  ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍റെ ഡിസംബറിലെ കോണ്‍ഫറന്‍സില്‍ അധ്യക്ഷസ്ഥാനത്ത് അംഗല മെര്‍ക്കലുണ്ടാവില്ല. 2021 ല്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല . മെര്‍ക്കലിന്‍റെ നേതൃത്വത്തിലുള്ള മുന്നണിസര്‍ക്കാരിന് ജര്‍മനിയില്‍ അതിവേഗം സ്വാധീനം നഷ്ടമാകുന്ന സാഹചര്യത്തില്‍ അതിലും നേരത്തെയും ചിലപ്പോള്‍ പടിയിറങ്ങേണ്ടിവരാം.

അംഗലയുടെ നിലപാടുകള്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടത് കുടിയേറ്റവുമായി ബന്ധപ്പെട്ടാണ്. അഭയാര്‍ഥികള്‍ക്കായി ജര്‍മനിയുടെ വാതിലുകള്‍ തുറന്നിട്ട മെര്‍ക്കല്‍ ഒരേസമയം രാജ്യാന്തരതലത്തില്‍ കയ്യടിയും സ്വന്തം നാട്ടില്‍ വിമര്‍ശനവും നേരിട്ടു. ഒരുമില്യണ്‍ കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയ മെര്‍ക്കല്‍ രാജ്യത്തിന്‍റെ  അതിര്‍ത്തികള്‍   ദുര്‍ബലപ്പെടുത്തിയെന്നായിരുന്നു വിമര്‍ശകരുടെ വാദം. കുടിയേറ്റക്കാരോടുള്ള അനുഭാവപൂര്‍വമായ നടപടികള്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടുമെന്നുവരെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ലിംഗസമത്വത്തിനു വേണ്ടി ശക്തമായി വാദിച്ചിരുന്ന മെര്‍ക്കല്‍   സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരുടെ വിവാഹത്തിന് നിയമസാധുത നല്‍കുന്ന ബില്ലിന് നിഷേധ വോട്ട് നല്‍കിയത് എല്ലാവരെയും നടപടികളെ ഞെട്ടിച്ചു.  താന്‍ സാക്ഷിയായത് ചരിത്രനിമിഷത്തിനാണെങ്കിലും സ്വവര്‍ഗ വിവാഹങ്ങള്‍ മൂല്യങ്ങള്‍ക്കും കുട്ടികളുടെ ക്ഷേമത്തിനുമെതിരാണെന്നുമായിരുന്നു അവരുടെ നിലപാട്.  

മെര്‍ക്കലിന്‍റെ പിന്‍ഗാമികളായി ജര്‍മന്‍ ചാന്‍സലര്‍ പദവിലേക്ക് മൂന്നുപേരുകളാണ് ഉയര്‍ന്നുവരുന്നത്. നീണ്ടകാലമായി പാര്‍ട്ടിക്കുള്ളിലെ മെര്‍ക്കലിന്‍റെ  ശത്രു ഫ്രെഡറിക് മെര്‍സ്. തീവ്രനിലപാടുകളാരനായ ഫ്രെഡറിക്ക് രണ്ടായിരത്തില്‍ മെര്‍ക്കല്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ പ്രഭ മങ്ങിപ്പോയ നേതാവാണ്. . അന്നെഗ്രെറ്റ് കരെൻബൊവര്‍ ആണ് അടുത്തയാള്‍. പാര്‍ട്ടി സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മെര്‍ക്കല്‍ തന്നെ നിര്‍ദേശിച്ചതാണ് കരെന്‍ബോവറിന്‍റെ പേര്.  മെർക്കലിന്റെ വിശ്വസ്ത അനുയായിയായ ഇവരെ 'മിനി മെർക്കൽ' എന്നാണു മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.   മെര്‍ക്കലിന്‍റെ നിലപാടുകളോട് യോജിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിലടക്കം പാര്‍ട്ടിയുടെ യാഥാസ്ഥിതികമുഖം നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കൃത്യമായി ബോധ്യമുണ്ട് ഇവര്‍ക്ക് . ജര്‍മന്‍ ചാന്‍സലെറന്നാല്‍ ആഭ്യന്തരം അംഗീകാരം മാത്രം പോര, മെര്‍ക്കലിനെപ്പോലെ പ്രസക്തമായ ഒരു രാജ്യാന്തരമുഖത്തിന്  പകരം വയ്ക്കാന്‍ ഇവരില്‍ ആര്‍ക്കു സാധീക്കും എന്നതാണ് ഇനിയുള്ള ചോദ്യം.

MORE IN LOKA KARYAM
SHOW MORE