മീ ടൂ ‘തിരഞ്ഞെത്തി’ ഗൂഗിളിനെയും

google
SHARE

ആഗോള പെണ്‍മയുടെ തുറന്നുപറച്ചിലുകള്‍ക്കു കരുത്തായ മീറ്റൂ മുന്നേറ്റം ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ലൈംഗികാരോപണങ്ങളില്‍പ്പെട്ട വന്‍മരങ്ങള്‍            കടപുഴകി വീഴുകയാണ്. ഏറ്റവുമൊടുവില്‍‌ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളും ലൈംഗികാരോപണങ്ങള്‍ മറച്ചുവച്ചതിന്റെ പേരില്‍ തിരിച്ചടികള്‍ നേരിട്ടു. ഇരയെ ഒറ്റപ്പെടുത്തുകയും വേട്ടക്കാര്‍ക്ക് വന്‍തുകനല്‍കി മാന്യമായ പിരിഞ്ഞുപോകലിന് വേദിയൊരുക്കുകയും ചെയ്യുന്ന കമ്പനിയുടെ നിലപാടില്‍‌ പ്രതിഷേധിച്ച് ജീവനക്കാര്‍ ഒന്നടങ്കം തെരുവിലറങ്ങിയിരിക്കുകയാണ്

ആന്‍ഡി റൂബിന്‍. കോടിക്കണക്കിനാളുകള്‍ അനുദിനം ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള മൊബൈല്‍ ഓപ്രേറ്റിങ്  സിസ്റ്റം ആന്‍ഡ്രോയിഡിന്റെ സൃഷ്ടാവ്. റോബോര്‍ട്ടിക്സ് ഗവേണങ്ങളിലും ആര്‍ടിഫിഷ്യല്‍ ഇന്റജന്‍സ് സാങ്കേതികവിദ്യയിലും അഗ്രഗണ്യന്‍.

റൂബിന്റെ ബുദ്ധിശക്തി ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചത് ഗൂഗിളാണ്. 2005ല്‍ ഗൂഗിളുമായി ചേര്‍ന്നാണ് ആന്‍ഡ്രോയിഡ് എന്ന് വിപ്ലവം സൃഷ്ടിച്ച സാങ്കേതിക വിദ്യ റൂബിന്‍ വികസിപ്പിച്ചെടുത്തത്. 9 വര്‍ഷത്തെ സേവനത്തിനൊടുവില്‍ 2014 ഒക്ടോബറില്‍ റൂബിന്‍ ഗൂഗിളിനോട് വിടപറ​ഞ്ഞപ്പോള്‍ കമ്പനിയുടെ ചരിത്രത്തിലെ  ഏറ്റവും മികച്ച വിരമിക്കല്‍ തുക നല്‍കിയാണ് റൂബിന് ഗൂഗിള്‍ യാത്രയയപ്പ് നല്‍കിയത്.

ഏകദേശം 660 കോടി രൂപ. അന്ന് ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. 'ആന്‍ഡി റൂബിന് എല്ലാവിധ ആശംസകളും നല്‍കുന്നു. തുടങ്ങാന്‍ പോകുന്ന പുതിയ സംരംഭം വന്‍ വിജയമായി തീരട്ടെ' എന്നാല്‍ റൂബിന്‍ ഗൂഗിളില്‍ നിന്ന് സ്വയം പിരിഞ്ഞു പോയതല്ല. റൂബിനെ ഗൂഗിള്‍ പുറത്താക്കുകയായിരുന്നു. ‌വര്‍ങ്ങള്‍ക്കിപ്പുറം ആ പുറത്താക്കല്‍ രഹസ്യം വെളിച്ചത്തുവന്നു. 

'HOW GOOGLE PROTECTED ANDY RUBIN 'THE FATHER OF ANDROID' എന്ന തലക്കെട്ടില്‍ ഒക്ടോബര്‍ 25ന് ന്യൂയോര്‍ക്ക് ടൈംസ് പൊട്ടിച്ച ബോംബാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്.

ഗുഗിളിലെ ജീവനക്കാരി ഉന്നയിച്ച ഗുരുതരമായ ലൈഗിക ആരോപണത്തെ തുടര്‍ന്നാണ് റൂബിനെ കമ്പനി പുറത്താക്കിയത്.  2013ല്‍ ഹോട്ടല്‍ മുറിയില്‍വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നായിരുന്നു ജീവനക്കാരിയുടെ പരാതി. ഗൂഗിള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് സത്യമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ലാറി പേജ് നേരിട്ടുതന്നെ റുബിനോട് രാജി ആവശ്യപ്പെടുകയായിരിന്നു. എന്നാല്‍ ഇതനിനപ്പുറം നിയപരമായ നടപടികളിലേക്ക് നീങ്ങാന്‍ കമ്പനി തയ്യാറായില്ല. ഒപ്പം റൂബിന്‍ സ്വയം പിരിഞ്ഞുപോവുകയായിരുന്നു എന്ന് വരുത്തിതീര്‍ക്കാന്‍ വന്‍ പാക്കേജും പ്രഖ്യാപിച്ചു.

റൂബിന്‍ മാത്രമായിരുന്നില്ല ഗുഗിളിലെ വേട്ടക്കാരന്‍. ലൈഗികാരോപണം നേരിട്ട മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് ഗുഗിള്‍ വര്‍ഷങ്ങളോളം സംരക്ഷിച്ചത്.  കോടതി രേഖകളും അഭിമുഖങ്ങളുമെല്ലാം തെളിവാക്കിവച്ച് ഇവരുടെ വിവരങ്ങളും ന്യുയോര്‍ക്ക് ടൈംസ് പുറത്തുവിട്ടു. 

കാര്യങ്ങള്‍ കൈവിട്ടതോടെ വിശദീകരണവുമായി എത്തിയ ഗൂഗിള്‍ സി.ഇ.ഒ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന രഹസ്യമായിരുന്നു. 13 സീനിയർ ഉദ്യോഗസ്ഥരെയടക്കം 48 ജീവനക്കാരെ 2 വർഷത്തിനിടെ ഗൂഗിള്‍ പുറത്താക്കിയിട്ടുണ്ട്. എല്ലാം സഹപ്രവര്‍ത്തകരില്‍ നിന്ന് ഉയര്‍ന്ന ലൈംഗികാരോപണങ്ങളെ തുടര്‍ന്നുതന്നെ. സുന്ദര്‍പിച്ചെയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്നുവരെ കാണാത്ത അത്ര നാടകീയമായ രംഗങ്ങളാണ് ഗൂഗിളില്‍ അരങ്ങേറിയത്. 

ചരിത്രത്തില്‍ ആദ്യമായി ജീവനക്കാര്‍ ഒന്നടംങ്കം ഓഫിസ് ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു. അസാധാരണമായ പ്രതിഷേധം ആദ്യം തുടങ്ങിയത് ഗൂഗിളിന്റെ സിംഗപ്പൂര്‍ ഓഫിസിലായിരുന്നു. രാവിലെ 11 മണിയോടെ ജീവനക്കാര്‍ ജോലിബഹിഷ്ക്കരിച്ച് പുറത്തിങ്ങി.  തുടര്‍ന്ന് ലണ്ടന്‍ സൂറിച്ച്, ടോക്കിയോ, ബര്‍ളിന്‍, ന്യൂയോര്‍ക്ക് തുടങ്ങി ഗൂഗിളിന്റെ ലോകമെമ്പാടുമുള്ള ഓഫിസുകള്‍ ജീവനക്കാരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു.

കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗളി‍ന്റെ ആസ്ഥാനത്തായിരുന്നു ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ പങ്കെടുത്ത പ്രതിഷേധം.അണിനിരന്നവരിര്‍ ഭൂരിഭാഗവും വനിതാ ജീവനക്കാരായിരുന്നു. ഗൂഗിള്‍ ഒളിച്ചുകളി നിര്‍ത്തണമെന്ന് ഒറ്റസ്വരത്തില്‍ പറയുന്ന ജീവനക്കാര്‍ ലൈഗികാരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കമ്പനി സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരണം എന്ന് ആവശ്യപ്പെടുന്നു. 

ഇരുചെവി അറിയാതെ കമ്പനിക്കുള്ളില്‍തന്നെ നടത്തുന്ന ഒത്തുതീര്‍പ്പുകള്‍ പൂര്‍ണമായും ഒഴിവാക്കണം. ആരോപണം നേരിടുന്ന ജീവനക്കാരെ പണം കൊടുത്ത് പറഞ്ഞുവിടരുത്. നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കണം. ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

പ്രതിഷേധങ്ങള്‍ മനസിലാക്കുന്നുവെന്നും  കമ്പനിയില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചേ ട്വിറ്റ് ചെയ്തു. തൊട്ടടുത്ത ദിവസം ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റില്‍ നിന്ന് ഡയറക്ടര്‍ റിച്ചാര്‍ഡ് ഡെവാള്‍   രാജിവച്ചു. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട വാര്‍ത്തയില്‍ ഡെവാള്‍ ഇടം പിടിച്ചിരുന്നു.

ഗൂഗിളില്‍ ജോലിചെയ്ത് തുടങ്ങിയ വനിതയെ നെവാഡയില്‍ നടന്ന ആഘോഷത്തിനിടെ മാനഭംഗപ്പെടുത്തി എന്നായിരുന്നു ആരോപണം...എന്തായാലും.. തുറന്നുപറച്ചിലുകള്‍ കരുത്താര്‍ജിച്ച കാലത്ത് സ്ത്രീവിരുദ്ധനിലപാടുകളുമായി മുന്നോട്ട് എത്ര സ്വാധീനമുള്ള വ്യക്തിയാണെങ്കിലും സ്ഥാപനമാണെങ്കിലും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നതിന് ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഗൂഗിള്‍. 

MORE IN LOKA KARYAM
SHOW MORE