ത‌ീരാത്ത വിദ്വേഷം; ഇക്കുറി ഇര ജൂതര്‍

jew-killing
SHARE

വിദ്വേഷ രാഷ്ട്രീയം പാരമ്യത്തിലെത്തിയിരിക്കുന്നു അമേരിക്കയിൽ. വ്യത്യസ്ത രാഷ്ട്രീയമോ മതവിശ്വാസമോ വച്ചു പൊറുപ്പിക്കില്ലെന്നു തീരുമാനിച്ചുറപ്പിച്ച ഒരു കൂട്ടർ ആയുധമെടുത്തിറങ്ങുമ്പോൾ ഭരണകൂടം കാഴ്ചക്കാരാകുന്നു. ഈ വിദ്വേഷ രാഷ്ട്രീയത്തിന് ഇരകളാകുന്നതോ പലപ്പോഴും നിരപരാധികളും.

പിറ്റ്സ്ബർഗിലെ ട്രീ ഓഫ് ലൈഫ് സിനഗോഗ്. പോയ ശനിയാഴ്ച ഒരു സാധാരണ സാബത്്ദിനമായിരുന്നു ഈ ജൂത ആരാധനാലയത്തിന്. പ്രാർഥനക്കെത്തിയവരിൽ നല്ല പങ്കും മുതിർന്ന അംഗങ്ങളായിരുന്നു. അപ്രതീക്ഷിതമായാണ് അന്തരീക്ഷം മാറിയത്. എ കെ 47 ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി സിനഗോഗിലേക്ക് കടന്നു വന്ന അപരിചിതൻ തുരുതുരാ വെടിയുതിർത്തു. എന്താണ് സംഭവിക്കുന്നതെന്ന് പോലും പലർക്കും മനസിലായില്ല. പൊതുവെ  ശാന്തമായ പ്രദേശത്ത് ഇത്തരമൊരു സംഭവം ആരും പ്രതീക്ഷിച്ചില്ലെന്നത് വാസ്തവം. കൂറ്റൻ ലൈറ്റുകൾ പൊട്ടിവീണ ശബ്ദമാണെന്ന് കരുതിയ ചിലർ നോക്കാനായി നടന്നെത്തിയത് അക്രമിയുടെ വായിലേക്കായിരുന്നു. വെടിവയ്പ്പാണെന്നറിഞ്ഞതോടെ രക്ഷപെടാനുള്ള പരക്കം പാച്ചിൽ. പലരും രക്ഷപ്പെട്ടത് തലനാരിഴക്ക്. എന്നിട്ടും 11 ജീവനുകൾ നഷ്ടപ്പെട്ടു പിറ്റ്സ്ബർഗിലെ ഏറ്റവും വലിയ ജൂത കൂട്ടായ്മക്ക്. പൊലീസ് പിടികൂടിയ അക്രമി റോബർട്ട് ബവേഴ്സ് ഇങ്ങനെ ആക്രോശിച്ചു , എല്ലാ ജൂതൻമാരും ചാവണം , എനക്ക് എല്ലാത്തിനെയും കൊല്ലണം. 

ജൂതർക്ക് അമേരിക്കയുടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ പൊതുവെ നല്ല സ്വകാര്യതയാണ്. രാജ്യത്തെ സാമ്പത്തിക രംഗം നിയന്ത്രിക്കുന്നതു തന്നെ ജൂതരാണെന്ന് പറയാം. ഇതു തന്നെയാണ് വെളുത്തവർഗക്കാർക്ക് ജൂത സമൂഹത്തോടുള്ള പകയുടെ അടിസ്ഥാനവും. രണ്ടു വർഷം മുമ്പ് ഷാർലറ്റ് വില്ലിൽ അഴിഞ്ഞാടിയ വർണവെറിയൻമാരു യ ർ ത്തി യ ഒരു മുദ്രാവാക്യം ജൂതർ ,വെളുത്തവരുടെ പകരക്കാരല്ല എന്നായിരുന്നു. തന്റെ സമുദായത്തിന്റെ അവസരങ്ങൾ ജൂതർ തട്ടിയെടുക്കുന്നു എന്നാണ് പിറ്റ്സ് ബർഗിലെ അക്രമിയും വിളിച്ചു പറഞ്ഞത്.  അമേരിക്കയിലെ പുതു തലമുറ ജൂതർ ആ രാജ്യത്തോട് വൈകാരികമായിത്തന്നെ ഏറെ അടുപ്പം പുലർത്തുന്നവരാണ്. പരമ്പരാഗത ജൂത പാരമ്പര്യങ്ങൾ പോലും മാറ്റി വച്ച് സമുദായത്തിന് പുറത്തു നിന്നുള്ള വിവാഹബന്ധങ്ങൾക്ക് പോലും തയാറായി പലരും

സർവകലാശാലകൾ ,രാഷ്ട്രീയ പാർട്ടികൾ തുടങ്ങി ,പ്രാദേശിക ക്ലബുകൾ വരെ പ്രധാന സ്ഥാനങ്ങളിൽ ജൂതരെ കാണാം. പക്ഷേ വർണവെറി മനസിൽ കൊണ്ടു നടക്കുന്ന ഒരു വിഭാഗത്തിന് ഇതൊന്നും തീരെ ദഹിക്കുന്നുമില്ല. യൂറോപ്പിലെ ജൂതവിരുദ്ധത ശക്തമായി തന്നെ അമേരിക്കയിലേക്കും പടരുകയാണ്.  ജൂതസമൂഹവുമായി മാത്രമല്ല ,ഇസ്രയേലുമായി നല്ല ബന്ധമാണ് പ്രസിഡൻറ് ട്രം പിന്. മകൾ ഇവാൻകയുടെ കൈ പിടിച്ച ജൂത യുവാവിനെ ഒരു മടിയും കൂടാതെ മരുമകനുമാക്കി അദ്ദേഹം. പക്ഷേ പ്രസിഡന്റ് ഉയർത്തിവിട്ട അതിദേശീയതും വംശീയ ചുവയുള്ള പരാമർശങ്ങളും തന്നെയാണ് ജൂതർക്ക് വെല്ലുവിളിയാവുന്നതും. ഷാർലറ്റ് വിൽ പ്രകടനക്കാരെ ന്യായീകരിച്ച പ്രസിഡൻറാണ് ട്രംപ്. അന്നു മുതൽ രാജ്യതെ ജൂതർ വലിയ അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. ജൂത വിദ്യാഭ്യസ സ്ഥാപനങ്ങൾ ,ജൂത നേതാക്കൾ ഇവരെല്ലാം പല തരത്തിലുള്ള അധിക്ഷേപങ്ങൾക്ക് ഇരയായി. സമൂഹമാധ്യമങ്ങളിൽ ജുത വിരോധം കുത്തി നിറച്ചു ചിലർ.

2017ൽ ഇത്തരത്തിലുള്ള 57 സംഭവങ്ങളാണ് രാജ്യത്തുണ്ടായത്.ഹിറ്റ്ലറുടെ ' ജൂത കൂട്ടക്കൊല സാങ്കൽപിക കഥയാണെന്ന ഫെയസ്ബുക്ക് ചർച്ച പോലും ഉണ്ടായി. പിറ്റ്സ് ബർഗ് കൊലയാളി റോബർട്ട് ബവേഴ്സ് ജൂത വിരോധം പ്രചരിപ്പിക്കാൻ സ്വന്തമായി ഒരു സമൂഹമാധ്യമക്കൂട്ടായ്മ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. വിഷം ചീറ്റൽ പല തരത്തിൽ നടന്നിട്ടും അധികാരികൾ കണ്ണടച്ചു.  തലമുറകളായി അമേരിക്കയിൽ കഴിയുന്ന ജൂത സമൂഹം ഇന്ന് ആശങ്കയുടെ നിഴലിലാണ്. തങ്ങളെ അന്യരായി കാണുന്ന, ജൂതന്റ മരണ മാഗ്രഹിക്കുന്ന അമേരിക്ക ഈ മനുഷ്യരുടെ സങ്കൽപ്പത്തിനുമപ്പുറമാണ്. കുടിയേറ്റ വിരോധം ആളിക്കത്തിച്ച് വോട്ടു നേടൻ ശ്രമിക്കുന്നവർക്ക് നിരപരാധികളുടെ ചോരക്ക് പുല്ലുവിലയും.

പോയ ആഴ്ച ട്രംപ് അനുയായി പൈപ്പ് ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ജോർജ് സോറോസും ജൂതനാണെന്നറിയുക. ഡെമാക്രാറ്റ് അനുകൂലിയായ സോറോസാണ് കുടിയേറ്റക്കാരെ ക്ഷണിച്ചു വരുത്തുന്നതെന്ന് പ്രസിഡന്റ് തന്നെയാണ് പൊതുവേദിയിൽ പറഞ്ഞത്. സോറോസിനു പിന്നാലെയാണ് ഹിലറി ക്ലിന്റണും ബറാക് ഒബാമയ്ക്കും വധഭീഷണി ഉണ്ടായത്.

അമേരിക്കൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പൈപ്പ് ബോംബ് പാഴ്സലുകളിലൊന്ന് ആദ്യമെത്തിയത് കോടീശ്വരനും ഡെമോക്രാറ്റ് പാർട്ടിയുടെ പ്രധാന ധന സ്രതസുകളിലൊരാളുമായ ജോർജ് സോറസിന്റെ വീട്ടുമുറ്റത്തായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെല്ലാം ഡോണൾട് ട്രംപ് അതിശക്തമായി കടന്നാക്രമിച്ച വ്യക്തിയാണ് സോറസ് .ഒക്ടോബർ 18 ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തു ജോർജ് സോറോസും മറ്റുമാണ് മധ്യ അമേരിക്കയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് പണം നൽകി സഹായിക്കുന്നത്.22 ന് സോറോസിന്റെ വീട്ടിൽ പൈപ്പ് ബോംബെത്തി. പിന്നാലെ ബറാക് ഒബാമ ,ഹിലറി ക്ലിന്റൺ തുടങ്ങി പ്രമുഖ ഡെമോക്രാറ്റ് നേതാക്കൾക്കും ട്രംപിന്റെ മുഖ്യ വിമർശകരായ സിഎൻഎൻ ചാനലിനും പാഴ്സൽ ബോംബ് ഭീഷണി ഉയർത്തി

രഹസ്യാന്വേഷണ വിഭാഗത്തിന്റെ സജീവ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. ബോംബ് വ്യാജമല്ലായിരുന്നെന്ന് എഫ്ബിഐ മേധാവി തന്നെ സ്ഥിരീകരിച്ചു. ബോംബ് അയച്ച ഫ്ലോറിഡക്കാരൻ സീസർ സയോക് ലക്ഷ്യം വച്ചത് ഡോണൾട് ട്രം പിന്റെ വിരോധികളെയാണ്. അതു കൊണ്ടു തന്നെയാണ് പ്രസിഡന്റിന്റെ ആക്രോശങ്ങൾ തങ്ങളുടെ നേതാക്കളുടെ ജീവന് ഭീഷണിയാവുന്നെന്ന് ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തുന്നതും. രാജ്യം ഒറ്റക്കെട്ടായി ഇത്തരം സംഭവങ്ങളെ നേരിടുമെന്ന് പറഞ്ഞെങ്കിലും മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പ്രസിഡന്‍റ് തുടര്‍ന്നു. വ്യത്യസ്ത ജനവിഭാഗങ്ങളുടെ സഹവര്‍ത്തിത്വമാണ് അമേരിക്കന്‍ ഐക്യനാടുകളുടെ കരുത്തും ഐശ്വര്യവും. പക്ഷേ മഹത്തായ ഈ പാരമ്പര്യം വരുംതലമുറയ്ക്കിമടയില്‍ ഉണ്ടാവുമോയെന്ന സംശയം ഉണര്‍ത്തുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍

MORE IN LOKA KARYAM
SHOW MORE