നന്‍മകള്‍ കൊഴിയുന്ന ബ്രസീല്‍

brazil
SHARE

ലാറ്റിനമേരിക്കയില്‍ വലതുപക്ഷത്തിന്‍റെ മുന്നേറ്റത്തിന് അടിവരയിട്ട് തീവ്രവലതുപക്ഷ നേതാവും മുൻ പട്ടാള ക്യാപ്റ്റനുമായ ജയ്ർ ബോൽസോനാറോ പ്രസിഡന്‍റ്.  അഴിമതിയാരോപണങ്ങളിൽ കുളിച്ചുനിൽക്കുന്ന ബ്രസീലിലെ പ്രധാനപാർട്ടികൾക്കെതിരായ ജനവികാരമാണ്  ബോല്‍സോനാറോയുടെ വിജയത്തിന് കാരണമായത്. 

അഴിമതിക്കാരയ കമ്യൂണി്സ്റ്റുകളെ ഭരണത്തില്‍ നിന്നകറ്റുക, ബ്രസീലിന് പുതിയ ഭാവി സമ്മാനിക്കുക. ഇതായിരുന്നു തീവ്രവലതുപക്ഷനിലപാടുകാരനായ ജയ്ര്‍ ബോല്‍സോനാറോയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. മൂന്നു ദശകം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ കറുത്തവരോടും സ്വവര്‍ഗ പ്രേമികളോടും, ആദിവാസികളോടും സ്ത്രീകളോടുമുള്ള അവജ്ഞയും  വിരോധവും തോക്കു സ്നേഹവും മറച്ചുവച്ചിട്ടില്ല ബോല്‍സോനാറോ. എന്നിട്ടും എന്തുകൊണ്ട് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യം അദ്ദേഹത്തെ വിജയിപ്പിച്ചു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. ഇതുവരെ ഭരിച്ചവരുടെ അഴിമതിക്കെതിരെയുള്ള വ്യാപകജനരോഷം. ബ്രസീലിലെ വൻ എണ്ണക്കമ്പനിയായ പെട്രോബ്രാസിൽ നിന്നു പണം തിരിമറി നടത്താൻ കൂട്ടുനിന്നതിന് രാജ്യത്തിന്റെ മുൻ പ്രസിഡന്റുമാരായ ദിൽമ റൂസഫിനും ലൂയി ഇനാസിയോ ലൂല ഡസിൽവയ്ക്കുമെതിരെ  കോടതി കുറ്റം ചുമത്തിയത് ഈ വര്‍ഷമാണ്. ബജറ്റ് നിയമങ്ങൾ ലംഘിച്ചതിനു 2016ൽ ഇംപീച്ച് ചെയ്യപ്പെട്ടാണ് ദിൽമ റൂസഫിന് അധികാരം നഷ്ടമായത്. ലൂല ഡസിൽവയെ  നേരത്തെ മറ്റൊരു അഴിമതിക്കേസിലും ശിക്ഷിച്ചിരുന്നു.  

രാജ്യം സാമ്പത്തികമാന്ദ്യത്തിന്‍റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴാണ് തിരഞ്ഞെടുപ്പെട്ടിയത്.  അഴിമതി രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടിയുള്ള ബോല്‍സോനാറോയുടെ പ്രചാരണം ഗുണം കണ്ടു.  തീവ്രദേശീയതാവാദമുൾപ്പെടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ് ട്രംപിന്റേതിനു സമാനമായ നിലപാടുകളുള്ള ബോൽസോനാറോയ്ക്കു 'ട്രോപ്പിക്കൽ ട്രംപ്' എന്നു വിളിപ്പേരുണ്ട്. മാധ്യമങ്ങളെ ശത്രുക്കളായി കാണുന്നയാളണ് പുതിയ ബ്രസീല്‍ പ്രസിഡന്‍റും. സ്ത്രീവിരുദ്ധ പരമാര്‍ശങ്ങളില്‍ ട്രംപിനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കും. പാര്‍ലമെന്‍റംഗമായ ഒരു വനിതയെക്കുറിച്ച് ബലാല്‍സംഘം ചെയ്യാന്‍ പോലും കൊള്ളാത്തവള്‍ എന്നാണ് നിയുക്തപ്രസിഡന്‍റ് വിശേഷിപ്പിച്ചത്.  തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യവേതനത്തിന് അവകാശമില്ലെന്ന നിലപാടുകാരനായ ബോല്‍സൊനാറോ പെണ്‍കുഞ്ഞുണ്ടാകുന്നത് അപമാനമായിപ്പോലും കാണുന്നു.  

മക്കള്‍ സ്വവര്‍ഗാനുരാഗികളായാല്‍ കൊല്ലാനും മടിക്കില്ലെന്ന് പറഞ്ഞ ബോല്‍സോനാറോയുടെ ഉറച്ച വോട്ട് ബാങ്ക് ഇവാഞ്ചലിസ്റ്റുകളാണ്. രാജ്യത്തെ ഏകാധിപതികളാണ് അദ്ദേഹത്ിന്‍റെ ഭരണമാതൃകകള്‍. അമ്രിക്കന്‍ പതാകയെ സല്യൂട്ട് ചെയ്യുന്ന ബോല്‍സൊനാറോ ഡോണള്‍ഡ് ട്രംപിന്‍റെ കടുത്ത ആരാധകനുമാണ്. ജനാധിപത്യത്തെ പരസ്യമായി തള്ളിപ്പറഞ്ഞ നിയുക്ത പ്രസിഡന്‍റ് പാര്‍ലമെന്‍റ് പിരിച്ചുവിടാനും മടിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് മുമ്പ്.  ഇതെല്ലാമാണെങ്കിലും പട്ടിണിയും തൊഴിലില്ലായ്മയും ഇല്ലായ്മ ചെയ്യുമെന്ന  വാക്ക് വിശ്വസിച്ചാണ് ബ്രസീല്‍  അദ്ദേഹ്തതിന് വോട്ടുചെയ്ത്തത്. ആ വാക്ക് പാലിക്കാന്‍ ബോല്‍സോനാറോയ്ക്കായില്ലെങ്കില്‍ ബ്രസീല്‍ സ്വയം തോണ്ടിയ കുഴിയില്‍ എരിഞ്ഞൊടുങ്ങും. 

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.