ഇടക്കാലത്തിരഞ്ഞെടുപ്പ്; പ്രചാരണായുധം കുടിയേറ്റം പിന്നെ കവനോയും

us-election2
SHARE

അയോവ സംസ്ഥാനത്തിന്റെ തലസ്ഥാനത്തിന് അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രസിഡന്റ് സ്ഥാനാർഥികൾക്കായുള്ള പ്രൈമറികളുടെ തുടക്കം ഇവിടുന്നാണ്. 2016ൽ ട്രംപ് 51 ശതമാനം വോട്ടോടെ സംസ്ഥാനം പിടിച്ചെങ്കിലും മധ്യകാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പിന്തുണ വർധിച്ചിട്ടുണ്ടെന്നാണ് അഭിപ്രായ സർവെകൾ പറയുന്നത്.

കാരവൻ മുതൽ കവനോ വരെ ചൂടേറിയ നിരവധി വിഷയങ്ങൾ പാർലമെൻറ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിലും നിറഞ്ഞു നിൽക്കുകയാണ്. ഡെമോക്രാറ്റുകളുടെ കുടിയേറ്റ നയത്തെയാണ് പ്രസിഡന്റ് അവസാനഘടത്തിൽ ഏറ്റവുമധികം കടന്നാക്രമിക്കുന്നത്. മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ നിന്ന്  പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ വരുന്നുണ്ടെന്ന് പ്രസിഡൻറ് മുന്നറിയിപ്പ് നൽകുന്നു. ഡെമോക്രറ്റുകൾ കൊണ്ടു വന്നേക്കാവുന്ന കുടിയേറ്റ നയത്തിൽ പ്രതീക്ഷ വച്ച് വരുന്നവർ രാജ്യസുരക്ഷയ്ക്ക് ഭീക്ഷണിയാണ്. കുറ്റവാളികളെ രാജ്യത്തേക്ക് സ്വീകരിക്കുന്നവരെ  ഭരണമേൽപ്പിക്കണോയെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം.  അതിർത്തി സംരക്ഷിക്കാൻ സൈന്യത്തെ അയക്കാനും തനിക്ക് മടിയില്ലന്ന് പ്രസിഡന്റ് 

കുടിയേറ്റ നയമാണ് പാർലമെൻറ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ ജയത്തിന് അടിസ്ഥാനമാവാൻ പോവുന്നതെന്ന് ഓഗസ്റ്റിൽ തന്നെ പ്രസിഡൻറ് അവകാശപ്പെട്ടിരുന്നു.എന്നാൽ റോയിട്ടേഴ്സിന്റെ ഏറ്റവും പുതിയ സർവെ പറയുന്നത് 52 ശതമാനം ജനങ്ങൾ ട്രം പിന്റെ കുടിയേറ്റ നയത്തെ തള്ളിപ്പറയുന്നു എന്നാണ്. ബ്രറ്റ് കവനോയെ സുപ്രീം കോടതിയിലെത്തിക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു ഡോണൾട് ട്രം പിന്. ആ ദേഷ്യം തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. കവനോയെയും കുടുംബത്തെയും അപമാനിച്ച ഡെമോക്രാറ്റുകൾക്ക് ജനം മറുപടി നൽകുമെന്ന് അദ്ദേഹം പറയുന്നു. ഏതായാലും കവനോ വിഷയം തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചയാണ്. സ്വതന്ത്ര ചിന്താഗതിക്കാരും മിതവാദികളും ആ നിയമനത്തെ തള്ളിപ്പറയുന്നു. സെനറ്റിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷമാണ് ഭൂരിപക്ഷ വികാരത്തെ മാനിക്കാതെയുള്ള ആ തീരുമാനത്തിന് കാരണമായതെന്ന് ഡെമോക്രാറ്റുകൾ വോട്ടർമാരെ ഓർമിപ്പിക്കുന്നു.

വനിതാ വോട്ടർമാരുടെ നിലപാടാണ് ഈ തിരഞ്ഞെടുപ്പിൽ നിർണായകമാവാൻ പോവുന്ന ഒരു ഘടകം. മീ ടു മുതൽ കവന്നോ വരെ വിവിധ വിഷയങ്ങൾ അമേരിക്കൻ സ്ത്രീത്വത്തെ പിടിച്ചുലച്ചു. ഗർഭചിദ്രത്തെയും ഗർഭനിരോധനത്തെയും എതിർക്കുന്ന ബ്രെറ്റ് കവനോയെ സുപ്രീം കോടതിയിൽ നിയമിക്കുക വഴി സ്ത്രീക്ക് സ്വന്തം ശരീരത്തിനു മേലുള്ള അവകാശത്തെയാണ് റിപ്പബ്ലിക്കൻമാർ തള്ളിപ്പറഞ്ഞതെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. സ്ത്രീകളെയും പുതിയ തലമുറ വോട്ടർമാരെയുമാണ് ഇതിലുടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്. 62 ശതമാനം സ്ത്രീകൾ ട്രംപ് വിരുദ്ധരായി കഴിഞ്ഞെന്ന് NPR സർവെ പറയുന്നു.

 വലിയ തോതിൽ വനിതാ സ്ഥാനാർഥികളെ രംഗത്തിറക്കിയും ഡെമോക്രാറ്റുകൾ സ്ത്രീപക്ഷം പിടിക്കുന്നു. സെനറ്റിലും ജനപ്രതിനിധി സഭയിലും പല മുതിർന്ന റിപ്പബ്ലിക്കൻമാരും ഇക്കുറി നേരിടുന്നത് വനിതാ സ്ഥാനാർഥികളെയാണ്.ആരോഗ്യപരിരക്ഷാ പദ്ധതിയാണ് മറ്റൊരു പ്രധാന ചർച്ചാ വിഷയം. പാർലമെൻറിൽ വീണ്ടും റിപ്പബ്ലിക്കൻ ഭൂരിപക്ഷമെന്നാൽ ഒബാമ കെയറിനു മേൽ അവസാനത്തെ ആണിയടിക്കലാവും അത്. പക്ഷേ പകരമെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു. ഡെമോക്രാറ്റ് തിരഞ്ഞെടുപ്പ് പരസ്യങ്ങളിൽ നല്ല ശതമാനവും ആരോഗ്യ പരിരക്ഷ സംബന്ധിച്ചാണ്. 

തൊഴിലില്ലായ്മയിൽ 3.7 ശതമാനം കുറവാണ് ഇപ്പോഴുള്ളത്. രാജ്യത്തിന്റെ 50 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ നിരക്ക്. പക്ഷേ ഇതിന്റെ  ക്രെഡിറ്റ് പൂർണമായും ട്രംപിനും റിപ്പബ്ലിക്കൻമാർക്കും ജനം നൽകുമോയെന്നും സംശയമുണ്ട്. ഒബാമ ഭരണകാലത്തെ പദ്ധതികളും ചുഴലിക്കാറ്റുകൾക്ക് ശേഷമുള്ള വൻ നിർമാണ പദ്ധതികളും തൊഴിൽ സാധ്യത കൂട്ടിയെന്നും വിദഗ്ധർ പറയുന്നു. പ്യൂ സർവെ പ്രകാരം തൊഴിലില്ലായ്മ കുറച്ചത് ഡെമോക്രാറ്റുകളാണെന്ന് 41 ശതമാനം പേരും റിപ്പബ്ലിക്കൻ മാരാണെന്ന് 40 ശതമാനം പേരും പറയുന്നു. ചുരുക്കത്തിൽ വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ കാര്യങ്ങൾ ഡെമോക്രാറ്റുകൾക്ക് അനുകൂലമെന്നാണ് സൂചന.

വർത്തമാനകാല ചരിത്രത്തിലെ ഏറ്റവും വാശിയേറിയ കോൺഗ്രസ് പോരാട്ടത്തിൽ കോടികളാണ് സ്ഥാനാർഥികൾ വാരിയെറിയുന്നത്. പരസ്യങ്ങൾ ,സമൂഹമാധ്യമ പ്രചാരണങ്ങൾ ,ഇങ്ങനെ നിരവധി മേഖലകളിൽ പണം ചിലവിടാൻ വൻകിട കമ്പനികൾ തമ്മിൽ മൽസരമാണ്. 

അതെ ,തോക്ക് സംസ്കാരം അമേരിക്കയ്ക്ക് വൻ വെല്ലുവിളി തന്നെയാണ്.ഇത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട അമ്മമാരുടെ കൂട്ടായ്മയും ചെറുപ്പക്കാരുടെ കൂട്ടായ്മയും എല്ലാം രംഗത്തുണ്ട്. ദിവസവും അമേരിക്കൻ നിരത്തുകളിൽ പ്രകടനങ്ങളുണ്ട്. പക്ഷേ രണ്ട് മുഖ്യധാര രാഷ്ട്രീയ പാർട്ടികളും ഈ വിഷയം തിരഞ്ഞെടുപ്പ് രംഗത്ത് ഉന്നയിക്കില്ല. ഒറ്റക്കാരണമേയുള്ളൂ. നാഷണൽ റൈഫിൾ അസോസിയേഷൻ നൽകുന്ന കോടികളുടെ തിരഞ്ഞെടുപ്പ് സംഭാവന വേണ്ടെന്നു വയ്ക്കാൻ രാഷ്ട്രീയക്കാർക്കാകില്ല.പണമാണ് ജയത്തിന്റെ അടിസ്ഥാനം. സിറ്റിസൺസ് യുണൈറ്റഡ് എന്ന 2010 ലെ ഭേദഗതിയിലൂടെ സ്വകാര്യ കമ്പനികൾക്കും വ്യക്തികൾക്കും എത്ര പണം വേണമെങ്കിലും തിരഞ്ഞെടുപ്പ് രംഗത്ത് ചില വിടാമെന്ന് സുപ്രീം കോടതി പറഞ്ഞതോടെ തൽപരകക്ഷികൾ കളം നിറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖം മാറി. സ്ഥാനാർഥികൾക്ക് പ്രത്യേകമായും പാർട്ടി ഫണ്ടിലേക്കു മെല്ലാം കോടികളാണ് ഒഴുകുന്നത്. ഇതിൽ നല്ല ശതമാനവും ടെലിവിഷൻ പരസ്യങ്ങൾക്കും സോഷ്യൽ മീഡിയ പ്രചാരണ ഏജൻസികൾക്കും ലഭിക്കും. 

രാഷ്ടീയ ഗവേഷകരാണ് പണമുണ്ടാക്കുന്ന മറ്റൊരു വിഭാഗം. എതിർ സ്ഥാനാർഥിയെ കുറിച്ചുള്ള മോശം കാര്യങ്ങൾ കണ്ടെത്തുക ,അതിന് പ്രചാരണം നൽകുക .ഇതാണ് ഇവരുടെ ജോലി. പ്രചാരണ രംഗത്ത് സജീവമായി നിൽക്കാൻ ഓരോ സ്ഥാനാർഥിക്കും പരിശീലനം ലഭിച്ച ,വിഷയങ്ങൾ ആഴത്തിൽ പഠിച്ച, പ്രത്യേക സംഘങ്ങളുണ്ട്. ഇവർക്കെല്ലാം നല്ല തുക ലഭിക്കും. വ്യക്തിപരമായി സ്ഥാനാർഥികളെക്കാൾ പാർട്ടികളാണ് പണമുണ്ടാക്കുന്നത്. വ്യക്തികൾക്ക് നൽകാവുന്ന പണത്തിന് പരിമിതിയുണ്ടെന്നതു തന്നെ കാരണം. ഉദാഹരണത്തിന് ജനപ്രതിനിധി സഭാ പോരാട്ടത്തിന് റിപ്പബ്ലിക്കൻ പാർട്ടി പൊതുഫണ്ടായി സ്വരൂപിച്ചത് ഏതാണ്ട് 126 മില്യൺ ഡോളറാണ്. ട്രംപ് അനുകൂലികളായ കോടീശ്വരൻമാർ റിപ്പബ്ലിക്കൻമാരെ കൈയയച്ച് സഹായിക്കുമ്പോൾ ട്രംപ് വിരുദ്ധർ ഡെമോക്രാറ്റുകൾക്കായി പണമെറിയുന്നു. വോട്ടെടുപ്പ് ദിനം അടുക്കുന്നതോടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുൾപ്പെട്ട പ്രചാരണങ്ങളുമായാണ് ഓരോ സ്ഥാനാർഥിയും കളം നിറയുന്നത്. ഈ പണക്കൊഴുപ്പിന്റെ ഫലമെന്തായാലു രാജ്യത്തെ ലക്ഷക്കണക്കിന് ഭവനരഹിതർക്കും പാവങ്ങൾക്കും ഗുണം ചെയ്യുമോയെന്നതാണ് ചോദ്യം.

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.