ജമാല്‍ ഖഷോഗി; അറേബ്യന്‍ ക്രൂരതയും കുറ്റസമ്മതവും

6985518av
ചിത്രത്തിന് കടപ്പാട് ഇന്റർനെറ്റ്
SHARE

ജമാല്‍ ഖഷോഗിയുടെ തിരോധനം, കൊലപാതകമെന്ന് വളരെ വൈകി കുറ്റസമ്മതം നടത്തി സൗദി. രാജ്യാന്തര തലത്തില്‍ ഉയര്‍ന്ന കടുത്ത സമ്മര്‍ദ്ധത്തെത്തുടര്‍ന്നാണ് ഏറ്റുപറച്ചില്‍. എന്നാല്‍ എങ്ങനെയാണ് മരണം സംഭവിച്ചതെന്നോ മൃതദേഹം എവിടെയെന്നോ കൃത്യമായൊരു വിശദീകരണം നല്‍കാന്‍ ഇനിയും റിയാദ് തയാറായിട്ടില്ല  രാജ്യാന്തരതലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടും ജമാല്‍ ഖഷോഗിയുടെ തിരോധനം കൊലപാതകമെന്ന് സൗദിയുടെ കുറ്റസമ്മതമെത്തിയത് 18 ദിവസങ്ങള്‍ക്ക് ശേഷമാണ്. ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ഖഷോഗി കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 21നാണ്  ഖഷോഗി കൊല്ലപ്പെട്ടു എന്ന് സൗദി വിദേശകാര്യമന്ത്രാലയം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച 18 പേരെ അറസ്റ്റ് ചെയ്തു. എന്നിട്ടും മൃതദേഹം എവിടെയെന്നോ, ആരാണ് കൃത്യം നടത്തിയതെന്നോ വിശ്വസനീയമായ ഒരു വിശദീകരണവുമുണ്ടായില്ല. കുറ്റസമ്മതം കൊണ്ടുമാത്രം ഒതുങ്ങുന്നതല്ലായിരുന്നു രാജ്യാന്തരതലത്തില്‍ സൗദിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍.

 സൗദിയുടെ നവോഥാന നായകനെന്ന പരിവേഷത്തില്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ പ്രതിഛായ പൊടുന്നനെ ഇടിഞ്ഞു. അദ്ദേഹം കൊണ്ടുവന്ന പരിഷ്കാരങ്ങളെല്ലാം പുറംപൂച്ചുമാത്രമായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. വന്‍പ്രതീക്ഷയോടെ സൗദി ആതിഥേയത്വം വഹിക്കുന്ന നിക്ഷേപകസംഗമത്തില്‍ നിന്ന് പല പ്രമുഖരും പിന്‍മാറി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകസംഗമം ആകെ നിറംമങ്ങി. പ്രമുഖ രാജ്യാന്തരമാധ്യമങ്ങളും പരിപാടി ബഹിഷ്കരിച്ചു.ഖഷോഗി വിഷയത്തില്‍ അമേരിക്ക കാര്യമായ എതിര്‍പ്പുയര്‍ത്തിയെങ്കിലും   മറ്റുപാശ്ചാത്യരാജ്യങ്ങള്‍ സൗദിയെ നിശിതമായി വിമര്‍ശിച്ചു.കൊലപാതകത്തിന് വ്യക്തമായ തെളിവുണ്ടെന്ന് തുര്‍ക്കിയും വ്യക്തമാക്കി.  

ഒടുവില്‍ മുഖംരക്ഷിക്കാനുള്ള നടപടിയുണ്ടായില്ലെങ്കില്‍ നില്‍ക്കക്കള്ളിയില്ലെന്ന് വ്യക്തമായതോടെ സമവായ നീക്കങ്ങളുമായി സൗദി രാജകുടുംബം രംഗത്തെത്തി. ഖഷോഗിയുടെ മകന്‍ സലാ ഖഷോഗിയെ സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്ന് സൗദിയില്‍ സ്വീകരിച്ചു. പിതാവിന്‍റെ മരണത്തില്‍ സൗദി ഭരണകൂടത്തിന്‍റെ അനുശോചനം രേഖപ്പെടുത്തി. എന്നാല്‍ ഖഷോഗി സൗദി വിട്ടശേഷം സലാ സൗദിയില്‍ വീട്ടുതടങ്കലിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടിക്കാഴ്ച രാജകുടുംബത്തിന്‍റെ   സമ്മര്‍ദ്ധത്തെത്തുടര്‍ന്നായിരുന്നോയെന്നും സംശയിക്കാം. എന്തായാലും ആരോപണങ്ങളില്‍ കൂടുതല്‍ പരുക്കേല്‍ക്കാതെ രക്ഷപെടുകയാണ് സൗദിയുടെ ലക്ഷ്യമെന്ന് വ്യക്തം. 

കുറ്റസമ്മതം നടത്തിയിട്ടുപോലും സൗദിക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ അമേരിക്ക തയാറായിട്ടില്ല. മുഹമ്മദ് ബിന്‍ സല്‍മാന് കൊലയുമായി ബന്ധമുണ്ടാകില്ലെന്നുപോലും ന്യായീകരിച്ചു   ട്രംപ്. സംഭവിച്ചത് എത്രത്തോളം ഗുരുതരമായ തെറ്റാണെങ്കിലും അമേരിക്കയും‌ടെ പിന്തുണയാണ് രാജ്യാന്തരതലത്തിലുള്ള വിമര്‍ശനങ്ങളെ നേരിടാന്‍ സൗദിക്ക് ധൈര്യം. അമേരിക്കയ്ക്ക് അത്രപെട്ടെന്നൊന്നും സൗദിയെ പിണക്കാനാകില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തേക്കാള്‍  യുഎസ് പ്രസിഡന്‍റും സൗദി രാജകുടുംബവും തമ്മിലുള്ള വ്യക്തിപരമായ അടുപ്പമാണ് അതിനു പ്രധാനകാരണം. പ്രസിഡന്‍റ് പദത്തിലെത്തിയ ട്രംപിന്‍റെ പ്രഥമ ഒൗദ്യോഗികയാത്ര സൗദിയിലേക്കായിരുന്നു. അടുത്തസൗഹൃദമുണ്ടായിരുന്ന ഒട്ടേറെ രാജ്യങ്ങളെ നിരാശരാക്കിയ തീരുമാനം. അവഗണിക്കാവുന്ന സൗഹൃദമല്ല ട്രംപിന്  സൗദി രാജകുടുംബവുമായുള്ളത്. ട്രംപിന്‍റെ ബിസിനസ് സംരംഭങ്ങള്‍ പ്രതിസന്ധിയിലായപ്പോള്‍ വസ്തുവകകള്‍ വാങ്ങി വലിയ പിന്തുണയാണ് സൗദി രാജകുടുംബം നല്‍കിയത്. സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ടുകമ്പനികളാണ് ട്രംപ് സ്ഥാപിച്ചത്. കഴിഞ്ഞവര്‍ഷം മേയില്‍ സൗദിയിലെത്തിയപ്പോള്‍ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി  സല്‍മാന്‍ രാജാവ് ട്രംപിനെ സ്വീകരിച്ചത്. 

ഇനി ഒൗദ്യേഗികവശം പരിഗണിച്ചാല്‍ സൗദിയെ യുഎസ് തള്ളിപ്പറയാത്തതിന്‍റെ പ്രധാനകാരണം ആയുധക്കരാറാണ്. ലളിതമായി പറഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ആയുധക്കയറ്റുമതി രാഷ്ട്രമാണ് യുഎസ്. അവരില്‍ നിന്ന് ഏറ്റവുമധികം ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സൗദിയും. യുഎസുമായി 45000 കോടിഡോളറിന്‍റെ വ്യാപകരാറുള്ള സൗദിയെ പിണക്കുന്നത് മണ്ടത്തരമാണെന്ന് യുഎസ് ചിന്തിക്കുന്നു. മാത്രമല്ല,  സൗദിയില്‍ എണ്ണഉല്‍പ്പാദനം കൂട്ടി ഇറാനെ പ്രതിസന്ധിയിലാക്കുകയെന്ന ട്രംപിന്‍റെ പ്രഖ്യാപിതലക്ഷ്യവും നടപ്പാകില്ല. സംസ്കാരത്തിലും  ജീവിതരീതിയിലുമെല്ലാം വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടുരാജ്യങ്ങളുടെ ബന്ധം യുഎസിന്‍റെയും  യുഎസ്  പ്രസിഡന്‍റെയും ബിസിനസ് താല്‍പ്പര്യങ്ങളുടെ പ്രതിഫലനം കൂടിയാണ്. ഖഷോഗി വിഷയത്തിലുള്ള ട്രംപിന്‍റെ വിമര്‍ശനങ്ങളിലം ആത്മാര്‍ഥതയില്ലായ്മ രാജ്യാന്തര തലത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഉറച്ച നിലപാടിന്‍റെ പേരില്‍ കയ്യടി നേടിയത്  തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ് എര്‍ദോഗാന്‍ ആണ്. 

ഖഷോഗിയുടെ കൊലപാതകത്തില്‍  സൗദിക്കെതിരെ ആഞ്ഞടിച്ചഎര്‍ദോഗന്‍ കൊലപാതകം ആസൂത്രിതമാണെന്നും ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന് സൗദി വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അറസ്റ്റിലായ 18പേരെയും വിചാരണയ്ക്കായി തുര്‍ക്കിക്ക് കൈമാറണം.ഖഷോഗിയെ അപായപ്പെടുത്തിയ സൗദി സംഘം ഇസ്താംബുളിലെയും യലോവയിലും വനപ്രദേശം സന്ദര്‍ശിച്ചെന്നും തുര്‍ക്കി പ്രസിഡന്‍റ് വെളിപ്പെടുത്തി. കിരീടാവകാശികള്‍ ഏറെയുള്ള സൗദി രാജകുടുംബത്തില്‍ ഭരണംകിട്ടാന്‍ സാധ്യതയുള്ള ഒരുപാടു രാജകുമാരന്‍മാരെയും സമര്‍ഥമായി ഒഴിവാക്കിയാണ് മുപ്പത്തിമൂന്നുകാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായത്. അധികാരവും പ്രതിഛായയും നിലനിര്‍ത്താന്‍ ഖഷോഗി വിഷയത്തില്‍ സമവായമുണ്ടാക്കേണ്ടത് മുഹമ്മദ് ബിന്‍ സല്‍മാന്‍റെ കൂടി ആവശ്യമാണ്. 

MORE IN LOKA KARYAM
SHOW MORE