നീലതരംഗം അല്ലെങ്കിൽ ഡെമോക്രാറ്റ് വിജയം പൂർണമായി പ്രവചിക്കാറായോ?

us-senate-candidates
SHARE

അമേരിക്ക പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. ആദ്യം എന്താണ് ഈ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ അഥവാ മിഡ് റ്റേം തിരഞ്ഞെടുപ്പിൽ നടക്കുന്നതെന്ന് നോക്കാം. എല്ലാ നാലുവർഷത്തിലും അമേരിക്കൻ കോൺഗ്രസ് അഥവാ പാർലമെൻറിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റിന്റെ നാലു വർഷത്തെ കാലാവധിയുടെ മധ്യകാലത്ത് നടക്കുന്നതിനാൽ മിഡ്റ്റേം ഇലക്ഷൻസ് എന്നാണ് ഈ തിരഞ്ഞെടുപ്പിനെ വിളിക്കുന്നത്. പ്രസിഡന്റുമാരുടെ ജനപ്രീതി അളക്കുന്നതു കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. അധോസഭയായ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും ഉപരിസഭയായ സെനറ്റിലെ 100ൽ 35 സീറ്റുകളിലേക്കുമാണ് ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ ഇരു സഭകളിലും റിപ്പബ്ലിക്കൻമാർക്കാണ് ഭൂരിപക്ഷം. 

ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടാൻ റിപ്പബിക്കൻമാരുടെ 23 സീറ്റുകൾ പിടിച്ചെടുക്കേണ്ടതുണ്ട് ഡെമോക്രറ്റുകൾക്ക്. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഏകദേശ ചിത്രം ഇങ്ങനെയാണ്. ജനപ്രതിനിധി സഭയിലേക്കുള്ള സീറ്റുകളിൽ 147 എണ്ണം റിപ്പബ്ലിക്കൻ പാർട്ടിയുടെ കയ്യിൽ ഭദ്രമാണ്. 51 എണ്ണത്തിൽ പാർട്ടി പ്രതീക്ഷ വയ്ക്കുന്നു. എന്നാൽ 42 സീറ്റുകൾ ഇക്കുറി ട്രംപിന്റെ പാർട്ടിക്ക് കൈവിട്ട് പോയേക്കാം. ഡെമോക്രാറ്റുകളെ നോക്കിയാൽ 182 സീറ്റുകൾ ഭദ്രമാണ് അവർക്ക് . 10 എണ്ണത്തിൽ പ്രതീക്ഷ കൈവിട്ടിട്ടില്ല. 3 സീറ്റുകൾ കൈവിട്ട് പോയേക്കാം. 

സെനറ്റിൽ റിപ്പബ്ലിക്കൻമാരുടെ 9 സിറ്റിങ്ങ് സീറ്റുകളേ ഇക്കുറി തിരഞ്ഞെടുപ്പിനുള്ളൂ. ഇതിൽ മൂന്നെണ്ണത്തിൽ ജയം ഉറപ്പാണ്. 4 എണ്ണത്തിൽ പാർട്ടിക്ക് ജയപ്രതീക്ഷയുണ്ട്. 2 എണ്ണം കൈവിട്ട് പോകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. 14 സെനറ്റ് സീറ്റുകളിൽ ജയം ഉറപ്പിച്ചിട്ടുണ്ട് ഡെമോക്രാറ്റുകൾ. 8 എണ്ണം കൂടി ജയിച്ചേക്കാം. പക്ഷേ നാലു സീറ്റുകളിൽ മൽസരം കടുപ്പമാണ്. പല പ്രമുഖ പാർലമെൻറംഗങ്ങളും മൽസര രംഗത്തു നിന്ന് ഇക്കുറി പിൻമാറി എന്നതാണ് റിപ്പബ്ലിക്കൻ പാർട്ടിയെ വലയ്ക്കുന്നത്.

ചിലർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ താൽപര്യപ്പെടുമ്പോൾ ഡോണൾട് ട്രംപിനോടുള്ള വിയോജിപ്പാണ് മറ്റു ചിലരെ പിന്തിരിപ്പിക്കുന്നത്. ഇരുസഭകളിലും ഡെമോക്രാറ്റുകൾ വിജയം നേടുക എന്നാൽ പ്രസിഡന്റ് വൻ വെല്ലുവിളി നേരിടാൻ പോവുന്നു എന്നാണ് അർഥം. ട്രഷറി സ്തംഭിപ്പിക്കൽ മുതൽ ഇംപീച്ച്മെന്റ് നടപടികൾ വരെ എന്തും പ്രതീക്ഷിക്കാം ഡോണൾട് ട്രം പിന്. 2020ൽ രണ്ടാമൂഴം സ്വപ്നം കാണുന്ന അദ്ദേഹത്തിന് ഡെമോക്രാറ്റ് ഭൂരിപക്ഷ സഭയെന്നത് അചിന്തനീയമാണ്. അതുകൊണ്ടുതന്നെ  പാർട്ടിയേയും സ്ഥാനാർഥികളെയുംകാൾ പ്രസിഡന്റിന്റെ ആവശ്യമാണ് പാർലമെന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ വിജയം.1861 മുതൽ വൈറ്റ് ഹൗസ് ഭരിക്കുന്നവർക്ക് കോൺഗ്രസ് നഷ്ടപ്പെട്ടിട്ടുണ്ട് എന്നതും യാഥാർഥ്യം. ആ ചരിത്രവും ഡോണൾഡ് ട്രംപ് തിരുത്തിക്കുറിക്കുമോയെന്ന് കണ്ടറിയണം. 36 സംസ്ഥാനങ്ങളിലെ ഗവർണർമാരെയും ഇതോടൊപ്പം തിരഞ്ഞെടുക്കും. നിലവിൽ റിപ്പബ്ലിക്കൻമാരുടെ കൈവശമുള്ള 26 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യ റോൾ വഹിക്കുന്നവരാണ് ഗവർണർമാർ 

midterm-election

നീലതരംഗം അല്ലെങ്കിൽ ഡെമോക്രാറ്റ് വിജയം പൂർണമായി പ്രവചിക്കാറായോ ? സാമ്പത്തിക വളർച്ചയും തൊഴിലില്ലായ്മയിൽ വന്ന കുറവും ജനം കാണാതെ പോവില്ലെന്നാണ് പ്രസിഡന്റിന്റെ പ്രതീക്ഷ. എന്നാൽ നേട്ടങ്ങളെക്കാൾ വിവാദങ്ങളാണ് ജനങ്ങളിലേക്കെത്തിയതെന്ന് റിപ്പബ്ലിക്കൻമാർ തന്നെ അടക്കം പറയുന്നു.സത്യപ്രതിജ്ഞാ ദിവസം തുടങ്ങിയതാണ് ഡോണൾട് ട്രംപിനെതിരായ പരസ്യ പ്രതിഷേധങ്ങൾ അമേരിക്കയിൽ. സ്വതന്ത്ര ചിന്താഗതിക്കാരും ജനാധിപത്യവാദികളും വനിതാ വിമോചന പ്രവർത്തകരും തെരുവിലിറങ്ങി പ്രസിഡന്റിനെതിരെ മുദ്രാവാക്യം വിളിച്ചു. Hold. പക്ഷേ ഇതൊന്നും ട്രംപി സത്തിന്റെ കുതിപ്പിന് തടസമായില്ല. അതിർത്തി ൽ മതിൽ കെട്ടി കുടിയേറ്റക്കാരെ തടുക്കുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഇസ്ലാമോഫോബിയക്ക് ആക്കം കൂട്ടി 7 രാജ്യക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി. അമേരിക്കയിൽ മാത്രമല്ല ലോകത്തെങ്ങുമുള്ള സ്വതന്ത്ര ചിന്താഗതിക്കാർ ട്രംപിനെ കടന്നാക്രമിച്ചു. സൗദി അറേബ്യയുമായി വാണിജ്യ ബന്ധം ശക്തിപ്പെടുത്തിയ അദ്ദേഹം ഇസ്ലാം വിരോധമെന്ന ആരോപണത്തിന് തടയിട്ടു. തോക്കു ലോബിയെ പരസ്യമായി പിന്തുണച്ച പ്രസിഡന്റിനെതിരെ വിദ്യാർഥികൾ പോലും തെരുവിലിറങ്ങി. 

പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും ഇറാൻ ആണവ കരാറിൽ നിന്നുമുള്ള അമേരിക്കൻ പിൻമാറ്റം രാജ്യാന്തര സമൂഹത്തിന്റെ നെറ്റി ചുളിപ്പിച്ചു. ലോക നേതൃത്വം അമേരിക്കക്ക് നഷ്ടമാവുകയാണെന്ന് ദേശഭക്തർ വിമർശിച്ചു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നെന്ന് പ്രഖ്യാപിച്ച പ്രസിഡന്റ് അമേരിക്കയിലെ കരുത്തുറ്റ ജൂത സമൂഹത്തിന്റെ മാത്രമല്ല ഇസ്രയേലിനെ ദൈവത്തിെൻറ തിരഞ്ഞെടുത്ത രാജ്യമായി കണക്കാക്കുന്ന ക്രിസ്തീയ വിഭാഗങ്ങളുടെയും കയ്യടി നേടി. പക്ഷേ ഇതിനെല്ലാമിടയിൽ ഒരു മനുഷ്യൻ പ്രസിഡന്റിന്റെ തലക്ക് മീതെ ഡെമോക്ലീസിന്റെ വാളുപോലെ തൂങ്ങിക്കിടപ്പുണ്ട്. റോബർട്ട് മൂളർ. 2016ലെ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണം പ്രസിഡന്റിന് തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. 

വ്യാജവാർത്തക്കാർ, നുണപ്രചാരകർ , മ്യൂളറോടുള്ള കലി പലപ്പോഴും മാധ്യമങ്ങളോട് തീർത്തു പ്രസിഡന്റ്. പക്ഷേ വിദേശമണ്ണിൽ സ്വന്തം ഇന്റലിജൻസ് ഏജൻസിയുടെ വിശ്വാസ്യതയെ തള്ളിപ്പറഞ്ഞതോടെ റിപ്പബ്ലിക്കൻമാർ തന്നെ പ്രസിഡന്റിനെതിരെ തിരിഞ്ഞു. വ്ലാഡിമിർ പുടിനൊപ്പം നടത്തിയ വാർത്താ സമ്മേളനം രാജ്യത്തിനാകെ നാണക്കേടായന്ന് പ്രസിഡന്റിന്റെ പാർട്ടിക്കാർ തന്നെ പരസ്യമായി പറഞ്ഞു. കുടിയേറ്റക്കാരുടെ കുട്ടികളെ പിടിച്ചെടുക്കാനുള്ള ഉത്തരവ് പാർട്ടിയിലെ അസ്വാരസ്യം കൂട്ടി. ഭാര്യയും മകളും പോലും പ്രസിഡൻറിനെ തള്ളിപ്പറഞ്ഞു. മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് ജോൺ മക്കയ്നോട് കാട്ടിയ അനാദരവോടെ പാർട്ടിയിലെ തെറ്റൽ പൂർണമായി. 

ബ്രെറ്റ് കവനോയുടെ നാമനിർദേശമായിരുന്നു ട്രംപ് വിവാദങ്ങളിൽ ഒടുവിലത്തേക്ക്. വനിതാവിമോചന പ്രവർത്തകരുടെ വൻ പ്രതിഷേധം തന്നെ അരങ്ങേറി. എന്നാൽ കവനോയ്ക്കെതിരെ ആരോപണമുന്നയിച്ച സ്ത്രീയെ പ്രചാരണ വേദിയിൽ പരസ്യമായി അധിഷേപിച്ചു പ്രസിഡൻറ്.പല മുതിർന്ന റിപ്പബ്ലിക്കൻമാരും ഇക്കുറി തിരഞ്ഞെടുപ്പ പ്രചാരണ രംഗത്തുനിന്ന് വിട്ടു നിൽക്കുകയാണ്. സ്ഥാനാർഥികളാവട്ടെ വൈറ്റ് ഹൗസിന്റെ നേട്ടങ്ങളെക്കാൾ എതിർ സ്ഥാനാർഥികൾക്കെതിരായ വ്യക്തിപരമായ വിമർശനങ്ങളും മറ്റുമാണ് പ്രചാരണരംഗത്ത് ഊന്നിപ്പറയുന്നത്. പതിവിന് വിപരീതമായി ഡെമോക്രാറ്റ് പക്ഷത്ത് മുൻ പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ള നേതാക്കൾ സജീവമായി പ്രചാരണ രംഗത്തുണ്ട്. എല്ലാവരും ലക്ഷ്യമിടുന്നത് ട്രംപിനെയും . എന്നാൽ രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ 4.2 ശതമാനം വർധനയുണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് ട്രംപ് ക്യാംപിന് ആത്മവിശ്വാസമേറ്റുന്നത്. തൊഴിലില്ലായ്മ 49 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലും. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്കാണോ സമ്പത്തിനാണോ അമേരിക്കൻ ജനത പ്രാധാന്യം കൽപിക്കുന്നത് എന്ന ചോദ്യം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് മുന്നോട്ട് വയ്ക്കുന്നത്.

MORE IN LOKA KARYAM
SHOW MORE