നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ചുഴലിക്കാറ്റ്; മൈക്കല്‍

michel-storm
SHARE

കൊടുങ്കാറ്റുകള്‍ ഒരുപാട് കണ്ടിട്ടുണ്ട് യു.എസ്. കാറ്റായി വീശിയ കെടുതികളെ നേരിട്ട അനുഭവങ്ങള്‍ അടുത്ത മുന്നറിയിപ്പെത്തുമ്പോള്‍ ഓര്‍ത്തെടുത്ത് കരുതലിന്റെ കവചത്തിന് ശക്തികൂട്ടിയത് ഒരുപാടുതവണ. നോര്‍ത്ത് കാരലീനയെ പിടിച്ചുലച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റിന്റെ കെടുതികള്‍ ബാക്കി നില്‍ക്കെയെത്തിയ പുതിയ ചുഴലിക്കാറ്റ് പക്ഷെ, വടക്കുപടിഞ്ഞാറന്‍ തീരത്തെ വല്ലാതെ നോവിച്ചാണ് കടന്നുപോയത്.

നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ചുഴലിക്കാറ്റ്. മൈക്കല്‍ ചുഴലിക്കാറ്റിന്റെ രൂപമെടുക്കല്‍ ചിത്രങ്ങള്‍ വിശലകലനം ചെയ്ത കാലാവസ്ഥാ വിദഗ്ധര്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയത് അതിന്റെ പ്രഹരശേഷിയെക്കുറിച്ച് തന്നെയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1992ലെ ആന്‍ഡ്രു ചുഴലിക്കാറ്റിനുശേഷം രാജ്യം സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റ്. കടന്നുപോകുന്ന മേഖലകളില്‍ കനത്തനാശം വിതയ്ക്കാന്‍ ശക്തിയുള്ള ചുഴലിക്കാറ്റിനെ നേരിടാന്‍ മുമ്പെങ്ങുമില്ലാത്ത ഒരുക്കങ്ങളാണ് പ്രാദേശിക ഭരണകൂടങ്ങള്‍ ഒരുക്കിയത്. തീരത്തുനിന്ന് അധികം അകലെയല്ലാതെ രൂപമെടുത്തതാണ് മൈക്കല്‍ ചുഴലിക്കാറ്റിന്റെ  ശക്തിക്ക് ആക്കംകൂടാന്‍ ഇടയാക്കിയത്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുന്ന കാറ്റഗറി നാല് ഗണത്തിലായിരുന്നു മൈക്കിള്‍ തീരത്തേക്ക് നീങ്ങിയത്. 

ജനനിബിഡവും ടൂറിസം കേന്ദ്രവുമൊക്കെയുള്ള ഫ്ലോറിഡയിലേക്കായിരുന്നു മൈക്കിളും നീങ്ങിത്തുടങ്ങിയത്. കെട്ടിടങ്ങളുടെയും വന്മരങ്ങളുടെയും തലയെടുപ്പ് കാറ്റിനോട് പരാജയപ്പെടും എന്ന് ഉറപ്പായിരിക്കെ ആള്‍നാശം പരമാവധി ഒഴിവാക്കുക എന്ന വെല്ലുവിളിയാണ് ഭരണകൂടങ്ങള്‍ നേരിട്ടത്. കാറ്റ് കടന്നുപോകും എന്ന് പ്രവചിക്കപ്പെട്ട ഫ്ളോറിഡ, ജോര്‍ജിയ, തെക്കന്‍ അലബാമ എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് ജനങ്ങളെ മേഖലയില്‍ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീക്കാനുള്ള ഊര്‍ജിതശ്രമം രാപകലില്ലാതെ തുടര്‍ന്നുകൊണ്ടേയിരുന്നു. ഫ്ളോറിഡയിലെ പാന്‍ഹാന്‍ലിനോട് ചേര്‍ന്ന് കിടക്കുന്ന 322 ചതുരശ്ര കിലോമീറ്റര്‍ തീരപ്രദേശത്തുനിന്നുള്ള ഒഴിപ്പിക്കലായിരുന്നു ഏറ്റവും ദുഷ്കരമായത്. 

കാലാവസ്ഥാ മുന്നറിയിപ്പിനോടുള്ള ജനങ്ങളുടെ നിസംഗമനോഭാവം ലോകത്തിനുമുന്നില്‍ വെളിവാക്കിയാണ് മൈക്കള്‍ ചുഴലിക്കാറ്റ് കടന്നുപോയത്. സുരക്ഷിതസ്ഥാനത്തേക്ക് മാറാനുള്ള അധികൃതരുടെ നിര്‍ദേശം വലിയൊരുവിഭാഗം ജനങ്ങള്‍ മുഖവിലയ്ക്കെടുത്തില്ല. പലയിടങ്ങളിലും ബലംപ്രയോഗിക്കേണ്ടിവന്നതായി പൊലീസ് വെളിപ്പെടുത്തി. ചുഴലിക്കാറ്റും മുന്നറിയിപ്പും നിത്യസംഭവമായ മേഖലയില്‍ അതിനോട് പൊരുത്തപ്പെട്ടുകഴിഞ്ഞെന്നായിരുന്നു വിസമ്മതം പ്രകടിപ്പിച്ചവരുടെ വാദം. 

 ചുഴലിക്കാറ്റിനെ നിസാരമായി കാണാതിരിക്കുക’. കൊടുങ്കാറ്റിനെക്കുറിച്ചുള്ള  മുന്നറിയിപ്പിനോടുള്ള ജനങ്ങളുടെ തണുപ്പന്‍ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  നേരിട്ട് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.  ആള്‍നാശം ഒഴിവാക്കാനുള്ള പരിശ്രമങ്ങളോട് മുഖംതിരിച്ച ജനങ്ങള്‍ മൈക്കള്‍ ചുഴലിക്കാറ്റിന്റെ അപകടത്തെക്കുറിച്ച് മുന്‍വിധികള്‍ വച്ചുപുലര്‍ത്തിയിരുന്നു. പലയിടങ്ങളിലും ബലംപ്രയോഗിച്ചാണ് ജനങ്ങളെ ഒഴിപ്പിച്ചത്.  ഒക്ടോബര്‍ പത്തിന് പ്രാദേശികസമയം പുലര്‍ച്ചെ പാനമാ സിറ്റിക്ക് സമീപം കരയണഞ്ഞ കാറ്റിന്റെ ശരാശരിവേഗം മണിക്കൂറില്‍ 200 കിലോമീറ്ററായിരുന്നു.  

ഫ്ലോറിഡ ഗവര്‍ണര്‍ റിക് സ്കോട്ടിന്റെ ഈ വാക്കുകളിലുണ്ട് മൈക്കള്‍ ചുഴലിക്കാറ്റിന്റെ ചെയ്തികളുടെ രത്നച്ചുരുക്കം. പ്രതിബന്ധങ്ങളെ നേരിടാതെ തീവ്രതകൈവരിച്ച  ചുഴലിക്കാറ്റിന് കരയിലുള്ളതെല്ലാം തടസങ്ങളായിരുന്നു. അവയെല്ലാം ഒരുനിമിഷംകൊണ്ട് തച്ചുതകര്‍ക്കപ്പെട്ടു. തീരത്ത് സുരക്ഷിതസ്ഥാനങ്ങളിലേക്ക് കയറ്റിവച്ചിരുന്ന ജലയാനങ്ങള്‍ ആകാശത്തേക്ക് എടുത്തെറിയപ്പെട്ടു. അടിത്തറയില്‍ നിന്ന് വേര്‍പെട്ട് തകര്‍ന്നുവീണത് ലക്ഷക്കണക്കിന് കെട്ടിടങ്ങള്‍. ഭൂരിഭാഗം കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്നുവീണു. വന്‍മരങ്ങള്‍ കടപുഴകി. വിതരണശൃംഖല താറുമാറായതോടെ വൈദ്യുതിബന്ധം നിലച്ചു. ആറ് മണിക്കൂര്‍ നേരമാണ് കാറ്റ് ഫ്ലോറിഡയുടെ തീരത്ത് താണ്ഡവമാടിയത്. ജോര്‍ജിയയിലും സമാനമായിരുന്നു സ്ഥിതി. കാറ്റിന്റെ ശക്തി ക്രമേണകുറയുമെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും കെടുതികളിലൂടെ കടന്നുപോയ ജനത്തിന് അതൊന്നും അനുഭവത്തില്‍ വന്നില്ല. 

കാറ്റ് ഏറ്റവും ശക്തമായി ബാധിച്ച മേഖലകളില്‍ എത്താനുള്ള രക്ഷാപ്രവര്‍‍ത്തകരുടെ ശ്രമവും ആദ്യഘട്ടത്തില്‍ പൂര്‍ണ പരാജയമടഞ്ഞു. വ്യോമ, കര മാര്‍ഗങ്ങളിലൂടെയുള്ള മുഴുവന്‍ യാത്രാനീക്കവും സാധ്യമല്ലാതായി. ചുഴലിക്കാറ്റിനൊപ്പമെത്തിയ തോരാമഴ കെടുതികളുടെ ആക്കംകൂട്ടി. തീരമേഖല പ്രളയത്തിലേക്ക് അതിവേഗം നീങ്ങി. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടന്നവരിലേക്ക് സഹായം എത്തിക്കാന്‍ ഒടുവില്‍ ജീവന്‍പണയംവച്ചാണ് ദുരന്തനിവാരണസേന പ്രതിബന്ധങ്ങളെ തട്ടിമാറ്റി ഇറങ്ങിത്തിരിച്ചത്.  ചുഴലിക്കാറ്റിന്റെ കെടുതികളില്‍ വിവിധ സംസ്ഥാനങ്ങളിലായി 17 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. മുന്‍കരുതല്‍ നടപടികള്‍ ലക്ഷ്യത്തിലെത്തിയെന്നുതന്നെ കരുതാം. അല്ലാത്തപക്ഷം മരണസംഖ്യ പതിനായിരങ്ങള്‍ പിന്നിടുമായിരുന്നു. ഇനിയൊരു ചുഴലിക്കാറ്റിന്റ മുന്നറിയിപ്പെത്തിയാല്‍ ഏറ്റവുമധികം കരുത്തേകുന്ന അനുഭവമായി മൈക്കള്‍ ചുഴിക്കാറ്റും  ഭരണകൂടത്തിനൊപ്പമുണ്ടാകും . മുന്നറിയിപ്പുകളോട് മുഖംതിരിക്കുന്ന ജനത്തിന്റെ ഓര്‍മയിലുമുണ്ടാകും ഈ കാറ്റിന്റെ പ്രഹരശേഷി.

MORE IN LOKA KARYAM
SHOW MORE