ലോകത്തെ വിറപ്പിച്ച് രണ്ട് ചുഴലികാറ്റുകൾ; ഫ്ലോറന്‍സും മംഖുട്ടും

Lokakaryam-Florence
SHARE

രണ്ട് ചുഴലികാറ്റുകളാണ്  പോയവാരം ലോകവാര്‍ത്തകളില്‍ ഇടംപിടിച്ചത് ,ഫ്ലോറന്‍സും മംഖുട്ടും. തെക്കുകിഴക്കന്‍ അമേരിക്കയെ ആകെ വിറപ്പിച്ച ഫ്ലോറന്‍സ് നോര്‍ത്ത് കാരലൈനയെയും സൗത്ത് കാരലൈനയെയും പ്രളയത്തില്‍ മുക്കി.  ജനങ്ങള്‍ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിച്ചതും സുരക്ഷാസേനയുടെ ഇടപെടലും ദുരന്തത്തിന്‍റെ തീവ്രത കുറച്ചു. 

അറ്റ്ലാന്‍റിക് സമുദ്രത്തിന്റെ മധ്യഭാഗത്തായി സെപ്റ്റംബര്‍ 9 ഞായാറാഴ്ചയാണ് ഫ്ലോറന്‍സ് ചുഴലിക്കാറ്റ് പിറവിയെടുത്തത്.  . 120 കിലോമീറ്റര്‍ വേഗത്തില്‍ അമേരിക്കന്‍ വന്‍കരയിലേക്ക് നീങ്ങിതുടങ്ങിയ കാറ്റിനെ തീവ്രതകുറഞ്ഞ കാറ്റഗറി 1ല്‍ ഉള്‍പ്പെടുത്തി. തെക്കുകിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍‍ കാറ്റ് എത്തുമെന്ന് സ്ഥിരീകരിച്ചതോടെ ഭരണകൂടം ഉണര്‍ന്നു. ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍ വന്നുതുടങ്ങി.

തെക്കുകിഴക്കന്‍ തീരസംസ്ഥാനങ്ങളായ സൗത്ത് കാരലൈനയും നോര്‍ത്ത് കാരലൈനയുമാണ് ഫ്ലോറന്‍സിനെ കാത്തിരുന്നത്. ചുഴലികാറ്റുകളെ നേരിട്ട് മുന്‍പരിചയമുള്ള നാട്ടുകാര്‍ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിച്ചു. വീടുവിട്ട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിത്തുടങ്ങി.

ചൊവ്വാഴ്ചടയോടുകൂടി ഫ്ളോറന്‍സ് ഉഗ്രരൂപിയായി. വേഗത 220 കിലോമീറ്ററായി വര്‍ധിച്ചു. ദേശീയ ചുഴലിക്കാറ്റ് സെന്റര്‍ ഫ്ലോറന്‍സിനെ അപകടപട്ടികയില്‍ ഏറ്റവും ഉയര്‍ന്ന കാറ്റഗറി 5 ലേക്ക് ഉയര്‍ത്തി. ചുഴലി കരയിലേക്ക് അടുക്കുന്നതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ നാസാ പുറത്തുവിട്ടു. ഇതോടെ കരയിലാകെ ആശങ്കപടര്‍ന്നു.

Thumb Image

  

അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായിരിക്കും ഫ്ലോറന്‍സെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. പിന്നീട് കണ്ടത് കൂട്ടപലായനമായിരുന്നു. റോഡുകളെല്ലാം വലുതും ചെറുതുമായവാഹനങ്ങളാല്‍ നിറഞ്ഞു. പലയിടങ്ങളിലും ഇന്ധനക്ഷാമം അനുഭവപ്പെട്ടു. കാറ്റുവീശുന്ന മേഖലകളില്‍ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 അതിനിടെ തീരത്ത് അടുക്കുന്തോറും ഫ്ലോറന്‍സിന്റെ വേഗതകുറയുന്നതായുള്ള ആശ്വാസവാര്‍ത്തവന്നു. 125 കിലോമീറ്റായതോടെ കാറ്റഗറി 2 ലേക്ക് തരംതാഴ്ത്തി. സെപ്റ്റംബര്‍ 14 വെള്ളിയാഴ്ചയോട് കൂടി നോര്‍ത്ത് കാരോലൈനയിലെ വില്‍മിങ്ടണ്ണില്‍ ഫ്ലോറന്‍സ് തീരം തൊട്ടു. കാറ്റിനൊപ്പം വന്ന പേമാരി മേഖലയിലാകെ ദുരിതം വിതച്ചു. നോര്‍ത്ത് കരോലൈനയിലെ പല നഗരങ്ങളിലും 91 സെ.മീ വരെ മഴ പെയ്തു. പുഴകള്‍ കരകവിഞ്ഞതോടെ മേഖലയാകെ പ്രളയം ബാധിച്ചു.

4500ലേറെ വീടുകള്‍ വെള്ളത്തില്‍ മുങ്ങി. മരങ്ങള്‍ കടപുഴകിവീണ് നിരവധിവീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അഞ്ചുലക്ഷത്തിലേറെ വീടുകള്‍ ഇരുട്ടിലായി. ചുഴലിക്കാറ്റിന്റെ വേഗതവീണ്ടും കുറഞ്ഞെങ്കിലും മഴ തുടര്‍ന്നു. വില്‍മിങ്ടണ്‍ നഗരത്തെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. നഗരത്തിനകത്തേക്കും പുറത്തേക്കുമുള്ള വഴികളെല്ലാം വെള്ളത്തിനടിയിലായി. അഞ്ഞൂറിലേറെ പേരെയാണ് ഇവിടെനിന്ന് സുരക്ഷാസേന രക്ഷപ്പെടുത്തിയത്.  സൗത്ത് കാരലൈനയിലെ മൃഗശാലയിലും വെള്ളംകയറി. രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസിന്റെ പ്രാഥമിക കണക്കുപ്രകാരം ഫ്ലോറന്‍സ് അമേരിക്കയില്‍ ഉണ്ടാക്കിയത് 17 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ്.

ഫ്ലോറന്‍സിന്റെ കലിയടങ്ങി വരുമ്പോഴാണ് തെക്കുകിഴക്കന്‍ ഏഷ്യയാകെ വിറപ്പിച്ചുകൊണ്ട് മംഗൂട്ട് ചുഴലിക്കാറ്റെത്തിയത്. ഈ വര്‍ഷം ഉണ്ടായചുഴലിക്കാറ്റുകളില്‍ ഏറ്റവും വലുതാണ് മംഗൂട്ട്. ഫിലിപ്പിന്‍സില്‍ കനത്തനാശംവിതച്ച മംഗൂട്ട് ദക്ഷിണ ചൈനയിലും ഹോങ്‌കോങിലും സര്‍വനാശം വിതച്ചു.

MORE IN LOKA KARYAM
SHOW MORE