പ്രതിസന്ധികളിലൂടെ കത്തോലിക്കാ സഭ; നീളുന്ന ചോദ്യമുനകള്‍

Lokakaryam-Pope
SHARE

പുരോഹിതര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  മെത്രാന്‍മാരുടെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലോകമെങ്ങും കത്തോലിക്ക പുരോഹിതര്‍ക്കും മെത്രാന്‍മാര്‍ക്കുമെതിരെ ഉയരുന്ന ആരോപണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സമ്മേളനം വിളിച്ചത്. 1950കള്‍ മുതല്‍ കത്തോലിക്ക സഭ നേരിടുന്ന ഏറ്റവും വലിയ നൈതിക പ്രശ്നത്തിന് പരിഹാരം കാണുമോ  ഈ സമ്മേളനം?

അസാധാരണമായ, സമീപഭൂതകാലത്തിലൊന്നും കേട്ടറിവുപോലുമില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ് ആഗോള കത്തോലിക്കാസഭ. പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക്  ദൈവസമക്ഷവും ലോകത്തോടും ആവര്‍ത്തിച്ച് മാപ്പു പറഞ്ഞു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജനകീയപ്രതിഛായയെ നെഞ്ചേറ്റുന്ന ലോകം  ആ മാപ്പുപറച്ചിലില്‍  കളങ്കിതരായ പുരോഹിതരോടുള്ള രോഷം അടക്കാന്‍ ശ്രമിക്കുമ്പോഴും സഭയ്ക്കുള്ളില്‍ നിന്ന് ചിലചോദ്യമുനകള്‍ അദ്ദേഹത്തിനുനേരെ നീളുന്നത് കാണാതിരുന്നുകൂടാ. ധാര്‍മികതയും നൈതികതയും ക്രൈസ്തവ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് സഭയിലെ ഒരുപറ്റം മുതിര്‍ന്ന പുരോഹിതര്‍ ഉയര്‍ത്തുന്ന ചോദ്യമിതാണ്. ലൈംഗിക കുറ്റകൃത്യങ്ങള്‍ മറച്ചുവച്ചതിന്‍റെ പാപഭാരത്തില്‍ നിന്ന്  ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക്  ഒഴിഞ്ഞുനില്‍ക്കാനാവുമോ ?ഇല്ലെന്നാണ് യുഎസിലെ മുന്‍ വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച് ബിഷപ് കാര്‍ലോ മരിയ വിഗാനോ പറയുന്നത്.  സെമിനാരി വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് യു.എസിലെ  കര്‍ദിനാള്‍ തിയഡോര്‍ മകാറിക്കിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഏര്‍പ്പെടുത്തിയ  വിലക്കുകള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നീക്കിയെന്നായിരുന്നു ആരോപണം. 

എന്നാല്‍ തനിക്കെതിതിരെയുള്ള ആരോപണം ചെകുത്താന്‍റെ വേലയാണെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രതികരണം.

പക്ഷേ മാര്‍പ്പാപ്പയെ നേരില്‍ കണ്ട അമേരിക്കന്‍ മെത്രാന്‍മാര്‍ കര്‍ദിനാള്‍ മകാറിക് വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. ഒരു കര്‍ദിനാളിന്റെ അപഥസഞ്ചാരംകൊണ്ട്  സഭയാകെ  സദാചാരമൂല്യങ്ങള്‍ കുഴിച്ചുമൂടിയെന്ന ചീത്തപ്പേര് കേട്ടുകൊണ്ടിരിക്കെയാണ് ഇടിത്തീപോലെ പെന്‍സില്‍വാനിയ ഗ്രാന്‍ഡ് ജൂറി റിപ്പോര്‍ട്ട് പുറത്തുവന്നത്. 1400 പേജുള്ള റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നത് മൂന്നൂറോളം പുരോഹിതര്‍ ഉള്‍പ്പെടുന്ന പതിറ്റാണ്ടുകള്‍ നീണ്ട ലൈംഗികപീഡന പരമ്പരകള്‍. ദുരുപയോഗംചെയ്യപ്പെട്ടതത്രെയും കൊച്ചുപെണ്‍കുട്ടികളും ആണ്‍കുട്ടികളും. ഞെട്ടലുളവാക്കിയ കണ്ടെത്തലുകള്‍ ഇക്കാലമത്രയും ചാരംമൂടിക്കിടന്നത് സഭാനേതൃത്വത്തിന്റെ ഇടപെടലുകൊണ്ട്. സഭാധ്യക്ഷന്മാര്‍ ഈ കുറ്റകൃത്യങ്ങള്‍ കാലാകാലങ്ങളില്‍ മറച്ചുവച്ചു. കര്‍ദിനാള്‍ മകാറികിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയ ഉദാരവായ്പ്പിന്റെ ചെറിയ പതിപ്പുകളായിരുന്നു ഇവയെല്ലാം. ആരോപിതരും സംരക്ഷകരും നേര്‍വഴിക്കാരുമെല്ലാംചേര്‍ന്ന് സൃഷ്ടിച്ച കലാപസമാനമായ ആഭ്യന്തരസംഘര്‍ഷങ്ങള്‍ ഒന്നൊന്നായി പുറത്തുവരുകയാണ്. 

കത്തോലിക്കാ സഭയിലെ യാഥാസ്ഥിതികരും പരിവര്‍ത്തനവാദികളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ആശയഭിന്നതയും മാര്‍പ്പാപ്പയ്ക്കെതിരായ ആരോപണത്തോടെ പുറത്തുവരുന്നു. അമേരിക്കയിലെ യാഥാസ്ഥിതിക മെത്രാന്മാര്‍ക്ക് മാര്‍പ്പാപ്പയുടെ ഭരണരീതിയോട് വിയോജിപ്പുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.പ്രത്യേകിച്ചും സ്വവര്‍ഗപ്രേമികളോടുള്ള മാര്‍പ്പാപ്പയുടെ അനുകമ്പ. സ്വവര്‍ഗപ്രേമികളോടും അവരുടെ കാഴ്ചപ്പാടിനോടും കാട്ടുന്ന അനുകമ്പ പുരോഹിതര്‍ക്കിടയിലെ ലൈംഗിക കുറ്റവാളികള്‍ക്ക് വളമാകുമെന്ന് ഇവര്‍ വാദിക്കുന്നു. പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് 1950കളില്‍ത്തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും 1980കളിലാണ് സഭ ഇതിനെ ഗൗരവമായി കണ്ടുതുയങ്ങിയത്. അമേരിക്കയിലും കാനഡയിലും നിന്നാണ് ആദ്യം പരാതികള്‍ പുറത്തുവന്നത്. ആദ്യമെല്ലാം അമേരിക്കന്‍ സാമൂഹ്യസാഹചര്യങ്ങളുടെ പ്രശ്നമാണ് കുറ്റകൃത്യങ്ങള്‍ എന്ന് സ്ഥാപിക്കാന്‍ സഭ ശ്രമിച്ചു.  പക്ഷേ , അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്ര്ടേലിയ, തുടങ്ങിയിടങ്ങളില്‍ നിന്നും കത്തോലിക്ക പുരോഹിതരുടെ കുറ്റകൃത്യങ്ങള്‍ പുറത്തു വന്നു.വികസിത രാജ്യങ്ങളിലെ മൂല്യച്യുതിയെന്ന് വിശേഷിപ്പിച്ച് തലയൂരാന്‍ എന്നിട്ടും ശ്രമിച്ചു വത്തിക്കാന്‍.  ഫിലിപ്പൈന്‍സ്, ചിലെ, ഇന്ത്യ, ജര്‍മനി, ഓസ്ട്രിയ,  എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും വൈദികര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നതോടെ സഭ പ്രതിരോധത്തിലായി. 1995ല്‍ വിയന്ന ആര്‍ച്ചബിഷപ്പിന് രാജിവയ്ക്കേണ്ടി വന്നതോടെ ലൈംഗികകുറ്റകൃത്യങ്ങള്‍ സഭാപിതാക്കന്‍മാരുടെ വിശ്വാസ്യതയെത്തന്നെ ബാധിച്ചുതുടങ്ങി. 2005ല്‍ ബോസ്റ്റണ്‍ ഗ്ലോബ് പത്രം പുറത്തുവിട്ട സ്ഫോടനാതമക റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സഭയ്ക്കുള്ളിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പൊലീസില്‍  റിപ്പോര്‍ട്ട് ചെയ്യണമെന്ന്  അമേരിക്കന്‍ കത്തോലിക്ക സഭ കര്‍ശന നിര്‍ദേശം നല്‍കി. 2004ല്‍ പുറത്തുവന്ന സഭയുടെ തന്നെ പഠറിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ മാത്രം 4000 പുരോഹിതര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ നിലനിന്നിരുന്നു. 

ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ഥാനമേറ്റതോടെ ലൈംഗിക കുറ്റവാളികള്‍ക്ക് മേല്‍ കര്‍ശന നടപടിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കുറ്റവാളികളെ സംരക്ഷിക്കുന്ന മെത്രാന്‍മാരെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ വത്തിക്കാനില്‍ ഉയര്‍ന്ന കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് തീരുമാനം പിന്‍വലിക്കേണ്ടി വന്നു. ഇത് കുറ്റവാളികള്‍ക്ക് സംരക്ഷണമായി. സ്നേഹമയിയായ അമ്മയെന്ന നിലയില്‍ എന്ന തലക്കെട്ടില്‍ എഴുതിയ കത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു, ലൈംഗിക കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിന് വത്തിക്കാന് ആവശ്യത്തിന് സംവിധാനങ്ങളുണ്ട്. പുതുതിന്‍റെ ആവശ്യമില്ല. . HOLD  എന്നാല്‍ ഈ വര്‍ഷം കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി മാര്‍പ്പാപ്പ മെത്രാന്‍മാര്‍ക്ക് കത്തെഴുതി.കുറ്റകൃത്യങ്ങള്‍ പൊലീസിനോ അധികാരികള്‍ക്കോ റിപ്പോര്‍ട്ട് ചെയ്യണേ വേണ്ടയോ എന്നതാണ് സഭ നേരിടുന്ന പ്രധാന പ്രശ്നം. വ്യത്യസ്ത നിയമങ്ങളുള്ള രാജ്യങ്ങള്‍ക്ക് ഒറ്റ നയം രൂപീകരിക്കുക സാധ്യമല്ലെന്നതാണ് പ്രശ്നം. ചില രാജ്യങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ പോലും നിഷ്കര്‍ഷിക്കുന്നു എന്നതാണ് സഭയെ ആശങ്കപ്പെടുത്തുന്നത്. കുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാന്‍ സമിതി അവകാശപ്പെടുന്നത് ലൈംഗിക കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിക്ക് മെത്രാന്‍മാരെ പ്രേരിപ്പിക്കുകയാണ് ഫെബ്രുവരി സമ്മേളനത്തിന്‍റെ ലക്ഷ്യമെന്നാണ്. 

കുട്ടികളെ മാത്രമല്ല, എല്ലാ ദുര്‍ബല വിഭാഗങ്ങളെയും ലൈംഗിക പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഉതകുന്ന പരിശീലനവും നിര്‍ദേശവും മെത്രാന‍മാര്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ലോകമെങ്ങും വ്യത്യസ്ത രാജ്യങ്ങളിലെ മെത്രാന്‍സമിതികളോട് ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും പലരും അത് ചെയ്തിട്ടില്ല. കത്തോലിക്ക സഭ നേരിടുന്ന പ്രശ്നത്തിന് അതിനുള്ളിലെ തന്നെ സംവിധാനങ്ങളാണ് ഉത്തരവാദികള്‍. അടിച്ചേല്‍പ്പിക്കപ്പെട്ട ബ്രഹ്മചര്യം, പൗരോഹിത്യത്തിന് ലഭിക്കുന്ന രാജകീയ പദവി, മെത്രാന്‍സമിതികളിലടക്കം ഇല്ലാത്ത സുതാര്യത അങ്ങനെ നിരവധി കാരണങ്ങള്‍. പല കാര്യങ്ങളിലും വിപ്ലവകരമായ തിരുത്തലുകള്‍ വരുത്തിയ വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മാര്‍പ്പാപ്പ പദവിയില്‍ പോലും ലാളിത്യം കൊണ്ടു വന്ന അദ്ദേഹത്തിന് മെത്രാന്‍മാരുടെ രാജകീയ പരിവേഷത്തിന് മാറ്റംവരുത്താന്‍ കഴിയുമോ എന്നതാണ് ചോദ്യം. പൗരോഹിത്യത്തിന്‍റെ വഴികളില്‍ തിരുത്തല്‍ വരുത്താനുള്ള ഏതു ശ്രമവും സഭയുടെ വിശ്വാസ്യതയ്ക്ക് മാറ്റുകൂട്ടുകയേ ഉള്ളൂ. ലൈംഗിക ചൂഷണമെന്ന കൊടുംപാപത്തിന്‍റെ പിടിയില്‍ നിന്ന് സഭയെ മോചിപ്പിക്കാന്‍ പീഡകളേറ്റുവാങ്ങുന്ന ഗാഗുല്‍ത്താ യാത്രതന്നെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് നടത്തേണ്ടി വരുമെന്നുറപ്പ്.

ഈ വിവാദങ്ങള്‍ക്കിടയിലും മറ്റൊരു സുപ്രധാന നീക്കവുമായി മുന്നോട്ടുപോവുകയാണഅ വത്തിക്കാന്‍. കമ്യൂണിസ്റ്റ് ചൈനയുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് കത്തോലിക്ക ആസ്ഥാനരാജ്യം. ആദ്യപടിയായി മാര്‍പ്പാപ്പയെ കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ചൈന അംഗീകരിക്കും. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന മെത്രാന്‍മാരെ മാര്‍പ്പാപ്പയും അംഗീകരിക്കും. കരാര്‍ യാഥാര്‍ഥ്യമായാല്‍ എഴുപതുവര്‍ഷം നീണ്ട തര്‍ക്കത്തിനാണ് പരിഹാരമാവുക. 

ആകെ 1.2 കോടി കത്തോലിക്കരാണു ചൈനയിലുള്ളത്. ചൈന കമ്യുണിസ്റ്റ് ഭരണത്തിലായതിനെ തുടർന്നാണു ബിഷപ്പുമാരെ നിയമിക്കുന്നതു സംബന്ധിച്ച തർക്കത്തിൽ കത്തോലിക്കാ സഭയുമായി ഇടഞ്ഞത്. മിഷനറിമാരെ മുഴുവൻ പുറത്താക്കിയ കമ്യൂണിസ്റ്റ് സർക്കാർ, കത്തോലിക്കാ സഭയ്ക്കു നിരോധനമേർപ്പെടുത്തി. മാർപാപ്പയെ അംഗീകരിക്കാത്തതും സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതുമായ കാത്തലിക് പാട്രിയോട്ടിക് അസോസിയേഷൻ ഔദ്യോഗിക സഭയായി. വത്തിക്കാൻ ബന്ധമില്ലാത്ത ഈ തദ്ദേശീയ കത്തോലിക്കാ സഭയ്ക്കു മാത്രമേ ചൈന പൊതു ആരാധനാസ്വാതന്ത്യ്രം അനുവദിച്ചിട്ടുള്ളൂ. യഥാര്‍ഥ കത്തോലിക്കാ വിശ്വാസികൾ രഹസ്യമായി ആചാരങ്ങളും വിശ്വാസവും പിന്തുടരുന്നുണ്ടെങ്കിലും  വിശ്വാസത്തിന്റെ പേരിൽ അവർ നിരന്തരം പീഡിപ്പിക്കപ്പെടുന്നുണ്ട്. വത്തിക്കാൻ നിയമിക്കുന്ന ബിഷപ്പുമാരെ ചൈന അംഗീകരിക്കുന്നില്ല. ഈ തര്‍ക്കത്തിനാണ് ഉടന്‍ പരിഹാരമാവുമെന്ന് ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ കത്തോലിക്ക സഭയ്ക്കുള്ളില്‍ത്തന്നെ ഈ നീക്കത്തോട് എതിര്‍പ്പുകളുയരുന്നുണ്ട്. ദശകങ്ങളായി കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ പീഡനങ്ങളേറ്റുവാങ്ങിയ പുരോഹിതരോടും സാധാരണക്കാരോടും കാട്ടുന്ന വഞ്ചനയാവുമിതെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുൂന്നു. സര്‍ക്കാരിന്‍റെ എല്ലാ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളെയും നേരിട്ടും വത്തിക്കാനോട് കൂറുപുലര്‍ത്തിയ ജനതയെ സഭ മറക്കരുതെന്നാണ് ഇവരുടെ ആവശ്യം.ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളും കാര്യങ്ങള്‍ സുഗമമാക്കുന്നതല്ല. സമീപകാലത്ത് നിരവധി ദേവാലായങ്ങള്‍ അടച്ചുപൂട്ടുകയും മതചിഹ്നങ്ങള്‍ പൊതുസ്ഥലത്തുനിനന് നീക്കം ചെയ്യുകയും ചെയ്തു സര്‍ക്കാര്‍.  വിവിധ മതവിഭാഗങ്ങള്‍ നൂറുശതമാനവും കമ്യൂണിസറ്റ് കൂറ് വച്ചുപുലര്‍ത്തുന്നവരാണെന്ന് ഉറപ്പിക്കാന്‍ പ്രത്യേക പരിപാടി തന്നെ ആവിഷ്കരിച്ചിട്ടുണ്ട് പ്രസിഡന്‍റ് ഷി ചിന്‍ പിങ്. പുരോഹിത നിയമനത്തിലെ സര്‍ക്കാര്‍ നിയമനവും  മതപഠനശാലകള്‍ ദേശീയതയിലൂന്നിയവയാണെന്ന് ഉറപ്പിക്കലുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയ്ക്കെതിരായ നിലപാടുകളും സിന്‍ജിയാങ് പ്രവിശ്യയിലെ മുസ്ലീം പീഡനവുമെല്ലാം മുഖ്യധാര മതങ്ങളോടുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ അസഹിഷ്ണുതയുടെ തെളിവുകളാണ്. പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം മതസ്ഥാപനങ്ങളുടെമേലുള്ള ആക്രണമണം രാജ്യത്ത് ശക്തമായി. ചൈനയിലെ സർക്കാരുമായുണ്ടാക്കുന്ന ഏതു ധാരണയും വിശ്വാസികളെ കൂട്ടിലടയ്ക്കുന്നതിനു തുല്യമാണെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. 

സഭയുടെ മേല്‍ സര്‍ക്കാര്‍ കൂടുതല്‍ പിടിമുറുക്കുകയേ ഉള്ളൂ . മതനിന്ദയും യുക്തിവാദവും പ്രോല്‍സാഹിപ്പിക്കുന്നവരുമായി കൈകോര്‍ക്കുന്നത് സഭയ്ക്ക് ഗുണം ചെയ്യില്ലെന്ന്  കത്തോലിക്ക സഭയിലെ   യാഥാസ്ഥിതികര്‍ വാദിക്കുന്നു. നിലവില്‍ വത്തിക്കാന്‍ നിയോഗിച്ചിട്ടുള്ള മെത്രാന്‍മാരോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുന്നത് തികഞ്ഞ അനീതിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  അതേസമയം ക്രിസ്തുമതത്തിന് വേഗത്തില്‍ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് സഭ ഒറ്റക്കെട്ടായി നില്‍ക്കണമെന്നതാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ താല്‍പര്യം.  ചൈനയുമായി നയതന്ത്ര ബന്ധമില്ലാത്ത ഏക യൂറോപ്യൻ രാജ്യമാണു വത്തിക്കാൻ.  നയതന്ത്രബന്ധം പുനസ്ഥാപിച്ചാല്‍ തയ്‌വാന്‍റെ സ്വതന്ത്രപദവിയെ വത്തിക്കാന്‍ തള്ളിപ്പറയേണ്ടി വരും. വത്തിക്കാനോട് എക്കാലത്തും വിധേയത്തവും വിശ്വസ്ഥതയും പുലര്‍ത്തിയിട്ടുള്ള തയ്വാന്‍ സഭയ്ക്ക് ഇത് അംഗീകരിക്കാനാവില്ല.   കമ്യൂണിസ്റ്റ് ചൈനയ്ക്ക് കൈകൊടുക്കും മുമ്പ് ഇത്തരത്തിലുള്ള നിരവധി സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടിവരും വത്തിക്കാൻ.

MORE IN LOKA KARYAM
SHOW MORE