വിധിയെഴുത്ത്; വൈറ്റ് ഹൗസിനും ‘വേണ്ടാതായ’ ട്രംപിന് ചങ്കിടിക്കുമോ..?

Lokakaryam-Obama-Trump
SHARE

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലേക്ക് അമേരിക്ക. നവംബര്‍ ആദ്യവാരം നടക്കുന്ന തിരഞ്ഞെടുപ്പ് പ്രസിഡന്‍റ് ട്രംപിന് ഏറെ നിര്‍ണായകമാണ്. പ്രസിഡന്‍റിന്റെ നയങ്ങളുടെ മേലുള്ള ജനവിധിയാവും മധ്യകാല തിരഞ്ഞെടുപ്പ്.  രാജ്യമെങ്ങും ഓടി നടന്ന് പ്രചാരണം നടത്തുകയാണ് അദ്ദേഹം. അതിനിടെ ഡെമോക്രാറ്റുകളെ നയിക്കാന്‍ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ രംഗത്തെത്തിയതോടെ പോരാട്ടം കൊഴുക്കുമെന്നുറപ്പായി.

ഇല്ലിനോയി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ നടത്തിയത് ശക്തമായ രാഷ്ട്രീയ പ്രസംഗം തന്നെയായി്രുന്നു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പ്രസിഡന്‍റ് ട്രംപിനെ കടന്നാക്രമിച്ചു. സ്വന്തം അരക്ഷിതാവസ്ഥ മനസിലാക്കി വാചകക്കസര്‍ത്ത് നടത്തുന്ന ട്രംപ് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഒബാമ തുറന്നടിച്ചു. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരമ്പരാഗത നയങ്ങളെപ്പോലും ട്രംപ് മുഖവിലയ്ക്കെടുക്കുന്നില്ല. അല്ലെങ്കില്‍ എങ്ങനെ റഷ്യന്‍ ഭരണാധികാരിയുമായി കൂട്ടുകൂടാന്‍ അദ്ദേഹത്തിന് കഴിയും, ഒബാമ ചോദിച്ചു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രചാരണകാലം മുതല്‍ ഒബാമയെ കടന്നാക്രമിച്ചിട്ടുള്ള ട്രംപും വെറുതെയിരുന്നില്ല. പ്രചാരണവേദിയില്‍ അദ്ദേഹം പറഞ്ഞു, ഒബാമയുടെ പ്രസംഗം കേട്ട് ഞാന്‍ ഉറങ്ങിപ്പോയി. അദ്ദേഹത്തിന്‍റെ പ്രസംഗം ഉറക്കം കിട്ടാന്‍ വളരെ നല്ലതാണ്. തന്‍റെ ഭരണനേട്ടങ്ങളുടെ പട്ടികയുമായാണ് ഡോണള്‍ഡ് ട്രംപ് പ്രചാരണവേദികളിലെത്തുന്നത്. 

സാധാരണഗതിയില്‍ സ്ഥാനമൊഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ സജീവരാഷ്ട്രീയത്തില്‍ ഇടപെടാറില്ല. അതുകൊണ്ടു തന്നെ, ഡോണള്‍ഡ് ട്രംപിനെ നേരിടാന്‍ ബറാക് ഒബാമ നേരിട്ട് രംഗത്തിറങ്ങിയത് അമേരിക്കന്‍ രാഷ്ട്രീയത്തിലും വഴിത്തിരുവായി. ഇതുവരെയുള്ള പൊതുപ്രസംഗങ്ങളിലോ ലേഖനങ്ങളിലോ ട്രംപിന്‍റെ പേരെടുത്ത് വിമര്‍ശിക്കാന്‍‌ ഒബാമ തയാറായിരുന്നില്ല. ഇല്ലിനോയിയില്‍ ആ ചരിത്രവും തിരുത്തിക്കുറിക്കപ്പെട്ടു. പ്രചാരണരംഗത്ത് ശക്തമായ നേതൃത്വമില്ലാതിരുന്ന ഡെമോക്രാറ്റുകള്‍ക്ക് പുതുജീവന്‍ പകരുന്നതായി ഒബാമയുടെ കടന്നുവരവ്. സമ്പന്നരുടെയും സ്വാധീനമുള്ളവരുടെയും മാത്രം ഭരണമാണ് അമേരിക്കയില്‍ നടക്കുന്നതെന്ന് അഭിപ്രായപ്പെട്ട ഒബാമ  തന്‍റെ വിജയരഹസ്യമായിരുന്ന താഴെത്തട്ടുകാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഡെമോക്രാറ്റുകളെ ആഹ്വാനം ചെയ്യുകകൂടിയായിരുന്നു. പക്ഷേ മധ്യകാല  തിരഞ്ഞെടുപ്പ് ചരിത്രം ഒബാമയുടെ സാന്നിധ്യം  ഡെമോക്രാറ്റുകള്‍ക്ക് വലിയ പ്രതീക്ഷയേകുന്നതുമല്ല.  

Thumb Image

അദ്ദേഹം പ്രസിഡന്‍റായിരിക്കേ 2010ല്‍ ജനപ്രതിനിധിസഭയിലും  2014ല്‍ സെനറ്റിലും ഡെമോക്രാറ്റുകള്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഒബാമ കളത്തിലിറങ്ങിയാല്‍ തങ്ങള്‍ക്ക് ജയം എളുപ്പമാവുമെന്നാണ് ട്രംപ് അനുകൂലികള്‍ അവകാശപ്പെടുന്നത്. ട്രംപിന്‍റെ മുഖ്യ ഇര ഒബാമയായിരിക്കുമെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. എന്തായാലും വൈറ്റ്ഹൗസിനുള്ളില്‍പ്പോലും ശത്രുക്കളുള്ള പ്രസിഡന്‍റിനെ കണക്കറ്റ് പരിഹസിച്ചും ആക്രമിച്ചും മുന്നേറാണ് ഒബാമയുടെ തീരുമാനം.

ആരാണ് പ്രസിഡന്‍റ് ഒബാമ സൂചിപ്പിച്ച ഈ വൈറ്റ് ഹൗസിനകത്തെ വിമതന്‍ ? വാഷിങ്ടണിലെ പ്രധാന സംസാരവിഷയം ഇതാണ്. ട്രംപിനെതിരെ വൈറ്റ് ഹൗസിലെ അജ്ഞാത ഉന്നതൻ ന്യൂയോർക്ക് ടൈംസ് എഡിറ്റോറിയൽ പേജിൽ എഴുതിയ ലേഖനം കത്തിപ്പടരുകയാണ്. അത് ഞാനല്ല, ഞാനല്ല എന്ന് ആണയിടുകയാണ് വൈസ് പ്രസിഡന്‍റ് മുതലുള്ള പ്രമുഖര്‍. 

ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വരണം, തനിക്കെതിരെ ലേഖനമെഴുതിയാളോട് പ്രസിഡന്‍റ് ട്രംപിന് പറയാനുള്ളത് അതാണ്. ട്രംപിന്‍റെ വൈറ്റ് ഹൗസ് കഴിവുകെട്ടതും നിന്ദ്യവും എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ നിറഞ്ഞതുമാണെന്ന് വിശേഷിപ്പിക്കുന്ന ലേഖനം എഴുതിയിരിക്കുന്നത് സര്‍ക്കാരിലെ തന്നെ അജ്ഞാതനായ ഒരു ഉനതന്നാണ്. ട്രംപ് ഭരണകൂടത്തിനുള്ളിലെ പ്രതിരോധപോരാളിയാണ് ഞാന്‍ എന്ന തലക്കെട്ടോടെയുള്ള ലേഖനം ന്യൂയോര്‍ക് ടൈംസ് പത്രത്തിലാണ് വന്നത്. ലേഖകനെ അറിയാമെന്നും പേര് വെളിപ്പെടുത്തുന്നില്ലെന്നും പത്രം പറയുന്നു. ഒരു അമേരിക്കന്‍ പ്രസിഡന്‍റുമാരും നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയാണ് സ്ഥാനം നിലനിര്‍ത്തു്നനതില്‍ ട്രംപ് നേരിടുന്നത് എന്നു പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്. അദ്ദേഹത്തിന്‍റെ നയങ്ങള്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു. പ്രസിഡന്‍റിന്‍റെ അസാന്‍മാര്‍ഗികതയാണ് അടിസ്ഥാനപ്രശ്നം തുടങ്ങി രൂക്ഷവിമര്‍ശനമുന്നയിക്കുന്ന ലേഖനത്തിന്‍റെ രചയിതാവ് ആരാണ്? എന്തായാലും അത് താനല്ല എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരിലെ ഉന്നതര്‍.

ലേഖനം പ്രസിഡന്‍റ് ട്രംപിനെ വല്ലാതെ ചൊട്ിപ്പിച്ചു എന്നതില്‍ തര്‍ക്കമില്ല. മറഞ്ഞിരിക്കുന്ന ലേഖകന്‍ മാത്രമല്ല റിപ്പബ്ലിക്കന്‍ നേതൃത്വത്തില്‍ അസ്വസ്ഥനായിട്ടുള്ളത് എന്നും സൂചനയുണ്ട്. ജനങ്ങളെ നേരിടുന്ന പാര്‍ട്ടി നേതാക്കള്‍ പ്രസിഡന്‍റിന്‍റെ പല നിലപാടുകളും വിശദീകരിക്കാന്‍ പാടുപെടുകയാണ്. ഷാര്‍ലറ്റ്വില്ലില്‍ അഴിഞ്ഞാടിയ വര്‍ണവെറിയന്‍മാരെ ന്യായീകരിച്ചത്, എഫ്ബിഐ ഡയറക്ടറെ പുറത്താക്കിയത്, അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ കടന്നാക്രമിച്ചത്,രാജ്യത്തിന്‍റെ മുഖ്യ ശത്രുവായ വ്ലാഡിമിര്‍ പുടിന് കൈകൊടുത്തത്, പാരിസ് കരാറില്‍ നിന്ന് പിന്‍മാറിയത് ഇങ്ങനെ നിരവധി വിവാദനിലപാടുകളാണ് പാര്‍ട്ടിക്ക് തലവേദനയാകുന്നത്. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്‍റെ സ്വീകാര്യതയ്ക്ക് കാര്യമായ ഇടിവ് സംഭവിച്ചിട്ടുമില്ല. കയ്യടി നേടുന്ന നിരവധി തീരുമാനങ്ങളിലൂടെ പ്രസിഡന്‍റ് ജനപ്രീതി നേടിയിട്ടുണ്ടെന്ന് നല്ല ശതമാനം റിപ്പബ്ലിക്കന്‍മാരും കരുതുന്നു. വിലയിരുത്തലുകളുടെ ശരിതെറ്റുകള്‍ നവംബറിലെ പൊതുതിരഞ്ഞെടുപ്പ് വ്യക്തമാക്കും.

MORE IN LOKA KARYAM
SHOW MORE