ജോണ്‍ മകെയന്‍: മരണത്തിലും തളരാത്ത പോരാളി

814043e
SHARE

സെനറ്റിലെ കരുത്തുറ്റ ശബ്ദം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തിരുത്തല്‍വാദി,വിയറ്റ്നാം യുദ്ധത്തിലെ പോരാളി, രാജ്യത്തിന്‍റെ ധീരപുത്രന്‍ സെനറ്റര്‍ ജോണ്‍ മെക്കയ്ന് അമേരിക്ക വീരോചിതമായ യാത്രയയപ്പ് നല്‍കി. ഡോണള്‍ഡ് ട്രംപിന്‍റെ മുഖ്യശത്രുവായ മെക്കയ്ന്‍ തന്‍റെ സംസ്കാര ചടങ്ങുകളില്‍ ട്രംപ് പങ്കെടുക്കരുതെന്ന് ആഗ്രഹിച്ചു. വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സാണ് സര്‍ക്കാരിനു വേണ്ടി സെനറ്റര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചത്. പിതാവിന്‍റെ ഓര്‍മയില്‍ മേഗന്‍ മക്കെയ്ന്‍ നടത്തിയ പ്രസംഗം പ്രസിഡന്‍റ് ട്രംപിനുമേല്‍ കൂരമ്പുകളായി പതിച്ചു.. ആദ്യം  സെനറ്റര്‍ മെക്കെയ്നെക്കുറിച്ച്  ചെറു ഓര്‍മക്കുറിപ്പ്.

ജോണ്‍ മെക്കെയ്ന്‍. തുറന്നു പറച്ചിലുകൾക്കും അടിയുറച്ച നിലപാടുകൾക്കും പേരെടുത്ത റിപ്പബ്ലിക്കൻ സെനറ്റര്‍. 2008ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാർഥിയായതോടെ മക്കെയന്‍ ലോകത്തിനും സുപരിചിതനായി. രാഷ്ട്രീയത്തിലിറങ്ങും മുൻപു യുഎസ് നാവികസേനയിൽ പൈലറ്റായിരുന്ന അദ്ദേഹം യുദ്ധത്തടവുകാരനായി, അഞ്ചരവർ‌ഷം വിയറ്റ്നാമിൽ ക്രൂരപീഡനത്തിനിരയായി.  മക്കെയ്ന്‍റെ  പിതാവും മുത്തച്ഛനും നാവികസേനയിൽ ഫോർ സ്റ്റാർ അഡ്മിറലുകളായി സേവനമനുഷ്ഠിച്ചവരായിരുന്ു.  1967 ഒക്ടോബറില്‍ ഹനോയിയിൽ വിമാനം പറത്തുന്നതിനിടെ ശത്രുക്കളുടെ ആക്രമണത്തില്‍ മക്കെയ്ന്‍റെ   വിമാനം തടാകത്തിൽ വീണു. മൃതപ്രായനായ അദ്ദേഹത്തെ വിയറ്റ്നാമീസ് സൈനികർ വലിച്ചിഴച്ചു തടവറയിലേക്കു കൊണ്ടുപോയി. കൊടുംപീഡനമേൽപിച്ച ശാരീരിക അവശതകളുമായി 36–ാം വയസ്സിൽ മോചിതനായി നാട്ടിൽ തിരികെയെത്തി. പിന്നീട് രാഷ്ട്രീയത്തിലേക്ക്. അരിസോന സംസ്ഥാനത്തുനിന്നുള്ള സെനറ്ററായി മൂന്നു പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ച മകെയ്ൻ 2008ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാർഥി ബറാക് ഒബാമ‌യോടു പരാജയപ്പെട്ടു. തലച്ചോറിന്റെ മറ്റു ഭാഗങ്ങളിലേക്ക് അതിവേഗം പടരുന്ന ഗ്ലിയോബ്ലാസ്റ്റൊമ എന്ന ട്യൂമര്‍ മകെയ്നെ പിടികൂടിയതായി തിരിച്ചറിയുന്നത് കഴിഞ്ഞവര്‍ഷമാണ്. രോഗവുമായി പൊരുതുമ്പോഴും സെനറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചു തോല്‍ക്കാന്‍ മനസില്ലാത്ത മെക്കെയ്ന്‍. പക്ഷേ പോയവാരം മക്കെയ്ന്‍ കുടുംബം അറിയിച്ചു, ഇനി ചികില്‍സ തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. തൊട്ടുപിന്നാലെ, എണ്‍പത്തിയൊന്നാം വയസില്‍ മെക്കെയന്‍ ലോകത്തോട് വിട പറഞ്ഞു. 

ആങ്കര്‍: മരണത്തിലും മറക്കാത്ത അഭിപ്രായ ഭിന്നതയാണ് സ്വന്തം പാര്‍ട്ടിക്കാരനായ പ്രസഡന്‍റ് ഡോണള്‍ഡ് ട്രംപിനോട് ജോണ്‍ മെക്കെയ്ന് ഉണ്ടായിരുന്നത്. എല്ലാക്കാലത്തും ട്രംപിെന തുറന്നെതിര്‍ത്ത മെക്കെയ്ന്‍റെ  സേവനങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ ട്രംപും ശ്രമിച്ചു. ട്രംപിനുള്ള അവസാന മറുപടിയായിരുന്നു ബറാക് ഒബാമയും ജോര്‍ജ് ഡബ്യു ബുഷും  തന്‍റെ അനുസ്മരണ പ്രസംഗം നടത്തണമെന്ന മക്കെന്‍റെ അന്ത്യാഭിലാഷം. അനാപോളീസില്‍ മെക്കെയ്ന്‍റെ അന്തിമശുശ്രൂഷകള്‍ നടക്കുമ്പോള്‍ വാഷിങ്ടണില്‍ ഗോള്‍ഫ് കളിക്കുകയായിരുന്നു പ്രസിഡന്‍റ് ട്രംപ്.

എന്‍റെ അച്ഛന്‍ യഥാര്‍ഥ പോരാളിയായിരുന്നു. ആഡംബരത്തിലും സുഖലോലുപതയിലും മാത്രം കഴിഞ്ഞവര്‍ക്ക് ഒരു പക്ഷേ സൈനികസേവനത്തിന്‍റെ മഹത്വം മനസിലാവില്ല. അച്ഛന്‍റെ ശവമഞ്ചത്തെ സാക്ഷിയാക്കി മേഗന്‍ മക്കെയ്‍ന്‍ പറഞ്ഞ ഓരോ വാക്കും ഡോണള്‍ഡ് ട്രംപിനെ ലക്ഷ്യമിട്ടായിരുന്നു. ജോണ്‍ മെക്കയ്ന്‍റെ അമേരിക്കയെ ഇനി നിങ്ങള്‍ മഹത്തരമാക്കേണ്ട. അത് മഹത്തരം തന്നെയാണ് , ടെലിവിഷന്‍ അവതാരക കൂടിയായ  മേഗന്‍ ആ‍ഞ്ഞടിച്ചു. ട്രംപും മെക്കെയ്നുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. റിപ്പബ്ലിക്കന്‍ സ്ഥാന്ര്‍ഥിത്തത്ിലേക്കുള്ള ട്രംപിന്‍റെ കടന്നുവരവിനെ തുടക്കം മുതല്‍ എതിര്‍ത്തു സെനറ്റര്‍ മെക്കയെന്‍.. പ്രചാരണവേളയില്‍   മുസ്ലിം സൈനികനോടുള്ള ട്രംപിനെ അനാദരവിനെയും അഭയാര്‍ഥികളോടുള്ള വെറുപ്പിനെയും രൂക്ഷമായ ഭാഷയിലാണ് മക്കെയ്ന്‍ വിമര്‍ശിച്ചത്. യുദ്ധത്തടവുകാരനെന്ന നിലയില്‍ ബഹുമാനം അര്‍ഹിക്കുന്നയാളല്ല മക്കെയ്ന്‍ എന്നായിരുന്നു ട്രംപിന്‍റെ മറുപടി. സ്ത്രീകളെപ്പറ്റി ആഭാസ പരാമർശങ്ങൾ നടത്തിയതോടെ ട്രംപിനോടുള്ള നിലപാട് കടുപ്പിച്ചു മക്കെയ്ന്‍.  ട്രംപിനുള്ള പിന്തുണ പിൻവലിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. പ്രസിഡന്‍റായ ശേഷവും വിവിധനിലപാടുകളില്‍ ട്രംപിന്‍റെ ശത്രുപക്ഷത്തായിരുന്നു മക്കെയ്ന്‍. സ്വതന്ത്രവിപണിയും രാജ്യാന്തര സഹകരണവും അഭയാര്‍ഥികളോടുള്ള അനുഭാവപൂര്‍ണമായ നിലപാടും ആഗ്രഹിച്ച മെക്കയ്ന്‍, ട്രംപിന്‍റെ സംരക്ഷണവാദത്തിനെതിരെ നിലപാടടെുത്തു. ഒബാമ കെയര്‍ ആരോഗ്യപദ്ധതി അസാധുവാക്കാനുള്ള ട്രംപിന്‍റെ നീക്കത്തെയും പൊളിച്ചു മെക്കെയ്‍ന്‍. 

അദ്ദേഹം ഉൾപ്പെടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ മൂന്നു മുതിർന്ന ജനപ്രതിനിധികൾ പ്രസിഡന്റിന്റെ നയത്തിനു വിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയതോടെ പുതിയ ആരോഗ്യപദ്ധതി കൊണ്ടുവരാനുള്ള  ശ്രമംപരാജയപ്പെട്ടു. അമേരിക്കയുടെ ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളേയും ജോണ്‍ ബഹുമാനിച്ചിരുന്നു എന്ന്അനുസ്മരണ പ്രസംഗത്തില്‍ ബറാക് ഒബാമ  പറഞ്ഞു.ഏറ്റവുമൊടുവില്‍ വ്ലാഡിമിര്‍ പുടിനുമായുള്ള ട്രംപിന്‍റെ കൂടിക്കാഴ്ചയെ അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ ചരിത്രത്തില്‍ ഏറ്റവും മോശം പ്രകടനം എന്നാണ് രോഗക്കിടക്കയില്‍ നിന്ന്  മക്കെയ്ന്‍ വിലയിരുത്തിയത്. മക്കെയ്ന്‍റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്ന ട്രംപ് അമേരിക്കയിലെ തലമുതിര്‍ന്ന നേതാവിനെക്കുറിച്ചുള്ള അനുസ്മരമണം ട്വിറ്ററിലെ ഏതാനും വരികളിലൊതുക്കി. ട്രംപ് ആരാധകര്‍ മരണശേഷവും മക്കെയ്നുമേല്‍ അധിഷേപങ്ങള്‍ കോരിച്ചൊരിഞ്ഞു.  

എന്നാല്‍ തന്‍റെ എതിരാളികളുടെ ദേശസ്നേഹത്തെയും മാനവികതെയും മാനിച്ചയാളാണ് ജോണ്‍മക്കെയന്‍ എന്നായിരുന്നു ജോര്‍ജ് ഡബ്ല്യു ബുഷിന്‍റെ ഒളിയമ്പ്. ട്രംപിസത്തെ തുറന്നെതിര്‍ത്ത മക്കെയ്ന് ആദരാഞ്ജലികളര്‍പ്പിച്ച മറ്റ്റിപ്പബ്ലിക്കന്‍മാരാവട്ടെ വിവാദങ്ങളോട് മൗനം പാലിച്ചു. 

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.