നല്ലവഴിക്ക് നടന്ന് തുടങ്ങിയ ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ

lk-ethiopian-t
SHARE

ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ 27 വര്‍ഷമായി നിലനിന്ന തര്‍ക്കത്തിന് പരിഹാരം. ഐക്യം പുനഃസ്ഥാപിച്ചതിനെത്തുടർന്ന്, യുഎസിൽ പ്രവാസിയായി കഴിഞ്ഞ പാത്രിയർക്കീസ് ആബൂനാ മെർക്കോറിയോസ്   രാജ്യത്ത് മടങ്ങിയെത്തി. ഇത്യോപ്യൻ പ്രധാനമന്ത്രി ഡോ.അബി അഹമ്മദിന്റെ ഇടപെടലാണ് ഭിന്നിപ്പ് അവസാനിപ്പിച്ചത്.  മടങ്ങിയെത്തിയ ആബൂനാ മെര്‍ക്കോറിയോസിന് വിശ്വാസികള്‍ വികാരനിര്‍ഭരമായ വരവേല്‍പ് ്നല്‍കി. ലോകത്ത് ഏറ്റവും പാരമ്പര്യമുള്ള ക്രൈസ്തവസഭകളില്‍ ഒന്നായ  ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ഭിന്നിപ്പാരംഭിച്ചത് 1990കളിലാണ്. ഒന്നാം നൂറ്റാണ്ടു മുതലുള്ള ചരിത്രം അവകാശപ്പെടുന്ന സഭ എഡി 330ൽ ഇത്യോപ്യയിലെ ഔദ്യോഗിക മതമായി.

ഈജിപ്ഷ്യന്‍ കോപ്റ്റിക് സഭയില്‍ നിന്ന് വേര്‍പെട്ട് 1959ലാണ് ഇത്യോപ്യന്‍ സഭ സ്ഥാപിക്കപ്പെട്ടത്.  രാഷ്ട്രീയ നേതൃത്വത്തിന്‍റെ നിലപാടുകളുമായി ഇഴചേര്‍ന്ന് കിടക്കുന്നതാണ് ഇത്യോപ്യന്‍ മതനേതൃത്വം. ഇത്യോപ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴിൽ 1988ൽ പാത്രിയർക്കീസായി വാഴിക്കപ്പെട്ടയാളാണ്  ആബൂന മെര്‍ക്കോറിയോസ്.   1991ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ പതനത്തോടെ മെര്‍ക്കാറിയോസിനും വന്‍ വെല്ലുവിളി നേരിടേണ്ടി വന്നു. പുതുതായി അധികാരത്തിലേറിയ ഇത്യോപ്യന്‍ പീപ്പിള്‍സ് റവലൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ബിഷപ് പൗലോസിനെ പാത്രിയാര്‍ക്കീസായി വാഴിച്ചു.  പാത്രിയര്‍ക്കീസ് പദവി അങ്ങനെ എടുത്തുകളയാനാവില്ലെന്ന് മെര്‍ക്കോറിയോസ് പക്ഷം വാദിച്ചു.

കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിന്തുണച്ച  ആബൂന മെര്‍ക്കോറിയോസ് അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടി. ബിഷപ് പൗലോസിന്‍റെ കാലശേഷം ആബൂനാ മത്ഥിയാസ് പാത്രിയർക്കീസായെങ്കിലും മെര്‍ക്കോറിയോസിന്  മടങ്ങിയെത്താനായില്ല. രാജ്യത്തിന് പുറത്തായവര്‍ എക്സല്‍ സിനഡ് എന്നാണറിയപ്പെട്ടത്.  ഈ വിഭാഗം കൂടുതൽ മെത്രാന്മാരെ വാഴിച്ചതോടെ പരസ്പരം മുടക്കി.ഇത്യോപ്യയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഓരോ ഭാഗത്തെ പിന്തുണച്ചതു യോജിപ്പിനു തടസ്സമായി.   ഡോ.അബി അഹമ്മദ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റതോടെ അനുരഞ്ജന ചര്‍ച്ചകള്‍ സജീവമായി. 

വാഷിങ്ടണില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ തയാറാക്കിയ ഐക്യ കരാറനുസരിച്ചു പരസ്പര മുടക്കുകൾ പിൻവലിച്ചു. പ്രവാസിയായി കഴിയുന്ന പാത്രിയർക്കീസ് ആബൂനാ മെർക്കോറിയോസും മെത്രാന്മാരും മാതൃരാജ്യത്തു മടങ്ങിയെത്തും. ഇനി ഒരു സഭയും ഒരു സുന്നഹദോസും മാത്രമായിരിക്കും. രണ്ടു പാത്രിയർക്കീസുമാരും തുല്യ പദവിയിൽ സഭാ തലവന്മാരായിരിക്കും. ഭരണച്ചുമതല ആബൂനാ മത്ഥിയാസ് പാത്രിയർക്കീസ് നിർവഹിക്കും. ഇത്യോപ്യന്‍ ജനസംഖ്യയുെട 43 ശതമാനം വരുന്ന ഓര്‍ത്തഡോക്സ് സഭയില്‍ ഐക്യത്തിന് സാധിച്ചത് ഡോ.അബി അഹമ്മദിന്‍റെ ഭരണനേട്ടങ്ങളില്‍ ഒന്നായി ചരിത്രം രേഖപ്പെടുത്തും. 

MORE IN LOKA KARYAM
SHOW MORE