മരണം മണത്ത മഡൂറോ

lk-nicolas-t
SHARE

വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് വെനസ്വേലന്‍ പ്രസിഡന്റ് നികോളസ് മഡൂറോ. വെനസ്വേലന്‍ സൈന്യത്തിന്റെ എണ്‍പത്തി ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുന്നതി നിടെയാരിന്നു ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ നടന്ന ആക്രമണം. പറന്നുവന്ന ഡ്രോണുകള്‍‌ പ്രസി‍ഡന്റിനുമുന്നില്‍‌ പൊട്ടിത്തെറിച്ചു. തക്കസമയത്ത് ഇടപെട്ട സുരക്ഷാസേന പ്രസിഡനെ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളിലേക്ക് ആദ്യം...

ദൃശ്യങ്ങള്‍ ഒറ്റത്തവണ കണ്ടാല്‍ നടന്നതെന്താണെന്ന് മനസിലാവാന്‍ പ്രയാസമാണ്. സംഭവങ്ങള്‍ ഇങ്ങനെ.

ഓഗസ്റ്റ് നാല് ശനിയാഴ്ച. വെനസ്വേലന്‍ ആര്‍മിയുടെ എണ്‍പത്തി ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ തലസ്ഥാനമായ കാരക്കസില്‍ നടക്കുന്നു. പ്രാദേശിക സമയം വൈകീട്ട് അഞ്ച് മുപ്പത്. സര്‍വസൈന്യാധിപന്‍ കൂടിയായ പ്രസിഡന്‍റ്  നികോളസ് മഡൂറോ സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ തുടങ്ങി. വേദിയില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രഥമ വനിത സിലിയ ഫ്ലോറസും പരിപാടികള്‍  തല്‍സമയം സംപ്രേഷണം ചെയ്ത് വെനസ്വേലയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍. 

മഡൂറോയുടെ   പ്രസംഗം കത്തിക്കയറുന്നതിടെയാണ്   മുന്നില്‍ കുറച്ചകലെയായി എന്തോ ഒന്ന് പൊട്ടിത്തെറിച്ചത്.  ആഘോഷങ്ങളുടെ ഭാഗമായുള്ള എന്തോ ആണെന്ന് കരുതി മഡൂറോ പ്രസംഗം തുടര്‍ന്നു.തൊട്ടടുത്ത നിമിഷം  വലിയ ശബ്ദത്തോടെ അടുത്ത പൊട്ടിത്തെറി. അപായ സൈറന്‍ മുഴങ്ങി.  പിന്നീട് കണ്ടത് സുരക്ഷ കവചങ്ങള്‍ ഉപയോഗിച്ച് പ്രസിഡന്റെ പൊതിയുന്ന ഉദ്യോഗസ്ഥരെയാണ്

സൈന്യത്തിനുനേരെ കറുത്തവേഷമണിഞ്ഞ ഒരുസംഘം ആളുകള്‍ പാഞ്ഞടുക്കുന്നതും സൈനികര്‍ ചിതറി ഓടുന്നതും മറ്റൊരു ക്യാമറയിലും പതിഞ്ഞു.അല്‍പസമയത്തിനുള്ളില്‍ ടെലിവിഷന്‍ ദൃശ്യങ്ങള്‍ നിലച്ചു. വെനസ്വേലയുടെ  കമ്യൂണിക്കേഷന്‍ മന്ത്രി  ജോര്‍ജി റോഡ്രിഗസ്  പിന്നീട് കാര്യങ്ങള്‍ വിശദീകരിച്ചത് ഇങ്ങനെ.  പ്രസിഡനെതിരെയുള്ള വധശ്രമമായിരുന്നു നടന്നത്. വിദൂരനിയന്ത്രിത ഡ്രോണുകളാണ് പ്രസിഡന്റിന് അടുത്തെത്തും മുന്‍പ് പൊട്ടിത്തെറിച്ചത്. 

സുരക്ഷാസേനയുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് പ്രസിഡന്റിനെയും പ്രഥമവനിതയേയും ഒരു പോറല്‍ പോലും എല്‍ക്കാതെ സംഭവസ്ഥലത്തുനിന്ന് മാറ്റാന്‍ സാധിച്ചു. എങ്കിലും ചില സൈനികര്‍ക്ക് പരുക്കേറ്റു. പല രാഷ്ട്രതലവന്‍മാര്‍ക്കെതിരെയും വധശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലം ഇതുപോലൊരു ആക്രമണം ആദ്യമാണ്.  

ആശങ്കനിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ സുരക്ഷിതമായൊരിടത്തുനിന്ന് രാജ്യത്തോട് സംസാരിച്ചുകൊണ്ട് മഡൂറോ പഞ്ഞു വധശ്രമത്തിനിപിന്നില്‍ കൊളംബിയയാണ്. അമേരിക്കയെ കൂട്ടുപിടിച്ചാണ് അവര്‍ അത് ചെയ്യുന്നത്. രാജ്യത്തെ വലതുപക്ഷ ശക്തികളും തന്റ രക്തത്തിനുവേണ്ടി ദാഹിക്കുന്നു.തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും മഡൂറോ നല്‍കി. എന്നാല്‍ മഡൂറുയുടെ വാദങ്ങള്‍ കൊംളംബിയയും അമേരിക്കയും തള്ളി. 

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തോളം വരില്ലെങ്കിലും നികോളസ് മഡൂറോയ്ക്കെതിരെ വധശ്രമങ്ങള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്.  വിദേശശക്തികളാണ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും സ്വന്തം രാജ്യത്തുതന്നെയാണ് മഡൂറോയുടെ ശത്രുക്കള്‍. ഏകാധിപതിയായി വളരുന്ന മഡൂറോയുടെ ഭരണത്തില്‍ മരിക്കുകയാണ് വെനസ്വേല. ജനങ്ങളിലേറെയും പ്രസിഡന്റിനെ വെറുക്കുന്നു. ഈ വെറുപ്പാവാം വധശ്രമത്തിന് പ്രേരണയായത്. 

മഡൂറോ സര്‍ക്കാരിന്‍റെ പ്രധാന   നോട്ടപ്പുള്ളിയായിരുന്ന ഓസ്കര്‍ പെരെസ് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നതിനുമുന്‍പ് സമൂഹമാധ്യമങ്ങള്‍  വഴി ലോകത്തെ അറിയിച്ചതാണിത്.  പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പെരസ് മഡൂറോ ഭരണത്തില്‍ പ്രതിഷേധിച്ച് ആക്രമണങ്ങള്‍ക്ക് മുന്നിട്ടറങ്ങി. 2017 ജൂണി‍ല്‍ പൊലീസ് സേനയുടെ ഹെലികോപ്റ്റര്‍ തട്ടിയെടുത്ത്  സുപ്രീംകോടതിയിലും മന്ത്രിമന്ദിരത്തിലും ബോംബിട്ടു.ഏറ്റുമുട്ടലുകള്‍ക്ക് ഒടുവില്‍ സൈന്യം  ഇയാളെ വെടിവച്ചുകൊന്നു

2017ല്‍ സൈന്യത്തിലെ ഒരു വിഭാഗം മഡൂറൊയെ തീര്‍ക്കാന്‍ കരുക്കള്‍ നീക്കി. പടിഞ്ഞാറന്‍ കാരക്കസില്‍ സൈനികതാളങ്ങള്‍ പിടിച്ചെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിച്ചു. ഈ ശ്രമവും പാതിവഴിയില്‍ നിലച്ചു. 2016ലായിരുന്നു പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മഡൂറോയ്ക്കുനേരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി. വിശപ്പുമാറ്റാന്‍ വകയില്ലാതെ കഴിഞ്ഞവര്‍ പ്രസിഡന്റിനെ കണ്ടപ്പോള്‍ പൊട്ടിത്തെറിച്ചു. വീട്ടിലെ ചട്ടിയും കലവും മഡൂറോയ്ക്കുനേരെ എറിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് അന്ന് തെരുവില്‍ പ്രതിഷേധിച്ചത്.

 ബഹുഭൂരിപക്ഷം ജനങ്ങളും വെറുത്തിട്ടും പ്രതിപക്ഷപാര്‍ട്ടികളെയൊക്കെ നിശബ്ദരാക്കി മഡൂറോ അധികാരത്തില്‍ തുടരുന്നു. തകർന്നടിഞ്ഞ സമ്പത്‌വ്യവസ്ഥ, കലാപം വിട്ടൊഴിയാത്ത തെരുവുകൾ,  പലായനം ചെയ്യുന്ന പൗരന്മാർ, അമേരിക്കയും പാശ്ചാത്യരാജ്യങ്ങളുമായുള്ള അടങ്ങാത്ത ശത്രുത ഇങ്ങനെ വെനസ്വല നേരിടുന്ന പ്രതിസന്ധികള്‍ ഒട്ടനവധിയാണ്. ജനങ്ങള്‍ നേരിടുന്ന നീറുന്ന പ്രശ്നങ്ങള്‍ക്കൊനന്നും പരിഹാരം കാണാന്‍ പ്രസിഡന്‍റിന് താല്‍പര്യവുമില്ല. 

MORE IN LOKA KARYAM
SHOW MORE