ഹെല്‍സിങ്കി ദുരന്തം

lk-trump-putin-t
SHARE

ഹെല്‍സിങ്കിയില്‍ റഷ്യന്‍ പ്രസിഡന്‍റിനു മുന്നില്‍ മുട്ടുവളച്ച ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ രൂക്ഷവിമര്‍ശനം തുടരുകയാണ്. പക്ഷേ അതൊന്നും റഷ്യയോടുള്ള അദ്ദേഹത്തിന്‍റെ  നിലപാടില്‍ മാറ്റമുണ്ടാക്കുന്നില്ല . വ്ലാഡിമിര്‍ പുടിനെ ഉടന്‍ തന്നെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കാനൊരുങ്ങുകയാണ് ട്രംപ് സര്‍ക്കാര്‍. അതേസമയം 2016 തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ ഇടപെട്ടോ എന്ന ചോദ്യത്തിന് ഹെല്‍സിങ്കിയില്‍ പറഞ്ഞ ഉത്തരമല്ല പ്രസിഡന്‍റ് വാഷിങ്ടണില്‍ പറഞ്ഞത്. 

അമേരിക്കയിലെ എല്ലാ രഹസ്യാന്വേഷേണ ഏജന്‍സികളും   ഒറ്റക്കെട്ടായി പറഞ്ഞു, 2016ലെ തിരഞ്ഞെടുപ്പില്‍ രാജ്യതാല്്‍പര്യത്തിന് വിരുദ്ധമായി റഷ്യ ഇടപെട്ടു.  പ്രസിഡന്‍റ് എന്ന നിലയില്‍ വ്ലാഡിമിര്‍ പുടിന് അക്കാര്യത്തില്‍ ഉത്തരവാദിത്തവുമുണ്ട്. അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് പ്രസിഡന്‍റ് താങ്കള്‍ ഹെല്‍സിങ്കിയില്‍ ഇതെല്ലാം നിഷേധിച്ചത് ? ദേശസ്നേഹം വാക്കുകളില്‍ വാരിക്കോരിയിടുന്ന താങ്കള്‍ അമേരിക്കന്‍ പരമാധികാരത്തിനുമേല്‍ കടന്നുകയറ്റം നടത്തിയ രാഷ്ട്രത്തലവനെ മുഖാമുഖം കണ്ടിട്ടും ആ നടപടിയെ അപലപിക്കാതിരുന്നത് ? പ്രസിഡന്‍റ് ട്രംപിന് കൃത്യമായ ഉത്തരമില്ല ഈ ചോദ്യങ്ങള്‍ക്ക്.  

അമേരിക്കന്‍ ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കത്തിന് വ്ലാഡിമിര്‍ പുടിന്‍ നേരിട്ട്  നേതൃത്വം നല്‍കി എന്ന് യുഎസ് ഏജന്‍സികള്‍ ആണയിടുന്നു.ആ നിലയ്ക്ക് ഡോണള്‍ഡ് ട്രംപനെന്ന രാഷ്ട്രത്തലവന്‍റെ മുഖ്യശത്രുവാകണം വ്ലാഡിമിര്‍ പുടിന്‍.  ആ ശത്രുവിന് മുന്നിലാണ് അദ്ദേഹം അച്ചടക്കമുള്ള സ്കൂള്‍ കുട്ടിയെപ്പോലെ നിന്നുകൊടുത്തത് . ഹെല്‍സിങ്കി ഉച്ചകോടിക്ക് ശേഷം പ്രസിഡന്‍റ് ട്രംപിന്‍റെ നിലപാടുകളെ ന്യായീകരി്കകാന്‍ പാടുപെടുകയാണ് വൈറ്റ് ഹൗസ്. 

ശത്രുരാജ്യത്തിനു മുന്നില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ അടിയറവുവച്ചു എന്ന വിമര്‍ശനവുമായി വൈറ്റ് ഹൗസിന് മുന്നിലടക്കം പ്രതിഷേധക്കാര്‍ സംഘടിച്ചു

അടച്ചിട്ട മുറിയില്‍ ട്രംപും പുടിനുമായുണ്ടാക്കിയ ധാരണകള്‍ പരസ്യപ്പെടുത്തണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു.ഹെല്‍സിങ്കി ദുരന്തമെന്നാണ് പുടിനുമൊത്തുള്ള ട്രംപിന്‍റെ വാര്‍ത്താസമ്മേളനത്തെ ഡെമോക്രാറ്റുകള്‍ വിശേഷിപ്പിച്ചത്. 

വ്ലാഡിമിര്‍ പുടിനുമായുള്ള തന്‍റെ കൂടിക്കാഴ്ച ഗംഭീര വിജയമായിരുന്നെന്നും വ്യാജവാര്‍ത്തക്കാര്‍ പടച്ചുവിടുന്ന വിവാദങ്ങള്‍ മാത്രമാണ് ഇതെല്ലാമെന്നുമാണ് ട്രംപിന്‍റെ നിലപാട്. അതേസമയം ഹെല്‍സിങ്കി നിലപാടുകള്‍ ട്രംപ് സര്‍ക്കാരിനുള്ളില്‍തന്നെ കടുത്തഅമര്‍ഷത്തിനിടയാക്കുന്നു എന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളും പുറത്തു വന്നു. പ്രത്യേകിച്ച് യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സിയെ വിദേശമണ്ണില്‍ തള്ളിപ്പറഞ്ഞ പ്രസിഡന്‍റിന്‍റെ നിലപാട്.  പ്രസിഡന്‍റും പുടിനുമായി എന്താണ് സംസാരുച്ചതെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ ഡാന്‍ കോട്സിന്‍റെ വാക്കുകളില്‍ അഭിപ്രായ ഭിന്നത പ്രകടമായിരുന്നു.

ഈ വര്‍ഷം നടക്കാന്‍ പോകുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലും റഷ്യ അട്ടിമറി നീക്കങ്ങള്‍ നടത്തിയേക്കുമെന്ന് സംശയിക്കുന്നതായി പറഞ്ഞ ആഭ്യന്തരസുരക്ഷാ സെക്രട്ടറി ക്രിസ്റ്റീന്‍ നീല്‍സന്‍റെ പ്രസ്താവനയും ഇതിനിടയില്‍ വന്നു. അമേരിക്കയുടെ മേല്‍ വന്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് റഷ്യ ഒരുങ്ങുന്നു എന്ന വിവരവും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുണ്ട്.  അതിനിടയിലാണ് വ്ലാഡിമിര്‍ പുടിനെ അമേരിക്കയിലേക്ക് ക്ഷണിക്കാനുള്ള ട്രംപിന്‍റെ നീക്കം. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മുമ്പ് പുടിന്‍റെ അമേരിക്കന്‍ സന്ദര്‍ശനമുണ്ടാവുമെനാനാണ് സൂചന. ഹെല്‍സിങ്കിയില്‍ അബദ്ധം പറ്റിയെന്ന് സമ്മതിച്ച ട്രംപ് വാഷിങ്ടണില്‍ അത് തിരുത്തുമെന്നാണ് റിപ്പബ്ലിക്കന്‍മാര്‍ കരുതുന്നത്.  കാര്യങ്ങള്‍ നേരെയായ്ില്ലെങ്കില്‍ ഇനി മുതല്‍ താനാവും പുടിന്‍റെ ഏറ്റവും വലിയ ശത്രു എന്ന് പ്രസിഡന്‍റ് പ്രഖ്യാപിച്ചുകഴിഞ്ഞു.

വാചകമടിച്ചതുകൊണ്ടായില്ല, റഷ്യയെയെന്ന അമേരിക്കയുടെ പ്രഖാപിത ശത്രുവിനോട് പ്രസിഡന്‍റിന്‍റെ ശരിയായ നിലപാടെന്തെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. വ്ലാഡിമിര്‍ പുടിന്‍റെ രാജ്യത്തോട് പ്രസിഡന്‍റിന്‍റെ നിലപാടല്ല അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും  സൈനിക നേതൃത്വത്തിനും ദേശീയ സുരക്ഷാ ഏജന്‍സികള്‍ക്കും .  ട്രംപിന്‍റെ മുഖ്യ ഉപദേശകനായിരുന്ന  കാര്‍ട്ടര്‍ പേജ് റഷ്യക്കാരുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതായി എഫ്ബിഐ സംശയിച്ചിരുന്നുവെന്നതിന്‍റെ രേഖകള്‍ പുറത്തുവന്നത് പ്രസിഡന്‍റിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

വിവരവാകാശനിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി എഫ്ബിഐ പുറത്തുവിട്ട രേഖകളാണ് കാര്‍ട്ടര്‍ പേജി്നെ വീണ്ടും സംശയത്തിന്‍റെ നിഴലിലാക്കുന്നത്.  2016 ഒക്ടോബര്‍ മുതല്‍ പേജിനെ നിരീക്ഷിക്കാന്‍ എഫ്ബിഐ അനുമതി തേടിയിരുന്നു. അന്ന് ട്രംപ് പ്രചാരണസംഘത്തിന്‍റെ മുഖ്യ ഉപദേശകനായിരുന്നു പേജ്. റഷ്യന്‍ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തുന്നു എന്ന കൃത്യമായ വിവരത്തെത്തുടര്‍ന്നാണ് ഉപദേശകന്‍റെ മേല്‍  എഫ്ബിഐ  നിരീക്ഷണമേര്‍പ്പെടുത്തിയത്. 2017ല്‍ ട്രംപ് അധികാരത്തിലേറിയ ശേഷവും ഈ നിരീക്ഷണം തുടര്‍ന്നെന്ന് എഫ്ബിഐ രേഖകള്‍ വ്യക്തമാക്കുന്നു. 

2004 മുതല്‍ 2007വരെ മോസ്കോയില്‍ താമസിച്ചിരുന്ന പേജ്  2016ല്‍ വ്ലാഡിമിര്‍ പുടിന്‍റെ പല അടുത്ത അനുയായികളുമായും നിരന്തര ബന്ധം പുലര്‍ത്തിയിരുന്നു. ഹിലറി ക്ലിന്‍റനെതിരെ ഉപയോഗിക്കാവുന്ന രേഖകള്‍ റഷ്യന്‍ സഹായത്തോടെ കണ്ടെത്താന്‍ ശ്രമിച്ച പേജ് റഷ്യക്കുമേലുള്ള അമേരിക്കന്‍ ഉപരോധം നീക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. അതേസമയം റഷ്യന്‍ ചാരവൃത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട മരിയ ബുട്ടിനയ്ക്ക് 2105മുതല്‍ വാഷിങ്ടണിലെ പല ഉന്നതരുമായും ബന്ധമുണ്ടായിരുന്നു എന്നതിന്‍റെ രേഖകളും പുറത്തുവന്നു. 

ഡോണള്‍ഡ് ട്രംപിന്‍റെ ആവര്‍ത്തിച്ചുള്ള നിഷേധിക്കലുണ്ടെങ്കിലും അമേരിക്കന്‍ ജനാധിപത്യം അട്ടിമറിക്കാന്‍ റഷ്യ ഇടെപട്ടു എന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്. പ്രതിപക്ഷ വിമര്‍ശനം മാത്രമല്ല വിഷയം. റഷ്യ നയത്തില്‍ പ്രസിഡന്‍റും സര്‍ക്കാരും തീര്‍ത്തും ഭിന്നാഭിപ്രായങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളെ ചെറുക്കാന്‍ യുക്രെയന്ന് 200 മില്യണ്‍ ഡോളറ്‍ സഹായം നല്‍കുമെന്ന് പെന്‍റഗണ്‍ പ്രഖ്യാപിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. 

മറ്റുരാജ്യങ്ങളുടെ ആഭ്യന്തകാര്യങ്ങളില്‍ ഇടപെടുന്ന തെമ്മാടിത്തത്തിന് റഷ്യക്ക് മറുപടി നല്‍കുക തന്നെ ചെയ്യും എന്ന് പറഞ്ഞത് ട്രംപിന്‍റെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസാണ്. അതായത് റഷ്യന്‍ നയത്തില്‍ ട്രംപ് ഭരണകൂടത്തിന് ഇപ്പോഴും വ്യക്തതയില്ല. വ്യക്തമല്ലാത്ത നയം രാജ്യസുരക്ഷയ്ക്ക്  ഭീഷണിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. വിരുദ്ധധ്രുവങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈന്യവും സര്‍വസൈന്യാധിപനും രാജ്യത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയേയുള്ളൂ.റഷ്യ ബന്ധം വലിയ വെല്ലുവിളിയാകാന്‍ പോകുന്നത് നവംബറില്‍ നടക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞടുപ്പിലാണ്. ജനങ്ങളെ നേരിടുക പാര്‍ട്ടിക്ക് ദുഷ്കരമാവുകയാണെന്ന് റിപ്പബ്ലിക്കന്‍മാര്‍ തന്നെ പറഞ്ഞുതുടങ്ങി. 

അമേരിക്കന്‍ ജനാധിപത്യത്തിനുമേല്‍ നടന്ന ആക്രമണത്തെ നിസാരവല്‍ക്കരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കരുതെന്ന് ഡെമോക്രാറ്റുകളും ഓര്‍മിപ്പിക്കുന്നു. പക്ഷേ ഇതൊക്കെയാണെങ്കിലും ഇപ്പോഴും പ്രസിഡന്‍റിന്‍റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്ന അനുയായികളിലാണ് വൈറ്റ് ഹൗസിന്‍റെ പ്രതീക്ഷ . സ്പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മ്യൂളറെ മോശക്കാരനാക്കാനുള്ള എല്ലാ ശ്രമങ്ങളും ട്രംപ് ആരാധകര്‍ നടത്തുന്നുണ്ട്. പാര്‍ലമന്‍റിലെ വാഗ്വാദങ്ങള്‍ക്കും മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്കുമപ്പുറം റഷ്യ ബന്ധം പൊതുസമൂഹത്തില്‍ വലിയ ചലനമുണ്ടാക്കില്ലെന്ന പ്രതീക്ഷയിലാണ് ടീം ട്രംപ്. 

MORE IN LOKA KARYAM
SHOW MORE