ഇനിയോ വേണോ യെമനോട് ഈ ക്രൂരത; ഭക്ഷ്യകവാടവും ബോംബിട്ട് തകര്‍ത്തു

yemen
SHARE

ഹൂതി വിമതരും സൗദി സഖ്യസേനയുമായുള്ള പോരാട്ടം െയമനെന്ന രാജ്യത്തെ ഇല്ലാതാക്കുകയാണ്. സാധാരണ ജനതയ്ക്ക് അവസാന ആശ്രയമായിരുന്ന ഹുദൈദ തുറമുഖം കൂടി തകര്‍ത്തതോടെ ലക്ഷക്കണക്കിന് മനുഷ്യര്‍ പട്ടിണിമരണത്തിന്‍റെ വക്കിലായി. ഹുതീകളുടെ നിരുപാധിക പിന്‍മാറ്റം മാത്രമാണ് പരിഹാര മാര്‍ഗമെന്ന് സൗദിയും അത് അസംഭവ്യമെന്ന് വിമതരും വ്യക്തമാക്കിയതോടെ യുഎന്നും പ്രതിസന്ധിയിലായി. 

ദൈവം കയ്യൊഴിഞ്ഞ  നാടാണ് യെമന്‍.  പട്ടിണിക്കോലങ്ങളായ മനുഷ്യരും യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുമാണ് ഈ രാജ്യത്തിന്‍റെ മുഖം. മേഖലയിലെ കരുത്തരാകാന്‍ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബലാബലത്തിന്‍റെ ഇരകളാണ് യമന്‍.നലുവര്‍ഷമായി തുടരുന്ന ആഭ്യന്തരസംഘര്‍ഷം ഇപ്പോള്‍ നില്‍ക്കുന്നത് രാജ്യത്തെ ഭക്ഷ്യകവാടം  എന്ന് വിളിപ്പേരുള്ള ഹുദൈദയിലാണ്. അല്‍ ഹുദൈദ. തലസ്ഥാനമായ സനയില്‍ നിന്ന് 140 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന യെമനിലെ നാലമാത്തെ വലിയ നഗരം. ചെങ്കടലിലെ പ്രധാനപ്പെട്ട തുറമുഖം നഗരമാണിത്.  2014 വരെ യെമന്റെ വാണിജ്യ തലസ്ഥാനമായിരുന്നു ഹുദെയ്ദ.ഇവിടെയടുക്കുന്ന ചരക്കുകപ്പലുകള്‍ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഊര്‍ജമായിരുന്നു.  അറബ് സഖ്യസേനയുടെ കടന്നുവരവിനെ തുടര്‍ന്ന് 2015 മുതല്‍ പോരാട്ടം രൂക്ഷമായ രാജ്യത്തേ ക്ക്പുറത്തു നിന്ന് ഭക്ഷണവും മരുന്നുമെത്തിക്കുന്നത് ഹുദെയ്ത വഴിയാണ്. യുദ്ധ ഭൂമിയില്‍ നരക തുല്യമായ ജീവിതം നയിക്കുന്ന യെമനികള്‍ക്ക് അന്നുമുതല്‍ ഏക ആശ്രയം  ഈവഴിയെത്തുന്ന ആഹാരപ്പൊതികളാണ്.  അന്നുമുതല്‍ ഈ നഗരവും യുദ്ധവിമാനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ഉറങ്ങുന്നത്.  ഇടയ്ക്ക് ഇവിടെ വീണ ബോംബുകള്‍ തുറമുഖത്തിന്റെ പകുതിയും തകര്‍ത്തു. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. നാലായിരം കുടുംബങ്ങള്‍ പലായനം ചെയ്തു. 

യെമനില്‍ ഹൂതികളെ  ആയുധങ്ങള്‍ കൊടുത്ത് സഹായിക്കുന്നത് ഇറാനാണ്. ടെഹറാനില്‍ നിന്ന് കള്ളക്കടത്തു കപ്പലുകളില്‍ ലഹരി വസ്തുകകള്‍ക്കൊപ്പം വിമതര്‍ക്കായുള്ള വെടിക്കോപ്പുകളും യെമനിലെത്തുന്നത് ഹുദെയ്ദ  തുറമുഖം വഴിയാണെന്ന് സഖ്യസേന പറയുന്നു.  ആയുധക്കടത്ത് തടയാന്‍ ഹുദെയ്ദയുടെപൂര്‍ണ നിയന്ത്രണം പിടിച്ചടക്കണമെന്നാണ് വാദം. ശനിയാഴ്ചയോടെയാണ് ഹുദൈദ രാജ്യാന്തരവിമാനത്താവളത്തില്‍ സഖ്യസേനയുടെ വ്യോമാക്രമണം തുടങ്ങിയത്. രണ്ട് ദിവസം നടത്തിയ ആക്രമണത്തില്‍ വിമാനത്താവളം പൂര്‍ണമായും പിടിച്ചെടുത്തെന്ന് സഖ്യസേന അവകാശപ്പെടുന്നു. രണ്ട് ദിവസത്തിനുള്ളി ല്‍അഞ്ച് തവണ സഖ്യസേന വ്യോമാക്രമണം നടത്തിയെ ന്ന്ഹൂതികളുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സബാ ന്യൂസ് സ്ഥിരീകരിച്ചു. വിമാനത്താവളം പിടിച്ചെടുത്തതിനു പിന്നാലെ കടലില്‍ തമ്പടിച്ചിരിക്കുന്ന സൗദിയുടെ യുദ്ധകപ്പലുകളില്‍ നിന്ന് നഗരത്തിലേക്ക് മിസൈല്‍ ആക്രമണവും തുടങ്ങി. 

ആറ് ലക്ഷത്തിലേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹുദൈദയില്‍  മിസൈലാക്രമണത്തില്‍ മരിച്ചുവീഴുന്ന്ത് സാധാരണക്കാരായ ജനങ്ങളും പിഞ്ചുകുഞ്ഞുങ്ങളുമാണ്. യു.എന്‍ കണക്കുപ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നടന്ന് ആക്രമണത്തില്‍ 10000 പേരാണ് കൊല്ലപ്പെട്ടത്.  തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കുള്ളില്‍ അന്‍പതിനായിരത്തിലേറെ പേര്‍ മുറിവിന് പുരട്ടാന്‍ മരുന്നുപോലുമില്ലാതെ മരിച്ച് ജീവിക്കുന്നു. ഹുദൈദയില്‍ നടത്തുന്ന ആക്രമണം ആ നഗരത്തെ മാത്രമല്ല യെമനെ ഒന്നാകെ ബാധിക്കും. ലോകത്ത് ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാമതാണ് യെമന്‍. പട്ടിണിയില്‍ നട്ടെല്ലൊടിഞ്ഞു കിടക്കുന്ന രാജ്യത്തെ  മൂന്നില്‍ രണ്ട് വിഭാഗം ജനങ്ങളും ഈ തുറമുഖം വഴി വരുന്ന ഭക്ഷണവും മരുന്നും ആശ്രയിച്ചാണ് ജീവിക്കുന്നത്. ഒപ്പം രാജ്യത്തേക്കുള്ള ഇന്ധന ഇറക്കുമതിയും   ഈ തുറമുഖം വഴിയാണ്.  ഐക്യരാഷ്ട്ര സഭയും രാജ്യത്തേക്ക് ഭക്ഷണവും മരുന്നുമെത്തിക്കുന്ന സന്നദ്ധസംഘടനകളും പറയുന്നത്  ഇപ്പോഴത്തെ ആക്രമണം തുറമുഖത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിക്കുമെന്നാണ്. 

yemen-conflict

തന്ത്രപ്രധാനമായ രാജ്യാന്തര കപ്പല്‍ പാതയിലാണ് ദുദൈദതുറമുഖം സ്ഥിതി ചെയ്യുന്നത്. എഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആഫ്രിക്കയിലേക്കും, യുറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള ചരക്ക് ഗതാഗത്തിന്റെ സിംഹഭാഗവും ഈ കപ്പല്‍പാതവഴിയാണ്.  ദീര്‍ഘദൂര ചരക്കുകപ്പലുകള്‍ക്ക് മാര്‍ഗമധ്യേയുള്ള ഇടത്താവളവമാണ് ഹുദൈദ. തിരക്കേറിയ കപ്പൽ പാതയിൽ ഭീതി വിതയ്ക്കാന്‍ ഹൂതി വിമതര്‍ പലതവണ ശ്രമിച്ചു.

2015ല്‍  അറബ് സഖ്യസേനയും ഹൂതി വിമതരും തമ്മില്‍ തുടങ്ങിയ യുദ്ധത്തിന്റെ ഏറ്റവും ഭീകരമായ ആക്രമണമാണ് ഹുദൈദയിലേത്. ഹൂതികള്‍ ഉപാധികളില്ലാതെ പിന്‍മാറുക മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗമെന്ന് യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി. ഹുദൈദിയില്‍ തമ്പടിച്ചിട്ടുള്ള 3000 ഹൂതിവിമതരെ ഇല്ലാതാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സഖ്യസേന. ഹുദൈദ വഴിയുള്ള ചരക്ക് ഇറക്കുമതി വിമതര്‍ക്ക് വളമാകുന്നുവെന്നാണ് സൗദി നിലപാട്. 

താല്‍ക്കാലിക വെടിനിര്‍ത്തല്‍ പോലും ഹൂതികളുടെ കരുത്തുകൂട്ടുമെന്നാണ് മറുപക്ഷം കരുതുന്നത്. സാധാരണജനം പട്ടിണിയിലാവാതിരിക്കാന്‍ഹുദൈദയുടെ നിയന്ത്രണം യുഎന്നിനെ ഏല്‍പ്പിക്കണമെന്ന നിര്‍ദേശം ഇരുകൂട്ടര്‍ക്കും മുന്നില്‍വച്ചിരിക്കുകയാണ്.  അതേസമയം യമനില്‍ സൈനിക ഇടപെടല്‍ ഫലം കാണില്ലെന്ന്  ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പരിഹാരത്തിനുള്ള ഇടപെടലാണ് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

പട്ടിണിമരണങ്ങളിലേക്ക് നയിക്കാതെ പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജ്യാന്തരസമൂഹത്തോട് അഭയര്‍ഥിച്ചു.  ഈ നൂറ്റാണ്ടുകണ്ട ഏറ്റവുംവലിയ മനുഷ്യാവകാശപ്രശ്നങ്ങളിലൊന്നാണ് യമനിലേത്. അഭയാര്‍ഥിപ്രവാഹവും പട്ടിണിമരണങ്ങളും തീരാവ്യാധികളും മേഖലയെയാകെ ബാധിക്കുമെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. യുദ്ധമുഖത്ത് ദുരിതമനുഭവിക്കുന്നവരില്‍ ഒരു കോടിയോളം വരുന്ന കുട്ടികളുമുണ്ട്. ഹുദൈദ കൂടി തകര്‍ക്കപ്പെടുന്നതോടെ രാജ്യത്തെ 70 ശതമാനം ജനതയും പട്ടിണിയുടെ പിടിയിലാവും. രാജ്യാന്തരസമൂഹത്തിന്‍റെ അടിയന്തര ഇടപെടല്‍ യമനില്‍ ഉണ്ടാവേണ്ടതുണ്ട്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.