കാറും കോളും നിറഞ്ഞ രാഷ്ട്രീയ യൂറോപ്പ്

giuseppe-conte
SHARE

മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ട് ഇറ്റലിയില്‍ ജുസെപ്പെ കോന്തി മന്ത്രിസഭ  സത്യപ്രതിജ്‍ഞ ചെയ്തു.  യൂറോ സോണ്‍വിരുദ്ധ തീവ്ര നിലപാടുകാരായ ലീഗ് പാര്‍ട്ടിയും ഫൈവ് സ്റ്റാര്‍ മൂവ്്മെന്‍റും ചേര്‍ന്നുള്ള സഖ്യസര്‍ക്കാരാണ് ഇനി ഇറ്റലി ഭിരിക്കുക. യൂറോ ഉപേക്ഷിക്കല്‍ പ്രചാരണത്തിന്‍റെ മുന്‍നിര പോരാളിയെ ധനമന്ത്രിയാക്കുന്നതിനെ പ്രസിഡന്‍റ് എതിര്‍ത്തതിനെത്തുടര്‍ന്ന് അവസാന നിമിഷം മന്ത്രിസഭാ ലിസ്റ്റില്‍ മാറ്റം വരുത്തേണ്ടിയും വന്നു.

മാര്‍ച്ചില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഒരുമുന്നണിക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെയാണ് സഖ്യ സർക്കാരിനു സാധ്യതയേറിയത്. ഭരണകക്ഷിയായ ഡമോക്രാറ്റിക് പാർട്ടി നേതൃത്വം നൽകുന്ന മുന്നണി മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അഴിമതിക്കും ഭരണത്തിലെ കെടുകാര്യസ്ഥതയ്ക്കും എതിരെ ശക്തമായ പ്രതികരണവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഫൈവ് സ്റ്റാർ പാർട്ടി 32 ശതമാനം വോട്ടു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മുപ്പത്തൊന്നുകാരനായ ലൂജി ഡി മൈയോ നയിക്കുന്ന പാർട്ടി 2009ലാണു രൂപമെടുത്തത്.  തൃശങ്കു സഭയില് 18  ശതമാനം വോട്ടുനേടിയ ലീഗും നിര്‍ണായകമായി. പലകാര്യങ്ങളിലും സമാനനിലപാടുണ്ടെങ്കിലും ലീഗും ഫൈവ് സ്റ്റാറും ചേര്‍ന്ന സഖ്യരൂപീകരണം ഏറെ ദുര്‍ഘടംപിടിച്ചതായിരുന്നു. ധനമന്ത്രിയെച്ചൊല്ലി പ്രസിഡന്‍റുമായുണ്ടായ തര്‍ക്കമായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. യൂറോ കറന്‍സിയെ തള്ളിപ്പറയുന്ന പാവ്്ലോ സവോനയെയെ ധനമന്ത്രി സ്ഥാനത്തേയ്ക്ക നിശ്ചയിച്ചത് പ്രസിഡന്‍റ്  സെര്‍ജിയോ മത്തറ ല്ലയെ പ്രകോപിപ്പിച്ചു. ഭരണഘടനാപരമായി ഏറെ ശക്തനായ പ്രസിഡന്‍റ് സത്യപ്രതിജ്ഞ തടഞ്ഞു. 

പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെടട്് 5 സ്റ്റാര്‍ പ്രസ്ഥാനം രംഗത്തെത്തി. സവോനയുടെ വരവ് രാജ്യത്തെ സമ്പദ്്വ്യവസ്ഥയെ അനിശ്ചിതാവസ്ഥയിലേക്ക് തള്ളിവിടുമെന്നും അതിന് താന്‍ കൂട്ട് നില്‍ക്കില്ലെന്നും പ്രസിഡന്‍റ് നിലപാട് കടുപ്പിച്ചു. വിദേശനിക്ഷേപകര്‍ പിന്‍വാങ്ങുകയും പൊതുകടം വര്‍ധിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് രാജ്യത്തെ തള്ളിവിടാനാവില്ലെന്നു പറഞ്ഞ പ്രസിഡന്‍റ് , സഖ്യത്തിന് പുനര്‍വിചിന്തനത്തിന് സമയം അനുവദിച്ചു.  ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ലീഗും ഫൈവ് സ്റ്റാറും ആവര്‍ത്തിച്ചെങ്കിലും പ്രസിഡന്‍റ് കുലുങ്ങിയില്ല. വിദേശശക്തികളുടെ, പ്രത്യേകിച്ചും ജര്‍മനിയുടെ ഇടപെടലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് തടസമാവുന്നതെന്ന് സഖ്യനേതാക്കള്‍ ആരോപിച്ചു. നിയമവിരുദ്ധ കുടിയേറ്റത്തിന് അനുമതി നല്‍കുകയാണ് പ്രസിഡന്‍റിന്‍റെ ലക്ഷ്യമെന്ന് ആക്ഷേപമുയര്‍ന്നു. 

രാജ്യം  വീണ്ടും പൊതുതിരഞ്ഞെടുപ്പിലേ്ക്ക് നീങ്ങുകയാണെന്ന സൂചന വന്നതോടെ അത് ഒഴിവാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളരാംഭിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലീഗ് ഫൈവ് സ്റ്റാര്‍ സഖ്യം ഉയര്‍ത്തിക്കാട്ടിയ ജുസെപ്പെ കോന്തി തന്നെയായിരുന്നു ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഒടുവില്‍ പാവ്്ലോ സവോനയെയെ ഒഴിവാക്കിയ പട്ടിക പ്രസിഡന്‍റിന് സമര്‍പ്പിച്ച് അംഗീകാരം നേടി.  ആഘോഷപൂര്‍വം സത്യപ്രതിജ്ഞ നടത്തിയെങ്കിലും സഖ്യസര്‍ക്കാരിന്‍റെ നിലനില്‍പ് സംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയമുണ്ട്. വടക്കന്‍ ഇറ്റലിയില്‍ നിന്നുള്ള ലീഗും തെക്കന്‍ ഇറ്റലിയില്‍ നിന്നുള്ള ഫൈവ് സ്റ്റാറും തികച്ചും വ്യത്യസ്തമായ നിലപാടുകളും താല്‍പര്യങ്ങളും ഉള്ളവരാണ്. പൊതുസമ്മതനെന്ന നിലയില്‍ പ്രധാനമന്ത്രിയാക്കിയെങ്കിലും കോന്തിയെ ഫൈവ് സ്റ്റാര്‍ നേതാവ് ഡി മൈയോയും ലീഗ് നേതാവ് മറ്റെയോ സല്‍വിനീയും  എത്രവിലവയ്ക്കുമെന്ന് കണ്ടറിയണം. രാഷ്ട്രീയത്തില്‍ മുന്‍പരിചയമില്ലാത്ത കോന്തിക്ക് ഇത്തരം പ്രശ്നങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യാന്‍ കഴിയുമോയെന്ന് ചിലരെങ്കിലും സംശയിക്കുന്നു.       

രാഷ്ട്രീയമായി ഒട്ടും നല്ലകാലമല്ല യൂറോപ്പിനെന്ന് വ്യക്തമാക്കുന്നതാണ് യൂറോസോണ്‍ വിരോധികളുടെഇറ്റലിയിലെ സ്ഥാനാരോഹണം. സ്പെയിനില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ. ജര്‍മനിയില്‍ ആംഗല മെര്‍ക്കല്‍ കൂടുതല്‍ ദുര്‍ബലയാകുന്നു.   പ്രാദേശികവാദവുമായി സാമ്പത്തിക യുദ്ധമെന്ന  വെല്ലുവിളി ഉയര്‍ത്തുന്ന ഡോണള്‍ഡ് ട്രംപിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവിധം ബലഹീനയാവുകയാണ് യൂറോപ്പ്. 

അമേരിക്കയില്‍ സ്റ്റീവ് ബാന്നനെയും ഇംഗ്ലണ്ടില്‍ നൈജല്‍ ഫരാജിനെയും  ഫ്രാന്‍സില്‍ മാരി ലെ പെന്നിനെയും സന്തോഷിപ്പിക്കും പുതിയ ഇറ്റാലിയന്‍ സര്‍ക്കാര്‍. തീവ്രവലതുപക്ഷനിലപാടുകള്‍ക്ക് യൂറോപ്പില്‍‌ സ്വീകാര്യതയേറുന്നു. യൂറോപ്യന്‍ യൂണിയന്‍റെ ഭീഷണികള്‍ക്കു മുകളില്‍ ജനാധിപത്യം നേടിയ വിജയമെന്നാണ് മാരി ലെ പെന്‍ ഇറ്റലിയിലെ സംഭവങ്ങളെ വിശേഷിപ്പിച്ചത്. യൂറോസോണിന്‍റ നിലനില്‍പ് ആഗ്രഹിക്കുന്നവര്‍ പക്ഷേ നിരാശരാണ്. യൂറോപ്പെന്ന ഒറ്റ വികാരം മേഖലയില്‍ സമാധാനം മാത്രമല്ല സാമ്പത്തിക സുസ്ഥിരതയും പ്രധാനം ചെയ്യുന്നുവുനെന്ന് ഇവര്‍ ഒാര്‍മിപ്പിക്കുന്നു. പരസ്പരം പോരടിക്കുന്ന രാജ്യങ്ങള്‍ ലോകസമാധാനത്തിന് തന്നെ ഭീഷണിയാവുന്നത് ചരിത്രം കാട്ടിത്തന്നതാണ്. പക്ഷേ കോന്തെ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ യൂറോപ്യന്‍ ഐക്യത്തിന് വെല്ലുവിളിയാകുന്നതാണ്. ഇയു കടത്തിന്‍റെ കാര്യത്തില്‍ പുതിയധാരണകള്‍ വേണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. ഗ്രീസ് കഴിഞ്ഞാല്‍ ഇയുവിനോട് ഏറ്റവുമധികം കടംകൊണ്ടിട്ടുള്ള രാജ്യമാണ് ഇറ്റലിയെന്നോര്‍ക്കണം. കുടിയേറ്റവിരുദ്ധനിലപാടുകളാണ് മറ്റൊന്ന്. നിയമവിരുദ്ധ കുടിയേറ്റക്കാരെ മടക്കിയയക്കണമെന്ന നിലപാടുകാരാണ് സഖ്യം. റഷ്യയോടുള്ള നിലപാടിലും മാറ്റം വരുത്താന്‍ താല്‍പര്യമുണ്ട് ലീഗ് ഫൈവ് സ്റ്റാര്‍ സഖ്യത്തിന്. വ്ലാഡിമിര്‍ പുടിനുമായി കൈകോര്‍ക്കാനുള്ള നീക്കം യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ ചൊടിപ്പിക്കുമെന്നുറപ്പ്. പക്ഷെ ഇറ്റലിയടക്കം പല രാജ്യങ്ങളിലും ജനങ്ങള്‍ക്ക് 

ബ്രസല്‍സിലെ ഭരണാധികാരികളെ സംബന്ധിച്ച് അഭിപ്രായ ഭിന്നതയുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മുഖവിലയ്ക്കെടുക്കാത്ത ഉന്നതകുലജാതരാണ് ബ്രസല്‍സിന നയിക്കുന്നതെന്ന വികാരം പൊതുവേയുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധിയും യൂറോയുടെ തകര്‍ച്ചയും ഈ ചിന്തയ്ക്ക് ആക്കം കൂട്ടി. ജനവികാരത്തോട് പലപ്പോഴും നിഷേധാത്മക നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ വച്ചുപുലര്‍ത്തിയിട്ടുള്ളത്. ‌

മധ്യപൂര്‍വദശത്തു നിന്നുള്ള അഭയാര്‍ഥി പ്രവാഹം ആഭ്യന്തരഅസഹിഷ്ുണത്യ്ക്ക് ആക്കം കൂട്ടി. ഇസ്്ലാം വിരോധികള്‍ക്കും അതിര്‍ത്തി അടയ്ക്കല്‍ വക്താക്കള്‍ക്കും സ്വീകാര്യതയേറി. ഭരണകര്‍ത്താക്കളുടെ അഴിമതി കൂടിയായപ്പോള്‍ ജനം തീവ്രവലതുപക്ഷത്തിന്‍റെ നിലപാടുകള്‍ക്ക് ജയ്്വിളിച്ചു. സ്പെയിന്‍ തന്നെ ഉദാഹരണം. കാറ്റലോണിയന്‍ ജനഹിത പരിശോധനയും  കാര്‍ലസ് പുജമോണ്ടിന്‍റെ നാടുകടത്തലുമെല്ലാം സൃഷ്ടിച്ച അസംതൃപ്തിക്കിടെയാണ് മരിയാനോ റജോയ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് നേടാനാവാത്ത റജോയ്്യുടെ കസേര തെറിച്ചു. HOLD ഇനി പെദ്രോ സാഞ്ചെസിന്‍റെ ഉൗഴമാണ് മാഡ്രിഡില്‍. കറ്റാലന്‍ സ്വാതന്ത്രയമോഹികളെ വിശ്വാസത്തിലെടുത്തും സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കുറച്ചും മുന്നോട്ടുപോവുക എന്ന വലിയ വെല്ലുവിളിയാണ് സാഞ്ചസിനെ കാത്തിരിക്കുന്നത്.  സാഞ്ചെസ് സര്‍ക്കാരിന്‍റെ നിലനില്‍പ്പും നൂല്‍പ്പാലത്തിലാണ്. പാര്‍ലമെന്‍റില്‍ വളരെക്കുറച്ച് സീറ്റുകള്‍ മാത്രം സ്വന്തമായുള്ള സാ‍ഞ്ചെസിന് തികച്ചും ഭിന്നാഭിപ്രായങ്ങളുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണയുണ്ടെങ്കിലേ നിലനില്‍പ്പുള്ളൂ. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന  ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനോട്     വിടപറയല്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പോളണ്ടിലും ഹംഗറിയിലും ജനാധിപത്യം വലിയ വെല്ലുവിളി നേരിടുന്നു. അംഗരാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരത ഇയു വിനെ കൂടുതല്‍ ദുര്‍ബലായക്കുകയാണ്. 

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.